June 04, 2026 |
Share on

മലയാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് സഹായം

വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ചെലവു കുറഞ്ഞ രീതിയില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് കാരുണ്യം പദ്ധതി പ്രകാരം സഹായം നല്‍കുന്നത്.

‘കാരുണ്യം’ പദ്ധതിയിലൂടെ പ്രവാസികളായ മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് സഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം ചെലവായ തുക നോര്‍ക്ക കാരുണ്യ നിധിയില്‍ നിന്ന് അനുവദിക്കും.

വിദേശത്ത് നിന്ന് കൊണ്ടു വരുന്ന മൃതദേഹത്തിന് പരമാവധി അര ലക്ഷം രൂപയും ഇതര സംസ്ഥാനത്ത് വെച്ചുണ്ടായ മരണത്തിന് 15000 രൂപയുമാണ് പരമാവധി അനുവദിക്കുകയെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യുട്ടിവ് ഒഫീസര്‍ അറിയിച്ചു. വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ചെലവു കുറഞ്ഞ രീതിയില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് കാരുണ്യം പദ്ധതി പ്രകാരം സഹായം നല്‍കുന്നത്. രോഗികളായ പ്രവാസികളെ വിമാനത്താവളത്തില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യവും നോര്‍ക്ക റൂട്ട്‌സ് ഒരുക്കും.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ലോക കേരള സഭയിലെ കുടിയേറ്റ നിയമ വനിതാ ക്ഷേമ സമിതിയുടെ സ്റ്റാന്റിങ് കമ്മിറ്റിയംഗം സോമി സോളമന്‍ സഭയിലും നോര്‍ക്ക മുന്‍പാകെയും അവതരിപ്പിച്ചതിനെ തുടര്‍ന്നാണിത്. വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങളും പ്രതിവിധികളും ക്രോഡീകരിച്ച് സര്‍ക്കാറിനു മുന്നിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും സോമി സോളമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×