കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ ബന്ദില്‍ സ്തംഭിച്ച് പഞ്ചാബ്. റെയില്‍, റോഡ് ഗതാഗതങ്ങള്‍ പൂര്‍ണമായും നിലച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബന്ദ് ആചരിച്ചത്.punjab stunned by farmers strike
ദല്ലേവാളിന്റെ സമരം 36 ദിവസം പിന്നിട്ടിരിക്കുകയാണ്. ദല്ലേവാളിനെ സുപ്രീംകോടതി നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമം നടത്തിയതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആശുപത്രിയിലേക്ക് മാറില്ലെന്നാണ് ദല്ലേവാളിന്റെ നിലപാട്. പഞ്ചാബ് മന്ത്രിമാരുടെ സംഘം ദല്ലേവാളിനോട് വൈദ്യസഹായം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു. ഇതോടെ ഖനൗരിയിലെ സമരപ്പന്തലും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കൊടും തണുപ്പിനെ അവഗണിച്ചായിരുന്നു കര്‍ഷകര്‍ സമരത്തില്‍ അണിചേര്‍ന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയായിരുന്നു ബന്ദ്. നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിച്ചത്. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്ന് സുപ്രീംകോടതി പഞ്ചാബ് സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ദല്ലേവാളിന് വൈദ്യസഹായം ഉള്‍പ്പെടെ നല്‍കുന്നതില്‍ പഞ്ചാബ് സര്‍ക്കാരിന് വീഴ്ച പറ്റിയതായും കോടതി വിമര്‍ശിച്ചിരുന്നു.
280 ഓളം കേന്ദ്രങ്ങളിലാണ് കര്‍ഷകര്‍ ബാരിക്കേഡുകള്‍ നിരത്തി റോഡുകളും റെയില്‍വേ ട്രാക്കുകളും ഉപരോധിച്ചത്. 163 ഓളം ട്രെയിനുകള്‍ ബന്ദിനെ തുടര്‍ന്ന് റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും സര്‍ക്കാര്‍ ഓഫീസുകളും ബന്ദിനെ തുടര്‍ന്ന് അടഞ്ഞുകിടന്നു. ധരേരി ജാട്ടന്‍ ടോള്‍പ്ലാസയ്ക്കടുത്ത് കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പാട്യാല-ഛണ്ഡീഗഢ് ദേശീയപതായിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കര്‍ഷകര്‍ ട്രാക്ടറുകളിലടക്കം എത്തിയാണ് ഉപരോധം നടത്തിയത്.
താങ്ങുവില നിയമം ഉറപ്പാക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ശക്തമാക്കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ജനുവരി നാലിന് കര്‍ഷകരുടെ നേതൃത്വത്തില്‍ മഹാപഞ്ചായത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, റിട്ടയേര്‍ഡ് ജസ്റ്റിസ് നവാബ് സിങിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സുപ്രീംകോടതി കമ്മിറ്റി ജനുവരി മൂന്നിന് സംയുക്ത കിസാന്‍ മോര്‍ച്ചയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
2021 ല്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം പിന്‍വലിക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്ന് കുറഞ്ഞ താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം വേണമെന്നതായിരുന്നു. കൂടാതെ എംഎസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ലഖിംപുര്‍ ഖേരി പ്രക്ഷോഭത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, 2020-21 ലെ ഒരുവര്‍ഷം നീണ്ട കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
2021 ഡിസംബറില്‍ കര്‍ഷകസമരം അവസാനിപ്പിച്ചപ്പോള്‍ കുറഞ്ഞ താങ്ങുവില നല്‍കുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. കൂടാതെ 2011 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേന്ദ്രം മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനോട് കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായി സാധുത നല്‍കണമെന്നാവശ്യപ്പെട്ട നരേന്ദ്ര മോദി തന്നെയാണ് ഇത് നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.punjab stunned by farmers strike
Content Summary: punjab stunned by farmers strike
farmers strike latest news national news punjab farmers strike