നിലമ്പൂരിന്റെ രാഷ്ട്രീയം പറയുമ്പോള്‍ പിവി അന്‍വര്‍ എന്ന പേരും അടയാളപ്പെടുത്തേണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് അന്‍വറിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. മുത്തച്ഛന്‍ മുഹമ്മദ് ഹാജിയും പിതാവ് പിവി ഷൗക്കത്തലിയും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. എഐസിസിയിലെ ദീര്‍ഘകാല അംഗമായിരുന്ന ഷൗക്കത്തലി 1962 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
കുടുംബത്തില വേരൂന്നിയ രാഷ്ട്രീയപാരമ്പര്യം തന്നെയായിരുന്നു അന്‍വറും പിന്തുടര്‍ന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പിവി അന്‍വര്‍ പ്രമുഖ യുവ നേതാക്കളില്‍ ഒരാളായി ഉയര്‍ന്നുവന്നു. പിന്നീട് കെ കരുണാകരന്‍, കെ മുരളീധരന്‍ എന്നിവരോടൊപ്പം ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസില്‍ (ഡിഐസി) ചേര്‍ന്നു.
എന്നാല്‍ ഡിഐസി തിരിച്ചടികള്‍ നേരിട്ടപ്പോള്‍, കരുണാകരനും മുരളീധരനും കോണ്‍ഗ്രസിലേക്ക് മടങ്ങി. അതോടെ സ്വന്തമായൊരു സ്വതന്ത്ര രാഷ്ട്രീയ പാത രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അന്‍വര്‍. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് അന്‍വര്‍ രണ്ടാമതെത്തി. അന്ന് സിപിഐ സ്ഥാനാര്‍ത്ഥിക്ക് നേടാനായത് 2,700 വോട്ടുകള്‍ മാത്രമായിരുന്നു. അതും നാലാം സ്ഥാനം.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ല്‍ സിപിഐ (എം) പിന്തുണയോടെ നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വര്‍ മൂന്ന് പതിറ്റാണ്ടോളം നീണ്ട യുഡിഎഫ് കുത്തക അവസാനിപ്പിച്ച് സീറ്റ് ഇടതുപക്ഷത്തിന് നേടിക്കൊടുത്തു. അന്ന് ആര്യാടന്‍ ഷൗക്കത്തായിരുന്നു അന്‍വറിന്റെ എതിരാളി. 2021 ലും നിലമ്പൂരില്‍ വിജയം ആവര്‍ത്തിച്ചതോടെ പാര്‍ട്ടിക്കും അന്‍വര്‍ ഹീറോയായി. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയം നേരിട്ടു.
രാഷ്ട്രീയക്കാരന് പുറമെ ബിസിനസുകാരന്‍ കൂടിയായ അന്‍വറിന് നേരെ ഭൂമി കയ്യേറ്റം, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവാദങ്ങളും വലിയ ചര്‍ച്ചാവിഷയമായി. 2021 ഫെബ്രുവരിയില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി കൊടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ പേജിലൂടെ അന്‍വര്‍ ആഫ്രിക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചായിരുന്നു മറുപടി നല്‍കിയത്. തന്റെ ബിസിനസ് സംരംഭങ്ങളൊക്കെ കള്ളക്കേസ് കൊടുത്ത് യൂത്ത് കോണ്‍ഗ്രസുകാരും മൂത്ത കോണ്‍ഗ്രസുകാരും പൂട്ടിച്ചുവെന്നും ജീവിക്കാനായി ഒരു ബിസിനസ് സംരംഭവുമായി ആഫ്രിക്കയില്‍ എത്തിയതാണെന്നായിരുന്നു അന്‍വര്‍ വീഡിയയിലൂടെ പ്രതികരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ രാജിവച്ച് പുറത്തായത്. ഇടതുപാളയം വിട്ടതോടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പാര്‍ട്ടി രൂപീകരിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരിക്കുന്നത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ വയനാടും പാലക്കാടും യുഡിഎഫിന് പിന്തുണയും നല്‍കിയിരുന്നു.
Content Summary: pv anvar political history; what is next