ജനങ്ങള്‍ക്കിടയില്‍ നിന്നൊരാളായി വിഎസിനെ കണ്ട് ചെന്നിത്തല

വഴിയോരത്ത് കാത്ത് നിന്നത് ഒരു മണിക്കൂറിലേറേ...

വിഎസ് അച്യുതാനന്ദനെ ഒരു നോക്ക് കാണാന്‍ വഴിയോരങ്ങളില്‍ കാത്ത് നില്‍ക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കു മുമ്പേ ഹരിപ്പാട് നിശ്ചയിച്ചിരുന്ന പോയിന്റില്‍ രമേശ് ചെന്നിത്തല അച്യുതാനന്ദന്‍ സഖാവിന് വേണ്ടി കാത്തു നില്‍ക്കാന്‍ തുടങ്ങിയിരുന്നു. മുന്‍ പ്രതിപക്ഷ നേതാവിന്റെ നാട് കൂടിയാണ് ഹരിപ്പാട്. പറഞ്ഞതിലും ഏറെ താമസിച്ച് ഒമ്പത് മണിയോടെയാണ് വിഎസിനെയും വഹിച്ചുള്ള വിലാപ യാത്ര ഹരിപ്പാട് എത്തിയത്. അത്രയും സമയം ക്ഷമയോടെ കാത്തു നിന്ന ചെന്നിത്തല, ഒടുവില്‍ സഖാവിന് അടുത്തെത്തി. ജനത്തിരക്കിനിടയിലൂടെ ചെന്നിത്തലയെ വിഎസിന്റെ ശരീരം കിടത്തിയിരുന്ന ബസിനുള്ളിലേക്ക് എത്തിച്ചു. അല്‍പ്പ നേരം കൈകൂപ്പി നിശബ്ദനായി നിന്നു ചെന്നിത്തല, അതിനു ശേഷം പുഷ്പ ചക്രം അര്‍പ്പിച്ചു. നേരത്തെ തിരുവനന്തപുരത്ത് എത്തിയും രമേശ് ചെന്നിത്തല വിഎസിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. അതുകൂടാതെയാണ്, ജനങ്ങള്‍ക്കിടയിലും ആ ജനനേതാവിന് വേണ്ടി മറ്റൊരു ജനകീയ നേതാവ് കാത്തു നിന്നത്.

എന്റെ നാട്ടിലേക്ക് ആണ് അദ്ദേഹം വരുന്നത്, അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഞാന്‍ കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് രമേശ് ചെന്നിത്തല നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഹരിപ്പാടുമായി നല്ല ബന്ധമായിരുന്നു വിഎസിന് ഉണ്ടായിരുന്നതെന്ന് ചെന്നിത്തല അനുസ്മരിച്ചു. നാടുമായി വര്‍ഷങ്ങളായുള്ള ബന്ധത്തിന് പുറമെ വ്യക്തിപരമായും ഞങ്ങള്‍ക്കിടയില്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. രാത്രിയില്‍ എത്തുമെന്ന് കരുതിയിരുന്നു, വൈകിയതുകൊണ്ട് രാവിലെ മുതല്‍ ഇവിടെ കാത്തു നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

ഈ ജനങ്ങള്‍ക്കൊപ്പം തന്നെ ഞാനും കാത്തിരിക്കുകയാണ്, നമ്മുടെ നാട്ടിലൂടെ വിഎസ് പോകുമ്പോള്‍ കാത്തു നില്‍ക്കണ്ടേ എന്നാണ് ചെന്നിത്തല എല്ലാ ആദരവോടും കൂടി പറയുന്നത്. അദ്ദേഹത്തിനായി അവസാനത്തെ കാത്തുനില്‍പ്പല്ലേ എന്ന് പറയുമ്പോള്‍, ചെന്നിത്തലയുടെ ശബ്ദത്തില്‍ നേരിയ നനവുണ്ടായിരുന്നു.

കക്ഷിരാഷ്ട്രീയത്തിന് അപ്പുറം വിഎസിനെ സ്നേഹിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നതിന് തെളിവാണ് വഴിയോരങ്ങളില്‍ കാണുന്ന ജനങ്ങള്‍. അതില്‍ പാര്‍ട്ടികള്‍ക്കപ്പുറം ജനങ്ങളുണ്ട്. വിഎസിന് വേണ്ടി കാത്തു നില്‍ക്കുന്നവര്‍ക്ക് മതമോ ജാതിയോ രാഷ്ട്രീയമോ ലിംഗവ്യത്യാസമോ ഒന്നുമില്ലെന്നാണ് തെളിയുന്നത്.  Ramesh Chennithala joins the funeral procession to pay last respects to VS Achuthanandan

Content Summary; Ramesh Chennithala joins the funeral procession to pay last respects to VS Achuthanandan

This post was last modified on July 23, 2025 9:37 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment