UPDATES

വെളിപ്പെടുത്തലുകളെ പരിഹസിക്കുന്നവർ അറിയാൻ ; എന്താണ് റേപ്പ് ട്രോമ സിൻഡ്രോം ?

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ലൈംഗീക ചൂഷണം

                       

എത്ര പറഞ്ഞാലും സ്വയം ഒരു ലൈംഗീക ചൂഷണത്തിലൂടെ കടന്ന് പോകുമ്പോൾ മാത്രമേ അതിന്റെ വ്യാപ്തിയും തീവ്രതയും മനസിലാക്കാൻയാണ് കഴിയു. കാലമെത്ര കഴിഞ്ഞാലും പൊള്ളിയടർന്ന പാട് പോലെ ഓർമകൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ശരീരത്തിനേറ്റ മുറിവുണങ്ങിയാലും മനസിനേറ്റ മുറിവ് കരിയാൻ വർഷങ്ങളെടുക്കും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2019 പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിനം 93 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു എന്നാണ്, അവയിൽ 118 കുട്ടികൾ ഇന്ത്യയിൽ പ്രതിദിനം ആക്രമിക്കപ്പെടുന്നുണ്ട്. rape trauma syndrome

സിനിമ മേഖലയിലെ ചൂഷണങ്ങളെ പുറം ലോകത്തെത്തിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടും മറ്റൊരു കഥയല്ല പറഞ്ഞത്. റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകൾക്കും ശേഷം ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട ചോദ്യമാണ് എന്തുകൊണ്ട് സംഭവം ഉണ്ടായപ്പോൾ തന്നെ തുറന്ന് പറഞ്ഞില്ല എന്നത്. സമൂഹത്തിന്റെ പൊള്ളയായ ചിന്താഗതികൾക്കും കുട്ടികൾക്ക് മാതാപിതാക്കൾ വളർച്ചാ ഘട്ടത്തിൽ നൽകേണ്ട പരിശീലങ്ങളുടെയും അഭാവമാണ് ഇതിന് പിന്നിൽ എന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധനായ പ്രൊഫസർ ഡോ. അരുൺ ബി നായർ. കൂടാതെ റേപ്പ് ട്രോമ സിൻഡ്രോം ( ആർടിഎസ് ) എന്ന ഭീകരമായ അവസ്ഥയിലൂടെയാണ് ഇത്തരക്കാർ കടന്ന് പോകുന്നതെന്നും അതിനെ അതിജീവിക്കുക അത്ര നിസാരമല്ല എന്നും ഡോക്ടർ പറയുന്നു.

റേപ്പ് ട്രോമ സിൻഡ്രോം

1974 ൽ ആൻ വോൾബർട്ട് ബർഗെസും ലിൻഡ ലിറ്റിൽ ഹോംസ്ട്രോമും ചേർന്നാണ് പദപ്രയോഗം ആദ്യമായി വിശദീകരിച്ചത്. ബലാത്സംഗത്തിനോ ലൈംഗീക ചൂഷണത്തിനോ വിധേയരാകുന്ന വ്യക്തികൾ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെയാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ബലാത്സംഗത്തിലൂടെയോ ലൈംഗീക ചൂഷണത്തിലൂടെയോ കടന്ന് പോയ വ്യക്തിക്ക് മൂന്ന് തലങ്ങളിലൂടെയാണ് കടന്ന് പോകേണ്ടി വരിക. ആദ്യത്തേത് അക്യൂട്ട് ഫേസ് ആണ് ( Acute phase ) എന്ത് ചെയ്യണം എന്ന് വ്യക്തമായ ധാരണ ഇല്ലാത്തവരോ ആശയ കുഴപ്പവും നിറഞ്ഞ അവസ്‌ഥയായിയ്ക്കും ഇത്. പഠനം അനുസരിച്ച് 80% കേസുകളിലെങ്കിലും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന് കാരണമാകാൻ സാധ്യതയുള്ള ഒരു ആഘാതകരമായ സംഭവമാണ് ബലാത്സംഗം.

അതോടൊപ്പം തീവ്രമായ ഉത്കണ്ഠ ഉറക്കം ഇല്ലായ്മ അതിഭീകരമായ മാനസിക സമ്മർദ്ദം എന്നിവ ഈ അവസ്ഥയിൽ അനുഭവപ്പെടും. രണ്ടാമത്തെ ഘട്ടമാണ് ഔട്ടർ അഡ്ജസ്റ്റ്മെന്റ് ഫേസ് എന്നത് ( Outer adjustment phase ) എങ്ങനെ എങ്കിലും ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് മറികടന്ന് പോകാൻ വേണ്ടി പരിശ്രമം നടത്തുന്ന ഘട്ടമാണ്. പക്ഷെ, അപ്പോഴും താൻ നേരിട്ട് ദുരനുഭവവുമായി ബന്ധപ്പെട്ട ഓർമ്മകൾ അവരെ മാനസികമായി തളർത്താൻ ഇടയുണ്ട്. മൂന്നാമത്തെ ഘട്ടമാണ് റി നോർമലൈസേഷൻ ഫെയ്‌സ് ( Renormalisation phase ), ഏകദേശം സ്വാഭാവികമായ ഘട്ടത്തിലേക്ക് പതിയെ എത്തിച്ചേരുന്ന സ്ഥിതി വിശേഷമാണ് ഇത്. ബലാത്സംഗത്തിന് ഇരയായവരിൽ ദീർഘകാലം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, ചില വ്യക്തികൾ മാസങ്ങളോ വർഷങ്ങളോ ഏതെങ്കിലും തരത്തിലുള്ള മാനസിക ക്ലേശങ്ങൾ അനുഭവിക്കാനും ഇടയുണ്ട്.

ഈ പ്രതിഭാസത്തെ കുറിച്ചുള്ള പഠനങ്ങൾ സ്ത്രീകളിലാണ് ആദ്യകാലങ്ങളിൽ നടന്നിട്ടുള്ളത് എങ്കിലും അടുത്ത കാലത്തായി നടത്തിയ പഠനങ്ങളിൽ പുരുഷൻ മാരും ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളാൽ പീഡിപ്പിക്കപ്പെട്ട പുരുഷൻമാരിലും പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ടവരിലും മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്നും പാഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ തെറ്റിധരിപ്പിച്ചോ, പ്രലോഭിപ്പിച്ചോ വാഗ്‌ദാനങ്ങൾ നൽകിയോ ലഹരി വസ്തുക്കൾ നൽകിയും വ്യക്തിയെ ബലപ്രയോഗത്തിലൂടെ സംഭോഗത്തിന് വിധേയമാകുന്ന അവസ്ഥയാണ് റേപ്പ്. ബലാത്സംഗത്തിന് വിധേയരായ സ്ത്രീകളെയും പുരുഷന്മാരെയും സംഭവം മാനസികമായി ബാധിക്കുമെങ്കിലും കൂടുതലായി സ്ത്രീകളിലാണ് ആഘാതം ഉണ്ടാക്കുന്നത്. സ്ത്രീകൾക്ക് ചാരിത്ര്യം വളരെ പ്രധാനമെന്ന് നമ്മുടെ സാംസകാരിക പശ്ചാത്തലത്തിൽ കരുതപ്പെട്ടത് കൊണ്ട് തന്നെ ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ മാനംഭംഗപ്പെട്ടു എന്ന തോന്നൽ ഉണ്ടാകും. തന്റെ എല്ലാം നശിച്ചു പോയി എന്ന് സ്വയം തോന്നുകയും കുടുംബത്തിൽ ഉള്ളവർ അത്തരം ഒരു സമീപനം കൂടെ നടത്തിയാൽ ഈ സ്ഥിതിവിശേഷം വഷളാകും. സ്വാഭാവികമായും ആഘാതം സ്ത്രീകളിൽ കൂടുതലാകും. പ്രായ പൂർത്തിയായ പുരുഷൻന്മാരിൽ ഇത്തരം ഒരു സംഭവം അത്രമാത്രം വലിയ ആഘാതം ഉണ്ടാകണം എന്നില്ല.

ആഘാതം

തീവ്രമായ ഞെട്ടൽ ഭയം ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിലൂടെ ബലാത്സംഗത്തിന് വിധേയരായവർ കടന്ന് പോകും, പൊടുന്നനെ ഉണ്ടാകുന്ന ഈ അവസ്‌ഥയെ അക്യൂട്ട് സ്ട്രെസ് റിയാക്ഷൻ എന്നാണ് പറയുക. ഈ അനുഭവത്തിലൂടെ കടന്നു പോകുന്ന ചിലരിൽ മാസങ്ങൾക്ക് ശേഷവും വർഷങ്ങൾ കഴിഞ്ഞാലും ചില ലക്ഷണങ്ങൾ തുടരും. ലൈംഗിക പീഡനത്തിന് വിധേയരാകുമ്പോൾ ഉണ്ടായ അതെ വൈകാരിക അസ്വാസ്ഥ്യം വീണ്ടും അനുഭവപ്പെടും. ദുരനുഭവം നടന്ന സ്ഥലവുമായുള്ള എല്ലാവിധ ബന്ധങ്ങളും തുടച്ച് മാറ്റാനുള്ള ശ്രമം ഇവർ നടത്തും.

തീവ്രമായ ലൈംഗീക പീഡനങ്ങളിലൂടെ കടന്ന് പോയവർ അത് ഉടനടി തുറന്ന് പറയാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ കുടുംബാംഗങ്ങളോട് ഇത്തരം ഒരു കാര്യം പറയുമ്പോൾ അത് മറച്ച് വയ്ക്കാൻ ആയിരിക്കും പറയുക. പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നായിരിക്കും ഇങ്ങനെ ഒരു സമീപനം വീട്ടിലുള്ളവർ തെരഞ്ഞെടുക്കുക. ചിലരുടെ മനസ്സിലെങ്കിലും തീവ്രമായ കുറ്റബോധം ഉണ്ടാകാനുള്ള സാധ്യതയുണ്ട് തന്റെ എന്തെങ്കിലും കുഴപ്പം കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് അതോ താൻ ആണോ ഇതിനു ഉത്തരവാദി എന്ന തരത്തിൽ തോന്നൽ ഉണ്ടാകാം. പലപ്പോഴും സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളിൽ നിന്നാണ് ഈ ചിന്ത ഉരുത്തിരിഞ്ഞ് വരിക. ഒറ്റയ്ക്ക് ആ വ്യക്തിയുടെ കൂടെ പോയതുകൊണ്ടല്ലേ ഇത് സംഭവിച്ചത്, ശരിയല്ലാത്ത വസ്ത്രധാരണം കൊണ്ടല്ലേ ഇത് സംഭവിച്ചത് തുടങ്ങിയ കുറ്റപ്പെടുത്തലുകൾ ഇതിന് കാരണമാകും. ഇത് കടുത്ത കുറ്റബോധത്തിലേക്ക് നയിക്കാനും ദുരനുഭവം പുറത്ത്പറയാതിരിക്കാനും കാരണമാകും. ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗീക ബന്ധത്തിലേർപ്പെട്ടതിന് ശേഷം ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നതും തള്ളിക്കളയാൻ സാധിക്കില്ല.

എന്തുകൊണ്ട് തുറന്ന് പറച്ചിൽ നടത്തുന്നില്ല

ഇത്തരം വെളിപ്പെടുത്തലുകളെ കളിയാക്കുകയും അതെന്തുകൊണ്ട് അന്ന് തന്നെ തുറന്ന് പറഞ്ഞില്ല എന്ന് ചോദിക്കുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളും കൂടിയാണ്. അന്ന് പ്രതികരിക്കാതെ എല്ലാം സഹിച്ച് വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുന്നത് മോശം കാര്യമാണെന്ന് പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. കുട്ടികളെ വളർത്തുമ്പോൾ വരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വഭാവ ദൃഢത പരിശീലനം കുട്ടികൾക്ക് നൽകേണ്ടത് മാതാപിതാക്കളാണ്. ഈ അഭാവം മൂലമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ സാധിക്കാതെ വരികയും പിന്നീട് ധൈര്യം സംഭരിച്ച് മുന്നോട്ട് വരുമ്പോൾ പരിഹാസങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്യുന്നത്. കൂടാതെ ബലാത്സംഗത്തിലൂടെ കടന്ന് പോയ പല വ്യക്തികൾക്കും ഗൗരവ സ്വഭാവമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ, ഓ സി ഡി, മനോജന്യ ശാരീരിക രോഗങ്ങൾ ഇത്തരത്തിൽ പല വിധത്തിലുള അസുഖങ്ങൾ പിടിപെടും.

ലൈംഗീക ചൂഷണത്തിന് ഇരയായ വ്യക്തിയെ സംബന്ധിച്ചിടത്തോളം, ഏറ്റവും വലിയ വേദനയായി പറയപ്പെടുവന്നത് നിയമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വീണ്ടും ഇരയാക്കൽ പ്രക്രിയയാണ്. താൻ കടന്ന് പോയ ദുരനുഭവങ്ങളുടെ വിശദശാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പങ്ക് വയ്ക്കാനും, വിചാരണയുടെ സമയത്തും എല്ലാം ഈ ദുരനുഭവത്തിലേക്ക് തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടാകാം. ഓരോ തവണയും ആ സംഭവത്തെ കുറിച്ച് ഓർക്കുന്നത് കഠിനമായ മാനസിക സമ്മർദ്ദം അവരിൽ ഉണ്ടാക്കും. അന്വേഷണ പ്രക്രിയ തന്നെ വീണ്ടും ഒരു പീഡനമായി തീരുന്നതായാണ് അതിജീവിതർ വ്യക്തമാകുന്നത്. ഇവർക്ക് കൃത്യമായ ചികിത്സയും മാനസിക പിന്തുണയും ആവശ്യമാണ്.

 

content summary; what is rape trauma syndrome

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍