അലറിത്തുള്ളിയെത്തിയ കടല്‍ മടങ്ങിപ്പോയപ്പോള്‍ വൈപ്പിന്‍ എടവനക്കാട് കരയില്‍ അവശേഷിപ്പിച്ചത് മണല്‍ക്കൂമ്പാരം. വീടുകളുടെ മുറ്റത്തും പരിസരത്തുമെല്ലാം ഈ മണല്‍ക്കൂമ്പാരമാണ്. ചില സ്ഥലങ്ങളില്‍ ആറടിയിലധികം ഉയരത്തില്‍ മണലടിഞ്ഞു. ഇതിനടിയില്‍ ഒരു റോഡുമുണ്ട്. മണല്‍ അടിഞ്ഞതോടെ യാത്രയും അസാധ്യമായി.
തീരത്തോട് ചേർന്നുള്ള വീടുകളിൽ ഫർണിച്ചറും വീട്ടുപകരണങ്ങളും മണ്ണിനടിയിലാക്കിയാണ് കടലിന്റെ വിളയാട്ടം. ഇടയ്ക്കിടെ ആഞ്ഞടിച്ച തിരമാലകൾക്കൊപ്പം എത്തിയ മണലിൽ വീടുകൾക്കുള്ളിൽ കിടന്നിരുന്ന കട്ടിലുകൾ വരെ കാണാമറയത്തായി. പാടെ തകർന്നുകിടക്കുന്ന വൈപ്പിൻ തീരത്താണ് ഈ കാഴ്ച്ച. മഴയും കടലിളക്കവും കഴിഞ്ഞപ്പോൾ വീടുകളിൽ തിരിച്ചെത്തിയവർക്ക് കാണാൻ കഴിഞ്ഞത് മുറികൾക്കുള്ളിൽ അടിക്കണക്കിന് കനത്തിൽ നിറഞ്ഞു കിടക്കുന്ന മണലാണ്. ഉള്ളിൽ അകപ്പെട്ട സാമഗ്രികൾ വീണ്ടെടുക്കണമെങ്കിൽ മണ്ണുമാന്തി യന്ത്രം കൊണ്ടുവരണം.
കടൽക്ഷോഭത്തിന്റെയും വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെയും ദുരിതം കാലങ്ങളായി അനുഭവിക്കുന്ന പ്രദേശമാണ് എടവനക്കാട്. കടൽക്ഷോഭത്തിന്റെ ഭയപ്പാടിൽ നിന്ന് ഓടിയൊളിക്കുന്ന ഇവർ തിരികെ വീട്ടിലേക്ക് എത്തുമ്പോഴേക്കും വീടുകളിൽ മുഴുവനായി മണ്ണു നിറഞ്ഞിട്ടുണ്ടാവും. പലർക്കും തിരികെ വീട്ടിലേക്കെത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നു. വീടുകളിലേക്ക് തിരികെ പോകാനും മണ്ണ് നീക്കം ചെയ്യാനും കഴിയാതെ സുനാമി ബാധിതർക്ക് വേണ്ടി നിർമ്മിച്ച കമ്യൂണിറ്റി ഹാളിലാണ് ചില കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നത്. പതിമൂന്നാം വാർഡിലെ താമസക്കാരനായ വേണു കളത്തിൽത്തറയുടെ വീട്ടിന്റെ ജനൽപ്പൊക്കം വരെയാണ് മണ്ണടിഞ്ഞിരിക്കുന്നത്.
ഉപ്പുവെള്ളം അടിച്ചുകയറുന്നത് കൊണ്ട് തന്നെ വീട്ടിലെ വാതിലുകളും ജനലുകളും ദ്രവിച്ചിട്ടുണ്ടാവും. അതിനൊപ്പം തന്നെ ഇങ്ങനെയൊരു അവസ്ഥ കൂടി നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന് എടവനക്കാട് പതിമൂന്നാം വാർഡ് മെമ്പർ കൊച്ചു ത്രേസ്യ പറയുന്നു. കടൽക്ഷോഭത്തിന്റെ ഫലമായി പ്രദേശത്തെ കെട്ടുകളും തോടുകളും നിറയുന്നു. അതുമൂലമാണ് മണൽ വീടുകൾക്കുള്ളിൽ നിറയുന്നത്. വൈപ്പിൻ എടവനക്കാട് മാത്രമായി ഏകദേശം 380 വീടുകളാണുള്ളത് അവയിൽ ചുരുക്കം ചില വീടുകൾ മാത്രമാണ് തറ പൊക്കത്തിൽ നിന്നുയർത്തി കെട്ടിയിട്ടുള്ളത് ആയതിനാൽ പ്രദേശത്തെ മുക്കാലോളം വീടുകളും ഈ ദുരിതം അനുഭവിക്കുന്നവരാണെന്ന് കൊച്ചു ത്രേസ്യ പറയുന്നു.
മണലടിഞ്ഞ് കൂടുമ്പോൾ തറയിളകി വരുന്നതും പ്രദേശവാസികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ്. ചില വീടുകളിലെ മതിലുകളിലും ഭിത്തികളിലും ഉപ്പു വിളഞ്ഞിരിക്കുന്ന അവസ്ഥയാണ്. കടൽക്ഷോഭത്തിന് ശേഷം വീടുകളിലേക്ക് തിരികെയെത്തുന്ന ആളുകൾക്ക് മണ്ണ് നീക്കം ചെയ്യാനുള്ള സംവിധാനമോ സഹായമോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ല. ഇക്കാര്യം കാണിച്ച് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് എംഎൽഎയ്ക്കും കളക്ടർക്കും പരാതി നൽകിയത്. ഇതിനെ തുടർന്ന് വീടുകളുടെ അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് കൊച്ചു ത്രേസ്യ വ്യക്തമാക്കുന്നു.
പ്രദേശത്ത് മണ്ണുവന്ന് നിറയുന്നതോടെ പ്രദേശത്തേക്കുള്ള യാത്ര ബുദ്ധിമുട്ടാവും. തീരദേശ റോഡുകൾ നിലവിൽ സഞ്ചാരയോഗ്യമല്ല ഏകദേശം ഒന്നര കിലോമീറ്ററോളമാണ് മണ്ണടിഞ്ഞ് കിടക്കുന്നത്. അത്യാവശ്യഘട്ടത്തില്‍ ആംബുലന്‍സുപോലും വരില്ല. കടൽക്കയറിയാൽ പോലും ആളുകൾക്ക് ആ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല. മരണം സംഭവിച്ചാൽ മൃതദേഹം കൊണ്ടുവരാൻ പോലും സാധിക്കില്ലെന്ന് കൊച്ചു ത്രേസ്യ വ്യക്തമാക്കി. കടല്‍ക്ഷോഭം തടയുന്നതിന് എടവനക്കാട് പഞ്ചായത്ത് ജിയോ ബാഗുകള്‍ സ്ഥാപിച്ചിരുന്നു. അതും കടല്‍വെള്ളത്തിനൊപ്പം ഒഴുകിപ്പോയി.
ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നതാണ് തീരദേശ ജനത ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ശക്തമായ കടൽഭിത്തികൾ നിർമ്മിക്കുകയും പുലിമുട്ടുകൾ സ്ഥാപിക്കുകയും ചെയ്യുന്നത് കടൽക്ഷോഭത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, മണൽ കയറി നശിച്ചുപോയ വീട്ടുപകരണങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.
ഈ പ്രശ്നം കേവലം പ്രകൃതിദുരന്തം മാത്രമല്ല. ഇത് മനുഷ്യന്റെ അതിജീവനത്തിന്റെ പ്രശ്നം കൂടിയാണ്. സർക്കാർ സംവിധാനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.
content summary: Sea turbulence filled Vypin’s coastal homes with sand, making it hard for villagers to rebuild
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.