June 04, 2026 |
Share on

വെറുപ്പിന്റെ വ്യാപാരികള്‍ അല്‍ഗൊരിതം കൊണ്ട് കളിക്കുന്നു

ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന കാലത്തും ഫാസിസ്റ്റുകള്‍ ജനവികാരങ്ങളെ വിഭാഗീയതയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു

ലിബറല്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ് ഡാറ്റ ഹാക്ക് ചെയ്യുന്നത്. നമ്മുടെ ഇമെയില്‍, വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് മാത്രമല്ല, അവര്‍ നമ്മുടെ വികാരങ്ങളെയും (feelings) ഹാക്ക് ചെയ്യുന്നു. ഈ വികാരങ്ങളാണ് ജനാധിപത്യത്തില്‍ പോളറൈസേഷന്‍ ഉണ്ടാക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. വ്യാജ ദേശീയത ഉത്പാദിപ്പിക്കാനും മനുഷ്യരെ തമ്മിലടിപ്പിക്കാനും ഇത്തരം ഡാറ്റകള്‍ ഉപയോഗിക്കുന്നു. കറ നല്ലതാണ് എന്ന പരസ്യത്തിന്റെ ലാഘവത്തോടെ യുദ്ധം നല്ലതാണെന്ന് പ്രചരിപ്പിക്കുന്നതും ഇത്തരം ആള്‍ക്കാരാണ്. അവര്‍ അല്‍ഗൊരിതം നിയന്ത്രിക്കുന്നു. ഭരണകൂട താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള പൊതുബോധ നിര്‍മ്മിതി സൃഷ്ടിക്കുന്നത് ഇവരാണ്. സിലിക്കന്‍വാലി പണ്ട് വികാരങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത് എന്നുള്ളത് ചരിത്രമാണ്. ഇന്ന് സര്‍ക്കാറുകള്‍ കോര്‍പ്പറേറ്റുകളുടെ ദല്ലാളുകളായി പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ എല്ലാം അല്‍ഗൊരിതം ജനങ്ങളെ നിയന്ത്രിക്കാനുള്ള യുദ്ധോപകരണമായി മാറിയിട്ടുണ്ട്. മനുഷ്യരുടെ വികാരങ്ങളെ ഹാക്ക് ചെയ്യുന്നതിലൂടെ പൊതുബോധ നിര്‍മ്മിതി എളുപ്പമാകുന്നു. പ്രാചീനകാലത്ത് ഭൂമിക്ക് ( land ) വേണ്ടിയുള്ള യുദ്ധങ്ങള്‍ ആയിരുന്നുവെങ്കില്‍, പിന്നീടത് യന്ത്രങ്ങള്‍ ( Machine ) പാറ്റണ്‍ ടാങ്കുകള്‍, ബുള്‍ഡോസറുകള്‍) സ്വന്തമാക്കാനുള്ള യുദ്ധമായി മാറി. ഇപ്പോള്‍ അത് ഡാറ്റകള്‍ക്ക് വേണ്ടിയുള്ള യുദ്ധമാണ്. ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന കാലത്തും ഗോള്‍വാള്‍ക്കറേ പോലുള്ള ഫാസിസ്റ്റുകള്‍ ജനങ്ങളുടെ വികാരങ്ങളെ വിഭാഗീയതയ്ക്ക് വേണ്ടി അസ്സലായി ഉപയോഗപ്പെടുത്തിയിരുന്നു.

ജനങ്ങളുടെ വികാരങ്ങളെ മാത്രമല്ല ജനങ്ങളുടെ വികാരമായിരുന്ന വലിയ ആളുകളുടെ ജീവിതത്തെയും ആശയങ്ങളെയും ഹൈ ജാക്ക് ചെയ്ത് തങ്ങളുടെ പ്രത്യയശാസ്ത്ര വളര്‍ച്ചയ്ക്ക് ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഗാന്ധിയെ ഗോള്‍വാള്‍ക്കറും സംഘവും ഹൈജാക്ക് ചെയ്തത് കുപ്രസിദ്ധമായ സാംസ്‌കാരിക ഇടപെടല്‍ ആണ്. നാല്പതുകളില്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ ഒരു സംഭവം അതിന് തെളിവാണ്. ബാബു ജെനു ( Babu Jenu ) എന്ന ആളെ ബ്രിട്ടീഷുകാര്‍ വെടിവെച്ചുകൊന്നു. ഗാന്ധിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതായിരുന്നു കാരണം. അദ്ദേഹം ഒരു കറവക്കാരന്‍ ആയിരുന്നു. ഗാന്ധിയില്‍ ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ജാഥയില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുമ്പോളായിരുന്നു വെടിയുണ്ട ജീവന്‍ അപഹരിച്ചത്. ഈ സംഭവം ഗോള്‍വാള്‍ക്കര്‍ രാഷ്ട്രീയമായി മുതലെടുത്തു. ‘മണ്‍തരികളെ സ്വര്‍ണ അയിരുകളാക്കിയവനാണ് ഗാന്ധി. അദ്ദേഹം സാധാരണക്കാരെ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു’ ബാബു ജെനുവിന്റെ രക്തം വീണ തെരുവില്‍ നിന്ന് ഗോള്‍വാള്‍ക്കര്‍ പ്രസംഗിച്ചത് ഇങ്ങനെയാണ്. സമൂഹത്തിന്റെ വൈകാരികത തങ്ങളുടെ ആശയ പ്രചാരണത്തിന് വളമാക്കി മാറ്റുന്നതരത്തില്‍ ദുഷ്ടലാക്കോടെയുള്ള പ്രവര്‍ത്തനം ഫാസിസ്റ്റുകള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കും. സാമൂഹ്യമായ ഓര്‍മ്മകളിലും സാംസ്‌കാരിക ഇടങ്ങളിലും കയറിപ്പറ്റിയാല്‍ മാത്രമേ രാഷ്ട്രീയ അധികാരം ഉറപ്പിക്കാനാവുകയുള്ളൂ എന്ന് ഗോള്‍വാള്‍ക്കര്‍ മനസ്സിലാക്കിയിരുന്നു. ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പും അതിനുശേഷവും ഗോള്‍വാള്‍ക്കര്‍ ഗാന്ധിജിയുടെ ടെര്‍മിനോളജികള്‍ നിരന്തരം പ്രസംഗങ്ങളിലും എഴുത്തുകളിലും ഉപയോഗിച്ചതായി സാമൂഹ്യ ശാസ്ത്രജ്ഞനായ ഹാരി ജെയിംസ് നിരീക്ഷിക്കുന്നുണ്ട്.

social media

ഫാസിസം ഉള്ള ഇടങ്ങളില്‍ എല്ലാം തന്നെ സാംസ്‌കാരിക മേധാവിത്വം ഉറപ്പിക്കാന്‍ സോഷ്യല്‍ എന്‍ജിനീയറിങ് നടക്കാറുണ്ട്. സാംസ്‌കാരിക മേധാവിത്വം എന്നത് പ്രത്യയശാസ്ത്രപരമോ സാംസ്‌കാരികമോ ആയ മാര്‍ഗങ്ങളിലൂടെ നിലനിര്‍ത്തുന്ന ആധിപത്യത്തെയോ ഭരണത്തെയോ സൂചിപ്പിക്കുന്നു. സമൂഹത്തിലെ മറ്റുള്ളവരുടെ മൂല്യങ്ങള്‍, മാനദണ്ഡങ്ങള്‍, ആശയങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, ലോകവീക്ഷണങ്ങള്‍, പെരുമാറ്റങ്ങള്‍ എന്നിവയെ ശക്തമായി സ്വാധീനിക്കാന്‍ അധികാരത്തിലുള്ളവരെ അനുവദിക്കുന്ന സാമൂഹിക സ്ഥാപനങ്ങളിലൂടെയാണ് സാംസ്‌കാരിക മേധാവിത്വം സാധാരണയായി കൈവരിക്കുന്നത്. പ്രൊഫഷണല്‍ മാനേജീരിയല്‍ ക്ലാസിനെ ( PMC) യാണ് ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഹംഗറിയിലും പോളണ്ടിലും ഇത്തരം വര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വലിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രൊഫഷണല്‍ മാനേജീരിയല്‍ ക്ലാസിനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഇടനിലക്കാരന്‍ ( Indermediary ) മധ്യസ്ഥന്‍ ( Mediator ) എന്നീ വര്‍ഗ്ഗങ്ങള്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വൈറ്റ് കോളര്‍ കൂലി തൊഴിലാളികളും ( white-collar wage-laborers ) സ്റ്റേറ്റ് ഉത്പാദിപ്പിക്കുകയും പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരും ആണ് ഈ കൂട്ടര്‍. വിദ്യാഭ്യാസവും സംസ്‌കാരവും ചരിത്രപരമായി സ്റ്റേറ്റ് ആണ് എപ്പോഴും കയ്യാളുന്നത്. അതിനാല്‍ തന്നെ മദ്ധ്യസ്ഥര്‍, ഫാസിസം അധികാരത്തിന്റെ കാരിക്കേച്ചര്‍ ആയി മാറുന്ന ഇടങ്ങളില്‍ വലിയ അപകടകാരികളായി തീരുന്നു. കാരണം ഈ വര്‍ഗ്ഗം സാംസ്‌കാരിക പ്രൊഫഷണല്‍സും അധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും പട്ടാളക്കാരും പൊതുപ്രവര്‍ത്തകരും നിയമപാലകരും ആയിരിക്കും. ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വരുമ്പോള്‍ സാംസ്‌കാരിക മേധാവിത്വം നടപ്പിലാക്കുന്നത് ഇവരിലൂടെയാണ്. കാരണം സ്റ്റേറ്റിന് ഇവരില്‍ ഒരു കടിഞ്ഞാണ്‍ ഉണ്ട്. ബോധപൂര്‍വ്വമോ അറിവില്ലായ്മ മൂലമോ നിസ്സഹായത കൊണ്ടോ സ്റ്റേറ്റിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാനുള്ള ഒരു വാസന ഇവര്‍ക്കുണ്ടാകും.ഈകാര്യത്തില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ ശക്തിക്ക് റോള്‍ താരതമ്യേന കുറവാണ്. എങ്കിലും സത്യാനന്തരകാലത്ത് കോര്‍പ്പറേറ്റ് ചങ്ങാത്തം സാംസ്‌കാരിക മേധാവിത്വത്തിന് ആക്കം കൂട്ടുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ ഉദാഹരണം. പുതിയ ക്രമത്തെ സമൂഹത്തില്‍ സാധാരണ വല്‍ക്കരിക്കുന്നത് ഈ രണ്ടു വര്‍ഗ്ഗങ്ങളും ചേര്‍ന്നാണ്.ഹൈന്ദവ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വന്ന സമയത്തെല്ലാം ഈ രണ്ടു വര്‍ഗ്ഗങ്ങളെയും ഉപയോഗിച്ച് സാംസ്‌കാരിക ദേശീയത വ്യാപിപ്പിച്ചിട്ടുണ്ട്. സ്മാരകങ്ങളെയും സ്ഥാപനങ്ങളെയും കാവി വല്‍ക്കരിക്കുന്നതാണ് അതില്‍ പ്രധാനം.ജര്‍മ്മനിയില്‍ ഇത്തരം ഒരു അവസ്ഥ വന്നപ്പോള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് റൂഡി ഡച്ച്‌കെ ( Rudi Dutschke.) പറഞ്ഞത് ‘സ്ഥാപനങ്ങളിലൂടെയുള്ള ലോംഗ് മാര്‍ച്ച്’ ആവശ്യമാണ് എന്നാണ്. വ്യാജ ചരിത്രം കൊണ്ടും നുണകള്‍ കൊണ്ടും പടുത്തുയര്‍ത്തിയ ഇത്തരം സ്ഥാപനങ്ങള്‍ ഇടിച്ചു പൊളിക്കേണ്ടതുണ്ട് എന്നര്‍ത്ഥം.

സാമൂഹ്യമായ ആസ്തിയും സാമൂഹ്യമായ ഓര്‍മ്മകളും വളരെ പ്രധാനമാണെന്ന് ഇന്ത്യയിലെ നവ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് നന്നായിട്ട് അറിയാം. കള്‍ച്ചറല്‍ ലെഫ്റ്റിനേക്കാള്‍ നന്നായി അറിയാം എന്ന് പറഞ്ഞാലും തെറ്റില്ല. അധികാരത്തില്‍ ഇരിക്കുമ്പോള്‍ അവര്‍ ക്യാപ്പിറ്റല്‍ ഉപയോഗിച്ച് തന്നെ കള്‍ച്ചറല്‍ ക്യാപിറ്റല്‍ ഉണ്ടാക്കുന്നു. പുസ്തകങ്ങള്‍ ഇറക്കുന്നതും അവാര്‍ഡ് നല്‍കുന്നതും വലിയ പ്രതിമകള്‍ സ്ഥാപിക്കുന്നതും കൂടുതല്‍ സൗകര്യങ്ങളുള്ള പാര്‍ലമെന്റ് നിര്‍മ്മിക്കുന്നതും ഇതിന് വേണ്ടിയാണ്. അതിനവര്‍ പഴയ ബിംബങ്ങളെ തന്നെ കൂട്ടുപിടിക്കുന്നു. പുതിയ പാര്‍ലമെന്റിന് മുന്നില്‍ ഗാന്ധിയുടെ 16 അടി വലിപ്പമുള്ള പ്രതിമ സ്ഥാപിച്ചതും അതുകൊണ്ടാണ്.

1966 ആണ് ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന വിചാരധാര പുറത്തിറങ്ങിയത്. ആ പുസ്തകത്തിന്റെ ആമുഖം എഴുതിയത് ആന്റി കമ്മ്യൂണിസ്റ്റ് ആയ എം.എ വെങ്കട്ട റാവു ആണ്. അതില്‍ രണ്ടു പേജുകളിലായി ഗാന്ധിയന്‍ ആശയങ്ങളെ വെള്ളപൂശുന്നുണ്ട്. അതുമാത്രമല്ല ഡി കോളനൈസ് ചെയ്ത് രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍, ദേശീയ സംസ്‌കാര നിര്‍മ്മിതിയില്‍ പ്രധാന പങ്കുവഹിക്കുന്ന ഗാലക്‌സി ഓഫ് ലീഡേഴ്‌സിനെ പറ്റി പറയുന്നു. അതില്‍ ആദ്യ പേര് ഗാന്ധിയുടേതാണ്. അതുകഴിഞ്ഞാണ് വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി, തിലകന്‍ അരവിന്ദോ, സവര്‍ക്കര്‍, ഹെഡ്‌ഗേവാര്‍ എന്നിവരുടെ പേരുകള്‍ എഴുതി ചേര്‍ത്തത്. അവരുടെ വിശ്വാസ സംഹിതയില്‍ അവസാന പേരുകാരന്‍ സ്ഥാപകന്റെതാണെന്ന് ഓര്‍ക്കണം. സാംസ്‌കാരിക മേധാവിത്വം ഉണ്ടാക്കാനായി ഒരു രാജ്യത്തിന്റെ ലഗസിയെ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ അവര്‍ ചെയ്യുന്നത്. ഗാന്ധി വധത്തിന് ശേഷം ഗാന്ധിയെ ഹിന്ദു ദേശീയവാദി ആക്കാനുള്ള ശ്രമം വേണ്ടുവോളം നടന്നിട്ടുണ്ട്. ശാഖയില്‍ ഗാന്ധി നാമം ഉരുവിടുന്ന രീതി അവലംബിച്ചിരുന്നു പോലും.

ഗാന്ധിയുടെ ആശയങ്ങളായ സ്വദേശി പ്രസ്ഥാനവും ഗ്രാമീണ വികസനവും ആരാണ് ഹൈജാക്ക് ചെയ്തതെന്ന് കൂടുതല്‍ ആലോചിക്കാതെ തന്നെ മനസ്സിലാവും. സ്വദേശി ജാഗരണ്‍ മഞ്ച് പ്രവര്‍ത്തനം പരിശോധിച്ചാല്‍ മതി. അധികാരത്തില്‍ വന്നപ്പോള്‍ അതൊരു രാഷ്ട്രീയ പദ്ധതി കൂടിയായി തീര്‍ന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ. ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥ ഗാന്ധിയന്‍ ആശയത്തില്‍ നിന്ന് കടംകൊണ്ടതല്ലാതെ മറ്റൊന്നുമല്ല. ഗാന്ധിയന്‍ ആയ ജയപ്രകാശ് നാരായണന് പോലും അടിയന്തരാവസ്ഥ കാലത്ത് സംഘപരിവാറിനെ പിന്തുണയ്‌ക്കേണ്ടി വന്നു. കാരണം നിരാഹാര സമരമാണ് അവര്‍ ജയില്‍വാസം അനുഭവിക്കുമ്പോള്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയത്. നിരാഹാര സമരത്തിന്റെ ഇന്ത്യന്‍ വക്താവ് ആരാണെന്ന് പറയേണ്ടതില്ലല്ലോ. സമൂഹത്തില്‍ വേരോട്ടമുള്ള വ്യക്തിയെയും ആശയങ്ങളെയും ജീവിതത്തെയും ഫാസിസ്റ്റുകള്‍ ഹൈജാക്ക് ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്. കാലാകാലങ്ങളില്‍ പുതിയ ടൂളുകള്‍ അവര്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. പുതിയ ലോകക്രമത്തില്‍ അത് ട്രോള്‍ ആര്‍മി ആണെന്ന് മാത്രം.

Gandhi

1972 ല്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഗോള്‍വാള്‍ക്കര്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുശ് വന്ത് സിങ്ങിന് ഒരു അഭിമുഖം നല്‍കുകയുണ്ടായി. ആ അഭിമുഖത്തില്‍ അദ്ദേഹം ഗാന്ധിയെ വിശേഷിപ്പിക്കുന്നത് ഹിന്ദുക്കളുടെ ഹിന്ദുവാണ് ഗാന്ധി എന്നാണ്.. ഹിന്ദുക്കള്‍ക്ക് സത്യാഗ്രഹവും ഹൈന്ദവ ദേശീയതയും സംഭാവന ചെയ്തു എന്ന മട്ടില്‍ സംസാരിക്കുന്നു. ത്യാഗ സന്നദ്ധത, വെജിറ്റേറിയനിസം, പ്രാര്‍ത്ഥന, ധ്യാനം എന്നീ ഗാന്ധിയന്‍ മൂല്യങ്ങള്‍ സ്വയംസേവകര്‍ മാതൃക ആക്കണമെന്ന ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്.

ഗാന്ധി കൊല്ലപ്പെട്ട അന്നേദിവസം ഗോഡ്‌സെയെ തള്ളിപ്പറഞ്ഞുകൊണ്ട് ഗോള്‍വാള്‍ക്കര്‍ പട്ടേലിനും നെഹ്‌റുവിനും അയച്ച കത്തില്‍ പറയുന്നത്, വിഭജിക്കപ്പെട്ട ഇന്ത്യയെ ഒന്നിപ്പിക്കുന്ന ശക്തിയാണ് ഗാന്ധി എന്നാണ്. ഇത് മാത്രമല്ല ഹിന്ദു ആചാരപ്രകാരം 13 ദിവസത്തെ ദുഃഖാചരണം അണികളോട് ആചരിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. അന്ന് നടത്തിയ പ്രസ് മീറ്റിംഗില്‍ ഹിന്ദുവായ ഗാന്ധിയെ കൊന്ന ഹിന്ദുവിന് ഹിന്ദുത്വം ഇല്ല എന്നും പറയുന്നുണ്ട്.
ജനവികാരം തങ്ങളുടെ പ്രസ്ഥാനത്തിന് എതിരാവും എന്ന് കരുതി ഡിപ്ലോമാറ്റിക്കായി പറഞ്ഞ വാക്കുകളായി ഇതിനെ വ്യാഖ്യാനിക്കാന്‍ ആവില്ല. ഗോള്‍വാള്‍ക്കറുടെ ജീവിതം മുഴുവനായും ആര്‍എസ്എസിന്റെ ഭാവി പദ്ധതി ആണെന്ന് പറയേണ്ടിവരും. ഒരു കുടക്കീഴില്‍ പല സംഘടനകള്‍ ഉണ്ടാക്കി സമൂഹത്തില്‍ അതൊരു മെഷീന്‍ പോലെ പ്രവര്‍ത്തിപ്പിച്ചു. ആര്‍എസ്എസിനെ നിരോധിച്ച രണ്ടു ഘട്ടങ്ങളിലും നീതിക്ക് വേണ്ടിയുള്ള സമാധാനപരമായ സമരം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സത്യാഗ്രഹം അനുഷ്ഠിക്കുകയാണുണ്ടായത്. ഗാന്ധിയെ തിരിച്ചുപിടിക്കേണ്ടത് ഇനി സെക്കുലര്‍ ഇന്ത്യയുടെ കടമയാണ്. അല്‍ഗൊരിതം കൊണ്ടുള്ള ആ യുദ്ധം തുടങ്ങാന്‍ നാം വൈകി. Secular India needs to reclaim Gandhi’s legacy

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: Secular India needs to reclaim Gandhi’s legacy

Leave a Reply

Your email address will not be published. Required fields are marked *

×