April 18, 2025 |

ഹസനെ തള്ളി ഡിവൈഎഫ്‌ഐ; കോണ്‍ഗ്രസ് നേതാക്കള്‍ ലഹരി ഉപയോഗിച്ച് പരസ്പരം കയ്യേറ്റം നടത്തിയവര്‍

ലോകമെമ്പാടും വലതുപക്ഷ തീവ്രവാദ ശക്തികളുടെ സഹായത്തോടുകൂടി തഴച്ചുവളരുന്ന ഒന്നാണ് ലഹരി മാഫിയകള്‍

”സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗവും വയലന്‍സും ഏറ്റവും ഗൗരവകരമായ നിലയിലാണ് ഡി.വൈ.എഫ്.ഐ കാണുന്നത്. സിന്തറ്റിക് ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപഭോഗവും വ്യാപനവും തടയാന്‍ ഉത്തരവാദിത്വത്തോട് കൂടി ജാഗ്രതാ സമിതികളും യുവജന സ്‌ക്വാഡുകളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. ആ പ്രവര്‍ത്തനങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുക തന്നെ ചെയ്യും.” ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അഴിമുഖത്തോട് പറഞ്ഞു.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലഹരി കേസുകളില്‍ അധികവും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ലഹരിക്കെതിരെ യുഡിഎഫ് ഉപവാസ സമരം നടത്തുമെന്നുമുള്ള കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ ആരോപണത്തെ തള്ളിക്കൊണ്ടാണ് സനോജ് നിലപാട് വ്യക്തമാക്കിയത്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ യുവജന സംഘടനകളും ഒറ്റക്കെട്ടായി പോരാടണമെന്നാണ് ഡിവൈ.എഫ്.ഐ ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ നടത്തിയ പ്രസ്താവന ഇത്തരം മുന്നേറ്റങ്ങള്‍ക്ക് തുരങ്കം വെക്കുന്നതും ലഹരി മാഫിയയെ സഹായിക്കാന്‍ ഉതകുന്നതാണെന്നും സനോജ് പറഞ്ഞു. കൂടാതെ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്ന എം.എം ഹസന്‍ ലഹരിമാഫിയയുടെ ഏജന്റ് ആണെന്ന് സംശയിക്കേണ്ടതായുണ്ടെന്നും സനോജ് അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.

കേരളത്തെ ലഹരിയുടെ പറുദീസയായി മാറ്റിയത് പിണറായി സര്‍ക്കാരാണെന്നും കൊലപാതകങ്ങളുടെ അടിസ്ഥാനം ലഹരിയാണ്. ലഹരികേസിലെ പ്രതികളെ പിടികൂടാന്‍ തടസം നില്‍ക്കുന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നുമായിരുന്നു എംഎം ഹസന്‍ കഴിഞ്ഞദിവസം ആരോപിച്ചത്.

”എംഎം ഹസനെ പോലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇത്രയും അപക്വപരമായതും, വസ്തുതാവിരുദ്ധമായതുമായ പ്രസ്താവന നടത്തുന്നത് ശരിയായ കാര്യമല്ല. ലോകമെമ്പാടും വലതുപക്ഷ തീവ്രവാദ ശക്തികളുടെ സഹായത്തോടുകൂടി തഴച്ചുവളരുന്ന ഒന്നാണ് ലഹരി മാഫിയകള്‍. വലതുപക്ഷ കക്ഷികള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ആവശ്യവും” എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് അഴിമുഖത്തോട് പറഞ്ഞു.

”എസ്എഫ്ഐക്ക് എതിരെ ഇത്തരമൊരു ആരോപണമുന്നയിക്കുമ്പോള്‍ വസ്തുതയ്ക്ക് നിരക്കുന്ന എന്തെങ്കിലുമൊന്ന് അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരിക്കണം. ലഹരിക്കെതിരെ നിരന്തരമായി പോരാടിയതിന്റെ ഭാഗമായി കേരളത്തില്‍ വളര്‍ന്നുവന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനുദാഹരണമാണ് ഏറ്റവും അടുത്തകാലത്ത് വയനാട് പോളിടെക്നിക് കോളേജില്‍ അപര്‍ണ ഗൗരി എന്ന നേതാവ് നേരിട്ട ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം” സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

എംഎം ഹസന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യു അവരുടെ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കഞ്ചാവ് കേസില്‍ പ്രതികളായിരുന്നു. നെയ്യാര്‍ ഡാമില്‍ വച്ച് നടന്ന കോണ്‍ഗ്രസിന്റെ ക്യാമ്പില്‍ നേതാക്കന്മാര്‍ ലഹരി ഉപയോഗിച്ച് തമ്മില്‍ തമ്മില്‍ കയ്യേറ്റം ചെയ്യുകയുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും സഞ്ജീവ് അഴിമുഖത്തോട് വ്യക്തമാക്കി.

content summary; sfi and dyfi response to mm hassan’s allegation

Tags:

Leave a Reply

Your email address will not be published. Required fields are marked *

×