വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ വിമാനങ്ങളിൽ സീറ്റ് ബെൽറ്റ് നിയമങ്ങൾ കർശനമാക്കി. മെയ് 21 ചൊവ്വാഴ്ചയിലെ അപകടത്തിന്റെ പശ്ചാത്തത്തിലാണ് സിംഗപ്പൂർ എയർലൈൻസിന്റെ തീരുമാനം. ടർബുലൻസിൽ പെട്ട് എസ്ക്യു 321 ഫ്ലൈറ്റിലെ ഒരു യാത്രക്കാരൻ മരിക്കുകയും, യാത്രക്കാർക്കും ജീവനക്കാർക്കും തലയോട്ടി, തലച്ചോറ്, നട്ടെല്ല് എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സീറ്റ് ബെൽറ്റ് ഇടാൻ പോലുമുള്ള സമയം ലഭിച്ചില്ലെന്നാണ് ചില യാത്രക്കർ പറഞ്ഞിരുന്നത്. Singapore Airlines
കാര്യങ്ങൾ വഷളായതിനെ തുടർന്ന് 211 യാത്രക്കാരും 18 ജീവനക്കാരുമായി ലണ്ടനിൽ നിന്ന് സിംഗപ്പൂർ വിമാനം ബാങ്കോക്കിൽ അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതമാവുകയായിരുന്നു. ബാങ്കോക്കിൽ 48 ലധികം യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സിംഗപ്പൂർ എയർലൈൻസിന്റെ തീരുമാനം.
സീറ്റ് ബെൽറ്റ് അടയാളം ഓണായിരിക്കുമ്പോൾ ചൂടുള്ള പാനീയങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തുന്നതിനൊപ്പം, മറ്റ് ഭക്ഷണങ്ങൾ നൽകുന്നതും താൽക്കാലികമായി നിർത്തിവയ്ക്കും, എന്ന് എയർലൈൻ അധികൃതർ എഎഫ്‌പിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ യാത്രക്കാരുടെയും ജോലിക്കാരുടെയും സുരക്ഷക്ക് വളരെ പ്രാധാന്യം നൽകുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും കൂട്ടിച്ചേർത്തു. മെയ് 21 ലെ അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ സിംഗപ്പൂരിൽ നിന്നും യുഎസിൽ നിന്നുമുള്ള അന്വേഷണ സംഘം തായ്‌ലൻഡിലേക്ക് തിരിച്ചിട്ടുണ്ട്. യാത്രക്കാർ പലപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുന്നത് വളരെ അശ്രദ്ധമായാണെന്നും വിമാനം അപ്രതീക്ഷിതമായ ടർബുലെൻസുകളിൽ അകപ്പെട്ടാൽ അപകട സാധ്യത ഉയർത്തുമെന്നും സുരക്ഷാ വിദഗ്ധർ പറയുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധികൾ മൂലം റഡാറിൽ കാണാൻ സാധിക്കാത്ത ക്ലിയർ എയർ ടർബുലൻസുകൾ കൂടുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ആദ്യമായാണ് എയർ ടർബുലൻസിൽ നിന്ന് ഇത്രയും ഗുരുതര പരിക്കുകൾ കാണുന്നതെന്ന്, പരിക്കേറ്റവരിൽ ഭൂരിഭാഗവും ചികിത്സയിലായിരുന്ന ബാങ്കോക്കിലെ സമിതിവേജ് ശ്രീനകരിൻ ആശുപത്രിയുടെ ഡയറക്ടർ പറഞ്ഞു.
‘ യാതൊരു മുന്നറിയുപ്പുമില്ലാതെയായിരുന്നു അപകടം ഉണ്ടായത്, എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ, എല്ലാം നടന്നിരുന്നു’. എന്നാണ് വിമാനത്തിൽ യാത്ര ചെയ്ത കെയ്ത്ത് ഡേവിസ് പറയുന്നത്, കെയ്ത്തിന്റെ ഭാര്യ കെറിക്ക് അപകടത്തിൽ നിന്ന് നട്ടെല്ലിന് കാര്യമായ ക്ഷതം ഏറ്റ് ചികിത്സയിലാണ്. സിംഗപ്പൂർ എയർലൈൻസിൻ്റെ ചീഫ് എക്‌സിക്യുട്ടീവ് ഗോഹ് ചൂൻ ഫോങ്, സംഭവത്തിൽ ക്ഷമാപണം നടത്തുകയും മരിച്ച ജെഫ്രി കിച്ചൻ്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ആകാശച്ചുഴി ദുരന്തത്തിന്റെ തീവ്രത?
കണക്കുകൾ പ്രകാരം വിമാനം ആകാശച്ചുഴിയിൽ പെട്ടുണ്ടാവുന്ന അപകടങ്ങൾ താരതമ്യേന കുറവാണ്. പ്രത്യേകിച്ച് അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളിൽ. ഇതിന്റെ പ്രധാനകാരണം സാങ്കേതിക വിദ്യയുടെ വളർച്ചയാണ്. ആകാശച്ചുഴി സംബന്ധിച്ച മുന്നറിയിപ്പ് മുൻകൂറായി തന്നെ നൽകാൻ കഴിയുന്ന തരത്തിൽ സാങ്കേതിക വിദ്യ വളർന്നുകഴിഞ്ഞു. പൈലറ്റുമാർക്കും വിമാന ജീവനക്കാർക്കും ഇത്തരത്തിലുള്ള അപകടങ്ങളെ കുറിച്ച് വ്യക്തമായ ധാരണ പഠന സമയത്ത് തന്നെ നൽകുന്നുമുണ്ട്. അതിനാൽ തന്നെ യാത്രക്കിടെ വരുന്ന മുന്നറിയിപ്പുകൾക്ക് അനുസരിച്ച് യാത്രക്കാർ സീറ്റ് ബെൽറ്റ് അടക്കം ധരിച്ച് സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുകായും ചെയ്യുന്നു. അതേസമയം, ചെറിയ സ്വകാര്യ വിമാനങ്ങളും ബിസിനസ്സ് ജെറ്റുകളും ആകാശച്ചുഴിയിൽ പെടുന്നതും ജീവഹാനിയോ ഗുരുതര പരിക്കുകളോ സംഭവിക്കുന്നതും പതിവാണ്. യുഎസ് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ആഭ്യന്തര വിമാനങ്ങൾ അപകടത്തിൽപെട്ട് 100-ലധികം പേർക്ക് പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൽ മരണം റിപ്പോർട്ട് ചെയ്ത ഭൂരിപക്ഷം അപകടങ്ങളിലും വില്ലൻ ആകാശച്ചുഴി തന്നെയാണ്. യഥാർത്ഥത്തിൽ വലിയ വിമാനങ്ങൾ ആകാശച്ചുഴിയിൽ പെടുമ്പോഴാണ് വലിയ ദുരന്തമുണ്ടാവാനുള്ള സാധ്യതയുള്ളത്. അപകട സമയത്ത് സുരക്ഷാനിർദേശങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള പാളിച്ചയുണ്ടായാൽ യാത്രികർക്ക് വലിയ അപകടങ്ങൾ ആയിരിക്കും സംഭവിക്കുക. സീറ്റ് ബെൽറ്റിടാതെ ഇരുന്നാൽ വിമാനത്തിനുള്ളതിൽ പറന്ന് നടക്കുന്ന അവസ്ഥയിലാകാം. തലയിൽ ബാഗേജുകൾ വീണുള്ള പരിക്ക്, വിമാനത്തിന്റെ കുലുക്കത്തിന് അനുസരിച്ച് വസ്തുക്കൾ വന്ന് അടിച്ചുണ്ടാവുന്ന പരിക്കുകൾ, അതോടൊപ്പം ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്ന ട്രോളി ഇടിച്ച് വരെ അപകടമുണ്ടാവമെന്ന് ചുരുക്കം.
content summary : Singapore Airlines tightens seatbelt rules after turbulence flight death