December 13, 2024 |

ബുക്കര്‍ പ്രൈസ് പുരസ്‌കാരം കരസ്ഥമാക്കി ‘ഓര്‍ബിറ്റല്‍’

സാമന്ത ഹാര്‍വിയുടെ ‘ഓര്‍ബിറ്റല്‍’ എന്ന പുസ്തകമാണ് ഇത്തവണത്തെ ബുക്കര്‍ പ്രൈസ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്

ബ്രിട്ടീഷ് എഴുത്തുകാരിയായ സാമന്ത ഹാര്‍വിയുടെ ‘ഓര്‍ബിറ്റല്‍’ എന്ന പുസ്തകമാണ് ഇത്തവണത്തെ ബുക്കര്‍ പ്രൈസ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. 2019 നു ശേഷം ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ വനിത കൂടിയാണ് ഹാര്‍വി. ലണ്ടനിലെ ഓള്‍ഡ് ബില്ലിങ്‌ഗേറ്റ്‌സില്‍ നടന്ന ചടങ്ങില്‍ ആണ് വിജയിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍പ്രൈസ് ജേതാവായിരുന്ന പോള്‍ ലിഞ്ചില്‍ നിന്നുമാണ് ഹാര്‍വി പുരസ്‌കാരം ഏറ്റുവാങ്ങിയത്. 50,000 പൗണ്ടും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ഹാര്‍വിയുടെ ഓര്‍ബിറ്റില്‍ ആറ് ബഹിരാകാശ യാത്രികരുടെ ദൈനംദിന പോരാട്ടങ്ങളെയും, വിജയങ്ങളെയും ആണ് ആവിഷ്‌കരിക്കുന്നത്. ദുര്‍ബലമായ ലോകത്ത് മനുഷ്യരാശിയുടെ സ്ഥാനത്തെക്കുറിച്ചുള്ള പുസ്തകമാണിതെന്ന് എഡ്മണ്ട് ഡി വാള്‍ അഭിപ്രായപ്പെട്ടു. യുകെയില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം എന്ന പ്രത്യേകത കൂടി ഓര്‍ബിറ്റലിനുണ്ട്. ബഹിരാകാശത്തെ കേന്ദ്രികരിച്ച പുസ്തകങ്ങളില്‍ ഇത് ആദ്യമായി ആണ് ഒരു നോവല്‍ ബുക്കര്‍ പ്രൈസ് നേടുന്നത്. 136 പേജ് അടങ്ങുന്ന ഈ നോവല്‍ ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകവും കൂടിയാണ് ഹാര്‍വിയുടെ ഓര്‍ബിറ്റല്‍. ഒരു ദിവസത്തില്‍ നടക്കുന്ന കഥയാണ് ഓര്‍ബിറ്റലില്‍ പറഞ്ഞു പോകുന്നത്. പ്രസിവില്‍ എവരറ്റ് എഴുതിയ ജെയിംസ്, ആനി മൈക്കള്‍സിന്റെ ഹെല്‍ഡ്, യേല്‍ വാന്‍ ഡര്‍വുഡന്റെ ദി സേഫ് കീപ്, റേച്ചല്‍ കുഷ്‌നറുടെ ക്രിയേഷന്‍ ലേക്ക്, ഷാര്‍ലെറ്റ് വുഡ് എഴുതിയ സ്‌റ്റോണ്‍ യാര്‍ഡ് ഡിവോഷണല്‍ എന്നിവയാണ് 2024 ബുക്കര്‍ പ്രൈസിന് ഷോര്‍ട് ലിസ്റ്റില്‍ കയറിയ മറ്റു കൃതികള്‍.

content summary; british writer samantha harveys space station novel orbital wins the booker prize for fiction

×