ശ്രീലങ്ക താവളമാക്കി ചൈനീസ് സൈബര്‍ ക്രിമനല്‍ സംഘങ്ങള്‍. തെക്കുകിഴക്കന്‍ ഏഷ്യന്‍ ഭരണകൂടങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് ഈ വന്‍കിട സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ താവളം മാറ്റിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇക്കാര്യം ശ്രീലങ്കയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളായി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികള്‍ ഇവിടെയിരുന്ന് ആഗോളതലത്തില്‍ വന്‍തോതില്‍ സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നത് വര്‍ദ്ധിക്കുകയാണെന്നാണ് ശ്രീലങ്കന്‍ പോലീസ് വക്താവ് ഫ്രെഡറിക് വൂട്ലറിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള തട്ടിപ്പ് കേന്ദ്രങ്ങളില്‍ ഡസനിലധികം റെയ്ഡുകള്‍ നടത്തിയ അധികൃതര്‍, കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എഴുന്നൂറോളം വിദേശികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാനമായ കൊളംബോയില്‍ പോലീസ് നടത്തിയ ഏറ്റവും പുതിയ റെയ്ഡില്‍ 18 ചൈനീസ് പൗരന്മാരെയും ഒരു ലാവോസ് സ്വദേശിയെയും കസ്റ്റഡിയിലെടുത്തു. ഈ തട്ടിപ്പ് കേന്ദ്രത്തില്‍ ‘ദി ഗാര്‍ഡിയന്‍’ എത്തിയിരുന്നു. അവിടെ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. തട്ടിപ്പുകാര്‍ ഉപയോഗിച്ചിരുന്ന വ്യാജ യു.എസ് ട്രഷറി രേഖകള്‍, വ്യാജ കമ്പനി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഇവിടെനിന്ന് കണ്ടെടുത്തു. തങ്ങളുടെ വ്യാജ കമ്പനിക്ക് 10 ബില്യണ്‍ ഡോളറിന്റെ (1,000 കോടി ഡോളര്‍) മൂല്യമുണ്ടെന്ന് കാണിക്കുന്നതിനായി നിര്‍മ്മിച്ച ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് ഫ്രെയിം ചെയ്ത് ചുവരിലും തൂക്കിയിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരപ്രകാരം, പ്രധാനമായും ചൈനീസ് പൗരന്മാരുടേതായ 62 പാസ്പോര്‍ട്ടുകള്‍, ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, റാമുകള്‍, പ്രൊസസ്സറുകള്‍, വ്യാജ രേഖകള്‍ ചമയ്ക്കാനുള്ള സീലുകള്‍ എന്നിവയും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഈ വര്‍ഷം അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ചൈനക്കാരാണെങ്കിലും വിയറ്റ്‌നാം, ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്, ഫിലിപ്പീന്‍സ്, മലേഷ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെല്ലാം ടൂറിസ്റ്റ് വിസയിലാണ് ശ്രീലങ്കയിലെത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തെക്കുകിഴക്കന്‍ ഏഷ്യയില്‍ തഴച്ചുവളര്‍ന്ന അന്താരാഷ്ട്ര തട്ടിപ്പ് വ്യവസായം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യ ശൃംഖലകളില്‍ ഒന്നാണ്. കംബോഡിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലെ വന്‍ സുരക്ഷാക്കോട്ടകള്‍ക്കുള്ളിലിരുന്നാണ് ചൈനീസ് മാഫിയകള്‍ പ്രണയ തട്ടിപ്പ്, ക്രിപ്‌റ്റോ തട്ടിപ്പ്, ഓണ്‍ലൈന്‍ ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നിയന്ത്രിച്ചിരുന്നത്. ഈ തട്ടിപ്പ് കേന്ദ്രങ്ങള്‍ വഴി 2024-ല്‍ മാത്രം അമേരിക്കക്കാര്‍ക്ക് 10 ബില്യണ്‍ ഡോളര്‍ നഷ്ടമായെന്നാണ് യു.എസ് കണക്കാക്കുന്നത്. എന്നാല്‍ അവിടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ക്രിമിനലുകള്‍ പുതിയ താവളങ്ങള്‍ തേടിയിറങ്ങിയത്.
കുറഞ്ഞ ചിലവില്‍ ഓഫീസുകളും ഹോട്ടലുകളും വാടകയ്ക്ക് ലഭിക്കുന്നതും, ടൂറിസ്റ്റ് വിസയും പുതുതായി ഏര്‍പ്പെടുത്തിയ ‘ഡിജിറ്റല്‍ നൊമാഡ്’ വിസയും എളുപ്പത്തില്‍ സ്വന്തമാക്കാമെന്നതുമാണ് ശ്രീലങ്കയെ ഇവരുടെ പ്രിയപ്പെട്ട താവളമാക്കിയത്. ഇതോടൊപ്പം സിം കാര്‍ഡുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കും രാജ്യത്തുള്ള പരിമിതമായ നിയന്ത്രണങ്ങളും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമപരമായ പോരായ്മകളും തട്ടിപ്പുകാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. നിലവില്‍ ഇത്തരം കുറ്റവാളികളെ വിചാരണ ചെയ്യുന്നതിന് പകരം നാടുകടത്തുന്ന രീതിയാണ് ശ്രീലങ്ക സ്വീകരിക്കുന്നത്. ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിലും ബിസിനസ്സിലും ഇതിനകം തന്നെ ചൈനീസ് സാന്നിധ്യമുള്ളതിനാല്‍ ചൈനീസ് പൗരന്മാരുടെ വരവ് ആര്‍ക്കും പെട്ടെന്ന് സംശയം ഉണ്ടാക്കുന്നുമില്ല.
കഴിഞ്ഞ രണ്ട് വര്‍ഷമായി ടെലഗ്രാം ഗ്രൂപ്പുകളിലും റിക്രൂട്ട്മെന്റ് പരസ്യങ്ങളിലും തട്ടിപ്പുകാരുടെ പുതിയ ലക്ഷ്യസ്ഥാനമായി ശ്രീലങ്കയെ പരാമര്‍ശിക്കുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ ഗവേഷകനായ മാര്‍ക്ക് ബോ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഗാര്‍ഡിയന്‍ പറയുന്നു. കംബോഡിയയിലെ കടുത്ത നടപടികള്‍ക്ക് ശേഷം ഒരേ രീതിയിലുള്ള തട്ടിപ്പ് സംവിധാനങ്ങള്‍ ശ്രീലങ്കയിലേക്ക് പറിച്ചുനടപ്പെടുകയായിരുന്നു. ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ വരവോടെ കൊളംബോയിലെ ഓഫീസ് മുറികളുടെ വാടക ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതായി പ്രാദേശിക വ്യവസായികള്‍ പരാതിപ്പെടുന്നുണ്ട്. മുന്‍പത്തെപ്പോലെ വലിയ കോമ്പൗണ്ടുകള്‍ക്ക് പകരം, തിരിച്ചറിയപ്പെടാതിരിക്കാന്‍ അഞ്ചുപേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ്, ഓരോ മൂന്ന് മാസം കൂടുമ്പോഴും ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും മാറിമാറിയാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഈ ചൈനീസ് ക്രിമിനല്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് സൂപ്രണ്ട് കമല്‍ അരിയവന്‍സ ഗാര്‍ഡിയനോട് സ്ഥിരീകരിച്ചു. അതേസമയം, തങ്ങളുടെ പൗരന്മാര്‍ ഉള്‍പ്പെട്ട ഈ ഫോണ്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കൊളംബോയിലെ ചൈനീസ് എംബസി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
Content Summary; Sri Lanka is becoming a new hub for transnational cybercrime as Chinese scam syndicates relocate operations from Southeast Asia.
This post was last modified on June 16, 2026 12:45 pm
Leave a Comment