April 20, 2025 |
Share on

വായിച്ച പുസ്തകങ്ങള്‍ വഴികളായി; മനുഷ്യത്വം പഠിപ്പിച്ച യാത്രകള്‍ ‘സാമൂഹിക സ്ത്രീ’ യാക്കിയ സുനീസ

മേച്ചില്‍പുറങ്ങള്‍ തേടിയുള്ള സുനീസയുടെ യാത്രകള്‍

‘ഹിമാചലിലെ തണുപ്പില്‍ കിടു കിടാ വിറച്ചുകൊണ്ടാണ് ഞാന്‍ ആ മലയുടെ മുകളിലേക്ക് കയറിയത്. ഒറ്റ ലക്ഷ്യം മാത്രം, പറക്കണം. പാരാഗ്ലൈഡിങ് എന്ന ദീര്‍ഘകാല സ്വപ്നം മനസിലിട്ട് താലോലിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയിരുന്നു. എന്നാല്‍ തമാശയതല്ല. മുകളിലെത്തി പാരാഗ്ലൈഡിങ്ങിന് തയ്യാറായപ്പോള്‍ ഞാന്‍ പേടിച്ച് കരയാന്‍ തുടങ്ങി. കുറച്ച് നേരത്തെ ബലപ്രയോഗത്തിനൊടുവില്‍ എന്നെ അവര്‍ താഴേക്ക് തള്ളിവിട്ടു. ഉച്ചത്തിലുള്ള എന്റെ നിലവിളി അന്തരീക്ഷത്തില്‍ ഇഴുകി ചേര്‍ന്നത് പോലെ. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുറന്ന് നോക്കിയപ്പോള്‍ താഴെ വലിയൊരു ലോകം. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ ശരിക്കും മനസിലായത് ആ നിമിഷത്തിലാണ്’..

യാത്രയെ പ്രണയിച്ച പത്തനംതിട്ട, കോന്നി സ്വദേശിനിയായ സുനീസയെക്കുറിച്ച് പറഞ്ഞ് തുടങ്ങാന്‍ ഏറ്റവും ഉചിതം സുനീസയുടെ ഈ വാക്കുകള്‍ തന്നെയാണ്. വായിച്ച പുസ്തകങ്ങളിലെ സ്ഥലങ്ങള്‍ തേടിപ്പിടിച്ച് യാത്ര ചെയ്യുന്ന ഇരുപത്തിയേഴുകാരി. വെറുതെ സ്ഥലങ്ങള്‍ കണ്ട് ആസ്വദിക്കുക മാത്രമല്ല സുനീസ ചെയ്യുന്നത്. മനശാസ്ത്രവിദഗ്ധയായ ഈ പെണ്‍കുട്ടി താന്‍ പോകുന്ന ഇടങ്ങളിലുള്ള മനുഷ്യര്‍ക്ക് മാനസിക സൗഖ്യവും പകര്‍ന്നുനല്‍കുന്നു. മോഹങ്ങളെ ചേർത്തുപിടിച്ച് മുന്നേറണമെന്ന ആശയമാണ് അന്താരാഷ്ട്ര വനിത ദിനത്തിൽ സുനീസയുടെ യാത്രകള്‍ ഓർമിപ്പിക്കുന്നത്.

കൂട്ടുകാരായി പുസ്തകങ്ങള്‍

പഠനകാലത്ത് പല സ്‌കൂളുകള്‍ മാറേണ്ടി വന്നതുകൊണ്ട് തന്നെ അധികം സുഹൃത്തുക്കളൊന്നും സുനീസക്കുണ്ടായിരുന്നില്ല. വീട്ടില്‍ ടിവിയുമില്ലാത്തതിനാല്‍ പുസ്തകങ്ങളായിരുന്നു കൂട്ടുകാര്‍. പാഠപുസ്തകത്തിലെവിടെയോ മഞ്ഞുമൂടിയ മലകളെക്കുറിച്ച് വായിച്ച കൊച്ചു സുനീസയുടെ മനസില്‍ ഒരു മോഹം തോന്നി, മഞ്ഞ് കാണണം. കണ്ടാല്‍ മാത്രം പോര മഞ്ഞ് കോരിയെടുത്ത് മതിയാവുന്നത് വരെ ആസ്വദിക്കണം. പക്ഷേ എങ്ങനെ അവിടെ എത്തിപ്പെടുമെന്ന് അറിയില്ല.

ഇടത്തരം മുസ്ലീം കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതിനാല്‍ തന്നെ ആഗ്രഹം ഉള്ളിലൊതുക്കി. എന്നാല്‍ വായന അവസാനിപ്പിച്ചില്ല. മഞ്ഞപ്പൂക്കള്‍, സൂര്യകാന്തി പാടങ്ങള്‍, മഞ്ഞുമലകള്‍… തുടങ്ങി സുനീസയുടെ മോഹങ്ങളും കൂടി വന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി സംഘടിപ്പിച്ച് എറണാകുളത്ത് താമസം തുടങ്ങി. കുറച്ച് സമ്പാദ്യം കൈയില്‍ വന്നതോടെ പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞ സ്ഥലങ്ങളെ തേടിയിറങ്ങി. ആ യാത്രകള്‍ ഇപ്പോഴും തുടരുന്നു.

ആദ്യം കേരളം

നടത്തിയ യാത്രകളെല്ലാം ഒറ്റയ്ക്കായിരുന്നു. കേരളം കണ്ടിട്ട് മതി ബാക്കിയുള്ള സ്ഥലങ്ങള്‍ കാണാന്‍ എന്ന് ആദ്യമേ തീരുമാനിച്ചു. തമിഴ് സംസ്‌കാരം ഏറെ ഇഷ്ടമായിരുന്ന സുനീസ ആദ്യം പോയത് പാലക്കാട് കല്‍പാത്തിയിലാണ്. കോലങ്ങള്‍ നിറഞ്ഞ മുറ്റമുള്ള അഗ്രഹാരങ്ങള്‍ പണ്ട് മുതലേ സ്വപ്നം കണ്ടതാണ്. അതൊരു തുടക്കം മാത്രമായിരുന്നു. നിലമ്പൂര്‍ ആയിഷയുടെ ‘ജീവിതത്തിനും അരങ്ങിനുമിടയില്‍’ വായിച്ചതോടെ നിലമ്പൂര്‍ കാണണമെന്നായി. കുടിയേറ്റ കഥകള്‍ വായിച്ച് വയനാടിനോടും താല്‍പര്യമായി.

അങ്ങനെയങ്ങനെ മലയാള സാഹിത്യകാരന്മാര്‍ അക്ഷരങ്ങളിലൂടെ വര്‍ണിച്ച കേരളത്തിലെ സ്ഥലങ്ങളെല്ലാം ഓരോന്നായി കണ്ടു തീര്‍ത്തു. തെക്കില്‍ നിന്ന് തുടങ്ങി വടക്കിലേക്ക് പോകാനാണ് സുനീസ തീരുമാനിച്ചത്. തമിഴ്നാടും കര്‍ണാടകയും ആന്ധ്രയുമൊക്കെ കഴിഞ്ഞ് നേരെ വിട്ടത് ഹിമാചലിലേക്ക്, ആപ്പിള്‍തോട്ടങ്ങളും മഞ്ഞുവീണ വഴികളും നേരിട്ടറിയാന്‍.

തസ്ലീമ നസ്റിനിലൂടെ കൊല്‍ക്കത്തയിലും അരുണ്‍ എഴുത്തച്ഛന്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’യിലൂടെ റെഡ് സ്ട്രീറ്റിലും മാധവിക്കുട്ടിയിലൂടെ പശ്ചിമ ബംഗാളിലും സൂനീസയെത്തി. അവിടെ നിന്ന് രാജസ്ഥന്‍, ഭൂട്ടാന്‍, നാഗാലന്‍ഡ്, നേപ്പാള്‍, സിക്കിം, മേഘാലയ തുടങ്ങി നിരവധി സ്ഥലങ്ങള്‍. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം, ചിറാപുഞ്ചി ആകര്‍ഷകമായി തോന്നാന്‍ മറ്റൊന്നും വേണ്ടി വന്നില്ലായെന്നാണ് സുനീസ പറയുന്നത്. യാത്ര പോകണമെന്ന് ആഗ്രഹം പറയുമ്പോള്‍ ചെറുപ്പം മുതല്‍ പലരും തമാശയ്ക്ക് പറയുമായിരുന്നു, നീ വല്ല ഗോകര്‍ണത്തേക്കും പോകൂവെന്ന്. സുനീസയെ അതും ആകര്‍ഷിച്ചു. ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളും മറ്റുമുള്ള ഗോകര്‍ണത്തെക്കുറിച്ച് തിരഞ്ഞുപിടിച്ച് വായിച്ച് അവിടേക്കും യാത്ര പോയി. പലരും ജീവിതത്തിന്റെ അവസാന സമയങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന കാശിയിലും സുനീസയെത്തി. പച്ച മാംസം കത്തുന്ന മണം ഇപ്പോഴും തനിക്ക് അറിയാന്‍ കഴിയുന്നുവെന്നാണ് കാശി യാത്രയെക്കുറിച്ച് സുനീസ പറയുന്നത്.

കോന്നി കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ സുനീസക്കുള്ളൂ, അത് വട്ടവടയാണ്. വട്ടവടയിലാണ് കേരളം അവസാനിക്കുന്നത്. പിന്നീടങ്ങോട്ട് തമിഴ്നാടാണ്. എത്ര പോയാലും മതിവരാത്ത വട്ടവട തന്നെ തിരിച്ചുവിളിക്കുന്നുവെന്നാണ് സുനീസ പറയുന്നത്.

യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് സുനീസ യാത്രകള്‍ പോകുന്നത്. കൈയില്‍ വേണ്ടത്ര പണമുണ്ടാകില്ല. ധരിക്കാന്‍ ഷൂസോ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഒരു കമ്പിളി പോലുമില്ല, ഭാഷയുമറിയില്ല. പല തവണ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് ട്രെയിനില്‍ നിന്നും ഇറക്കിവിട്ടു. ഒരുനേരം മാത്രമാണ് യാത്ര പോകുമ്പോള്‍ ആഹാരം കഴിക്കുക. ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സമൂഹത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. യാത്രകള്‍ക്കിടയില്‍ മാനസികമായും ശാരീരികമായും പല ബുദ്ധിമുട്ടുകളും സുനീസയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ യാത്രയോടുള്ള ഹരം കൂടുകയല്ലാതെ കുറഞ്ഞില്ല. എത്ര ബുദ്ധിമുട്ടിയാലും എങ്ങനെയെങ്കിലും ലക്ഷ്യത്തില്‍ എത്തിപ്പെടണം എന്ന് മാത്രമാണ് ചിന്ത.

മനുഷ്യത്വം പഠിപ്പിച്ച യാത്രകള്‍

ഒരു സൈക്കോളജിസ്റ്റ് ആയത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് തനിക്കാണെന്നാണ് സുനീസ പറയുന്നത്. ചെറുപ്പം മുതലേ ഒരു സ്വപ്നലോകത്താണ് സുനീസ ജീവിക്കുന്നത്. ‘സൈക്കോളജിസ്റ്റ് ആണെന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ പ്രശ്നങ്ങള്‍ പറഞ്ഞ് വരാന്‍ തുടങ്ങി. അവരോട് സംസാരിക്കുമ്പോള്‍ എനിക്കും എന്തെങ്കിലും കൂടുതല്‍ പഠിക്കാനുണ്ടെന്ന് തോന്നും. ഭാഷപോലും അറിയാതെ പലരുടെയും സംസാരങ്ങള്‍ കേട്ടിരുന്നിട്ടുണ്ട്. അവരുടെ പ്രശ്നങ്ങള്‍ കേട്ടിരുന്നാല്‍ തന്നെ അവര്‍ക്ക് ആശ്വാസമാകും’ സുനീസ പറയുന്നു. യാത്രകള്‍ ചെയ്തപ്പോഴാണ് മനുഷ്യത്വം എന്താണെന്ന് താന്‍ മനസിലാക്കിയതെന്നും സുനീസ പറഞ്ഞു.

പ്രിയപ്പെട്ട മനുഷ്യര്‍

പോകുന്നിടത്തെല്ലാം സുനീസയ്ക്ക് പ്രിയപ്പെട്ട മനുഷ്യരുണ്ട്. ഹിമാചലിലെ പാരാഗ്ലൈഡിങ്ങ് ഇന്‍സ്പെക്ടറും ഭൂട്ടാനിലെ ലാമയും ഡാര്‍ജിലിങ്ങിലെ ലാമയുടെ അമ്മൂമ്മയുമെല്ലാം അവരില്‍ ചിലരാണ്. ‘സുനീസ നിങ്ങള്‍ യാത്രയെ ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രമല്ല ഒരിക്കല്‍ വന്ന സ്ഥലങ്ങളിലേക്ക് വീണ്ടും വരുന്നത്. നിങ്ങള്‍ക്കുവേണ്ടി കാഴ്ചകളൊരുക്കി സ്ഥലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നത് കൊണ്ട് കൂടിയാണ്.’ പാരാഗ്ലൈഡിങ്ങ് ഇന്‍സ്പെക്ടര്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ ഈ വാക്കുകള്‍ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവായിരുന്നുവെന്ന് സുനീസ പറഞ്ഞു.

സുനീസ പാരാഗ്ലൈഡിങ്ങിനിടെ

സാമൂഹിക സ്ത്രീ

ഗുജറാത്തിലെ വാപിയില്‍ ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിലെ മുറിയിലിരുന്നപ്പോള്‍ ഉദിച്ച ആശയമാണ് സുനീസ ആദ്യമായി എഴുതിയ സമൂഹ സ്ത്രീ എന്ന പുസ്തകം. പുസ്തകത്തിന് മലയാള പുരസ്‌കാരവും ലഭിച്ചു. ആദ്യ പുസ്തകത്തില്‍ പരാമര്‍ശിച്ച വിഷയങ്ങളില്‍ സമൂഹത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ലായെന്നാണ് എഴുത്തുകാരി കൂടിയായ സുനീസയ്ക്ക് പറയാനുള്ളത്.

അടുത്ത യാത്രയും ഹിമാചലിലേക്ക് തന്നെയാണ്. കാരണം തിരക്കിയപ്പോള്‍ പറഞ്ഞത് ഇപ്പോഴും മഞ്ഞിനോടുള്ള പ്രിയം മാറിയിട്ടില്ലായെന്നാണ്. വായിക്കാന്‍ ഇനിയുമേറെയുണ്ട്. ഒപ്പം യാത്ര പോകാനും. തടസങ്ങളും പ്രതിസന്ധികളുമെല്ലാം ഉണ്ടാകും. മോഹങ്ങള്‍ ബാക്കിയാക്കരുത്. ഈ ലോകം നമുക്ക് കാണാനുള്ളതാണ്, മേച്ചില്‍പുറങ്ങള്‍ തേടിയുള്ള യാത്രകള്‍ അവസാനിക്കുന്നില്ലെന്ന് പറഞ്ഞ് നിര്‍ത്തുമ്പോള്‍ ആദ്യമായി യാത്ര പോകുന്നതിന്റെ ആവേശമാണ് സുനീസയുടെ വാക്കുകളില്‍.

Content Summary: Sunisa, psychologist and writer of ‘samoohika sthree’ the woman who travels the world by reading books
samoohika sthree Sunisa

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×