അസദ് യുഗം കഴിഞ്ഞു; ജനാധിപത്യ രാജ്യമാകാൻ സിറിയ

വോട്ടെടുപ്പിന് തുടക്കം

Syria Election

ദീർഘകാല ഭരണാധികാരിയായിരുന്ന ബാഷർ അൽ-അസദിന്റെ പതനത്തിനു ശേഷം ആദ്യമായി പാർലമെൻ്റ് തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ് സിറിയ. ഒരു ജനാധിപത്യ രാജ്യമെന്ന ആശയത്തിലേക്കുള്ള സിറിയയുടെ ആദ്യ ചുവടുവെയ്പ്പാണിത്.

കഴിഞ്ഞ ഡിസംബറിന്റെ ബാഷറിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത് നിലവിലെ സിറിയൻ പ്രസിഡന്റ് അൽ ഷാറയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ്. അസംബ്ലി സീറ്റുകളിൽ മൂന്നിലൊന്ന് ഇടക്കാല നേതാവായ അഹമ്മദ് അൽ-ഷറ നേരിട്ട് നിയമിക്കും. ഇത് അദ്ദേഹത്തിൻ്റെ അധികാരം ഉറപ്പിക്കാനുള്ള ഒരു നീക്കമായി വിലയിരുത്തപ്പെടുന്നു. ബാക്കിയുള്ള മൂന്നിൽ രണ്ട് സീറ്റുകൾ ജനസംഖ്യാനുപാതികമായി പ്രവിശ്യാ അടിസ്ഥാനത്തിലുള്ള ഇലക്ടറൽ കോളേജുകൾ വഴിയാണ് തിരഞ്ഞെടുക്കുന്നത്.

ഈ ഘട്ടത്തിൽ പൗരന്മാരുടെ പലായനവും യുദ്ധകാലത്ത് രേഖകൾ നഷ്ടപ്പെട്ടതും കാരണം ഒരു നേരിട്ടുള്ള പൊതു വോട്ടെടുപ്പ് അസാധ്യമാകുമെന്ന് ഇടക്കാല അധികൃതർ അറിയിച്ചതിനാൽ നേരിട്ടുള്ള പൊതു വോട്ടെടുപ്പ് ഉണ്ടായിട്ടില്ല. സിറിയയുടെ നിർമ്മാണം ഒരു കൂട്ടായ ദൗത്യമാണ്, എല്ലാ സിറിയക്കാരും അതിൽ പങ്കാളികളാകണം. അത് സാധ്യമാകണമെങ്കിൽ നിങ്ങൾ വോട്ട് ചെയ്യണം. ഡമാസ്‌കസിലെ നാഷണൽ ലൈബ്രറിയിൽ നടത്തിയ പ്രസംഗത്തിൽ ഷറഅ പറഞ്ഞു.

അധികാരമേറ്റ ശേഷം ഇടക്കാല അധികാരികൾ സിറിയയുടെ നിയമസഭ പിരിച്ചുവിട്ടിരുന്നു. പുതിയതായി രൂപീകരിക്കുന്ന 210 അംഗങ്ങളുള്ള പീപ്പിൾസ് അസംബ്ലിക്ക്, ഒരു പുതിയ തിരഞ്ഞെടുപ്പ് നിയമവും ഭരണഘടനയും പാസാക്കുന്നതിനുള്ള ചുമതലയുണ്ടാകും. സംഘാടക സമിതിയുടെ കണക്കനുസരിച്ച്, 1,500ൽ അധികം സ്ഥാനാർത്ഥികളാണ് അസംബ്ലിയിലേക്ക് മത്സരിക്കുന്നത്. ഇതിൽ 14 ശതമാനം മാത്രമാണ് വനിതകൾ. ഭാവിയിലെ വോട്ടെടുപ്പുകൾക്ക് തയ്യാറെടുക്കുന്നതിനിടെ ഈ അസംബ്ലിക്ക് 30 മാസത്തെ കാലാവധിയായിരിക്കും ഉണ്ടാവുക.

ചട്ടങ്ങൾ പ്രകാരം, സ്ഥാനാർത്ഥികൾ മുൻ ഭരണകൂടത്തിന്റെ പിന്തുണയ്ക്കുന്നവർ ആകാൻ പാടില്ല, കൂടാതെ രാജ്യത്തിന്റെ വിഘടനത്തെയോ വിഭജനത്തെയോ പ്രോത്സാഹിപ്പിക്കാനും പാടില്ല. മത്സരിക്കുന്നവരിൽ, 1940കൾക്ക് ശേഷം സിറിയയിലെ ആദ്യത്തെ ജൂത സ്ഥാനാർത്ഥിയായ സിറിയൻ അമേരിക്കൻ പൗരൻ ഹെൻറി ഹംറയും ഉൾപ്പെടുന്നു. പ്രാദേശിക അധികാരികളും ഡമാസ്‌കസുമായുള്ള സംഘർഷങ്ങൾ കാരണം, ഡ്രൂസ് ഭൂരിപക്ഷ പ്രവിശ്യയായ സ്വൈദയിലും, കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ് നിയന്ത്രിക്കുന്ന പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവച്ചു.

തിരഞ്ഞെടുപ്പ് കോളേജ് സമ്പ്രദായം സ്വാധീനമുള്ള സ്ഥാനാർത്ഥികൾക്ക് അനുകൂലമാകുമെന്നും, ഇത് ഇടക്കാല സർക്കാരിന് അനർഹമായ നേട്ടം നൽകുകയും ചില വംശീയ, മത ന്യൂനപക്ഷങ്ങളെ ഒഴിവാക്കുകയും ചെയ്യുമെന്നും വിമർശകർ വാദിക്കുന്നു.

2011ലെ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ ക്രൂരമായി അടിച്ചമർത്തപ്പെടുകയും തുടർന്ന് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോൾ അസദിൻ്റെ ഭരണത്തിൻ കീഴിലുള്ള സൈനികനായിരുന്നതും പിന്നീട് കൂറുമാറിയതുമായ ഇബ്രാഹിം ഹലബി പറഞ്ഞു പുറത്തുനിന്നുള്ള സമ്മർദ്ദമില്ലാതെ ഞങ്ങൾ ജനാധിപത്യപരമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുചേരുന്നത് ജീവിതത്തിൽ ആദ്യമായാണ്. കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയ സഖ്യത്തെ നയിച്ചത് ഷറഅയുടെ ഇസ്ലാമിസ്റ്റ് സേനകളാണ്.

content summary: The Assad era has ended, Syria transitions to democracy as voting begins

This post was last modified on October 6, 2025 12:06 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment