June 04, 2026 |
Share on

അറുതിയില്ലാതെ തുടരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ; ഇരകളാകുന്ന മധുവും ഷഹബാസും സൂരജും

കേരളത്തെ ഞെട്ടിച്ച പ്രധാന ആൾക്കൂട്ട കൊലപാതകങ്ങൾ

കേരളത്തിൽ വീണ്ടും ഒരു ആൾക്കൂട്ട കൊലപാതകം കൂടി സംഭവിച്ചിരിക്കുകയാണ്. കോഴിക്കോട് ചേവായൂരിലാണ് സൂരജ് എന്ന യുവാവിനെ 20 പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സൂരജിന്റെ സുഹൃത്തും അക്രമികളിലൊരാളുമായി കോളേജിൽ വെച്ചുണ്ടായ പ്രശ്നമാണ് സൂരജിന്റെ ജീവനെടുക്കുന്നതിൽ കൊണ്ടെത്തിച്ചത്.

സമാനമായ സംഭവങ്ങൾ ഇതിന് മുൻപും കേരളത്തിലുണ്ടായിട്ടുണ്ട്. കേരള മനസാക്ഷിയെ ചോദ്യമുനയിലാക്കിയ അട്ടപ്പാടി മധുവിന്റെ കൊലപാതകം, അടുത്തായി സംഭവിച്ച താമരശ്ശേരി ഷഹബാസ് വധം തുടങ്ങിയവയെല്ലാം കേരളത്തെ നടുക്കിയ ആൾക്കൂട്ട കൊലപാതകങ്ങളുടെ ഉദാഹരണങ്ങളാണ്.

എന്താണ് ആൾക്കൂട്ട കൊലപാതകം?

ആക്സമികമായോ അല്ലാതെയോ ആളുകൾ സംഘം ചേർന്ന് ഏതെങ്കിലും വ്യക്തികളെയോ, വ്യക്തിയെയോ ദുരുപയോ​ഗം നടത്തുകയോ കുറ്റാരോപണം നടത്തുകയോ ചെയ്യുകയും അതിനെ തുടർന്ന് ജനക്കൂട്ട വിചാരണ നടത്തി അവരെ ആക്രമിക്കുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്ത്, അത് മരണത്തിൽ കലാശിച്ചാൽ അതിനെ ആൾക്കൂട്ട കൊലപാതകമായി കണക്കാക്കുന്നു.

കേരളത്തെ ഞെട്ടിച്ച പ്രധാന ആൾക്കൂട്ട കൊലപാതകങ്ങൾ;

കൊടിയത്തൂർ കൊലപാതകം

2011 നവംബർ 11നാണ് കോഴിക്കോട്, കൊടിയത്തൂർ സ്വദേശിയായ ഷഹീദ് ബാവ എന്ന യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയത്. പുരുഷൻമാരില്ലാത്ത വീട്ടിൽ അസമയത്ത് കണ്ടുവെന്നും അവിടെയുണ്ടായിരുന്ന സ്ത്രീയുമായി അനാശാസ്യം ആരോപിച്ചുമായിരുന്നു മർദനം. പതിനഞ്ചോളം വരുന്ന സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷഹീദ് ബാവയെ കല്ലെറിഞ്ഞു വീഴ്ത്തി പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിയിട്ടായിരുന്നു മർദനം. കരിങ്കല്ല് കൊണ്ടും കമ്പിപ്പാര കൊണ്ടുമുള്ള ക്രൂരമർദനത്തിനാണ് ഷഹീദ് ബാവയെന്ന ഇരുപത്തിയാറുകാരൻ ഇരയായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഷഹീദ് ബാവ നാലാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. കേരളത്തിലെ ആദ്യ സദാചാരക്കൊലപാതങ്ങളിൽ ഒന്നായിരുന്നു ഷഹീദ് ബാവയുടേത്. കേസിൽ 9 പ്രതികൾക്കും കോടതി ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്.

അട്ടപ്പാടി മധു കൊലപാതകം

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധു എന്ന 27കാരന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേരടങ്ങുന്ന സംഘം മധുവിനെ മർദിച്ചത്. അതിക്രൂരമായാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. കൈകള്‍ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റര്‍ അകലെയുള്ള കവലയിലേക്ക് നടത്തിക്കുകയും അവിടെയെത്തിയശേഷം മർദിക്കുകയും ചെയ്തു. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരക്ഷതമാണ് മധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. 42 മുറിവുകളായിരുന്നു മധുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. പ്രതികൾ മധുവിനെ മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ അഞ്ച് വർഷത്തിന് ശേഷമാണ് വിധി വന്നത്. കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതി കണ്ടെത്തുകയും രണ്ടുപ്രതികളെ വെറുതെവിടുകയുമായിരുന്നു.

കിഴിശ്ശേരി കൊലപാതകം

2023 മെയ് 13നാണ് മലപ്പുറം, കൊണ്ടോട്ടി, കിഴിശ്ശേരിയിൽ ബീഹാർ സ്വദേശിയായ രാജേഷ് മാഞ്ചി എന്ന 36കാരൻ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെടുന്നത്. മോഷ്ടാവെന്ന് ആരോപിച്ചാണ് രാജേഷ് മാഞ്ചിയെ നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തിയത്. കേസിൽ 9 പ്രതികളാണുണ്ടായിരുന്നത്. മർദനത്തിൽ ആന്തരാവയവങ്ങൾക്ക് സാരമായി പരിക്കേറ്റ രാജേഷ് മാഞ്ചി ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്.

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം

2024 ഏപ്രിലിലാണ് മൂവാറ്റുപുഴയിൽ അരുണാചൽ പ്രദേശ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയായ അശോക് ദാസ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ സിപിഐ മുൻ പഞ്ചായത്തംഗം ഉൾപ്പെടെ 10 പേരെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. വാളകത്തെ ഹോട്ടലില് ജോലി ചെയ്തു വരുകയായിരുന്നു മരിച്ച അശോക് ദാസ്. നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

താമരശ്ശേരി ഷഹബാസ് വധം

2025 ഫെബ്രുവരി 28നാണ് താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെടുന്നത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്തെ തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്. സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മാർച്ച് ഒന്നിന് ഷഹബാസ് മരണപ്പെടുകയും ചെയ്തു.

Content Summary: The endless mob lynching in kerala; Madhu, Shahbaz and Suraj are become victims

Leave a Reply

Your email address will not be published. Required fields are marked *

×