April 20, 2025 |

വെനസ്വേലൻ കുടിയേറ്റക്കാരുടെ നാടുകടത്തൽ, ഉടൻ വിശദീകരണം നൽകണമെന്ന് ട്രംപിനോട് കോടതി

1798ലെ ഏലിയൻസ് എനിമീസ് ആക്ട് പ്രകാരം വെനസ്വേലക്കാരെ നാടുകടത്തരുതെന്ന കോടതി ഉത്തരവാണ് ട്രംപ് ലംഘിച്ചത്

വെനസ്വേലൻ കുടിയേറ്റക്കാരുടെ നാടുകടത്തൽ ഉത്തരവിന്റെ ലംഘനം, ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് കോടതി. യുഎസ് നിബന്ധിതമായി നാടുകടത്തിയ കുടിയേറ്റക്കാർ ട്രെൻഡി അരാഗോ എന്ന സംഘടനയിലെ അംഗങ്ങളാണെന്ന് ആയിരുന്നു ട്രംപിന്റെ അവകാശവാദം. ട്രെൻഡി അരാഗോയെ ഒരു തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിലെ ഏലിയൻസ് എനിമീസ് ആക്ട് പ്രകാരം യുഎസുമായി ഈ സംഘം യുദ്ധത്തിനൊരുങ്ങിയതാണ് നാടുകടത്താനുണ്ടായ കാരണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാടുകടത്തൽ തടഞ്ഞു കൊണ്ട് യുഎസിലെ ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബെർഗ് ഉത്തരവ് ഇറക്കിയെങ്കിലും യാത്ര തുടരുകയായിരുന്നു. 261 പേരുമായി എൽ സാൽവഡോറിലേക്ക് ആയിരുന്നു വിമാനം പറന്നത്. വിമാനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജില്ലാ ജഡ്ജിന്റെ ഉത്തരവ് വൈകിയാണ് ലഭിക്കുന്നതെന്നും യുഎസിന്റെ വ്യോമാതിർത്തി വിട്ട് കഴിഞ്ഞാൽ വിമാനത്തിന്റെ യാത്ര തുടരാൻ സർക്കാരിന് പ്രത്യേക അധികാരമുണ്ടെന്നും ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക അഭിഭാഷകൻ വ്യക്തമാക്കി.

1798ലെ ഏലിയൻസ് എനിമീസ് ആക്ട് പ്രകാരം വെനസ്വേലക്കാരെ നാടുകടത്തരുതെന്ന കോടതി ഉത്തരവാണ് ട്രംപ് ലംഘിച്ചത്. വെനസ്വേലയിലെ ട്രെൻഡി അരാഗോയിലെ 238 അം​ഗങ്ങളെയും ഇന്റർനാഷണൽ എംഎസ്- 13 സംഘത്തിലെ 23 അം​ഗങ്ങളേയുമാണ് ട്രംപ് നാടുകടത്തിയത്. ഇവ‍‌‍ർ മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ എത്തിയതായി പ്രസിഡന്റ് നയിബ് ബുകെലെ സോഷ്യൽ മീഡിയയിൽ കുറിച്ചു. കുടിയേറ്റക്കാ‍ർ കൈകളിലും കാലുകളിലും വിലങ്ങുവച്ച് നീങ്ങുന്നത് ബുകെലെ പങ്ക് വച്ച വീഡിയോയിൽ കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള യുദ്ധകാല നിയമമായ 1798ലെ ഏലിയൻസ് എനിമീസ് ആക്ട് ഉപയോ​ഗിക്കരുതെന്ന് ഫെഡറൽ ജഡ്ജി ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. 14 ദിവസത്തോക്ക് നാടുകടത്തൽ നിർത്തി വയ്ക്കാനാണ് വാഷിം​ഗ്ടൺ ഡിസിയിലെ ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബെർഗ് ഉത്തരവിട്ടത്. എന്നാൽ വിമാനങ്ങൾ ഇതിനകം യുഎസിൽ നിന്ന് പുറപ്പെട്ടുവെന്ന് അഭിഭാഷക‍ർ പറഞ്ഞപ്പോൾ വിമാനങ്ങളെ തിരിച്ചുവിളിക്കാൻ ജഡ്ജി വാക്കാൽ ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രേഖാമൂലമുള്ള ഉത്തരവ് ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം മുന്നോട്ട് പോയത്.

അതേ സമയം കോടതി വിധി ലംഘിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു. കോടതി ഉത്തരവ് പാലിക്കാൻ ഭരണകൂടം വിസമ്മതിച്ചിട്ടില്ലെന്നും, കുടിയേറ്റക്കാരെ നീക്കം ചെയ്തതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കരോലിൻ വ്യക്തമാക്കി. തുടർ‍ന്ന് നീതിന്യായവകുപ്പിൽ ഭരണകൂടം ഉത്തരവിനെതിരെ അപ്പീൽ നൽകുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ്-അമേരിക്കൻ സിവിലിയൻമാരെ തടവിലാക്കാനാണ് ഏലിയൻസ് എനിമീസ് ആക്ട് അവസാനമായി ഉപയോ​ഗിച്ചത്. ഈ നിയമം നടപ്പിലാക്കുന്നതിനെതിരെ വെനസ്വേലയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. വെനസ്വേലൻ കുടിയേറ്റത്തെ കുറ്റകരമാക്കുന്ന ഈ നിയമം അടിമത്തം മുതൽ നാസി തടങ്കൽ പാളയം വരെയുള്ള മനുഷ്യരാശിയുടെ ഏറ്റവും ഇരുണ്ട സംഭവങ്ങളെ ഓ‍ർമ്മിപ്പിക്കുന്നുവെന്നും വെനസ്വേല ആരോപിച്ചു.

content summary: The Trump administration faces a deadline of 12pm ET to provide more information about the three flights carrying Venezuelan members

Leave a Reply

Your email address will not be published. Required fields are marked *

×