June 04, 2026 |
Share on

‘ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് സാമ്പത്തിക ആത്മഹത്യയ്ക്ക് തുല്യം’

ഇറാന് മേൽ ചൈന സമ്മർദ്ദം ചെലുത്തണമെന്ന് യുഎസ്

ഏറ്റവും വലിയ കപ്പൽ പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാതിരിക്കാൻ ചൈന ഇടപെടണെമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കടലിടുക്ക് അടച്ചു പൂട്ടാനായി പാർലമെന്റ് അംഗീകാരം നൽകിയതായി ഇറാൻ സർക്കാറിന്റെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മാർക്കോ റൂബിയോയുടെ പ്രസ്താവന.

ഫോക്സ് ന്യൂസിന്റെ സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്സ് വിത്ത് മരിയ ബാർട്ടിറോമോ എന്ന പരിപാടിയിൽ ആയിരുന്നു റൂബിയോയുടെ പ്രസ്താവന. ഇറാനോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ ചൈനീസ് സർക്കാരിനോട് ഞാൻ ആവശ്യപ്പെടുന്നു. കാരണം എണ്ണയ്ക്കായി ഹോർമുസ് കടലിടുക്കിനെ അവർ വളരെയധികം ആശ്രയിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ മാർക്കോ റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ തീരുമാനം എക്കണോമിക്സ് സ്യുഡൈസ് ആകുമെന്നാണ് മാ‍ർക്കോ റൂബിയോയുടെ വാദം.ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടാൽ അത് മറ്റൊരു ഭയാനകമായ തെറ്റായിരിക്കും. അവർ അങ്ങനെ ചെയ്യുന്നത് സാമ്പത്തിക ആത്മഹത്യ ചെയ്യുന്ന് പോലെയാവും. ചൈനീസ് സർക്കാർ അതിനെക്കുറിച്ച് സംസാരിക്കുന്നത് മികച്ച തീരുമാനമായിരിക്കും. ഈ വിഷയത്തിൽ ചൈന ഇറാന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും മാർക്കോ റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തീരുമാനം വലിയൊരു സംഘർഷാവസ്ഥയിലേക്ക് നയിക്കും. അമേരിക്കയിൽ നിന്നും മറ്റുള്ളവറിൽ നിന്നും ഇതിനെതിരെ പ്രതികരണമുണ്ടാവുമെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലായി യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ നിർണായക തീരുമാനമെടുത്തത്.

ആ​ഗോള എണ്ണ, വാതക വിതരണത്തിന്റെ അ‍ഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാന്റെ ഔദ്യോ​ഗിക മാധ്യമമായ പ്രസ് ടിവിയാണ് റിപ്പോർട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ആ​ഗോള എണ്ണ വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഇതിലൂടെയാണ് കടന്നു പോകുന്നത്. ഈ പാത അടയ്ക്കാൻ പോകുന്നുവെന്ന ഇറാന്റെ പ്രഖ്യാപനം ആ​ഗോളതലത്തിൽ ഇന്ധന ക്ഷാമം രൂക്ഷമായേക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. അറബിക്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ​ഗൾഫിനെ ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണ് ഹോ‌‍ർമുസ് കടലിടുക്ക്. ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നത് ഈ സുപ്രധാന പാതയാണ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈത്ത് എന്നിവടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാ​ഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഈ പാത അടയ്ക്കാനുള്ള തീരുമാനം ഇന്ത്യയേയും പ്രതിസന്ധിയിലാക്കിയേക്കാമെന്നാണ് വിലയിരുത്തൽ.

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെ തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഇടിഞ്ഞു. ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാൻ. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരൽ എണ്ണ ഇറാൻ ഉൽപാദിപ്പിക്കുന്നു. ഇറാൻ മൊത്ത ഉൽപാദനത്തിന്റെ പകുതിയോളം കയറ്റുമതി ചെയ്യുന്നു. പ്രതികാര നടപടിയായി ആഗോള എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്നും കടത്തുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചാൽ ​ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

content summary: The U.S. has urged China to pressure Iran not to close the Strait of Hormuz

Leave a Reply

Your email address will not be published. Required fields are marked *

×