June 18, 2025 |
Share on

‘അവര്‍ക്ക് പാകിസ്താന്റെ പരമോന്നത പുരസ്‌കാരം നല്‍കണം’; മുംബൈ ആക്രമണത്തിന് ശേഷം ഭീകരരെ പുകഴ്ത്തി റാണ പറഞ്ഞു

മുംബൈയില്‍ നടന്നത് ‘ഇന്ത്യ അര്‍ഹിച്ചത്’ എന്നായിരുന്നു ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയോട് തഹാവൂര്‍ റാണ പറഞ്ഞത്

166 മനുഷ്യജീവനുകളെടുത്ത കൂട്ടക്കൊലയ്ക്ക് പിന്നാലെ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയോട് താഹവൂര്‍ റാണ അത്യധികം ആഹ്ലാദത്തോട് പറഞ്ഞതിങ്ങനെയായിരുന്നു; അവര്‍ക്ക് നിഷാന്‍-ഇ-ഹെയ്ദര്‍ നല്‍കണം. രാജ്യത്തിനായി യുദ്ധം ചെയ്ത് മരിച്ചു വീഴുന്ന സൈനികര്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് നിഷാന്‍-ഇ- ഹെയ്ദര്‍. മുംബൈയില്‍ നിരപരിധാകളായ മനുഷ്യരെ കൊന്നൊടുക്കിയ ഭീകരന്മാര്‍ക്കും സൈനിക ബഹുമതി നല്‍കി ആദരിക്കണമെന്നായിരുന്നു റാണയുടെ ആഗ്രഹം. യു എസ് നീതിന്യായവകുപ്പ്( യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസ്-ഡിഒജെ) ആണ് റാണയെ കുറിച്ചുള്ള ഈ വിവരം പുറത്തുവിട്ടത്. വ്യാഴാഴ്ച്ച രാത്രിയാണ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം യു എസ് കസ്റ്റഡിയിലായിരുന്ന റാണയെ ഇന്ത്യയുടെ കൈകളിലെത്തിച്ചേര്‍ന്നത്.

മുംബൈ ഭീകരാക്രമണം പൂര്‍ത്തിയായ ശേഷം ഹെഡ്ലിയോട് റാണ പറയുന്നത്, ‘ ഇന്ത്യക്കാര്‍ അത് അര്‍ഹിച്ചിരുന്നു’ എന്നാണ്. ലക്ഷ്‌കര്‍ ഭീകരനായ ദാവൂദ് ഗിലാനി എന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ ഏറ്റവും അടുത്തയാളായിരുന്നു റാണ. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ ഹെഡ്ലിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തത് റാണയായിരുന്നു.

വ്യാഴാഴ്ച്ച രാത്രിയില്‍ തന്നെ റാണയെ എന്‍ ഐ എ പട്യാലയിലെ പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി 18 ദിവസത്തേക്ക് റാണയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പാക്-കനേഡിയന്‍ പൗരത്വമുള്ളയാളാണ് തഹാവൂര്‍ റാണ. ഇയാള്‍ പാകിസ്താന്‍ ആര്‍മിയില്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 ഒക്ടോബറില്‍ ചിക്കാഗോയില്‍ നിന്നാണ് തഹാവൂര്‍ റാണ അറസ്റ്റിലാകുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്ന ദാവൂദ് ഗിലാനിയുമായും ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഹര്‍ക്കത്ത്-ഉല്‍-ജിഹാദി ഇസ്ലാമി (ഹുജി) എന്നിവരുമായും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള മറ്റ് തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് റാണയ്‌ക്കെതിരെയുള്ള കുറ്റം.

മുംബൈ ആക്രമണത്തിനായി രഹസ്യ നിരീക്ഷണം നടത്തിയിരുന്ന ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി(ദാവൂദ് ഗിലാനി)യുടെ അടുത്ത സഹായിയിരുന്നു തഹാവൂര്‍ റാണ എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. 2006ല്‍ ‘ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്’ എന്ന തന്റെ സ്ഥാപനത്തിന് മുംബൈയില്‍ റാണ ശാഖ തുറന്നിരുന്നു. ഇതൊരു മറവായിരുന്നു. ഹെഡ്‌ലിക്ക് മുംബൈയില്‍ ലക്ഷ്യസ്ഥാനങ്ങള്‍ പരിശോധിക്കുന്നതിന് നിയമാനുസൃതമായ സംരക്ഷണം നല്‍കാന്‍ റാണ കണ്ടെത്തിയ വഴി. റാണ ചെയ്തു കൊടുത്ത ഈ സഹായങ്ങളുടെ വിവരങ്ങളെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

നവംബര്‍ 26 ന് ആയിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നത്. ഇതിനു മുമ്പായി റാണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2008 നവംബര്‍ 11 മുതല്‍ 21 വരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റാണ താമസിച്ചിരുന്നു. 2023 ല്‍ സമര്‍പ്പിച്ച ഒരു അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കോള്‍മാന്‍ ഹെഡ്ലി നിര്‍ദേശങ്ങള്‍ തേടി റാണയ്ക്ക് മെയ്ലുകള്‍ അയച്ചത് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. ഹെഡ്‌ലിക്കും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്കും ഇടയിലുള്ള ഒരു ഇടനാഴിയായിയാണ് റാണ പ്രവര്‍ത്തിച്ചിരുന്നത്.

ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നൊഴിവാകാന്‍ റാണ ഏറെ പരിശ്രമിച്ചിരുന്നു. 2023 മെയ് 16-ന് കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി റാണയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ റാണ ഒമ്പതാം സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീലില്‍ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തു, അതെല്ലാം തന്നെ നിരസിക്കപ്പെടുകയാണ് ചെയ്തത്. പിന്നാലെ ഒരു റിട്ട് ഓഫ് സെര്‍ട്ടിയോറാറി, രണ്ട് ഹേബിയസ് ഹര്‍ജികള്‍, യുഎസ് സുപ്രീം കോടതിയില്‍ ഒരു അടിയന്തര അപേക്ഷ എന്നിവയിലൂടെ ഇന്ത്യയിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി നോക്കി. എന്നാല്‍ ആ അപേക്ഷകളുമെല്ലാം തന്നെ നിരസിക്കപ്പെടുകയാണുണ്ടായത്. ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനിലെതിരേയുള്ള സറണ്ടര്‍ വാറണ്ട് യു എസില്‍ നിന്നും നേടിയെടുക്കാന്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചു. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത്.

2008 നവംബര്‍ 13 നും നവംബര്‍ 21 നും ഇടയില്‍ റാണ ഭാര്യ സമ്രാസ് റാണ അക്തറിനൊപ്പം ഉത്തര്‍പ്രദേശിലെ ഹാപൂര്‍, ആഗ്ര, ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. റാണയുടെ ഈ യാത്രകള്‍, മുംബൈക്ക് പുറമെ മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നോ എന്ന് സംശയമുണ്ട്. ഇക്കാര്യങ്ങളിലടക്കം ഇന്ത്യയ്ക്ക് അറിയേണ്ട പല ചോദ്യങ്ങള്‍ക്കും തഹാവൂര്‍ റാണ ഉത്തരം നല്‍കേണ്ടതുണ്ട്.  ‘They should be given Pak gallantry award’: Tahawwur Rana praised mumbai attack terrorists

Content Summary; ‘They should be given Pak gallantry award’: Tahawwur Rana praised mumbai attack terrorists

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×