വിശാഖം തിരുന്നാളിന്റെ കാലത്ത്, കൊച്ചാറിന്റെ കരയില്‍ വൈക്കോല്‍ ഉണക്കിയെന്ന കുറ്റത്തിന് നാടു വിട്ടു പോകേണ്ടി വന്നൊരു കുടുംബത്തെ കുറിച്ച് തിരുവിതാംകൂര്‍ ചരിത്രത്തില്‍ പറയുന്നുണ്ട്. നദികളും ജലസ്രോതസുകളും സംരക്ഷിക്കുന്നതില്‍ നിയമം കര്‍ശനമായിരുന്നു.
മാലിന്യം മൂടിയ ആമയിഴഞ്ചാന്‍ തോട് ഒരു മനുഷ്യ ജീവനെ മുക്കികളഞ്ഞ ഞെട്ടലില്‍ നില്‍ക്കുകയാണ് കേരളം. തിരുവനന്തപുരത്തിന്റെ അടയാളമായിരുന്ന, മനുഷ്യര്‍ ആശ്രയിച്ചിരുന്ന ഒരു ജലസ്രോതസായിരുന്നു ഒരു കാലത്ത് ആ തോട്. അവിടെ ഒരു മനുഷ്യ ജീവന്‍ അവസാനിച്ചു പോയതിന്റെ കുറ്റം തോടിന്റെതല്ല, മനുഷ്യരുടെതാണ്.
രാജഭരണ കാലത്തായാലും ജനാധിപത്യത്തിലായാലും ഭരിക്കുന്നവര്‍ക്ക് ഇച്ഛാശക്തിയുണ്ടാകണം. ഇത്രമേല്‍ മലിനമായിരുന്നോ തിരുവനന്തപുരം എന്നു ജോയി എന്ന മനുഷ്യന്റെ മരണത്തില്‍ വിലപിക്കുന്നതിനൊപ്പം കേരളം ചിന്തിക്കണം. അതിന് മുന്‍കാല വിവരങ്ങള്‍ അറിയണം. പ്രമുഖ ചരിത്രകാരന്‍ എം ജി ശശിഭൂഷണ്‍ വാതില്‍ തുറന്നിടുന്നതുമങ്ങോട്ടാണ്.
അരുവിക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വെള്ളം കൊണ്ടുവരാനുള്ള പദ്ധതി 1939 ലാണ് ആരംഭിക്കുന്നത്. ’45 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്തു. അതിനു പിന്നാലെയൊരു പ്രശ്‌നം ഉടലെടുത്തു. അധികമായി ഒഴുകുന്ന വെള്ളം ഒഴുക്കി വിടണം. അതിനായി നേരത്തെ ഉണ്ടായിരുന്നൊരു തോട് ഉപയോഗിക്കാന്‍ തീരുമാനമായി. ആ തോട് ഒഴുകുന്ന വഴി ഇങ്ങനെയായിരുന്നു; ഒബ്‌സര്‍വേറ്ററില്‍ നിന്നാരംഭിച്ച്, ഇന്നത്തെ പാരീസ് റോഡ് അല്ലെങ്കില്‍ ബേക്കറി ജംഗ്ഷനില്‍ കൂടി ഒഴുകി തമ്പാനൂരില്‍ എത്തും. തമ്പാനൂരില്‍ മലയാള മനോരമ ഓഫിസിന് പിന്നില്‍ കൂടിയൊഴുകി എസ്ആര്‍എം ഓഫിസിന് മുന്നില്‍ കൂടി തമ്പാനൂര്‍ കടക്കും. പിന്നീട് സെന്‍ട്രല്‍ തിയേറ്റര്‍ വഴി ഗണപതി കോവില്‍ എത്തി, അവിടെ നിന്നും തകരപ്പറമ്പില്‍ വരും.
അന്ന് ആമയിഴഞ്ചാൻ തോടിൽ കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അവർ
തകരപ്പറമ്പ് വഴി പാറ്റൂരിലേക്ക്. പാറ്റൂരില്‍ വന്ന് പട്ടം തോടുമായി ചേരും, അവിടെ നിന്ന് ആക്കുളം കായലില്‍ പതിക്കും. നഗരത്തില്‍ അതുവരെ രണ്ട് തോടുകള്‍ വേറെയുണ്ടായിരുന്നു, ഉള്ളൂര്‍ തോടും പട്ടം തോടും. ഇത് രണ്ടും ഒന്നു തന്നെയായിരുന്നുവെങ്കിലും ചില സ്ഥലങ്ങളില്‍ പിരിഞ്ഞൊഴുകി. അങ്ങനെയാണ് പട്ടം തോട്, ഉള്ളൂര്‍ തോട് ആയും മാറുന്നത്. അരുവിക്കര-തിരുവനന്തപുരം ജലസേചന പദ്ധതിക്കു പിന്നാലെയാണ് മറ്റൊരു തോട് കൂടി സജീവമായത്. അതാണ് ആമയിഴഞ്ചാന്‍ തോട്.
ആമയിഴഞ്ചാന്‍ തോട് എന്നത് ജനങ്ങള്‍ നല്‍കിയ പേരാണ്. ഔദ്യോഗികമായി അങ്ങനെയൊരു പേര് ഇല്ല. മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളത്തിലാണ് കൂടുതലായി ആമകള്‍ പെറ്റു പെരുകുന്നത്. അതുവഴിയാകണം ആമയിഴഞ്ചാന്‍ എന്ന പേര് വരുന്നത്.
എന്നാല്‍ ഇന്നത്തെയത്ര മലിനമായ ഒന്നായിരുന്നില്ല തോട് എന്നാണ് എം ജി ശശിഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നത്. 1960 കളില്‍ കുന്നുകുഴി ഭാഗത്തെ തോട്ടില്‍ ആളുകള്‍ കുളിച്ചിരുന്നു. ‘ഏണിപ്പടികളി’ല്‍ നന്തന്‍കോടുള്ള ഒരു നീര്‍ച്ചാലിനെ കുറിച്ച് ‘തെളിമയുള്ള വെള്ളം’ എന്നാണ് തകഴി പറയുന്നത്. 1939 ലാണ് തകഴി ലോ കോളേജില്‍ പഠിക്കുന്നത്. ആ കാലത്തൊക്കെ ജലാശായങ്ങള്‍ വൃത്തിയായി സംരക്ഷിക്കപ്പെട്ടിരുന്നു. 1948 ല്‍ തിരുവിതാംകൂര്‍ ലയനം സംഭവിക്കുന്നത് വരെ ജനങ്ങള്‍ നിയമങ്ങളെ ഭയപ്പെട്ടിരുന്നു. അതിനുശേഷമാണ്, മനോഹരമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ജനാധിപത്യം വരുന്നത്.
സ്വജനപക്ഷപാതം അടക്കം പല കുഴപ്പങ്ങളുമുണ്ടായിരുന്നുവെങ്കിലും രാജവാഴ്ച്ച കാലത്ത് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമായിരുന്നു. അതിന് മുതിരാത്തവര്‍ക്ക് കഠിനമായ ശിക്ഷ കിട്ടും. സര്‍വതന്ത്ര സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യപ്പെടുന്ന ജനാധിപത്യത്തിലും രാഷ്ട്രീയ സ്വാധീനമുള്ള ആര്‍ക്കും ആരെയും ഭയക്കേണ്ടതില്ല. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ കാണിക്കാറുമില്ല. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് കാരണവും അതാണെന്നാണ് ശശിഭൂഷണ്‍ പറയുന്നത്.
‘മൃതദേഹം കണ്ടെത്തുന്നത് തകരപ്പറമ്പ് ഭാഗത്താണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ മാറിയാണത്. അതിനിടയില്‍ നിരവധി വളവുകളും തിരിവുകളുമൊക്കെയുണ്ട്. വെള്ളത്തിന്റെ ഒഴുക്കും ശക്തിയുമായിരിക്കാം ശരീരം അവിടെവരെയെത്തിച്ചത്. ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു, ഒരാളെ ഒറ്റയ്ക്ക് മാലിന്യം നീക്കാന്‍ ഇറക്കുകയെന്നത്. സാധാരണ ഒറ്റയ്ക്കുള്ള വൃത്തിയാക്കല്‍ നടക്കാറില്ല. മാത്രവുമല്ല, ഇറങ്ങുന്നവര്‍ അരയില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയാണ് ഇറങ്ങാറുള്ളതും. ഒരുപക്ഷേ അയാളുടെ ജീവിതാവസ്ഥയായിരിക്കാം വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതിരുന്നതിന് കാരണം’
സംയോജിതമായി ചെയ്യേണ്ട കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിവിധ വകുപ്പുകളില്‍ നിന്നുണ്ടാകുന്ന കാലതാമസവും ഉത്സാഹക്കുറവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന അഭിപ്രായം കൂടി ശശിഭൂഷണുണ്ട്. വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് മന്ത്രിയോടും സെക്രട്ടറിയോടുമുള്ള ഉത്തരവാദിത്തം ജനങ്ങളോട് കാണില്ല. സിംഗപ്പൂരിലൊക്കെ റോഡ്, ജലസേചനം തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു മന്ത്രി തന്നെയായിരിക്കും കൈകാര്യം ചെയ്യുക. ഇവിടെ ഓരോ പാര്‍ട്ടിക്കാരെയും സന്തോഷിപ്പിക്കാന്‍ വകുപ്പുകള്‍ പലതായി വിഭജിക്കുകയാണ്.
കൂടി വരുന്ന ജനസംഖ്യയും തിരുവനന്തപുരത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് എം ജി ശശിഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നത്. 1984 ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആകുന്നതോടു കൂടിയാണ് ഇവിടെ ആള്‍ക്കൂട്ടം വലുതാകാന്‍ തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. പണ്ട് താഴ്ന്നടിയങ്ങളെല്ലാം വയലുകളായിരുന്നു, പിന്നെ പണ എന്നറിയപ്പെടുന്ന തെങ്ങിന്‍ പുരയിടങ്ങളും. പെട്ടെന്നാണ് പണകളും വയലുകളുമെല്ലാം അപ്രത്യക്ഷമാകുന്നതും പകരം ‘ നഗറുകള്‍’ വരുന്നതും. ഭൂമി തരം മാറ്റുന്നതിന് സര്‍ക്കാരും കൂട്ടു നിന്നു. ഒരു നിബന്ധനകളുമില്ലാതെ.
1959 ല്‍ തിരുവനന്തപുരത്ത് വരുന്ന വിദേശികള്‍ ചോദിച്ചിരുന്നത് നഗരം എവിടെയാണെന്നായിരുന്നു. നോക്കുമ്പോള്‍ നഗരക്കാഴ്ച്ചകളില്ല, എല്ലായിടത്തും തെങ്ങിന്‍പുരയിടങ്ങളും വയലുകളുമാണ്. ഒരു ഗ്രാമപശ്ചാത്തലമായിരുന്നു 1959 വരെ തിരുവനന്തപുരത്തിന്. ആ പശ്ചാത്തലം പതിയെ പതിയെ മാറാന്‍ തുടങ്ങുകയും 1984 ല്‍ വിമാനത്താവളം വന്നതോടെ മൊത്തത്തില്‍ മാറുകയും ചെയ്തു. മനുഷ്യവാസം താങ്ങാവുന്നതിനും അപ്പുറമായി. എന്നാല്‍ അതിനുവേണ്ടുന്ന തരത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടു. ഇവിടെയൊരു ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമ്മീഷനുണ്ട്. പൈതൃകം സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിലും, അവരെന്താണ് ചെയ്യുന്നത്? ഡെപ്യൂട്ടേഷനില്‍ വരുന്നൊരു ഉദ്യോഗസ്ഥന് കാറും അലവന്‍സും കൊടുക്കുന്നു, അത്രമാത്രം. മന്ത്രിമാര്‍ക്കായാലും മുഖ്യമന്ത്രിമാര്‍ക്കായാലും അഞ്ചു വര്‍ഷക്കാലത്തേക്കുള്ള താവളം മാത്രമാണ് തിരുവനന്തപുരം. അതിനപ്പുറം അവരുടെ താത്പര്യം മുഴുവന്‍ സ്വന്തം മണ്ഡലമാണ്. പട്ടം താണുപിള്ളയ്ക്ക് ശേഷം തിരുവനന്തപുരം സ്വന്തം സ്ഥലമാണെന്ന് പറയാന്‍ വേറൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല’ ശശിഭൂഷണ്‍ പറയുന്നു.
തിരുവനന്തപുരം വീണ്ടും വളരുകയാണ്. കോവളം-കഴക്കൂട്ടം ബൈപ്പാസിനോട് ചേര്‍ന്ന് പുതിയൊരു നഗരകേന്ദ്രം രൂപപ്പെടുന്നുണ്ട്. വികസനം ആവശ്യമാണ്. പക്ഷേ, അതിനിടയില്‍ ഇനിയും ജോയിമാര്‍ പെട്ടുപോകരുത്. അതിനാവശ്യമായ കാര്യങ്ങള്‍ കൂടി ചെയ്യണം. മുന്‍കാലങ്ങളെ നോക്കി പഠിക്കുകയുമാകാം. ചരിത്രകാരന്മാര്‍ ഓര്‍മിപ്പിക്കുന്നതുമതാണ്. thiruvananthapuram amayizhanchan thodu garbage pile cleaning worker joy died system’s inefficiency
Content Summary; Thiruvananthapuram amayizhanchan thodu garbage pile cleaning worker joy died system’s inefficiency
This post was last modified on July 16, 2024 9:18 am
Leave a Comment