April 27, 2025 |

ആരാണ് ഇസ്ലാം വിരുദ്ധത പറഞ്ഞ് ബ്രിട്ടനെ കത്തിക്കുന്ന ടോമി റോബിന്‍സണ്‍?

യുകെ കലാപത്തിൽ എന്താണ് റോബിൻസന്റെ പങ്ക് ?

സൗത്ത്പോർട്ട് കത്തിയാക്രമണത്തിൽ ആരംഭിച്ച ബ്രിട്ടനിലെ കലാപം കൂടുതലിടങ്ങളിലേക്ക് വ്യപിക്കാനൊരുങ്ങുന്നു. തീവ്ര വലതുപക്ഷ പ്രവർത്തകർ കൂടുതലിടങ്ങളിൽ കലാപത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് യുകെ പോലീസ് ജാഗ്രതയിലാണ്. പ്രത്യേകിച്ച് ബോൾട്ടൺ, റോതർഹാം തുടങ്ങിയ പട്ടണങ്ങളിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് അധികാരികൾ.far-right agitator Tommy Robinson UK riots

സൗത്ത്‌പോർട്ടിൽ കഴിഞ്ഞ മാസം നടന്ന കത്തിയാക്രമണത്തിൽ പ്രതിഷേധിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തിലേക്ക് നയിച്ച കത്തിയാക്രമണത്തിൽ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അക്രമി യുകെയിലേക്ക് കുടിയേറിയ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെ തീവ്ര വലതുപക്ഷത്തിനിടയിൽ രോഷം ആളിക്കത്തി. രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകൾക്ക് അറുതി വരുത്താനായി 17 കാരന്റെ ഐഡന്റിറ്റി കോടതി പുറത്തുവിട്ടിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിലാണ്, പ്രായപൂർത്തിയാകാത്ത ആളാണെങ്കിലും, ലങ്കാഷെയറിലെ ബാങ്ക്സിൽ നിന്നുള്ള 17 കാരനായ ആക്‌സൽ മുഗൻവ റുഡകുബാനയുടെ പേര് പരസ്യമാക്കാൻ കോടതി തീരുമാനിച്ചത്. റുഡകുബാനയ്‌ക്കെതിരെ  മൂന്ന് കൊലപാതകങ്ങളും 10 കൊലപാതകശ്രമങ്ങളും ചുമത്തി.

ഈ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ “നമ്മുടെ കുട്ടികളെ രക്ഷിക്കൂ”, “ബോട്ടുകൾ നിർത്തുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ഓൺലൈനിൽ കൂടുതൽ ആളുകളുടെ പിന്തുണ നേടുകയും, അവരെ കലാപത്തിനായി അണിനിരത്തുകയുമാണ്. കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂഷണം ചെയ്താണ് ഈ ഗ്രൂപ്പുകൾ ആളുകളെ സംഘടിപ്പിക്കുന്നത്. പ്രത്യേകിച്ചും ഫ്രാൻസിൽ നിന്ന് ഇംഗ്ലീഷ് ചാനലിലൂടെ ചെറുബോട്ടുകളിൽ എത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ സംബന്ധിച്ചുള്ള ആശങ്കകളാണ് പെരുപ്പിച്ചു കാണിച്ചുകൊണ്ടിരിക്കുന്നത്.

ടോമി റോബിൻസൺ എന്നറിയപ്പെടുന്ന സ്റ്റീഫൻ യാക്‌സ്‌ലി ലെനൻ ആണ് ഈ നീക്കങ്ങൾക്ക് പിന്നിലെ പ്രധാനി. ദീർഘകാല തീവ്ര വലതുപക്ഷ പ്രക്ഷോഭകനും ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ (EDL) മുൻ നേതാവുമായ റോബിൻസൺ, ആക്രമണം, കോടതിയലക്ഷ്യം, മോർട്ട്ഗേജ് തട്ടിപ്പ് തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു. 2018-ൽ ട്വിറ്റർ റോബിൻസന്റെ അക്കൗണ്ട് ബാൻ ചെയ്തിരുന്നു, എന്നാൽ സോഷ്യൽ മീഡിയയിലൂടെ തീവ്ര വലതുപക്ഷത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. എലോൺ മസ്‌ക് പ്ലാറ്റ്‌ഫോം സ്വന്തമാക്കി എക്സ് ആക്കിയതിന് പിന്നാലേ റോബിൻസന്റെ അക്കൗണ്ടിന്റെ ബാൻ എടുത്തു മാറ്റി, നിലവിൽ 848,0042 ലധികം ആളുകൾ റോബിൻസനെ എക്‌സിൽ പിന്തുടരുന്നുണ്ട്.

ആരാണ് ടോമി റോബിൻസൺ? 

1982-ൽ സ്റ്റീഫൻ ക്രിസ്റ്റഫർ യാക്‌സ്‌ലി-ലെനൻ എന്ന പേരിൽ ജനിച്ച ടോമി റോബിൻസൺ, യുകെയിൽ, പ്രത്യേകിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾക്കിടയിൽ ഒരു വിവാദങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. ശക്തമായ ഇസ്‌ലാം വിരുദ്ധ വീക്ഷണങ്ങൾ, നിയമ പ്രശ്നങ്ങൾ, ബ്രിട്ടനിലെ ദേശീയ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനം എന്നിവയിലൂടയാണ് അറിയപ്പെടാൻ തുടങ്ങിയത്. ഈ പ്രശ്നങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളും ടോമി റോബിൻസണെ കുപ്രസിദ്ധനായി.

മുസ്ലീം ജനസംഖ്യ കൂടുതലുള്ള ലൂട്ടൺ പട്ടണത്തിലാണ് റോബിൻസൻ ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2009-ൽ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് (EDL) എന്ന പേരിൽ ആരംഭിച്ച സ്ഥാപനം ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങൾക്കും ആക്രമണാത്മക പ്രതിഷേധങ്ങൾക്കും പേരുകേട്ടതാണ്. പലപ്പോഴും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും നയിച്ചിട്ടുണ്ട്. ഇഡിഎല്ലിൻ്റെ നേതൃത്വം മുഖേന റോബിൻസൻ ദേശീയ ശ്രദ്ധ ആകർഷിച്ചെങ്കിലും, വിമർശനങ്ങളും വിടാതെ പിന്തുടർന്നു. വിദ്വേഷത്തിന്റെയും, ഭിന്നിപ്പിൻ്റെയും അന്തരീക്ഷം വളർത്തിയെടുക്കാൻ ശ്രമിക്കുന്നെന്ന വിമർശനമാണ് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇയാൾ വീണ്ടും പ്രധാനവാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ലണ്ടനിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പേരിലാണ് നിലവിൽ റോബിൻസന്റെ പേര് ചർച്ചയായിരിക്കുന്നത്. 2024 ജൂലൈ 27-ന്, ശക്തമായ ദേശീയവാദ സന്ദേശങ്ങളുമായി ഇയ്യാൾ  വലിയ റാലി സംഘടിപ്പിച്ചിരുന്നു, രാജ്യത്ത് അക്രമങ്ങളും പൊതു ക്രമക്കേടും നടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് റാലിയിൽ ഉടനീളം പങ്കുവയ്ക്കപ്പെട്ടത്. കുടിയേറ്റം, ദേശീയ ഐഡൻ്റിറ്റി, സംസാര സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ വലിയ സാമൂഹിക പിരിമുറുക്കങ്ങൾ ഉയർത്തിക്കാട്ടി, യുകെയിൽ തീവ്ര വലതുപക്ഷ പ്രവർത്തനങ്ങളുടെ ഒരു സൂചനയായാണ് ഈ പ്രതിഷേധങ്ങൾ കാണിക്കുന്നത്.

റോബിൻസൻ്റെ പ്രസംഗങ്ങൾ അടുത്തിടെ യുകെയിൽ അശാന്തിക്ക് ആക്കം കൂട്ടിയിരുന്നു. “ഇനി മതി, ഇനി പറ്റില്ല ” എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പ്രതിഷേധം വൈകാതെ അക്രമാസക്തമാവുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും  അറസ്റ്റിലാവുകയും ചെയ്തു. പോലീസ് സ്റ്റേഷനും ഒരു മസ്ജിദും ആക്രമിച്ചതിൽ ഇഡിഎല്ലിലെ അംഗങ്ങളും ഉണ്ടെന്നാണ് വിവരം. റോബിൻസൻ്റെ പ്രതിച്ഛായ രണ്ടുതരത്തിൽ വിലയിരുത്താം. അദ്ദേഹത്തിൻ്റെ അനുയായികളെ സംബന്ധിച്ചിടത്തോളം, അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ബ്രിട്ടീഷ് മൂല്യങ്ങളുടെയും സംരക്ഷകനാണ്, യുകെയിൽ ഇസ്ലാമിൻ്റെ  വ്യാപനം അപകടകരമാണെന്നും അത്  തടയണമെന്ന വിശ്വാസവുമാണ് ഇവരിലുള്ളത്. അതേ സമയം വിമർശകർ അദ്ദേഹത്തെ വിദ്വേഷവും അക്രമവും ഇളക്കിവിടുകയും നിയമവാഴ്ചയെ തകർക്കുകയും ചെയ്യുന്ന ഒരാളായാണ് കാണുന്നത്.

Content summary; Tommy Robinson, who has been involved in escalating UK riots far-right agitator Tommy Robinson UK riots

Tags:

Leave a Reply

Your email address will not be published. Required fields are marked *

×