പ്ലാസ്റ്റിക് സ്‌ട്രോകളിലേക്ക് മടങ്ങി പോകാനുള്ള ആഹ്വാനവുമായി ഡൊണാൾഡ് ട്രംപ്. പേപ്പർ സ്ട്രോകളുടെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള യുഎസ് സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണത്തെ പ്രതിസന്ധി എന്നാണ് മുൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചിരുന്നത്. ബൈഡന്റെ നടപടിയെ റദ്ദാക്കുന്നതാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ്.
2020ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബ്രാൻഡഡ് പ്ലാസ്റ്റിക് സ്‌ട്രോകൾ ട്രംപ് ധാരാളമായി വിറ്റിരുന്നു. പേപ്പർ സ്‌ട്രോകളുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്നും അവ വെറുപ്പുളവാക്കുന്ന രീതിയിൽ ഉപഭോക്താക്കളുടെ വായിൽ അലിഞ്ഞുചേരുന്നു എന്നുമാണ് ട്രംപ് തന്റെ തീരുമാനത്തെ സാധൂകരിച്ച് കൊണ്ട് പറഞ്ഞത്.
2024-ൽ, പ്ലാസ്റ്റിക് സ്‌ട്രോകൾ, പ്ലാസ്റ്റിക് കട്ട്ലറി, പാക്കേജിംഗ് എന്നിവ ക്രമേണ നിർത്തലാക്കാൻ ബൈഡൻ ഉത്തരവിട്ടിരുന്നു. പേപ്പർ സ്ട്രോകളുടെ ഉപയോഗം നിർത്താൻ സർക്കാർ ഏജൻസികൾ നിർദ്ദേശിക്കുകയും, രാജ്യവ്യാപകമായി അവ ഇല്ലാതാക്കാനുള്ള നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. പ്ലാസ്റ്റിക് സ്ട്രോകളുടെ ഉപയോഗത്തിലേക്ക് മടങ്ങുകയാണെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
.പ്ലാസ്റ്റിക് മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, 2027 ഓടെ ഭക്ഷ്യ പാക്കേജിംഗ്, പ്രവർത്തനങ്ങൾ, പരിപാടികൾ എന്നിവയിൽ നിന്നും 2035 ഓടെ എല്ലാ ഫെഡറൽ പ്രവർത്തനങ്ങളിൽ നിന്നും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ക്രമേണ ഒഴിവാക്കുമെന്ന് ബൈഡൻ ഭരണകൂടം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരിസ് ഉടമ്പടിയില്‍നിന്ന് പിൻമാറാൻ ട്രംപ് അധികാരമേറ്റ ഉടൻ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്ലാസ്റ്റിക്കിിനെ പ്രോത്സാഹിപ്പിക്കുന്ന ഈ തീരുമാനം.
പേപ്പർ സ്‌ട്രോകളുടെ ദീർഘകാല വിമർശകനാണ് ട്രംപ്. 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ 10 സ്‌ട്രോകളുടെ ഒരു പായ്ക്കിന് 15 ഡോളർ എന്ന നിരക്കിൽ “ട്രംപ്” ബ്രാൻഡഡ് പ്ലാസ്റ്റിക് സ്‌ട്രോകൾ വിറ്റിരുന്നു. ആദ്യത്തെ കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ വിൽപ്പനയിൽ നിന്ന് ഏകദേശം 5,00,000 ഡോളർ ഈ കാമ്പെയ്‌ൻ നേടിയതായി റിപ്പോർട്ടുണ്ട്. യുഎസിൽ ഒരു ദിവസം ഉപയോഗിക്കുന്ന ഡിസ്പോസിബിൾ കുടിവെള്ള സ്ട്രോകളുടെ എണ്ണം 500 ദശലക്ഷമാണെന്ന് റിപ്പോർട്ടുകളുണ്ട്.
സിയാറ്റിൽ, വാഷിംഗ്ടൺ, കാലിഫോർണിയ, ഒറിഗോൺ, ന്യൂജേഴ്‌സി എന്നിവയുൾപ്പെടെ നിരവധി യുഎസ് നഗരങ്ങളും സംസ്ഥാനങ്ങളും പ്ലാസ്റ്റിക് സ്‌ട്രോകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന നിയമങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിവർഷം 460 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായുള്ള സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. ഇത് സമുദ്രത്തിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാവുകയും, മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉത്പാദനത്തിനും കാരണമാകുന്നു.
പേപ്പർ സ്‌ട്രോകളിൽ പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങൾ അല്ലെങ്കിൽ PFAS പോലുള്ള നിർജ്ജീവമാക്കാൻ കഴിയാത്ത രാസവസ്തുക്കൾ” ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. PFAS പതിറ്റാണ്ടുകളായി പരിസ്ഥിതിയിൽ നിലനിൽക്കുകയും ജലവിതരണത്തെ മലിനമാക്കുകയും വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
content summary: Trump signs executive order reversing the U.S. stance on plastic straws.