ഇരുപതോളം പേരുടെ മരണത്തിനിടയാക്കിയ കുർണൂൽ ബസ് തീപിടിത്തത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അപകടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു ഒമ്‌നി ബസ് ഡ്രൈവറെയാണിപ്പോൾ ആന്ധ്രാപ്രദേശ് പൊലീസ് തിരയുന്നത്.
ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ വെച്ചാണ് ഒക്ടോബർ 24ന് കാവേരി ട്രാവൽസ് ബസിന് തീപിടിക്കുന്നത്. ബസും ഒരു മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചുവെന്നും ഇരുചക്രവാഹനം ബസിനടിയിൽ കുടുങ്ങി മോട്ടോർസൈക്കിളിന്റെ ഇന്ധന ടാങ്ക് പൊട്ടുകയും ഇത് തീപിടിത്തത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് അന്ന് പൊലീസ് കണ്ടെത്തിയത്.
അപകടത്തിൽപ്പെട്ട ബെംഗളൂരു-ഹൈദരാബാദ് കാവേരി ട്രാവൽസ് ബസ് ഇടിക്കുന്നതിന് മുൻപ്, ഈ ഒമ്‌നി ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയും റോഡിന്റെ മധ്യഭാഗത്തേക്ക് ബൈക്കിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തുവെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് റോഡിന്റെ മധ്യഭാഗത്ത് കിടന്ന ബൈക്കിൽ കാവേരി ട്രാവൽസ് ബസ് ഇടിക്കുകയും ഏകദേശം 300 മീറ്റർ ദൂരം കൂടി വലിച്ചിഴക്കുകയും ചെയ്ത ശേഷം തീപിടിക്കുകയായിരുന്നു.
മരിച്ച ബൈക്ക് യാത്രികനായ ശിവശങ്കർ മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അപകടമുണ്ടായപ്പോൾ, ബൈക്ക് ഡിവൈഡറിന് അടുത്ത് വീഴുകയും ഡിവൈഡറിൽ തലയിടിച്ച് ശിവശങ്കർ തൽക്ഷണം മരിക്കുകയുമായിരുന്നുവെന്ന് കുർണൂൽ ഡിഐജി കെ. പ്രവീൺ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 14 വാഹനങ്ങൾ അപകടസ്ഥലത്തുകൂടി കടന്നുപോയതായി കണ്ടെത്തി. അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബസ് ഡ്രൈവർ എം. ലക്ഷ്മയ്യ, ബസുടമ വേമുരി വിനോദ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യാത്രക്കാരെ രക്ഷിക്കാൻ സഹായിച്ച രണ്ടാമത്തെ ഡ്രൈവറായ ശിവനാരായണനെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.ലക്ഷ്മയ്യയെ ബുധനാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു ബസിലെ ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂന്നാമതൊരു ഡ്രൈവറുടെ പങ്ക് പൊലീസ് തിരിച്ചറിഞ്ഞത്.
Content Summary: Twist in andra pradesh, Kurnool bus fire; Police searching for Omni van driver