യുഎസിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ നവംബർ 4 ന് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഞെട്ടിച്ചുകൊണ്ടാണ് ഡെമോക്രാറ്റുകൾ മികച്ച വിജയം നേടിയത്. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്, ന്യൂജേഴ്സി, വിർജീനിയ ഗവർണർ തിരഞ്ഞെടുപ്പുകൾ എന്നിവ ഡെമോക്രാറ്റുകൾ തൂത്തുവാരി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനം അളക്കാനുള്ള ആദ്യത്തെ പ്രധാന പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പുകൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തെ ട്രംപ് എത്ര തന്നെ ന്യായീകരിച്ചാലും ഒരു പ്രസിഡൻ്റ് അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പുകൾ ആ ഭരണകൂടത്തിൻ്റെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലാണ്. അതൊരു രാഷ്ട്രീയ സത്യമാണ്. മുൻ യുഎസ് പ്രസിഡൻ്റായിരുന്ന ബെറാക് ഒബാമ, 2008ലെ ചരിത്രപരമായ വിജയത്തിന് ശേഷം, 2010ലെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ തൻ്റെ പാർട്ടിക്ക് വലിയ പരാജയം നേരിടേണ്ടി വന്നതായി സമ്മതിച്ചിരുന്നു.
ട്രംപ് അധികാരമേറ്റ് ഏകദേശം ഒരു വർഷം തികയുന്നതിന് മുൻപ് നടന്ന ഈ തിരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത വിജയമാണ് ഡെമോക്രാറ്റുകൾ കൈവരിച്ചത്. സ്വയം സോഷ്യലിസ്റ്റ് എന്ന് പ്രഖ്യാപിച്ച ഒരു ഡെമോക്രാറ്റ്, സൊഹ്റാൻ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വിർജീനിയയിലും ന്യൂജേഴ്സിയിലും മിതവാദികളായ രണ്ട് ഡെമോക്രാറ്റുകൾ ഗവർണർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂയോർക്ക് സിറ്റിക്ക് നേരെയുള്ള ട്രംപിന്റെ ഭീഷണികൾക്ക് ഒരു മറുപടിയെന്നോണമാണ് സൊഹ്റാൻ മംദാനിയുടെ വിജയം. മംദാനിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ ന്യൂയോർക്കിനുള്ള ധനസഹായം തടഞ്ഞുവെക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. കൂടാതെ മംദാനിയെ കമ്മ്യൂണിസ്റ്റ് എന്ന് മുദ്രകുത്താനും ട്രംപ് ശ്രമിച്ചിരുന്നു.
താൻ ബാലറ്റിൽ ഉണ്ടായിരുന്നില്ലെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ തൻ്റെ സാന്നിധ്യം പല തവണയായി ട്രംപ് അറിയിച്ചിട്ടുണ്ട്. നിലവിലെ ന്യൂയോർക്ക് മേയറായ എറിക് ആഡംസിനോട് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ കേർട്ടിസ് സിൽവയോടും ട്രംപ് മാറി നിൽക്കാൻ പറഞ്ഞു. അവസാനം, ആൻഡ്രൂ കൂമോയെ പിന്തുണയ്ക്കുകയായിരുന്നു.
2026 ലെ ഡെമോക്രാറ്റിക് ഊർജ്ജം
അടുത്ത വർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ ഊർജ്ജത്തെ കൂടി വ്യക്തമാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ. 2016 ൽ ട്രംപ് വിജയിച്ചതിന് ശേഷം, ഡെമോക്രാറ്റുകൾ യുഎസ് പ്രതിനിധി സഭയിൽ 40 സീറ്റുകൾ നേടുകയും റിപ്പബ്ലിക്കൻ പാർട്ടിയുടെ സർക്കാരിലെ ഏകീകൃത നിയന്ത്രണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യങ്ങൾ 2026ൽ ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുന്നതിൻ്റെ സൂചനയാണ് നൽകുന്നതെന്നാണ് കരുതപ്പെടുന്നത്.
ഡെമോക്രാറ്റുകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും അതുകൊണ്ടാണ് ഫലങ്ങൾ അവർക്ക് അനുകൂലമായതെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ന്യായീകരിക്കുന്നുണ്ട്. ന്യൂജേഴ്സിയിലെ തോൽവിയിൽ ട്രംപിൻ്റെ പേര് ഉൾപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ വരെ റിപ്പബ്ലിക്കൻ അനുകൂലികൾ നടത്തിയിരുന്നു. ന്യൂജേഴ്സി ട്രംപിനെക്കുറിച്ചുള്ള വിലയിരുത്തലല്ല, ജാക്ക് സിയാട്ടറെല്ലിയെക്കുറിച്ചുള്ള പ്രതിഫലനമാണെന്നും ജാക്ക് സിയാട്ടറെൽ എപ്പോഴും ദുർബലനായ ഒരു സ്ഥാനാർത്ഥിയായിരുന്നുവെന്നും റിപ്പബ്ലിക്കൻ തന്ത്രജ്ഞനായ മൈക്ക് ഹാൻ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
2028 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻനിര സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോമിന് ഈ തിരഞ്ഞെടുപ്പ് ഒരു വലിയ മുന്നേറ്റമാണ് നൽകിയിരിക്കുന്നത്. അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകൾക്ക് അനുകൂലമായി കാലിഫോർണിയയുടെ വോട്ടർ ഭൂപടങ്ങൾ പുനഃക്രമീകരിക്കാൻ നിർദ്ദേശിക്കുന്ന ന്യൂസോമിൻ്റെ പ്രൊപ്പോസിഷൻ 50 വോട്ടർമാർക്കിടയിൽ വൻ വിജയം നേടി. ഈ നീക്കം അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് കുറഞ്ഞത് അഞ്ച് സീറ്റുകൾ കൂടി നേടാൻ സഹായിക്കും.
Content Summary: US election results a warning signal for trump? Trump administration losing in the election
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.