2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്-1ബി വിസകളുടെ വാര്‍ഷിക ക്വാട്ട അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐ എസ്) പൂര്‍ത്തിയാക്കി. ജനറല്‍ ക്വാട്ടയിലെ 65,000 സീറ്റുകളും യുഎസ് സര്‍വകലാശാലകളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്കുള്ള 20,000 സീറ്റുകളും ഉള്‍പ്പെടെ ആകെ 85,000 വിസ സ്ലോട്ടുകളിലേക്കും ആവശ്യമായത്ര അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷമുള്ള ആദ്യ വിസ തെരഞ്ഞെടുപ്പ് പ്രക്രിയയാണിത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ അമേരിക്കന്‍ സ്വപ്നം കാണുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും അപേക്ഷകരെയും അത്രകണ്ട് ആഹ്ലാദിപ്പിക്കുന്നില്ല.
ഇതുവരെ എച്ച്-1ബി വിസകള്‍ നറുക്കെടുപ്പിലൂടെ (റാന്‍ഡം ലോട്ടറി) തുല്യസാധ്യത നിലനിര്‍ത്തിയായിരുന്നു വീതിച്ചിരുന്നതെങ്കില്‍, ഇത്തവണ മുതല്‍ ശമ്പളവും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയുള്ള മുന്‍ഗണനാക്രമമാണ് നടപ്പിലാക്കിയത്. ലെവല്‍ 1 മുതല്‍ ലെവല്‍ 4 വരെയുള്ള ശമ്പള ഘടനയില്‍ ഉയര്‍ന്ന ശമ്പളമുള്ള സീനിയര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ മുന്‍ഗണന. കുറഞ്ഞ ശമ്പളത്തില്‍ എന്‍ട്രി ലെവല്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്ന തുടക്കക്കാരായ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വിസ ലഭിക്കാനുള്ള സാധ്യത ഇത്തവണ ഗണ്യമായി കുറഞ്ഞു.
നിശ്ചിത ക്വാട്ട തികയാതെ വരുമ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ രണ്ടാം ഘട്ട നറുക്കെടുപ്പ് നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആവശ്യത്തിലധികം അപേക്ഷകള്‍ ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചതിനാല്‍ ഇനി രണ്ടാമതൊരു നറുക്കെടുപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎസ്‌സിഐഎസ് ഉറപ്പിച്ചുപറയുന്നു. അതിനാല്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെടാത്ത ഇന്ത്യന്‍ അപേക്ഷകര്‍ക്ക് അടുത്ത വര്‍ഷത്തെ സ്ലോട്ടിനായി കാത്തിരിക്കുകയോ മറ്റ് വിസ മാര്‍ഗങ്ങള്‍ തേടുകയോ മാത്രമാണ് വഴി.
എച്ച്-1ബി അപേക്ഷകള്‍ക്ക് 1,00,000 ഡോളര്‍ (ഏകദേശം 96 ലക്ഷത്തിലധികം രൂപ) അധിക ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യന്‍ അപേക്ഷകരിലും കമ്പനികളിലും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റിന് ഇത്തരം ഒരു തുക നികുതിയായി ചുമത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഫെഡറല്‍ കോടതി കഴിഞ്ഞ മാസം ഈ ഫീസ് നിര്‍ദ്ദേശം റദ്ദാക്കിയത് ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് വന്‍ ആശ്വാസമായി.
വിസ നിയമങ്ങള്‍ കര്‍ശനമാക്കിയെങ്കിലും പ്രമുഖ ടെക് കമ്പനികള്‍ ഇപ്പോഴും എച്ച്-1ബി വിസകളെ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. 9,000-ത്തിലധികം വിസ അനുമതികളോടെ ആമസോണ്‍ ആണ് പട്ടികയില്‍ ഒന്നാമത്.ഏറ്റവും കൂടുതല്‍ വിസകള്‍ ലഭിച്ച ആദ്യ 10 കമ്പനികളുടെ പട്ടികയില്‍ ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ ആഗോള ഭീമന്മാര്‍ക്കൊപ്പം ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, കോഗ്‌നിസന്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്
ചുരുക്കത്തില്‍, 2027 സാമ്പത്തിക വര്‍ഷത്തിലെ വിസ മാറ്റങ്ങള്‍ വഴി ഉയര്‍ന്ന തൊഴില്‍ പരിചയവും ശമ്പളവുമുള്ള ഇന്ത്യന്‍ ഐടി വിദഗ്ദ്ധര്‍ക്ക് യുഎസിലേക്ക് വഴി എളുപ്പമാകുമ്പോള്‍, തുടക്കക്കാരായ ജീവനക്കാര്‍ക്കും കുറഞ്ഞ വേതനത്തില്‍ ജോലിക്ക് കയറുന്നവര്‍ക്കും തിരിച്ചടിയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Content Summary; USCIS reaches the FY 2027 H-1B visa cap under new Trump-era selection rules. Find out how the wage-based lottery impacts Indian tech professionals and entry-level applicants
This post was last modified on July 23, 2026 11:29 am
Leave a Comment