January 31, 2026 |
Share on

ഒരുവശത്ത് യുദ്ധഭീഷണി, മറുവശത്ത് സമാധാന ചര്‍ച്ച

ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍

അമേരിക്കന്‍ ആക്രമണം ഒഴിവാക്കാനുള്ള വഴികള്‍ നോക്കി ഇറാന്‍. മധ്യസ്ഥ ചര്‍ച്ചയിലൂടെ സംഘര്‍ഷം ലഘൂകരിക്കാനാണ് ടെഹ്‌റാനിലുള്ളവര്‍ ആലോചിക്കുന്നത്. ഈ ലക്ഷ്യത്തോടെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ച്ചി അങ്കാറയില്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ്. മധ്യസ്ഥന്റെ റോള്‍ ഏറ്റെടുത്തിരിക്കുന്ന തുര്‍ക്കിയാകട്ടെ ഇറാനോട് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ആവശ്യപ്പെടുന്നത്. അവര്‍ പ്രധാനമായും ഇറാനോട് വാദിക്കുന്നത് ആണവ പദ്ധതിയുടെ കാര്യത്തിലാണ്. ഇറാന്റെ ആണവപദ്ധതിയില്‍ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ മാത്രമേ വിനാശകരമായ ഒരു യുദ്ധം ഒഴിവാക്കാന്‍ കഴിയൂ എന്നാണ് തുര്‍ക്കി നയതന്ത്രജ്ഞര്‍ പറയുന്നത്.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ ഒരു വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത്തരം ഹൈ-പ്രൊഫൈല്‍ നയതന്ത്ര നീക്കങ്ങള്‍ ട്രംപിന് താല്‍പ്പര്യമുള്ളതാണെങ്കിലും, ഇറാനിലെ യാഥാസ്ഥിതിക നയതന്ത്രജ്ഞര്‍ ഇതിനെ എതിര്‍ക്കാനാണ് സാധ്യത. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല.

അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നതിനിടയിലും ഇരുപക്ഷത്തുനിന്നും കടുത്ത ഭീഷണികള്‍ ഉയരുന്നുണ്ട്. ഇസ്രയേലിലെയും സൗദി അറേബ്യയിലെയും മുതിര്‍ന്ന പ്രതിരോധ-രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇറാന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ഈ ആഴ്ച വാഷിംഗ്ടണിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വ്യാഴാഴ്ച നടന്ന കാബിനറ്റ് യോഗത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞത്, ട്രംപ് നല്‍കുന്ന ഏത് സൈനിക നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ തന്റെ വകുപ്പ് സജ്ജമാണെന്നാണ്. ‘ഒരു കരാറിലെത്താനുള്ള എല്ലാ അവസരങ്ങളും ഇറാന് മുന്നിലുണ്ട്. അവര്‍ ആണവ ശേഷി കൈവരിക്കാന്‍ ശ്രമിക്കരുത്. പ്രസിഡന്റ് പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ ഞങ്ങള്‍ തയ്യാറായിരിക്കും,’ അദ്ദേഹം പറഞ്ഞു.

സമയപരിധി അവസാനിക്കുകയാണെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെനസ്വേലയില്‍ നടത്തിയ ഇടപെടലുകളേക്കാള്‍ തീവ്രവും വിപുലവുമായ ആക്രമണമായിരിക്കും ഇറാനുനേരെ ഉണ്ടാവുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ വ്യാഴാഴ്ച രാത്രി കെന്നഡി സെന്ററില്‍ സംസാരിക്കുമ്പോള്‍ ട്രംപ് അല്പം മൃദുവായ സമീപനമാണ് സ്വീകരിച്ചത്. ഇറാനുമായി സംസാരിക്കാന്‍ താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘വളരെ വലുതും ശക്തവുമായ യുദ്ധക്കപ്പലുകള്‍ ഇപ്പോള്‍ ഇറാന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവ ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ അത് വലിയ കാര്യമായിരിക്കും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ ഇപ്പോഴും പ്രത്യാക്രമണ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് ശേഷം തങ്ങള്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയെന്നും 1,000 കടല്‍-കര അധിഷ്ഠിത ഡ്രോണുകള്‍ നിര്‍മിച്ചതായും സൈനിക മേധാവി മേജര്‍ ജനറല്‍ അമീര്‍ ഹതാമി അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരവും ഡ്രോണുകളും ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഏറ്റവും വലിയ സൈനിക ബലഹീനത അവരുടെ വ്യോമ പ്രതിരോധ സംവിധാനമാണ്.

ഏകദേശം 30,000 അമേരിക്കന്‍ സൈനികര്‍ ഇറാന്റെ ആയിരക്കണക്കിന് ഡ്രോണുകളുടെയും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെയും പരിധിയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞു. ഇറാന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്, രാജ്യം സൈനികമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുമ്പോള്‍ തന്നെ നയതന്ത്ര വഴികളും ഉപയോഗിക്കുന്നുണ്ടെന്നാണ്.

ഇറാനുനേരെയുള്ള തന്റെ ലക്ഷ്യങ്ങള്‍ എന്താണെന്ന് ട്രംപ് വ്യക്തമായി പറഞ്ഞിട്ടില്ല. പ്രതിഷേധക്കാരെ സംരക്ഷിക്കാനാണ് ആക്രമണമെന്ന് ഒരിക്കല്‍ പറഞ്ഞ അദ്ദേഹം, പിന്നീട് ആണവപദ്ധതിയുമായി ഇതിനെ ബന്ധിപ്പിച്ചു. അവിടുത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതിലുപരി ഇറാനിലെ നിലവിലെ ഭരണനേതൃത്വത്തെയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പുറത്താക്കുകയാണ് ട്രംപിന്റെ ലക്ഷ്യമായി കരുതുന്നത്.

ഇപ്പോഴത്തെ മധ്യസ്ഥ ചര്‍ച്ചയില്‍ വാഷിംഗ്ടണ്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ ഇവയാണ്: സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒരു മൂന്നാം കക്ഷിക്ക് കൈമാറുക. രാജ്യത്തിനകത്തെ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക. മിസൈല്‍ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. മറ്റ് സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക.

എന്നാല്‍ ഈ നാല് ആവശ്യങ്ങളും അംഗീകരിക്കുക എന്നത് ഇറാന് പ്രയാസകരമായിരിക്കും.

തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ അല്‍ ജസീറയോട് സംസാരിക്കവേ പറഞ്ഞത്, ഒരു യുദ്ധം തുര്‍ക്കിയും ആഗ്രഹിക്കുന്നില്ലെന്നാണ്. ഇറാനെ ആക്രമിക്കുന്നത് തെറ്റാണ് എന്ന നിലപാടും അവര്‍ക്കുണ്ട്. ആണവ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണ് എന്നാണ് ഫിദാന്‍ പറയുന്നത്. ചര്‍ച്ചകള്‍ ഇറാന് അപമാനകരമായി തോന്നാന്‍ സാധ്യതയുള്ളതിനാല്‍ അവ കൂടുതല്‍ സഹനീയമായ രീതിയില്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇറാന്റെ പ്രത്യാക്രമണങ്ങളെ ഭയന്ന്, തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ ഇറാനെ ആക്രമിക്കാന്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Content Summary; US- Iran Conflict; Turkey hosts urgent mediation. Turkey’s president Erdoğan, proposed video conference between Trump and Pezeshkian

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×