ഇസ്രയേലിന് പ്രതിരോധം ഒരുക്കി അമേരിക്ക
ആസൂത്രണം ചെയ്തതിനേക്കാൾ വേഗത്തിൽ യുദ്ധവിമാനങ്ങളും നാവികസേനയുടെ യുദ്ധക്കപ്പലുകളും മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരിക്കുകയാണ് യുഎസ്. ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും നേതാക്കൾ കൊല്ലപ്പെട്ടതോടെ ഇറാനും സഖ്യകക്ഷികളും നടത്തിയേക്കാവുന്ന ആക്രമണത്തിന്റെ സാധ്യതകൾ ഭയന്നാണ് പുതിയ നീക്കം. US strike group to Middle East for Israel
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ആസൂത്രണം ചെയ്തതിലും വേഗത്തിൽ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങാൻ എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൈഡഡ് മിസൈൽ അന്തർവാഹിനി മേഖലയിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. തൻ്റെ ഇസ്രയേൽ കൌണ്ടർ യോവ് ഗാലൻ്റുമായി സംസാരിച്ചതിന് ശേഷമാണ് ഈ തീരുമാനം. അന്തർവാഹിനി വിന്യസിക്കുമെന്ന് പെൻ്റഗൺ പരസ്യമായി പ്രഖ്യാപിക്കുന്നത് അപൂർവമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ഇസ്രയേലിനു വേണ്ടി പ്രതിരോധം ശക്തിപ്പെടുത്താൻ, മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിക്കുമെന്ന് യുഎസ് സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇറാൻ പിന്തുണയുള്ള ഹമാസിൻ്റെ രാഷ്ട്രീയ നേതാവായ ഇസ്മായിൽ ഹനിയയെ ജൂലൈ 31 ന് ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വച്ച് വധിച്ചിരുന്നു. സംഭവത്തിൽ കുപിതരായ ഇറാൻ ഇസ്രയേലിന് നേരെ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചെങ്കിലും ഇസ്രയേൽ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹനിയ കൊല്ലപ്പെട്ടതും, ഹിസ്ബുള്ളയുടെ ഉന്നത സൈനിക നേതാവായ ഫുആദ് ഷുക്കറിനെ ഇസ്രയേൽ കൊലപ്പെടുത്തിയതും ഗാസയിലെ സംഘർഷത്തെ മിഡിൽ ഈസ്റ്റിലേക്ക് കൂടി വ്യാപിപ്പിക്കുമോ എന്ന ആശങ്ക കൂടി ഉയർന്നു വരുന്നുണ്ട്. വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നതിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുകയാണ്. വെള്ളിയാഴ്ച, യുഎസ്, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലിനോടും ഹമാസിനോടും ആഗസ്ത് 15-നകം വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും പൂർത്തിയാക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ പ്രതിനിധികളെ അയക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. നിർദേശത്തെ കുറിച്ച് പഠിക്കുകയാണെന്ന് ഹമാസ് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പുതിയ റൗണ്ട് ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ്.
പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ധാരണയായത് നടപ്പിലാക്കാൻ യുഎസ്, ഈജിപ്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ പദ്ധതി സമർപ്പിക്കണമെന്ന് ഹമാസ് ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ചർച്ചാ പ്രക്രിയയിലുടനീളം തങ്ങൾ വഴക്കം കാണിച്ചിട്ടുണ്ടെന്നും എന്നാൽ വെടിനിർത്തൽ കരാർ പിന്തുടരുന്നത് ഇസ്രയേൽ ഗൗരവകരമായി എടുത്തിട്ടില്ലെന്നുമാണ് ഹമാസ് ആരോപിക്കുന്നത്.
തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവയുടെ നേതാക്കൾ ഗാസയിൽ വെടിനിർത്തൽ, ഹമാസ് തടവിലാക്കിയ ബന്ദികളെ തിരികെ കൊണ്ടുവരൽ, മാനുഷിക സഹായ വിതരണം എന്നിവയ്ക്കുള്ള ആഹ്വാനങ്ങൾ അംഗീകരിച്ചിരുന്നു. “യുദ്ധം അവസാനിപ്പിക്കണം, ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഗാസയിലെ ജനങ്ങൾക്ക് അടിയന്തിരമായി സഹായ വിതരണവും ആവശ്യമാണ്, ”ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവർ ഒപ്പിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ നിന്ന് ആയിരക്കണക്കിന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഹമാസിനെ ലക്ഷ്യമിട്ട് പുതിയ ഓപ്പറേഷൻ നടത്തുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നെയായിരുന്നു ഇത്. ഈ വർഷമാദ്യം, നഗരത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലി ഡിഫൻസ് ഫോഴ്‌സിൻ്റെ (ഐഡിഎഫ്) ശ്രമങ്ങൾക്കിടെ ഖാൻ യൂനിസിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, നിരവധി ജീവനുകളാണ് കവർന്നത്. ജോ ബൈഡൻ മെയ് 31-ന് ഇരു രാജ്യങ്ങളോടും മൂന്ന് ഘട്ട വെടിനിർത്തൽ പദ്ധതി നിർദ്ദേശിച്ചിരുന്നു. അതിനുശേഷം, യുഎസും, മധ്യസ്ഥരും ഇടപെട്ട് ഗാസയിൽ വെടിനിർത്തൽ കരാർ ക്രമീകരിക്കാനും ശ്രമിച്ചു.
Content summary; US orders strike group to accelerate deployment to Middle East amid fears of Iran attack on IsraelUS strike group to Middle East for Israel