വെള്ളുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാര്‍ക്കെതിരേ വംശീയ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കയ്ക്കുള്ള യു എസ് സഹായം വെട്ടിക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്യായമായ വംശീയ വിവേചനമാണ് വെള്ളക്കാര്‍ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്നാണ്, സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിട്ടുകൊണ്ട് ട്രംപ് ആരോപിക്കുന്നത്. വിവേചനം നേരിടുന്ന വെള്ളക്കാര്‍ക്ക് അമേരിക്ക അഭയം നല്‍കുമെന്നും ഉത്തരവില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രത്യേക സാഹചര്യങ്ങളില്‍, ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ തന്നെ സര്‍ക്കാരിന് ഭൂമിയേറ്റെടുക്കാന്‍ കഴിയുന്നൊരു നിയമത്തില്‍ കഴിഞ്ഞ മാസം പ്രസിഡന്റ് സിറില്‍ റമാഫോസ ഒപ്പ് വച്ചിരുന്നു. ഇത്തരത്തില്‍ ഭൂമിയേറ്റെടുക്കുന്നത് വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെതാണെന്നതാണ് വിമര്‍ശനത്തിന് കാരണമായി പറയുന്നത്. ചരിത്രപരമായ അനീതികള്‍ പരിഹരിക്കുന്നതിനും, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭൂമി പുനര്‍വിതരണം ചെയ്യുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനത്തെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.
വര്‍ണ്ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്ക വെള്ളക്കാരുടെ കീഴിലായിരുന്നു. ഇക്കാലത്ത് രാജ്യത്തെ ഭൂരിപക്ഷമായ കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്തിയുള്ള ഭരണമായിരുന്നു. പ്രത്യേക ടൗണ്‍ഷിപ്പുകളിലും ഗ്രാമപ്രദേശങ്ങളിലെ അവരുടെ ജന്മനാടുകളിലും മാത്രമായി ജീവിക്കുള്ള അനുവാദമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. വെള്ളക്കാരുടെ ഭരണം അവസാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടോളം ആയെങ്കിലും രാജ്യത്ത് ഇപ്പോഴും അസമത്വം തുടരുകയാണ്. വെറും ഏഴ് ശതമാനത്തോളം മാത്രമുള്ള വെള്ളക്കാരിലാണ് രാജ്യത്തെ ഭൂമിയും സമ്പത്തും കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത്. 81 ശതമാനത്തോളം വരുന്ന കറുത്ത വംശജര്‍ ഇക്കാര്യത്തില്‍ ഇപ്പോഴും അസമത്വം നേരിടുന്നുണ്ട്.
എന്നാല്‍, ദക്ഷിണാഫ്രിക്കയിലെ വെള്ളുത്തവര്‍ഗ്ഗക്കാര്‍ ആരോപിക്കുന്നത്, നിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരേ വംശീയ വിവേചനം കാണിക്കുന്നുവെന്നാണ്.
തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ് എന്നീ മേഖലകളില്‍ വെള്ളക്കാരയവര്‍ക്ക് തുല്യ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന നയങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതെന്നാണ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അവകാശപ്പെടുന്നത്. പ്രത്യേകിച്ചും, ഈ നയങ്ങളും, ആഹ്വാനങ്ങളും വംശീയമായി അനഭിമതരായി കണക്കാക്കപ്പെടുന്ന വെള്ളക്കാരായ ഭൂവുടമകള്‍ക്കെതിരായ അക്രമത്തിലേക്ക് നയിച്ചുവെന്നും ഉത്തരവില്‍ ആരോപിക്കുന്നുണ്ട്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെയുള്ള നിലപാടുകളാണ് ദക്ഷിണാഫ്രിക്ക സ്വീകരിക്കുന്നതെന്ന കുറ്റവും ട്രംപ് ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രയേലിനെതിരേ നിലപാട് എടുക്കുകയും ഹമാസിനെ അനുകൂലിക്കുകയും ചെയ്തു. വാണിജ്യ, സൈനിക, ആണവ ക്രമീകരണങ്ങള്‍ വികസിപ്പിക്കുന്നതിന് ഇറാനുമായുള്ള ബന്ധം പുനരുജ്ജീവിപ്പിച്ചു, തുടങ്ങിയ കുറ്റങ്ങളാണ് ട്രംപ് ആരോപിക്കുന്നത്.
ഇലോണ്‍ മസ്‌കും ദക്ഷിണാഫ്രിക്കയെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. തുറന്ന വംശീയ നയങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്നായിരുന്നു എക്‌സില്‍ കൂടി വിമര്‍ശിച്ചത്. ഇലോണ്‍ മസ്‌കിന്റെ ജന്മനാട് കൂടിയാണ് ദക്ഷിണാഫ്രിക്ക. വിദേശ സഹായങ്ങള്‍ നിര്‍ത്തലാക്കാനും വെട്ടിക്കുറയ്ക്കാനുമുള്ള ട്രംപിന്റെ പരിപാടികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്നയാള്‍ കൂടിയാണ് മസ്‌ക്.
പ്രത്യേക പ്രൊപ്പഗാണ്ടയും, തെറ്റായ വിവരങ്ങളും മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു അമേരിക്കയുടെ തീരുമാനത്തിനെതിരേ ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് യുഎസിലെത്തിയ ദുര്‍ബലരായ ആളുകളെ നാടുകടത്തുകയും അവര്‍ക്ക് അഭയം നിഷേധിക്കുകയും ചെയ്യുമ്പോള്‍, ദക്ഷിണാഫ്രിക്കയിലെ ഒരു വിഭാഗത്തിന് അഭയാര്‍ത്ഥി പദവി നല്‍കുന്നതിന് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വ്യവസ്ഥ ചെയ്യുന്നു എന്നത് വിരോധാഭാസമാണ് എന്നായിരുന്നു ട്രംപിനെ തിരിച്ചടിച്ചു കൊണ്ട് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. തെറ്റിദ്ധാരണകള്‍ക്കും തര്‍ക്കങ്ങള്‍ക്കും നയതന്ത്ര പരിഹാരങ്ങള്‍ കണ്ടെത്താന്‍ ദക്ഷിണാഫ്രിക്ക പ്രതിജ്ഞാബദ്ധമാണെന്ന കാര്യം ഞങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. US president Donald Trump cut aid to South Africa over racial discrimination against white afrikaners
Contents Summary; US president Donald Trump cut aid to South Africa over racial discrimination against white afrikaners