ജവഹർലാൽ നെഹ്രു അന്തരിച്ചപ്പോൾ (1964 മെയ് 27) വാജ്പേയ് രാജ്യസഭയിൽ നടത്തിയ അനുസ്മരണ പ്രസംഗം
സർ, ഒരു സ്വപ്നം തകർന്നിരിക്കുന്നു, ഒരു ഗാനം നിശബ്ദമാക്കിയിരിക്കുന്നു, ഒരു പ്രകാശജ്വാല അപാരതയിലേക്കു അപ്രത്യക്ഷമായിരിക്കുന്നു. ഭയരഹിതമായ, പട്ടിണിയില്ലാതെ ഒരു ലോകത്തിനായുള്ള സ്വപ്നമായിരുന്നു അത്, ഗീതയുടെ പ്രതിധ്വനിയും പനിനീർപ്പൂവിന്റെ സുഗന്ധവുമുള്ള ഒരു ഇതിഹാസത്തിന്റെ ഗാനമായിരുന്നു അത്. എല്ലാ രാവുകളിലും കത്തിയിരുന്ന, എല്ലാ ഇരുട്ടിനോടും പടവെട്ടിയിരുന്ന, നമുക്ക് വഴികാട്ടിയിരുന്ന, ഒരു വിളക്കിന്റെ തീനാളമാണ് ഒരു പ്രഭാതത്തിൽ നിർവാണം പ്രാപിച്ചത്. മരണം സുനിശ്ചിതമാണ്, ശരീരം നശ്വരമാണ്. ഇന്നലെ ചന്ദനമുട്ടികളുടെ ചിതയിൽ നാം സംസ്കരിച്ച സുവര്‍ണശരീരം അവസാനിക്കാൻ വിധിക്കപ്പെട്ടതാണ്. പക്ഷെ, മരണത്തിനിത്ര ഗൂഢമായി വരാനാകുമോ? സുഹൃത്തുക്കൾ ഉറങ്ങുമ്പോൾ, കാവൽക്കാർ തളരുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ വിലമതിക്കാനാകാത്ത ഒരു വരപ്രസാദം കൊള്ളയടിക്കപ്പെട്ടു. ഭാരതമാതാവ് ഇന്ന് സന്താപഭരിതയാണ് – അവരുടെ ഏറ്റവും പ്രിയപ്പെട്ട രാജകുമാരനെ നഷ്ടപ്പെട്ടിരിക്കുന്നു- അതിനതിന്റെ ഭക്തനെ നഷ്ടമായി. സമാധാനം ഇന്ന് അസ്വസ്ഥയാണ്-അതിന്റെ രക്ഷകൻ ഇനിയില്ല. പാവപ്പെട്ടവർക്ക് അവരുടെ ആശ്രയം നഷ്ടമായിരിക്കുന്നു. സാധാരണക്കാരന് അവന്റെ കണ്ണുകളിലെ വെളിച്ചം കെട്ടിരിക്കുന്നു. ലോകവേദിയിലെ പ്രധാന നടൻ അയാളുടെ അന്ത്യരംഗമാടി വിട ചോദിച്ചിരിക്കുന്നു.
രാമായണത്തിൽ മഹർഷി വാത്മീകി ഭഗവാൻ രാമനെക്കുറിച്ച് പറഞ്ഞത്, അദ്ദേഹം അസാധ്യമായതിനെ ഒരുമിപ്പിച്ചുകൊണ്ടുവന്നു എന്നാണ്. പണ്ഡിറ്റ്ജിയുടെ ജീവിതത്തിൽ ആദികവി പറഞ്ഞതിന്റെ മിന്നലൊളികൾ നമുക്ക് കാണാം. അദ്ദേഹം സമാധാനത്തിന്റെ ഭക്തനായിരുന്നു, ഒപ്പം വിപ്ലവത്തിന്റെ അഗ്രഗാമിയും. അദ്ദേഹം അഹിംസയുടെ ഭക്തനായിരുന്നു, പക്ഷെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാൻ എല്ലാ ആയുധവും പ്രയോഗിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നു അദ്ദേഹം, അപ്പോഴും സാമ്പത്തിക സമത്വം കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധനായിരുന്നു. ആരുമായും ഒത്തുതീർപ്പുണ്ടാക്കുന്നതിന് അദ്ദേഹം ഭയന്നിരുന്നില്ല, എന്നാൽ ഭയം മൂലം ആരുമായും ഒത്തുതീർപ്പുണ്ടാക്കിയുമില്ല. പാകിസ്ഥാനും ചൈനയുമായുള്ള അദ്ദേഹത്തിന്റെ നയം തനതു സ്വഭാവമുള്ളതായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഉദാരത ദൗർബല്യമായി തെറ്റിദ്ധരിക്കപ്പെട്ടു, ചിലർ അദ്ദേഹത്തിന്റെ ദാർഢ്യത്തെ കടുംപിടിത്തമായി കണ്ടു.
ചൈനീസ് ആക്രമണ സമയത്ത്, നമ്മുടെ പടിഞ്ഞാറൻ സുഹൃത്തുക്കൾ കാശ്മീർ വിഷയത്തിൽ പാകിസ്ഥാനുമായി ഒരു ഒത്തുതീർപ്പിലെത്താൻ നമുക്കുമേൽ സമ്മർദ്ദം ചെലുത്തുന്ന സമയം ഒരിക്കലേ അദ്ദേഹത്തെ അത്യധികം ക്ഷുഭിതനായി കണ്ടത് ഞാനോർക്കുന്നു. കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ നമുക്ക് ഇരുമുന്നണിയിലും പോരാടേണ്ടിവരുമെന്നു അദ്ദേഹത്തോട് പറഞ്ഞപ്പോൾ ആവശ്യമെങ്കിൽ നാം ഇരുമുന്നണിയിലും പോരാടുമെന്നും അദ്ദേഹം വിക്ഷുബ്ധനായി പറഞ്ഞു. ഏതെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി ഒത്തുതീർപ്പുണ്ടാക്കുന്നതിനു അദ്ദേഹം എതിരായിരുന്നു.
സർ, അദ്ദേഹം പടനായകനും സംരക്ഷകനുമായിരുന്ന സ്വാതന്ത്ര്യം ഇന്നപകടത്തിലാണ്. നാം നമ്മുടെ എല്ലാ കരുത്തും ഉപയോഗിച്ച് അതിനെ സംരക്ഷിക്കണ്ടേണ്ടതുണ്ട്. അദ്ദേഹം പ്രഘോഷകനായിരുന്ന ദേശീയൈക്യവും അഖണ്ഡതയും ഇന്നപകടത്തിലാണ്. നമുക്കത് എന്ത് വിലകൊടുത്തും സംരക്ഷിച്ചെ മതിയാകൂ. അദ്ദേഹം സ്ഥാപിച്ച, വിജയിപ്പിച്ച ഇന്ത്യൻ ജനാധിപത്യവും സന്ദേഹഭരിതമായ ഭാവിയെയാണ് അഭിമുഖീകരിക്കുന്നത്. നമ്മുടെ ഐക്യവും അച്ചടക്കവും ആത്മവിശ്വാസവും കൊണ്ട് നമുക്കീ ജനാധിപത്യത്തെ വിജയമാക്കണം.
നേതാവ് പോയിരിക്കുന്നു, അനുയായികൾ അവശേഷിക്കുന്നു. സൂര്യൻ അസ്തമിച്ചിരിക്കുന്നു, ഇനി നമുക്ക് നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ വഴി കണ്ടെത്തേണ്ടതുണ്ട്.
ഇത് കഠിനപരീക്ഷണകാലമാണ്. നമുക്കെല്ലാവർക്കും ശക്തവും സമൃദ്ധവുമായ ഇന്ത്യയെന്ന ആദർശത്തിനായി സമർപ്പിക്കാനാവുമെങ്കിൽ അത് ലോകസമാധാനത്തിന് എക്കാലത്തേക്കുമുള്ള ബഹുമാനിതമായ ഒരു സംഭാവനയാകും, അദ്ദേഹത്തിനുള്ള ശരിയായ ആദരാഞ്ജലിയും. പാര്ലമെന്റിനുള്ള നഷ്ടം അപരിഹാര്യമാണ്. അത്തരത്തിലൊരു താമസക്കാരൻ ഇനിയൊരിക്കലും തീൻ മൂർത്തി ഭവനത്തെ അലങ്കരിക്കില്ല. ചടുലമായ ആ വ്യക്തിത്വം, പ്രതിപക്ഷത്തെക്കൂടി ഒപ്പം കൊണ്ടുപോകുന്ന ആ സമീപനം, സംസ്‌കൃതമായ ആ മാന്യത, ആ മഹത്വം ഇതൊന്നും നാം അടുത്ത ഭാവിയിലൊന്നും കണ്ടേക്കില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മഹത്തായ ആദർശങ്ങളോട്, സ്വഭാവദാർഢ്യത്തോട് രാജ്യസ്നേഹത്തോട് അജയ്യമായ ധീരതയോട് ബഹുമാനം മാത്രമേയുള്ളൂ. ഈ വാക്കുകളോട് ആ മഹാത്മാവിന് മുന്നിൽ ഞാൻ എന്റെ വിനയം നിറഞ്ഞ പ്രണാമം അർപ്പിക്കുന്നു.
വായിച്ചോ: https://goo.gl/tuz3To
വാജ്‌പേയ് ആ ‘ധര്‍മ്മം’ പാലിച്ചിരുന്നോ?; മോദിക്ക് നല്‍കിയ ആ ഉപദേശം
https://www.azhimukham.com/india-vajpayees-uneasy-relationship-with-rss/