ബിജെപി, ആര്‍എസ്എസിന്റ പാര്‍ലമെന്ററി രാഷ്ട്രീയ മുഖമാണെങ്കില്‍ അവരുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ജനാധിപത്യ മുഖംമൂടിയാണ് അടല്‍ ബിഹാരി വാജ്‌പേയ് എന്ന് പറയാം. ന്യൂഡല്‍ഹിയിലെ റെയ്സിന ഹില്‍സില്‍ ബിജെപിക്ക് അധികാരക്കസേര പണിഞ്ഞതില്‍ എബി വാജ്‌പേയിയേക്കാള്‍ നേതൃപരമായ പങ്ക് വഹിച്ചത് ലാല്‍കൃഷ്ണ അദ്വാനിയായിരുന്നെങ്കിലും അത്ര പെട്ടെന്ന് തങ്ങളുടെ അജണ്ടകള്‍ക്ക് വഴങ്ങിത്തരാത്ത ഇന്ത്യന്‍ ജനാധിപത്യത്തെ മെരുക്കാന്‍ അദ്വാനിയേക്കാള്‍ മികച്ച നയതന്ത്രജ്ഞനായ വാജ്‌പേയിയെ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നു. “അന്ധേര ഛാത്തേഗാ, സൂരജ് നികലേഗാ, കമല്‍ ഖിലേഗാ” (അന്ധകാരം മാറും, സൂര്യനുദിക്കും, താമര വിരിയും) എന്ന് കവിയായ വാജ്‌പേയ് പ്രസംഗിച്ചത് 1980ല്‍ ബോംബെയിലെ പൊതുസമ്മേളനത്തില്‍ വച്ചാണ്. 1977ല്‍ ജനതാപാര്‍ട്ടിയില്‍ കയറി ഒളിച്ച ഭാരതീയ ജനസംഘ്, ഭാരതീയ ജനതാ പാര്‍ട്ടിയായി പുനപ്രവേശനം നടത്തിയപ്പോളായിരുന്നു അത്.
മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പേരെടുത്തിരുന്ന എബി വാജ്‌പേയ്, മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി. എല്‍കെ അദ്വാനി വാര്‍ത്താ വിതരണ – പ്രക്ഷേപണ വകുപ്പ് മന്ത്രിയും. ആദ്യമായി രണ്ട് ആര്‍എസ്എസുകാര്‍ ഇന്ത്യയുടെ കേന്ദ്ര സര്‍ക്കാരില്‍ പങ്കാളിത്തം നേടി. ഹിന്ദുമഹാസഭ നേതാവും ജനസംഘം സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖര്‍ജിക്ക് ശേഷം സംഘപരിവാറില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗമായവര്‍. പാകിസ്താനും ചൈനയുമടക്കം അയല്‍രാജ്യങ്ങളുമായി സമാധാന സ്ഥാപനത്തിന് വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ വാജ്‌പേയ് നടത്തിയ ശ്രമങ്ങള്‍ പ്രശംസിക്കപ്പെട്ടു. എന്നാല്‍ ജനത പാര്‍ട്ടിയിലും ആര്‍എസ്എസിലും ഒരേ സമയം തുടരുന്നത് വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ വാജ്പേയിയും അദ്വാനിയും രാജി വച്ചു.
ഗാന്ധി വധത്തിന്‍റെ കഴുകിക്കളയാനാകാത്ത കറയെ അടിയന്തരാവസ്ഥക്കെതിരായ ‘ജനാധിപത്യ പോരാട്ട’ത്തില്‍ കയറിക്കൂടി ആര്‍എസ്എസ് തല്‍ക്കാലത്തേക്ക് മറച്ചുപിടിച്ചിരുന്നു. എന്നാല്‍ അടിന്തരാവസ്ഥ തടവുകാരായിരുന്ന എബി വാജ്പേയിയും അന്നത്തെ ആര്‍എസ്എസ് സര്‍ സംഘചാലക് മധൂകര്‍ ദത്താത്രേയ ദേവ്രസും (ബാലാസാഹെബ് ദേവ്രസ്) ഇന്ദിര ഗാന്ധിയെ സ്തുതിച്ചും സഞ്ജയ് ഗാന്ധിയുടെ ഇരുപതിന പരിപാടിയെ പിന്തുണച്ചും തങ്ങളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടും ഇന്ദിരക്കെഴുതിയ കത്തുകള്‍ പുറത്തുവന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അപ്പോഴേക്ക് ‘വികാസ് പുരുഷ്’ (വികസനപുരുഷന്‍) ആയി വാജ്പേയിയെ വിജയകരമായി സംഘപരിവാര്‍ പ്രതിഷ്ടിക്കുകയും അധികാരം അവര്‍ നേടുകയും ചെയ്തിരുന്നു.
ബ്രിട്ടീഷ് ഗവണ്മെന്റിനു മാപ്പെഴുതികൊടുത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ വിശ്വസ്ത സേവകനായി പ്രവര്‍ത്തിക്കാം എന്ന് ഉറപ്പ് നല്‍കിയും ആന്‍ഡമാന്‍ ജയിലിലെ ഏകാന്ത തടവില്‍ നിന്നും പിന്നീട് തടവ് ശിക്ഷയില്‍ നിന്നും തന്നെ രക്ഷപ്പെട്ട വിഡി സവര്‍ക്കറിന്‍റെ രാഷ്ട്രീയ പാരമ്പര്യം വാജ്പേയിയും പിന്തുടര്‍ന്നിരുന്നതായി ആരോപണം ഉയര്‍ന്നു. വാജ്പേയിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം കാപട്യമായിരുന്നു എന്ന് ആരോപിച്ചത് നിലവിലെ ബിജെപി എംപിയും അടിയന്തരാവസ്ഥ വിരുദ്ധ ചേരിയിലുണ്ടായിരുന്ന മുന്‍ ജനത പാര്‍ട്ടി നേതാവുമായ സുബ്രമണ്യന്‍ സ്വാമിയാണ്. എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ വലിയ ശ്രദ്ധ നേടിയില്ല. ഗാന്ധി വധത്തെ തുടര്‍ന്ന് ഇന്ത്യയിലെ പൊതുസമൂഹം മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്ന ആര്‍എസ്എസിന്‍റെ രാഷ്ട്രീയ പുനപ്രവേശനത്തിനാണ് അടിയന്തരാവസ്ഥയും അതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ ജയപ്രകാശ് നാരായണനും വഴിയൊരുക്കിയത്. Emergency declared; JP, Morarji, Advani, Ashok Mehta and Vajpayee arrested എന്നായിരുന്നു 1975 ജൂണ്‍ 26ന് പുറത്തിറങ്ങിയ സംഘപരിവാര്‍ അനുകൂല പത്രം ഇന്ത്യന്‍ ഹെറാള്‍ഡിന്റെ തലക്കെട്ട്. ആര്‍എസ്എസിന്‍റെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന്‍റെ വിശ്വാസ്യതയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് വാജ്പേയിയുടെയും ദേവ്രസിന്‍റെയും മാപ്പപേക്ഷകള്‍ സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയത്.
തോല്‍വിയോടെയായിരുന്നു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വാജ്പേയിയുടെ തുടക്കം. ഗാന്ധി വന്ധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട ആര്‍എസ്എസ്, മുഖം രക്ഷിക്കുന്നതിനായി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമാകാനും ആ വഴി അധികാര പങ്കാളിത്തത്തിനും ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 1951ല്‍ ഒന്നാം ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖില്‍ ഭാരതീയ ജന്‍ സംഘ് രൂപീകരിച്ചു. വാജ്‌പേയിയുടെ പ്രസംഗത്തിലേയും എഴുത്തിലേയും മികവ് തിരിച്ചറിഞ്ഞാണ് തന്റെ സെക്രട്ടറിയും പരിഭാഷകനും സ്റ്റെനോഗ്രാഫറുമെല്ലാമായി ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി അദ്ദേഹത്തെ കൂടെക്കൂട്ടിയത്. 1951 ഒക്ടോബര്‍ മുതല്‍ 1952 മാര്‍ച്ച് വരെ നീണ്ട ലോക്‌സഭ തിരഞ്ഞടുപ്പില്‍ ലക്‌നൗവില്‍ നിന്നാണ് വാജ്‌പേയ് ജനവിധി തേടിയത്. അദ്ദേഹം പരാജയപ്പെട്ടു.
1957ല്‍ ഉത്തര്‍പ്രാദേശിലെ ബല്‍റാംപൂരില്‍ നിന്നാണ് വാജ്‌പേയ് ലോക്‌സഭയിലെത്തിയത്. മൂന്ന് മണ്ഡലങ്ങളില്‍ നിന്നാണ് അത്തവണ അദ്ദേഹം ജനവിധി തേടിയത് എന്ന പ്രത്യേകതയുണ്ട്. രണ്ടിടങ്ങളിലെ മത്സരം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സാധാരണയാണെങ്കിലും മൂന്ന് സീറ്റുകളിലെ മത്സരം ഏറെക്കുറെ അപൂര്‍വമായിരിക്കും. ഏതായാലും ബാക്കി രണ്ട് സീറ്റുകളിലും – ലക്‌നൗവിലും മഥുരയിലും വാജ്‌പേയി തോറ്റു. ലക്‌നൗ പിന്നീട് വാജ്‌പേയിയെ സ്ഥിരമായി ലോക്‌സഭയിലെത്തിക്കുന്ന മണ്ഡലമായി മാറി. 1991 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ച് തവണ വാജ്പേയി ഇവിടെ നിന്ന് ലോക്സഭയിലെത്തി. 1957 മുതല്‍ 10 തവണയാണ് വാജ്പേയ് ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്വാനിയുമായുള്ള യോജിപ്പും വിയോജിപ്പും സൗഹൃദവും അസ്വാരസ്യങ്ങളുമെല്ലാം നിറഞ്ഞ അദ്ദേഹത്തിന്റെ ബന്ധം തുടങ്ങുന്നതും ഇക്കാലത്താണ്. ജനസംഘത്തിന്‍റെ പാര്‍ലമെന്റ്റി റിസര്‍ച്ച് അസിസ്റ്റന്റ് ആയി ദീന്‍ ദയാല്‍ ഉപാധ്യായ നിയമിച്ചതായിരുന്നു അദ്വാനിയെ. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സര്‍വസമ്മതനും രാഷ്ട്രീയ എതിരാളികളുടെ ബഹുമാനം പിടിച്ചുപറ്റിയ നേതാവും ആയിരുന്നെങ്കിലും വിവാദങ്ങളില്‍ നിന്ന് മുക്തനായിരുന്നില്ല വാജ്പേയി.
“ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും” എന്ന് വാജ്‌പേയിയെക്കുറിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിക്കുന്നത് 1957ലാണ്. ആദ്യമായി ലോക്‌സഭയിലെത്തിയ 32കാരന്റെ മികച്ച ഹിന്ദി പ്രസംഗവും വിഷയാവതരണങ്ങളും ചര്‍ച്ചകളിലെ ഇടപെടലുകളും നെഹ്രു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൈന നയമടക്കം വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനും പ്രധാനമന്ത്രി നെഹ്രുവിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വാജ്പെയ് സഭയില്‍ കത്തിക്കയറി. 39 വര്‍ഷങ്ങള്‍ക്ക് ശേഷം നെഹ്രുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. നെഹ്രു വിഭാവനം ചെയ്ത മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യയെ കീറിമുറിച്ചും ചവുട്ടിത്തേച്ചുമാണെങ്കില്‍ പോലും അത് സംഭവിച്ചു. വാജ്‌പേയിയുടെ മനോഹരമായ ഹിന്ദി പ്രസംഗം കേട്ട് അതുവരെ കൂടുതലും ഇംഗ്ലീഷില്‍ സംസാരിച്ചിരുന്ന നെഹ്രു ഹിന്ദി പ്രസംഗങ്ങള്‍ കൂട്ടി എന്നൊരു കഥയുണ്ട്. “ദലിതര്‍ക്ക് അവരുടെ രക്ഷകനെ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട നേതാവിനെ നഷ്ടമായിരിക്കുന്നു. “ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അവരുടെ അഭയവും കണ്ണിലെ വെളിച്ചവും നഷ്ടപ്പെട്ടിരിക്കുന്നു. സൂര്യന്‍ അസ്തമിച്ചിരിക്കുന്നു, ഇനി നാം നക്ഷത്രങ്ങളെ നോക്കി ഗതി നിര്‍നയിക്കണം” – എന്ന് 1964 മേയില്‍ നെഹ്രു അന്തരിച്ചപ്പോള്‍ വാജ്‌പേയ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു. 1964ല്‍ നെഹ്രു മരിക്കുമ്പോള്‍ വാജ്‌പേയ് രാജ്യസഭാംഗമായിരുന്നു. 1962ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷവും സംഘപരിവാറിന്റെ ഇന്ത്യയിലെ എക്കാലത്തേയും ഏറ്റവും വലിയ ശത്രുവായ നേതാവ് നെഹ്രുവിനോടുള്ള ബഹുമാനം പല ഘട്ടങ്ങളിലും വാജ്‌പേയി മറയില്ലാതെ പ്രകടിപ്പിച്ചു.
നെഹ്രു കുടുംബത്തെയും കുടുംബ വാഴ്ചയേയും വാജ്‌പേയ് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിനതീതമായി ജവഹര്‍ലാല്‍ നെഹ്രുവിനോടും ഇന്ദിര ഗാന്ധിയോടും രാജീവ് ഗാന്ധിയോടുമുള്ള വ്യക്തിപരമായ ബഹുമാനം വാജ്‌പേയ് പുലര്‍ത്തിയിരുന്നു. ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യക്ക് നല്‍കിയ സംഭാവനകളെ പുകഴ്ത്താന്‍ വാജ്‌പേയിയ്ക്ക് മടിയുണ്ടായില്ല. പ്രതിപക്ഷ എംപിയെന്ന നിലയില്‍ നെഹ്രു സര്‍ക്കാരിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു വാജ്‌പേയി. 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ‘ദുര്‍ഗ’ എന്നാണ് വാജ്‌പേയ് ലോക് സഭയില്‍ വിശേഷിപ്പിച്ചത് എന്നത് കുറെ കാലം പ്രചാരത്തിലിരുന്ന കഥകളിലൊന്നാണ്. എന്നാല്‍ ഒരു പൊതുയോഗത്തില്‍ മറ്റൊരു ജനസംഘം നേതാവാണ് ഇന്ദിരയെ ദുര്‍ഗ എന്ന് വിളിച്ചത് എന്നും വാജ്പേയ് അല്ല എന്നും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം My Country, My Life, Vajpayee എന്ന പുസ്തകത്തില്‍ അദ്വാനി വ്യക്തമാക്കി. എന്നാല്‍ ബംഗ്ലാദേശ് യുദ്ധത്തിലെ ഇന്ദിരയുടെ നയപരമായ തീരുമാനങ്ങളെയും ബാങ്ക് ദേശസാത്കരണം അടക്കമുള്ള നടപടികളെയും വാജ്പേയ് അനുകൂലിച്ചിരുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രതിപക്ഷ എംപിയായിരുന്ന തനിക്ക് വിദേശത്ത് ചികിത്സയ്ക്കായി അദ്ദേഹം നല്‍കിയ സഹായവും സ്‌നേഹപൂര്‍വമായ പരിഗണനയും വാജ്‌പേയ് എന്നും ഓര്‍ത്തു. പ്രതിനിധാനം ചെയ്ത കടുത്ത വര്‍ഗീയ രാഷ്ട്രീയത്തിനിടയിലും വ്യക്തിപരമായ ബഹുമാനങ്ങളും നല്ല രീതിയിലുള്ള പെരുമാറ്റ രീതികളും പാര്‍ലമെന്ററി മൂല്യങ്ങളും പ്രതിപക്ഷ മര്യാദകളും വാജ്‌പേയ് കൈവിട്ടില്ല എന്നത് മറ്റ് ബിജെപി – സംഘപരിവാര്‍ നേതാക്കളില്‍ നിന്ന് വാജ്‌പേയിയെ വേറിട്ട് നിര്‍ത്തുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയും വര്‍ഗീയ ധ്രുവീകരണം വഴി രക്തരൂഷിതമായ കലാപങ്ങളിലേയ്ക്ക് ഇന്ത്യന്‍ സമൂഹത്തെ നയിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാവ് എന്ന നിലയില്‍ വാജ്‌പേയിക്ക് ഒന്നില്‍ നിന്നും കൈ കഴുകാനുമാവില്ല.
വിവാദങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് തന്നെ തുടങ്ങുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന് ആര്‍എസ്എസ് എതിരായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് തന്നെ പൂര്‍ണമായും ആര്‍എസ്എസ് എതിരായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് 1942 ഓഗസ്റ്റില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സമയത്ത്, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന വാജ്പെയിയും അദ്ദേഹത്തിന്‍റെ സഹോദരന്‍ പ്രേമും സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നതായി സംഘപരിവാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ താന്‍ ആള്‍ക്കൂട്ടത്തില്‍ വെറുതെ പോയപ്പോളാണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നും സമരത്തില്‍ തനിക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നില്ലെന്നും വാജ്പേയി പിന്നീട് പറഞ്ഞു. 1942 സെപ്റ്റംബര്‍ ഒന്നിന് മജിസ്ട്രേറ്റ് കോടതിയില്‍ തനിക്ക് തെറ്റ് പറ്റിയതായി വാജ്പേയ് കുമ്പസരിച്ചു. ഇനി മേലാല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെതിരായ ഒരു സമരത്തിന്‍റെയും ഭാഗമാകില്ലെന്നും വാജ്പേയ് ഉറപ്പ് നല്‍കി. ഉറുദുവിലാണ് വാജപേയിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രണ്ട് ലൈനിന് വേണ്ടി എന്‍ റാം നടത്തിയ അഭിമുഖ സംഭാഷണത്തില്‍ വാജ്പേയ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് കള്ളമാണെന്ന് വാജ്പേയിയുടെ ഓഫീസ് ആരോപിക്കുകയും ദ ഹിന്ദുവിനെതിരെ അപകീര്‍ത്തി കേസ് സംബന്ധിച്ച് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
വാജ്പേയിയുടെ കോടതിയിലെ മാപ്പപേക്ഷ, കുറ്റ സമ്മത മൊഴി (കടപ്പാട് – ഫ്രണ്ട് ലൈന്‍)
അടിയന്തരാവസ്ഥ കാലത്തെ ‘ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങള്‍’ സംബന്ധിച്ച ആര്‍എസ്എസിന്റെ അവകാശവാദങ്ങള്‍ പലതും കള്ളത്തരവും കാപട്യവുമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ജയിലിലിരിക്കെ ആര്‍എസ്എസ് സര്‍ സംഘചാലക് ബാലാസാഹിബ് ദേവ്രസും അന്നത്തെ ജനസംഘം നേതാവായിരുന്ന എബി വാജ്‌പേയിയും തങ്ങളെ ജയിലില്‍ നിന്ന് മോചിപ്പിച്ചാല്‍ ഇന്ദിര ഗാന്ധിയേയും സഞ്ജയ് ഗാന്ധി മുന്നോട്ടുവച്ച ഇരുപതിന പരിപാടിയേയും പിന്തുണക്കാം എന്ന് പറഞ്ഞ് ജയിലില്‍ നിന്നെഴുതിയ കത്തുകള്‍ നിലവിലെ ബിജെപി എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി തന്നെയാണ് പുറത്തുവിട്ടത്. ജയപ്രകാശ് നാരായണനും സോഷ്യലിസ്റ്റുകളും മറ്റ് പ്രതിപക്ഷ നേതാക്കളുമെല്ലാം ജയിലില്‍ കിടക്കുകയും പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്നപ്പോള്‍ ജയിലിലെ ആര്‍എസ്എസ് നേതാക്കളുടെ മനോഭാവം വഞ്ചനാപരമായിരുന്നു എന്ന് സ്വാമി തുറന്നടിച്ചു. ഇതിന് കാര്യമായ മറുപടികളുണ്ടായില്ല. ഇത് കാര്യമായ ചര്‍ച്ചയുമായില്ല. ദീന്‍ ദയാല്‍ ഉപാധ്യയുടെ ദുരൂഹ മരണത്തിന് പിന്നില്‍ വാജ്‌പേയിയ്ക്ക് പങ്കുണ്ട് എന്ന ആരോപണം പോലും സംഘപരിവാറുമായ ബന്ധപ്പെട്ട ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. 1968ല്‍ ഉപാധ്യായയുടെ മരണത്തെ തുടര്‍ന്ന് വാജ്പേയി ജനസംഘം ദേശീയ അധ്യക്ഷനായി.
Right man in the wrong Party എന്ന് വരെ ചില ലിബറലുകള്‍ വാജ്‌പേയിയെ വിശേഷിപ്പിച്ചുകളഞ്ഞു. വാജ്‌പേയിയോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ബഹുമാനമാണെന്നും മോദിയാണ് രാജ്യത്തെ ഭിന്നിപ്പിച്ചത് എന്നുമാണ് ബംഗളൂരുവില്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ ടുഡെ ടിവി നടത്തിയ ഒരു ചര്‍ച്ചയില്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു പറഞ്ഞത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലാണ് തനിക്ക് എതിര്‍പ്പ് എന്നും ‘അടല്‍ജി’ ആയിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു എന്നും പറഞ്ഞാണ് 2013ല്‍ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടത്. ഇതേ നിതീഷ് തന്നെ പിന്നെ മോദിക്കൊപ്പം ചേര്‍ന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നയതന്ത്രരമായ പെരുമാറ്റങ്ങളിലൂടെയും നിലപാട് മാറ്റങ്ങളിലൂടെയും ബിജെപിക്ക് ഇന്ത്യന്‍ പൊതുസമൂഹത്തില്‍ പ്രത്യേകിച്ച് ഇന്ത്യന്‍ മധ്യവര്‍ഗത്തില്‍ വിശ്വാസ്യതയും സ്വീകാര്യതയും നേടിക്കൊടുക്കുന്നതില്‍ വാജ്‌പേയ് വിജയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തുടനീളം വര്‍ഗീയ വിഷവും വെറുപ്പും വിതച്ച് കടന്നുപോയി വര്‍ഗീയ കലാപങ്ങളുണ്ടാക്കി നിരവധി മനുഷ്യരുടെ ചോരയൊഴുക്കാന്‍ കാരണമായ എല്‍കെ അദ്വാനിയുടെ രഥയാത്ര തെറ്റായി പോയി എന്ന് വാജ്‌പേയി ഒരിക്കലും പറഞ്ഞിട്ടില്ല. ബാബറി മസ്ജിദ് തകര്‍ക്കാന്‍ പാടില്ലായിരുന്നു എന്ന് വാജ്‌പേയി ഒരിക്കലും പറഞ്ഞിട്ടില്ല. ബാബറി മസ്ജിദ് ധ്വംസനം അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍, ഈ കുറ്റകൃത്യത്തിന് ബൗദ്ധിക പ്രേരണയായി വാജ്പേയി ഉണ്ടായിരുന്നു എന്ന് വ്യക്തമായി കുറിച്ചുവച്ചു. പ്രധാനമന്ത്രിയായിരിക്കെ 2000 ഡിസംബറില്‍ വാജ്‌പേയ് പറഞ്ഞത് രാമക്ഷേത്രം രാജ്യത്തിന്റെ ആവശ്യമാണെന്നായിരുന്നു. അയോധ്യയിലെ മുഖ്യ ക്ഷേത്ര പൂജാരിയായിരുന്ന മഹന്ത് ലാല്‍ ദാസ് ബിജെപിയുടേയും സംഘപരിവാറിന്റേയും അപകടകരമായ വര്‍ഗീയ അജണ്ടകളെ എതിര്‍ക്കുകയും ഇതിന്റെ പേരില്‍ പിന്നീട് രക്തസാക്ഷിയാകേണ്ടി വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാലത്ത് തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളുമായി നടക്കുകയായിരുന്നു വാജ്‌പേയി.
1992 ഡിസംബര്‍ അഞ്ചിന് വാജ്‌പേയ് ലക്‌നൗവില്‍ നടത്തിയ പ്രസംഗം (സംഘപരിവാര്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ തലേദിവസം):
പള്ളി പൊളിക്കാനുള്ള ആഹ്വാനമാണ് വാജ്പേയ് പരോക്ഷമായി നല്‍കുന്നത്. “ഭൂമി നിരപ്പാക്കണം. യാഗം തുടങ്ങിയാല്‍ നിര്‍മ്മാണം വേണം” – വാജ്‌പേയ് പറയുന്നു. നാളെ എന്താണ് അയോധ്യയില്‍ നടക്കാന്‍ പോകുന്നത് എന്നറിയില്ലെന്നും എനിക്ക് നാളെ അവിടെ വലിയ പണിയില്ലെന്നും വാജ്‌പേയ് പറയുന്നു.
ഒരിക്കല്‍ പോലും താന്‍ നയിച്ച മുന്നണിയെ വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കാന്‍ വാജ്‌പേയിയ്ക്ക് കഴിഞ്ഞില്ല. ഒരു ടേമിലും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതുമില്ല. 1998 മാര്‍ച്ച് മുതല്‍ 2004 മേയ് വരെ രണ്ട് സര്‍ക്കാരുകളെ തുടര്‍ച്ചയായി നയിക്കാന്‍ കഴിഞ്ഞു എന്ന് മാത്രം. ദേശീയതലത്തിലെ വിജയകരമായ ആദ്യ മുന്നണിയെ നയിച്ചത് വാജ്പേയി ആണ് എന്ന് പറയാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കടുത്ത എതിരാളികളെ പോലും തന്‍റെ നയതന്ത്രജ്ഞതയിലൂടെ കൂടെക്കൂട്ടാന്‍ വാജ്പേയിക്ക് കഴിഞ്ഞു. 1998 മാര്‍ച്ച് 19ന് വാജ്പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാവും രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചത് ശ്രദ്ധേയമായി.
അതേസമയം 1996ലെ പ്രധാനമന്ത്രി പദം 13 ദിവസത്തില്‍ അവസാനിച്ചെങ്കില്‍ പൊഖ്‌റാനില്‍ അണുബോംബ് പൊട്ടിച്ച് ‘ശക്തി’ തെളിയിച്ചതൊന്നും 1998ലെ സര്‍ക്കാരിനെ സഹായിച്ചില്ല. ജയലളിതയാണ് പാലം വലിച്ചത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാനുള്ള ജയലളിതയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് 1999 മാര്‍ച്ച് 12ന് എഐഎഡിഎംകെ എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തും പിന്‍വലിച്ചു. 1999 ഏപ്രില്‍ 17ന് ലോക് സഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വാജ്‌പേയ് മന്ത്രിസഭ പരാജയപ്പെട്ടു. സര്‍ക്കാര്‍ വീണു. എന്നാല്‍ മറ്റൊരു കക്ഷിയേയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ ലോക്‌സഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. പുതിയ സര്‍ക്കാര്‍ വരുന്നത് വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ വാജ്‌പേയ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തെ വാജ്‌പേയിയുടെ കാവല്‍പ്പണി ആ വര്‍ഷം ഒക്ടോബര്‍ വരെ നീണ്ടു. വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ.
കാര്‍ഗില്‍ യുദ്ധം വാജ്‌പേയിയ്ക്കും ബിജെപിക്കും അനുഗ്രഹമായി. വാജ്‌പേയിയ്ക്ക് കീഴില്‍ രാജ്യം ‘ഒറ്റക്കെട്ടാ’യി. ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്നുകയറിയ പാക് സൈന്യത്തെ തുരത്തിയോടിച്ച് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടി. വാജ്‌പേയിയുടെ ജനപ്രീതി ഉയര്‍ന്നു. അതേസമയം 1971ല്‍ പാകിസ്താനെ തുരത്തിയോടിച്ച് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ ഇന്ദിര ഗാന്ധിയെ ആഘോഷിച്ച പോലെ വാജ്പേയിയെ ഇന്ത്യക്കാര്‍ ആഘോഷിച്ചില്ല. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് കുറവാണ് 1999 ഒക്ടോബറില്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വാജ്പേയി നയിച്ച എന്‍ഡിഎ മുന്നണിക്ക് കിട്ടിയത് – 269 സീറ്റ്. 182 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ടിഡിപിയുടെ പിന്തുണയോടെ വാജ്പേയി സര്‍ക്കാരുണ്ടാക്കി. കാര്‍ഗില്‍ യുദ്ധം തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നു. യുദ്ധത്തിന്റെ മുറിവുണക്കാന്‍ പാകിസ്താനുമായി നടത്തിയ സമാധാനശ്രമങ്ങള്‍, ലാഹോറിലേയ്ക്കുള്ള ബസ് യാത്ര, നവാസ് ഷെരീഫുമായുള്ള ചര്‍ച്ച, പിന്നീട് ആഗ്രയില്‍ പര്‍വേസ് മുഷറഫുമായി നടത്തിയ ചര്‍ച്ച – ഇതിലെല്ലാം വിദേശനയവുമായി ബന്ധപെട്ട് വാജ്‌പേയിയുടെ ഇടപെടലുകള്‍ പ്രശംസ നേടി.
എന്നാല്‍ കാര്‍ഗിലിന്റെ വിജയാഹ്ളാദം അധികം നീണ്ടില്ല. വിവാദങ്ങളും പ്രശ്‌നങ്ങളും സര്‍ക്കാരിനെ വേട്ടയാടി. നേപ്പാളില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹര്‍കത്തുള്‍ മുജാഹിദീന്‍
ഭീകരര്‍ റാഞ്ചി. കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരാതെ അമൃത്സറിലേക്ക് പോയ വിമാനം, അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി, ഇന്ധനവും നിറച്ചാണ് കാണ്ഡഹാറിലേയ്ക്ക് പോയത്. ഭീകരരുടെ ആവശ്യപ്രകാരം ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന ഭീകരരെ വിട്ടുകൊടുത്താണ് ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. ശവപ്പെട്ടി കുംഭകോണവും ബിജെപി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണനെ കുടുക്കിയ ടെഹല്‍ക്കയുടെ സ്റ്റിംഗ് ഓപ്പറേഷനുമടക്കം അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാര്‍ മുങ്ങിക്കുളിച്ചു. അടിയന്തരാവസ്ഥ കാലത്തെ വീരനായകന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ ആരോപണങ്ങളില്‍ നാണം കെട്ടു. 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനം നടന്നുകൊണ്ടിരിക്കെ പാര്‍ലമെന്റില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ ആക്രമണം നടത്തി. വാജ്പേയി അടക്കമുള്ളവര്‍ ഈ സമയം സഭയിലുണ്ടായിരുന്നു.
നരേന്ദ്ര മോദിയെ പോലെ മാധ്യമങ്ങളെ ഭീഷണിപ്പിച്ചും പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്തുന്നതിലും സെന്‍സര്‍ഷിപ്പിന് സമാനമായ അവസ്ഥയുണ്ടാക്കുന്നതിലും വാജ്പേയ് പരാജയപ്പെട്ടു. കാബിനറ്റ് ആയിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന എല്‍കെ അദ്വാനി അടക്കം എല്ലാ മന്ത്രിമാര്‍ക്കും സ്വന്തം വകുപ്പുകളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമായിരുന്നു. ഒരു സിംഗിള്‍മാന്‍ കാബിനറ്റിനോ വണ്‍ മാന്‍ ഷോയ്ക്കോ വാജ്പേയി ശ്രമിച്ചില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനും ചരിത്രത്തിന്റെ കാവിവത്കരണത്തിനും വളച്ചൊടിക്കലുകള്‍ക്കും തുടക്കം കുറിച്ചത് വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും മോദി സര്‍ക്കാരിനെ പോലെ ആക്രമണോത്സുകമായി അത് നടപ്പാക്കാന്‍ സാധിച്ചില്ല. മതനിരപേക്ഷ ജനാധിപത്യ സ്ഥാപനങ്ങളെയോ സ്വതന്ത്ര ചിന്ത വളര്‍ത്തുന്ന സര്‍വകലാശാലകളേയോ തകര്‍ക്കാനോ ആസൂത്രണ കമ്മീഷന് അന്ത്യം കുറിക്കാനോ വാജ്‌പേയിക്ക് കഴിഞ്ഞില്ല. പശുവിന്റെ പേരില്‍ നാട്ടുകാരെ തല്ലിക്കൊന്നവരെ മാലയിട്ട് സ്വീകരിക്കാനുള്ള ധൈര്യവും അക്കാലത്ത് ബിജെപിയുടെ കേന്ദ്ര മന്ത്രിമാര്‍ക്ക് ഉണ്ടായിരുന്നില്ല. അതേസമയം സ്വകാര്യവത്കരണ നയങ്ങള്‍ വേഗത്തിലാക്കാന്‍ വാജ്പേയി സര്‍ക്കാര്‍ ശ്രമിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി ചരിത്രത്തില്‍ ആദ്യമായി മന്ത്രാലയം ഉണ്ടാക്കി. 2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് അവകാശപ്പെട്ട് ജനവിധി തേടിയ വാജ്പേയിയെയും ബിജെപിയെയും ജനങ്ങള്‍ തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാതെ വാജ്പെയ് സജീവ രാഷ്ട്രീയത്തിന് വിശ്രമം നല്‍കി.
2002 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ പൂര്‍ണ സഹായത്തോടെ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തപ്പോളാണ് ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയായ താനും തന്റെ സര്‍ക്കാരും നാണം കെടുന്നതായും ചോദ്യം ചെയ്യപ്പെടുന്നതായും വാജ്‌പേയിക്ക് തോന്നിയത്. ഉടന്‍ വാജ്‌പേയിയിലെ ജനാധിപത്യവാദി ഉണര്‍ന്നു. മാനവികത പുറത്തുവന്നു. രാജധര്‍മ്മം പാലിക്കണമെന്ന് മോദിയെ തൊട്ടടുത്തിരുത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “മുഖ്യമന്ത്രിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ” എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പതിവ് ശൈലിയില്‍ ഒന്ന് നിര്‍ത്തി വാജ്‌പേയ് ഇങ്ങനെ മറുപടി പറഞ്ഞു – “രാജ് ധര്‍മ് പാലന്‍ കരേ”. രാജ് ധര്‍മ് – വാജ്‌പേയ് ആ വാക്ക് ആവര്‍ത്തിച്ചു. നിമിഷങ്ങള്‍ നീളുന്ന നിശബ്ദത. മോദി ഈ രാജധര്‍മ്മം പാലിക്കാന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് ഒന്ന് കുത്തിക്കൊണ്ട് വാജ്‌പേയ് പറഞ്ഞു. മതത്തിന്റേയും ജാതിയുടേയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും കൂടാതെയുള്ള ഭരണ നിര്‍വഹണമാണ് താന്‍ ഉദ്ദേശിച്ചതെന്ന് തെളിഞ്ഞ ഹിന്ദിയില്‍ വാജ്‌പേയ് ഊന്നിപ്പറഞ്ഞു. വാജ്‌പേയ് പറഞ്ഞതുകേട്ട് മോദി ഒരു നിമിഷം അസ്വസ്ഥനാകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ വിളറിയ ചിരിയോടെ മോദി മോദി വാജ്‌പേയിയോട് പതിഞ്ഞ ശബ്ദത്തില്‍ പറയുന്നു – “മേ ഭി വഹി കര്‍ രഹാ ഹേ” – ഞാനും അത് തന്നെയാണ് ചെയ്യുന്നത് എന്ന് മോദി പറയുന്നത് കേള്‍ക്കാം. അപ്പോള്‍ വാജ്പേയ് പറഞ്ഞു: “അതേ, നരേന്ദ്ര ഭായിയും അത് തന്നെ ചെയ്യാനാണ് ശ്രമിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്”.
മോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ വാജ്പേയ് പാര്‍ട്ടിക്കകത്ത് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അദ്വാനിയാണ് ഇതിനെ എതിര്‍ത്ത് മോദിയെ അന്ന് രക്ഷിച്ചത് എന്നാണ് പറയുന്നത്. ആ അദ്വാനിയെ തന്നെ മോദി പിന്നീട് ഒതുക്കി ഒരു മൂലയ്ക്കിരുത്തി. ഏതായാലും താന്‍ രാജധര്‍മ്മം പാലിക്കാന്‍ ഉപദേശിച്ചു വിട്ട മോദി പ്രധാനമന്ത്രി ആയതും തന്റേതായ രീതിയില്‍ സംഘപരിവാറിന്‍റെ ധര്‍മ്മം പാലിക്കുന്നതും വാജ്പെയ് അറിഞ്ഞിട്ടുണ്ടാവുമോ എന്ന് പറയാന്‍ കഴിയില്ല.
വാജ്പേയിയുടെ ‘രാജധര്‍മ്മ’ പരാമര്‍ശം – മോദിക്കൊപ്പമുള്ള വാര്‍ത്താസമ്മേളനം (2002) – വീഡിയോ: