ഡിസംബർ 21നാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവെച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമറിയിച്ചിട്ടും ബില്ലിൽ രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കുകയായിരുന്നു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങളും അതിനെതിരെയുയർന്ന പ്രതിഷേധങ്ങളെക്കുറിച്ചും കുറച്ചുനാളായി ചർച്ചകൾ നടക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കം നിരവധി പേരെ തൊഴിൽരഹിതരാക്കുമെന്നും ഇത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നുമാണ് പല ദേശീയ മാധ്യമങ്ങളിലെയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പഴയ പദ്ധതികളെ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുക എന്നത് കേന്ദ്ര സർക്കാർ സ്ഥിരമായി പിന്തുടരുന്ന രീതിയാണ്. പലപ്പോഴും അത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക എന്നതുപോലെയാണ്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പരിശോധിക്കുമ്പോൾ, പഴയ വീഞ്ഞ് കളഞ്ഞ് അതിന്റെ സ്ഥാനത്ത് വിഷമുള്ള ഒരു പുതിയ മിശ്രിതം നിറയ്ക്കുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് 2005 ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) നടപ്പിലാക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഗ്രാമീണർക്ക് തൊഴിൽ ഒരു അവകാശമാണെന്ന് ഉറപ്പാക്കിയ ചരിത്രപരമായ നിയമമായിരുന്നു ഇത്. ഇതിലൂടെ വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ആവശ്യപ്പെടാൻ രാജ്യത്തെ ഗ്രാമീണർക്ക് നിയമപരമായ അവകാശം ലഭിച്ചു. കഴിഞ്ഞ 20 വർഷമായി, അസ്ഥിരമായ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഇത് ജീവാധാരമായി മാറി. എന്നാൽ പുതിയ ബില്ലിലൂടെ ഇത് വെറുമൊരു കേന്ദ്രാവിഷ്കൃത പദ്ധതിയായി മാറിയിരിക്കുകയാണ്.
പുതിയ ബില്ലിൽ 100 ദിവസത്തിന് പകരം 125 ദിവസത്തെ തൊഴിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് സർക്കാർ പ്രധാന നേട്ടമായി പറയുന്നത്. അതേസമയം, ഈ ഉറപ്പ് നിയമത്തിലെ ഉള്ളടക്കത്തിലില്ലെന്നും പേരിൽ മാത്രമാണുള്ളതെന്നുമാണ് ലഭിക്കുന്ന വിവരം. യഥാർത്ഥത്തിൽ സർക്കാർ ലക്ഷ്യം ഗ്രാമവികസനമോ അധിക തൊഴിൽദിനങ്ങളോ ആയിരുന്നെങ്കിൽ, MGNREGA റദ്ദാക്കില്ലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കണമെന്ന നിയമവ്യവസ്ഥയുണ്ടായിട്ടും കേന്ദ്ര സർക്കാർ 50–55 ദിവസത്തിൽ കൂടുതൽ ജോലി നൽകിയിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഴയ പദ്ധതിയിൽ 90 ശതമാനമായിരുന്നു കേന്ദ്രവിഹിതം. പുതിയ ബില്ലിൽ അത് 60 ശതമാനമായി കുറയുകയും ബാക്കി 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരികയും ചെയ്യുന്നു. 125 ദിവസം തൊഴിൽ നൽകുമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, നിലവിൽ ശരാശരി 50-55 ദിവസം പോലും ജോലി നൽകാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. 2025 ലെ കണക്കനുസരിച്ച് വെറും 7% ഗുണഭോക്താക്കൾക്ക് മാത്രമാണ് 100 ദിവസത്തെ ജോലി ലഭിച്ചത്.
സംസ്ഥാനങ്ങൾക്ക് എത്ര ദിവസം ജോലി നൽകണമെന്ന് കേന്ദ്രം തീരുമാനിക്കും, ബജറ്റ് പരിധിയും നടപ്പാക്കൽ രീതിയും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും, ഉത്തരവാദിത്തം സംസ്ഥാനങ്ങളിലേക്ക് മാറുമെങ്കിലും അധികാരം കേന്ദ്രത്തിന് തന്നെയാകും ഇവയാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങൾ. ഇതിനൊപ്പമാണ് 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുന്നത്. MGNREGAയിൽ പോലും കേന്ദ്രം ചില സംസ്ഥാനങ്ങൾക്ക് ഫണ്ട് തടഞ്ഞുവച്ചിരുന്നു. ആധാർ അധിഷ്ഠിത പേയ്മെൻ്റ് സിസ്റ്റവും ഇ-കെവൈസി നിർബന്ധമാക്കിയതും ദശലക്ഷക്കണക്കിന് തൊഴിലാളികളെ പദ്ധതിയിൽ നിന്ന് പുറത്താക്കാൻ കാരണമായി. 2025 ഒക്ടോബർ-നവംബർ മാസങ്ങളിൽ മാത്രം 27 ലക്ഷം പേരെയാണ് ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്തത്.
ഒരു സാർവത്രികമായ പദ്ധതിയെ അതിൻ്റെ ആശയത്തിൽ നിന്ന് തന്നെ മാറ്റുന്ന നീക്കമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലാളികളുടെ അവകാശത്തെ ഔദാര്യമാക്കി മാറ്റുന്ന നയം അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് എം. ലിജു അഴിമുഖത്തോട് പ്രതികരിച്ചു.
‘കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കത്തെ രണ്ട് തരത്തിലാണ് നമുക്ക് കാണാൻ കഴിയുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം തന്നെ, പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു തന്ത്രമാണ്. ഗാന്ധിജിയോടും ദേശീയ പ്രസ്ഥാനത്തിൻ്റെ ചിഹ്നങ്ങളോടുമുള്ള കേന്ദ്രത്തിൻ്റെ ആശയപരമായ എതിർപ്പും ഇതിൽ വ്യക്തമാണ്. ഇവരാരും തന്നെ നമ്മുടെ ഹീറോസ് അല്ല എന്ന് തോന്നിപ്പിക്കാൻ വേണ്ടി തങ്ങളുടെ അണികൾക്കും അവർ ഒരു സന്ദേശം നൽകുകയാണ്.
കേന്ദ്ര സർക്കാരിൻ്റെ ആത്യന്തികമായ ലക്ഷ്യം ദേശീയ തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കണമെന്നുള്ളതാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പറഞ്ഞ് കഴിഞ്ഞാൽ അത് അവകാശത്തിൽ അധിഷ്ഠിതമായ ഒന്നായിരുന്നു. എന്നാൽ നിലവിൽ അതല്ല നടക്കുന്നത്. മുൻപ് ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചായിരുന്നു തൊഴിലുറപ്പ് പദ്ധതി നടത്തിപ്പോന്നിരുന്നത്. അതായത് ജനങ്ങൾ ആവശ്യപ്പെടുന്ന ഇടങ്ങളിൽ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു. ഇനി മുതൽ ബജറ്റ് വിഹിതത്തിൻ്റെ പരിധിയിൽ, കേന്ദ്രം ദേശീയ തലത്തിൽ പ്ലാൻ ചെയ്യുന്നവയിൽ മാത്രമേ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുകയുള്ളൂ. അങ്ങനെ വരുമ്പോൾ എല്ലാ പഞ്ചായത്തുകളിലും പദ്ധതി ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഒരു സാർവത്രികമായ പദ്ധതിയിൽ നിന്നും ഇവർ മുന്നോട്ട് വെയ്ക്കുന്ന ചില സ്ഥലങ്ങളിൽ മാത്രം നടപ്പാക്കുന്ന ഒന്നായി തൊഴിലുറപ്പ് പദ്ധതി മാറുന്നു. അവകാശം എന്ന ആശയം ഇവിടെ നടപ്പാകുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മുൻപ് 90 ശതമാനം വിഹിതം കേന്ദ്രവും 10 ശതമാനം സംസ്ഥാനവുമായിരുന്നു വഹിക്കേണ്ടത്. എന്നാൽ വിഹിതത്തിൻ്റെ 40 ശതമാനം ചുമതല സംസ്ഥാനത്തിന് മേൽ വരുമ്പോൾ ഓരോ സംസ്ഥാനങ്ങളുടേയും സാമ്പത്തിക സ്ഥിതിയനുസരിച്ച് മാത്രമാകും പദ്ധതി നടപ്പിലാക്കാൻ സാധിക്കുന്നത്. ഇത് പലപ്പോഴും സംസ്ഥാനങ്ങൾക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.
125 ദിവസത്തെ തൊഴിൽ ദിനങ്ങളാണ് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. പല സൈറ്റുകളും പരിശോധിച്ചാൽ മനസിലാകുന്ന കാര്യം, 92 ദിവസങ്ങൾ വന്നിരിക്കുന്നത് തന്നെ മാക്സിമമാണ്. നിലവിലുള്ള തൊഴിൽദിനങ്ങൾ പോലും ഉപയോഗിക്കാതിരിക്കുന്ന സാഹചര്യത്തിൽ 125 തൊഴിൽ ദിനങ്ങളെന്ന വാഗ്ദാനം തികച്ചും തെറ്റാണ്.
തൊഴിലുറപ്പ് വന്നതോടെ ഒരു മിനിമം കൂലിക്ക് ജോലിയെടുക്കാൻ തൊഴിലാളികൾക്ക് കഴിയുമെന്നായി. അതുകൊണ്ട് തന്നെ പലർക്കും ഭൂ ഉടമകൾ നൽകുന്ന കുറഞ്ഞ വേതനത്തിന് പണിയെടുക്കേണ്ടി വന്നിരുന്നില്ല. എന്നാൽ കാർഷികവൃത്തി നടക്കുന്ന ഈ സമയങ്ങളിൽ തൊഴിലുറപ്പ് ഇല്ലായെന്ന് പറയുകയാണെങ്കിൽ തൊഴിലാളികൾക്ക് അവരുടെ വിലപേശൽ ശക്തി നഷ്ടമാവുകയും മുതലാളിമാരുടെ ഔദാര്യത്തിന് വേണ്ടി കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും. അതൊരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല’, എം. ലിജു അഴിമുഖത്തോട് പ്രതികരിച്ചു. വിഷയത്തിൽ സിപിഎം നേതാക്കളെ അഴിമുഖം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
കേന്ദ്രീകൃത നിയന്ത്രണം പൂർണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് തുടക്കം മുതൽ തന്നെ വിമർശനങ്ങളുയർന്നിരുന്നു. ഇത് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ നിയന്ത്രിക്കാനും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നേരിട്ടുള്ള ധനസഹായം വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള ആയുധമായി കേന്ദ്രം ഉപയോഗിക്കുമെന്നും വിമർശനമുണ്ട്. ഗ്രാമീണ ജനതയുടെ ജീവരേഖയായ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുകയും ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് അധികാരം കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കുകയുമാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിബി–ജി റാം ജിയിൽ ഒപ്പുവെച്ചതോടെ വ്യക്തമാകുന്നത്.
Content Summary: vbgramg bill new scheme to replace mgnrega, VB-G Ramji Bill that eliminates job ‘security’
This post was last modified on December 24, 2025 8:06 am
Leave a Comment