June 18, 2025 |
Avatar
അമർനാഥ്‌
Share on

വേലുപ്പിള്ള പ്രഭാകരന്‍; തമ്പിയില്‍ നിന്ന് അണ്ണനിലേക്ക്

രാജീവ് ഗാന്ധി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രഭാകരന്റെ പതനത്തിന്റെ തുടക്കം

മൂന്ന് പതിറ്റാണ്ട് നീണ്ട ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനം 2009 മെയ് 18 ന് ചോരപ്പുഴയൊഴുക്കി അവസാനിച്ചു. കൊടും തീവ്രവാദത്തിന്റെ അവസാന വാക്കുകളിലൊന്നായ എല്‍.ടി.ടി.ഇ. എന്ന തമിഴ് വിമോചന പ്രസ്ഥാനം ശ്രീലങ്കന്‍ പട്ടാളം എന്നെന്നേയ്ക്കുമായി തുടച്ചുനീക്കി. തമിഴരുടെ ദളപതി വേലുപ്പിള്ള പ്രഭാകരനും അയാളുടെ തമിഴ് ഈഴവും അതോടെ ചരിത്രമായി മാറി.

ശ്രീലങ്കയിലെ വെല്‍വെറ്റിത്തുറ കടല്‍ക്കരയില്‍ നിന്നാരംഭിച്ച് നന്ദി കടല്‍ തടാകത്തില്‍ അവസാനിച്ച തിരുവെങ്കിടം വേലുപ്പിള്ള പ്രഭാകരന്‍ ലോകത്തിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും മാരകകരമായ തീവ്രവാദി സംഘടനയായി മാറിയ എല്‍.ടി.ടി.ഇ എന്ന വിമോചനപ്രസ്ഥാനം പടുത്തുയര്‍ത്തിയ കഥ.

veluppillai prabhakaran

1987 ൽ പ്രഭാകരൻ

‘തമ്പി’യെന്ന് ആദരപൂര്‍വ്വം വെല്‍വെറ്റിതുറക്കാര്‍ വിളിച്ച വേലുപ്പിള്ള പ്രഭാകരന്‍ ‘അണ്ണന്‍’ എന്ന വിളിപ്പേരിലേക്ക് പരിണമിച്ച് അനിഷേധ്യ നേതാവായ കഥ.

1983 ജൂലൈ 15, നാല്‍പ്പത്തി രണ്ടുവര്‍ഷം മുന്‍പ് ശ്രീലങ്കയിലെ കാന്‍ഡി റോഡിലൂടെ ആ സായാഹ്നത്തില്‍ ഓടുന്ന മിനി ബസ്സില്‍ യാത്ര ചെയ്തിരുന്ന 12 യാത്രക്കാര്‍ സാധാരണക്കാരായിരുന്നില്ല. സിവിലിയന്‍ വേഷത്തിലുള്ള തീവ്രവാദികളെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച ശ്രീലങ്കന്‍ പട്ടാളത്തിലെ സ്‌പെഷ്യല്‍ കമാന്‍ഡോ യൂണിറ്റായിരുന്നു. ജാഫ്‌നയിലെ ഇന്റലിജന്‍സ് മേധാവി മേജര്‍ ശരത് മുനി സിംഗയായിരുന്നു ഒരു പ്രത്യേക ദൗത്യത്തിന് പോകുകയായിരുന്ന ആ യൂണിറ്റിന്റെ തലവന്‍. മുനി സിംഗയെ സംബന്ധിച്ചിടത്തോളം അതൊരു കാട്ടു താറാവിനെ വേട്ടയാടാന്‍ പോകുന്നത് പോലെയാണെങ്കിലും വളരെ പ്രധാനപ്പെട്ട ദൗത്യമായിരുന്നു.

ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ശപിക്കപ്പെട്ട, രക്തരൂക്ഷിതമായ ഒരു വര്‍ഷമാണ് 1983. 42 കൊല്ലം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ച വര്‍ഷം. അതിന് തുടക്കം കുറിച്ച സംഭവ പരമ്പരയിലെ ആദ്യത്തെ അദ്ധ്യായമായിരുന്നു ശരത് മുനി സിംഗയുടെ നേരെത്തെ പറഞ്ഞ ദൗത്യം. ശരത് മുനി സിംഗയുടെ നിര്‍ദേശമനുസരിച്ച് എല്‍ ടി ടി ഇ വേഷം ധരിച്ച രണ്ട് പട്ടാളക്കാര്‍ ഒരു ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു മിനി ബസ് തട്ടിയെടുത്തു. എല്‍ ടി ടി ഇ ക്കാരുടെ ഇത്തരം ചെയ്തികള്‍ ആ പ്രദേശത്ത് സാധാരണയായതിനാല്‍ ആരും സംശയിച്ചില്ല. ആ ബസിലാണ് അവര്‍ ഈ ദൗത്യത്തിന് പുറപ്പെട്ടത്.

LTTE

1990 കളിൽ ഇന്ത്യാ ശ്രീലങ്ക കരാറിൻ്റെ കാലത്ത് പ്രഭാകരൻ കിള്ളിനൊച്ചിയിലെ ആസ്ഥാനത്ത്

ശ്രീലങ്കന്‍ മേജര്‍ ശരത് മുനി സിംഗ തമിഴര്‍ക്ക് ആധിപത്യമുള്ള വടക്കുകിഴക്കന്‍ മേഖലയായ ജാഫ്‌നയില്‍ തമിഴ് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ട് തമിഴ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ സായുധ കലാപങ്ങളാരംഭിച്ചു കഴിഞ്ഞിരുന്നു. സിംഹളരും ഭരണകൂടവും അതിനെ ശക്തമായി അടിച്ചമര്‍ത്താനാരംഭിച്ചതോടെ വംശീയ കലാപമായി മാറി. 1948ല്‍ ശ്രീലങ്ക സ്വതന്ത്രമായതോടെ ഏറെ താമസിയാതെ തമിഴ് വംശജര്‍ക്കെതിരെ സിംഹളര്‍ കലാപമഴിച്ചുവിട്ടു. 1956 മുതല്‍ 1981 വരെ നാല് തവണ തമിഴര്‍ക്കെതിരെ രൂക്ഷമായ സംഘടിത ആക്രമണമുണ്ടായി. ഇതിനെ ചെറുക്കാന്‍ തമിഴര്‍ സംഘടിച്ചെങ്കിലും അത് ഒരു കൂട്ടായ്മയില്‍ ഒതുങ്ങിയില്ല. 1980 കളോടെ പല സായുധ സംഘടനകളും രൂപംകൊണ്ടു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 1976ല്‍ രൂപംകൊണ്ട എല്‍. ടി. ടി. ഇ.

വടക്കന്‍ ശ്രീലങ്കയിലെ കടലോര ഗ്രാമമായ വെല്‍വെറ്റിത്തുറെയില്‍ തിരുവെങ്കിടം പിള്ളയുടെ മകനായി 1953ല്‍ ജനിച്ച വേലുപ്പിള്ള പ്രഭാകരന്‍ തമിഴര്‍ക്കെതിരെ സിംഹളര്‍ നടത്തിയ കൊടുംക്രൂരതകളുടെ കഥ കേട്ടാണ് വളര്‍ന്നത്. പിതാവ് ഗാന്ധിയനാണെങ്കിലും മകന്‍ സുഭാഷ് ചന്ദ്രബോസിന്റെ കടുത്ത ആരാധകനായിരുന്നു. സായുധ വിപ്ലവത്തിലൂടെ മാത്രമേ തമിഴര്‍ക്ക് സ്വന്തം രാജ്യം നേടാനാവൂ എന്ന് ഉറച്ചുവിശ്വസിച്ച തമിഴന്‍. 1960 കളില്‍ കല്‍ക്കി വാരികയില്‍ വന്ന തമിഴ് എഴുത്തുകാരനായ രാസു നല്ല പെരുമാളിന്റെ ‘കല്ലുക്കള്‍ ഈരം’ എന്ന ചരിത്രനോവല്‍ – ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്ന നേതാജിയെപ്പോലെ ഒരു നായകന്റെ വീരകഥയാണത്. ആ കൃതി അയാളെ അളവറ്റ് സ്വാധീനിച്ചു. അതില്‍ നിന്ന് ആവേശം കൊണ്ട് പത്തൊമ്പതാം വയസില്‍ കുറച്ച് ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഇന്ത്യന്‍ വിപ്ലവ നായകരുടേയും, ചെഗുവേര, ഹോ ചിമിന്‍ എന്നിവരുടെയും സാഹസികമായ പോരാട്ടങ്ങള്‍ വായിച്ചറിഞ്ഞ് ആവേശം കൊണ്ട് അയാള്‍ ‘തമിഴ് ന്യൂ ടൈഗേഴ്‌സ്’ എന്നൊരു സായുധ സംഘടന രൂപീകരിച്ചു.

leaders of LTTE

ശ്രീലങ്കയിലെ തമിഴ് വിമോചന സംഘടനാ നേതാക്കൾ സീരി സഭാരത്നം (TELO) , വി. പ്രഭാകരൻ(LTTE ), വി. ബാലകുമാർ (EROS) , കെ.പത്മനാഭ (EPRLF) 1987 ലെ ഇന്ത്യാ ശ്രീലങ്ക കരാറിൻ്റെ ചർച്ചകൾക്കിടയിൽ

ഇതാണ് പിന്നീട് ഈഴം എന്ന വാക്ക് ചേര്‍ത്ത് ‘ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം’ എല്‍ ടി ടി ഇ ആയി മാറിയത്. ‘തമ്പി’യെന്ന് ആദരപൂര്‍വ്വം വെല്‍വെറ്റി തുറക്കാര്‍ വിളിച്ച വേലുപ്പിള്ള പ്രഭാകരന്‍ ‘അണ്ണന്‍’ എന്ന വിളിപ്പേരിലേക്ക് പരിണമിച്ച് അനിഷേധ്യ നേതാവായ കഥ അവിടെ തുടങ്ങുന്നു. വേലുപ്പിള്ള പ്രഭാകരന്‍ 80 കളോടെ തമിഴ് – സിംഹള ശത്രുത ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി. ഏത് സമയത്തും ഒരു വംശീയ കലാപം ആസന്നമായിരുന്നു. എല്‍ ടി ടി ഇ യെ കൂടാതെ സീരി സഭാരത്‌നം നയിക്കുന്ന ടി ഇ എല്‍ ഒ (തമിഴ് ഈഴം ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) കെ പത്മനാഭയുടെ ഇപി.ആര്‍.എല്‍.എഫ് (ഈഴം പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്) ഉമാമഹേശ്വന്റെ പി.എല്‍.ഒ.ടി.ഇ (പീപ്പിള്‍സ് ലിബറേഷന്‍ ഓഫ് തമിഴ് ഈഴം) വി ബാലകുമാറിന്റെ നേതൃത്വത്തിലുള്ള ഇ.ഒ.ആര്‍.എസ് (ഈഴം റവല്യൂഷണറി ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ്) എന്നിവയായിരുന്നു പ്രധാനപ്പെട്ട തമിഴ് വിമോചന പ്രസ്ഥാനങ്ങള്‍. തമിഴ് ദേശീയ വാദത്തിന് എതിരായ ഒരു സ്വരവും ഇവര്‍ വെച്ചു പൊറുപ്പിച്ചില്ല. സിംഹളരുടെ വേട്ടയാടലില്‍ നിന്ന് രക്ഷനേടാന്‍ തെക്കന്‍ ശ്രീലങ്കയില്‍ നിന്ന് തമിഴര്‍ കൂട്ടത്തോടെ വടക്കന്‍ ഭാഗത്തേക്ക് വരാന്‍ തുടങ്ങിയതോടെ വിമോചന പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് ശക്തി പ്രാപിക്കാന്‍ തുടങ്ങി. ഈ വിമോചന സംഘടനകളുടെ ഒരു നേതാവിനും വേലുപ്പിളള പ്രഭാകരന്റെ വ്യക്തി പ്രഭാവമോ നേതൃത്വഗുണമോ ധീരതയോ ഉണ്ടായിരുന്നില്ല.

1983 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശം വഴി RAW (റിസര്‍ച്ച് അനാലിസിസ് വിംഗ്) ഇന്ത്യന്‍ സഹായം നല്‍കി ഇവര്‍ക്കെല്ലാം രഹസ്യമായി പണവും ആയുധങ്ങളും നിര്‍ലോഭം നല്‍കി സഹായിച്ചു. പക്ഷെ, ഇതില്‍ ഒരു സംഘടനയ്ക്കും കിട്ടാത്ത ഒന്ന് എല്‍. ടി. ടി. ഇ.ക്കും വേലുപ്പിള്ള പ്രഭാകരനുമുണ്ടായിരുന്നു. അക്കാലത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം ജി ആറിന്റെ പരിപൂര്‍ണ്ണ പിന്തുണ.

അങ്ങനെ ശ്രീലങ്ക ആളിക്കത്തുന്നതിന് ഒരു തീപ്പൊരി മാത്രം മതിയായിരുന്ന ആ സാഹചര്യത്തിലാണ് ശരത് മുനിസിംഗ ഒരു പ്രധാന ദൗത്യത്തിനായ് പുലിമടയിലേക്ക് തന്റെ സേനയെ നയിച്ചത്. അതിന് ഒരാഴ്ച മുന്‍പ് ജാഫ്‌നയിലെ ശ്രീലങ്കന്‍ പട്ടാളത്തിന്റെ ആയുധപ്പുര എല്‍.ടി.ടി.ഇ.ക്കാര്‍ ആക്രമിച്ച് കുറെ സ്‌ഫോടക സാമഗ്രികള്‍ കടത്തിക്കൊണ്ടുപോയിരുന്നു. തുടരെ തുടരെ ജാഫ്‌നയില്‍ പട്ടാളത്തിന് നേരെ ആക്രമണങ്ങളുണ്ടായി. പട്ടാള നിയമത്തിന് കീഴിലുള്ള ജാഫ്‌ന പുകയാന്‍ തുടങ്ങി. ഇതിനു പിന്നില്‍ എല്‍. ടി. ടി. ഇ യാണെന്ന് മനസ്സിലാക്കിയ പട്ടാളം അതിന്റെ തലവനേയും കണ്ടെത്തി. ശീലന്‍ എന്നറിയപ്പെട്ട ‘ചാള്‍സ് ആന്റണി’യായിരുന്നു ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍. എല്‍ ടി ടി ഇ യില്‍ രണ്ടാമനായ ചാള്‍സ് ആന്റണി പ്രഭാകരന്റെ ഏറ്റവും വിശ്വസ്തനായ അനുയായിയായിരുന്നു. ട്രിങ്കോമാലിയിലെ ഒരു സാധാരണ കുടംബത്തില്‍ ജനിച്ച ശീലന്‍ ചെറുപ്പത്തിലെ തമിഴ് പോരാട്ട പ്രസ്ഥാനങ്ങളില്‍ സജീവമായി. ജാഫ്‌നയിലെ വാവുന്നിയയില്‍ പൂന്തോട്ടം എന്ന നാല്‍പ്പത് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ വേലുപ്പിള്ള പ്രഭാകരന്‍ ആകെയുള്ള അന്നത്തെ 20 എല്‍ ടി ടി ഇ അംഗങ്ങള്‍ക്ക് ആദ്യത്തെ ആയുധപരിശീലന ക്യാമ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ആദ്യത്തെ കേഡര്‍ ചാള്‍സ് ആന്റണിയായിരുന്നു.

cyanide tigers of LTTE

LTTE യിലെ സയനൈഡ് പുലികൾ

വലിയൊരു ആക്രമണത്തിന് എല്‍ ടി ടി ഇ തയ്യാറെടുക്കുകയാണെന്ന് ശ്രീലങ്കന്‍ ഇന്റിലിജന്‍സ് ലങ്കന്‍ സൈനിക മേധാവികളെ അറിയിച്ചു. പരിഭ്രാന്തിയിലാണ്ട അവര്‍ എന്ത് വില കൊടുത്തും ജാഫ്‌നയില്‍ പുലികളെ ഇല്ലാതാക്കണമെന്നും സൈനിക ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ചാള്‍സ് ആന്റണിയെന്ന ഭീകരനെ വകവരുത്തണമെന്നും ഉന്നതസൈന്യ മേധാവികള്‍ ഉറപ്പിച്ചു.

ജാഫ്‌നയിലെ മീശൈലെയില്‍ എല്‍.ടി.ടി.ഇ യുടെ ഒരു രഹസ്യ താവളത്തെക്കുറിച്ച് ഇന്റലിജന്‍സിന് അറിവ് കിട്ടി. പ്രാദേശിക പോലീസുകാരുടെ സഹായത്തോടെ ഏകദേശ ചിത്രം ലഭിച്ചതോടെ ശരത് മുനി സിംഗ തന്റെ ടീമുമായി ദൗത്യത്തിന് പുറപ്പെട്ടു. ഹോളിവുഡ് ചലച്ചിത്രങ്ങളിലെ യുദ്ധരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന പോരാട്ടങ്ങളായിരുന്നു പിന്നീട് നടന്നത്.

വൈകിട്ട് അഞ്ച് മണിയോടെ മീശൈലെയില്‍ ബസില്‍ എത്തിയ പട്ടാളസംഘം കിണഞ്ഞു ശ്രമിച്ചെങ്കിലും പുലികളേയോ അവരുടെ താവളത്തേയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. നേരം ഇരുട്ടാന്‍ തുടങ്ങിയതോടെ നിരാശരായി ശരത് മുനി സിംഗയും സംഘവും തിരിച്ചുപോകാന്‍ ഒരുങ്ങി. ആറ് മണിയോടെ കാന്‍ഡി റോഡിലൂടെ വേഗത്തില്‍ പോയ മിനി ബസ്സിന് കുറെ മുന്‍പിലായി റോഡിലൂടെ രണ്ടുപേര്‍ സൈക്കിളോടിച്ച് പോകുന്നത് അവര്‍ കണ്ടു. ഒരാളുടെ സൈക്കിളിന്റെ പില്യണില്‍ മറ്റൊരാള്‍ കൂടി ഇരുന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു. മിലിറ്ററി യൂണിഫോമിലായിരുന്ന മൂന്നു പേരില്‍ ഒരാളുടെ തോളില്‍ യന്ത്രതോക്ക് തൂങ്ങിക്കിടക്കുന്നത് ബസിലുള്ളവര്‍ കണ്ടു. ഉടനെ വണ്ടി ഓടിച്ചിരുന്ന ശരത് മുനിസിംഗ മിനി ബസ് വേഗത്തില്‍ സൈക്കിള്‍ യാത്രക്കാരുടെ തൊട്ടടുത്ത് കൊണ്ടുവന്നു നിറുത്തി. ബസിലെ കമാന്‍ഡോകള്‍ ചാടിയിറങ്ങി സൈക്കിള്‍ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. അവര്‍ സൈക്കിള്‍ ഉപക്ഷിച്ച് തൊട്ടടുത്ത നെല്‍പാടത്തിലൂടെ ഓടാനാരംഭിച്ചു. ഒരു മതിലിന് മറവില്‍ നിന്ന് മൂന്നു പേരും തിരിച്ച് പട്ടാളക്കാരെ വെടിവെച്ചെങ്കിലും അല്‍പ്പനേരത്തെ പോരാട്ടത്തിന് ശേഷം പട്ടാളക്കാരുടെ വെടിയേറ്റ് രണ്ട് പേര്‍ വീണു. രക്ഷപ്പെടാനായി ഓടിയ ആള്‍ നിലത്ത് വെടിയേറ്റ് വീണവനെ താങ്ങിയെടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കമാന്‍ഡോകളുടെ വെടിയുണ്ടകളുടെ പേമാരി നേരിടാനാവാതെ ഓടി രക്ഷപ്പെട്ടു. നേരം ഇരുട്ടിയതിനാല്‍ ശരത് മുനി സിംഗയും സംഘവും പോരാട്ടം അവസാനിപ്പിച്ച് തിരികെ പട്ടാളക്യാമ്പിലെത്തി.

Prabhakaran in front of charles antony

ചാൾസ് ആൻ്റണിയുടെ ചിത്രത്തിന് മുന്നിൽ പ്രഭാകരൻ

പോലീസ് രണ്ട് ശവശരീരങ്ങളും ജാഫ്‌ന ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേര്‍ ആരാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ജാഫ്‌ന പട്ടാള കമാന്‍ഡര്‍ മേജര്‍ അശോക് ജയവര്‍ദ്ധനെയും മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്മാരും രംഗത്തെത്തി. അതിനിടെ പട്ടാളത്തിന്റെ ഒരു ഇന്‍ഫോര്‍മര്‍ അതിലൊരാളെ തിരിച്ചറിഞ്ഞു. ‘ഇത് ശീലനാണ്, ചാള്‍സ് ആന്റണി എല്‍ ടി ടി ഇ പുലികളിലെ രണ്ടാമന്‍’ അയാള്‍ പറഞ്ഞു. ശരത് മുനി സിംഗയും ജയവര്‍ദ്ധനെയും അത് വിശ്വസിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ട്രിങ്കോമാലിയിലെ വീട്ടില്‍ നിന്ന് ശീലന്റെ മാതാവിനെ പട്ടാള ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന് മൃതശരീരം കാണിച്ചാണ് ചാള്‍സ് ആന്റണിയാണെന്ന് സ്ഥിരീകരിച്ചത്. അതോടെ ശരത് മുനി സിംഗയും ജയവര്‍ദ്ധനെയും അതീവ സന്തോഷത്തിലായി. വിവരം പട്ടാള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിയതോടെ ശ്രീലങ്കന്‍ ഭരണകൂടവും പട്ടാളവും ആഹ്ലാദത്തിലായി. അവര്‍ വന്‍ ആഘോഷത്തിലമര്‍ന്നു. തങ്ങള്‍ വിജയിച്ചു. വിമോചനപുലികളിലെ പ്രമുഖനെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ‘LTTE finished ‘ എന്ന തലക്കെട്ടുകളോടെ കൊളംബോ പത്രങ്ങളും പ്രാദേശിക സിംഹള പത്രങ്ങളും പിറ്റേന്ന് ചാള്‍സ് ആന്റണിയെന്ന തീവ്രവാദിയുടെ മരണം വന്‍ വാര്‍ത്തയാക്കി. പുലികളുടെ രണ്ടാമന്റെ അന്ത്യം ആ എല്‍ ടി ടി ഇ യെ ദുര്‍ബലമാക്കും എന്നതും പട്ടാളത്തെ സന്തോഷിപ്പിച്ചു. തങ്ങളുടെ ആക്രമണത്തിലൂടെ വെടിയേറ്റാണ് ചാള്‍സ് ആന്റണി കൊല്ലപ്പെട്ടത് എന്നായിരുന്നു ശരത് മുനി സിംഗയും പട്ടാളവും കരുതിയത്, എന്നാല്‍ വാസ്തവം അതായിരുന്നില്ല.

ചാള്‍സ് ആന്റണിയെ കൂടാതെ സൈക്കിളില്‍ ഉണ്ടായിരുന്ന എല്‍.ടി.ടി.ഇ പോരാളികള്‍ അനന്തന്‍, അരുണ എന്നിവരായിരുന്നു. പട്ടാളത്തിന്റെ വെടിയേറ്റ് ആദ്യം തന്നെ അനന്തന്‍ മരണമടഞ്ഞു. ചാള്‍സ് ആന്റണിക്ക് നേരത്തെ ഒരു ആക്രമണത്തില്‍ കാല്‍ മുട്ടിന് പരിക്കേറ്റതിനാല്‍ ഓടാനായില്ല. താന്‍ ജീവനോടെ പിടിക്കപ്പെടുമെന്ന് കണ്ട അയാള്‍ അരുണയോട് തന്നെ വെടിവെച്ച് കൊന്ന് തന്റെ ആയുധവുമായി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. സ്തബ്ദനായ അരുണ മടിച്ച് നിന്നപ്പോള്‍ ചാള്‍സ് തോക്കിന്‍ കുഴല്‍ തന്റെ ശിരസ്സില്‍ ചേര്‍ത്ത് പിടിച്ചു ‘ഷൂട്ട്’ എന്നലറി. പട്ടാളം അടുത്തെത്തും മുന്‍പ് അത് ചെയ്യാന്‍ അയാള്‍ വിളിച്ച് പറഞ്ഞു. ഒടുവില്‍ അരുണ തന്റെ നേതാവിന്റെ ആജ്ഞ അനുസരിച്ച് കാഞ്ചി വലിച്ചു. ചാള്‍സ് ആന്റണിയുടെ തലയിലൂടെ ബുള്ളറ്റ് പാഞ്ഞപ്പോള്‍ അയാള്‍ തല്‍ക്ഷണം മരിച്ചു വീണു. വെടിയേറ്റ അരുണ കമാന്‍ഡോകള്‍ പിടികൂടും മുന്‍പ് ഓടി രക്ഷപ്പെട്ടു. വിടുതലെ പ്രസ്ഥാനത്തിന് വേണ്ടി ആദ്യത്തെ പ്രമുഖ രക്തസാക്ഷിയായിരുന്നു ചാള്‍സ് ആന്റണി. പിന്നീട് എല്‍ ടി ടി ഇ ചരിത്രത്തില്‍ പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ഇതിഹാസ നായകനായി അയാള്‍ വാഴ്ത്തപ്പെട്ടു. വേലുപ്പിള്ള പ്രഭാകരന്‍ തന്റെ മൂത്ത മകന് ചാള്‍സ് ആന്റണിയെന്ന് പേര് നല്‍കിയാണ് ഏറ്റവും വിശസ്തനോട് കൂറ് കാണിച്ചത്.

എല്‍ ടി ടി ഇ വന്‍ സൈനിക ശക്തിയായപ്പോള്‍ ഒരു സൈനിക യൂണിറ്റിന് പേര് നല്‍കിയത് ‘ചാള്‍സ് ആന്റണി ബ്രിഗേഡ്’ എന്നായിരുന്നു. തന്റെ വിശ്വസ്തരുടെ മരണത്തെ അയാള്‍ നിര്‍വ്വികാരനായല്ല കണ്ടിരുന്നത്. ചാള്‍സിന്റെ മരണം പ്രഭാകരനെ ഞെട്ടിച്ചു. പക്ഷേ, അതോടെ അയാള്‍ കൂടുതല്‍ അപകടകാരിയായി. അടുത്ത ദിവസം സൈന്യവുമായി ഏറ്റുമുട്ടി മരിച്ച രണ്ട് വീര യോദ്ധക്കളെയും ആദരിച്ചു കൊണ്ട് രണ്ട് പേരുടെയും പടങ്ങളുള്ള എല്‍ ടി ടി ഇ പോസ്റ്ററുകള്‍ ജാഫ്‌നയിലും വടക്കന്‍ ശ്രീലങ്കയിലെല്ലായിടത്തും പ്രത്യക്ഷപ്പെട്ടു. വീര മൃത്യുവിലൂടെ ജനങ്ങളെ ആകര്‍ഷിക്കുകയെന്നത് എല്ലാ കാലത്തും എല്‍ ടി ടി ഇ യുടെ ഏറ്റവും ശക്തമായ പ്രചരണായുധമായിരുന്നു. മരണത്തിലൂടെ ജനങ്ങളില്‍ യുദ്ധ ഭ്രാന്ത് ആളിപ്പടര്‍ത്താന്‍ ഇതുവഴി കഴിയും.

ചാള്‍സ് ആന്റണിയുടെ മരണവും പിന്നീട് നടന്ന സംഭവങ്ങളുമാണ് മൂന്ന് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടത്. ചാള്‍സ് ആന്റണിയുടെ മരണത്തിന് തക്ക തിരിച്ചടി കൊടുക്കാനായി പ്രഭാകരന്‍ ഒരുങ്ങി. താന്‍ ദുര്‍ബലനായിട്ടില്ലെന്നും കൂടുതല്‍ അപകടകാരിയാണെന്ന് ലോകത്തിനെ അറിയിക്കാനായിരുന്നു പുലി നേതാവിന്റെ നീക്കം. സൈന്യത്തിന് നേരെയുള്ള ആക്രമണം പ്രസ്ഥാനത്തിന്റെ ഗറില്ലാ യുദ്ധത്തിന്റെ മികവ് ലോകത്തിനും സിംഹള ഭരണകൂടത്തിനും മനസ്സിലാക്കി കൊടുക്കാനുള്ള അവസരമാണെന്ന് വേലുപ്പിളള പ്രഭാകരന്‍ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ‘നാം തിരിച്ചടിക്കണം. ശ്രീലങ്കന്‍ സൈന്യത്തിനെ ഒരു പാഠം പഠിപ്പിക്കണം’.

1983 ജൂലൈ 23ന് രാത്രി പതിനൊന്ന് മണിക്ക് പട്ടാളത്തിന്റെ പട്രോളിംഗ് വാഹനത്തിന്റെ മടക്കയാത്രാ റൂട്ടിലുള്ള, ജാഫ്‌നയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള തിനവേളിയില്‍ പുലികള്‍ സമ്മേളിച്ചു. എല്ലാ പ്രമുഖ പോരാളികളും അവിടെ പ്രഭാകരന്റെ നേതൃത്വത്തില്‍ ആക്രമണത്തിന് തയ്യാറായി. കിട്ടു, അയ്യര്‍, വിക്ടര്‍, പുലീന്ദ്രന്‍ തുടങ്ങിയ എല്‍ ടി ടി ഇ യിലെ പ്രധാനികളെല്ലാം അവിടെയുണ്ടായിരുന്നു. പ്രധാന റോഡില്‍ ലാന്‍ഡ് മൈന്‍ പാകി ഇരുവശത്തും അവര്‍ പതിയിരുന്നു.

sarath muni singha

1983 ജൂലൈയിലെ ദൗത്യസംഘത്തലവന്‍ മേജർ ശരത് മുനിസിംഗ

രാത്രിയിലെ പട്രോളിംഗ് തലവന്‍ വ്യാസ് ഗുണവര്‍ദ്ധന ഒരു ജീപ്പിലും പിറകെ ഒരു പത്ത് പട്ടാളക്കാരുളള ഒരു ട്രക്കുമായാണ് രാത്രിയിലെ നിശാനിയമമുള്ള ജാഫ്‌നയില്‍ പട്രോളിംഗ് നടത്തിയിരുന്നത്. ജാഫ്‌ന മുഴുവന്‍ ചുറ്റിയടിച്ച വാഹനവ്യൂഹം എല്ലാം ശാന്തമാണെന്ന് കണ്ട് തിരിച്ച് പട്ടാള ക്യാമ്പിലേക്ക് പോകാനായി തിരുനെല്‍വേലിയിലെ റോഡിലെത്തി. കടന്നുപോകുന്ന ജീപ്പ് ഒരു നിശ്ചിത പോയന്റില്‍ എത്തിയപ്പോള്‍ പെട്ടെന്ന് റോഡില്‍ പാകിയ മൈന്‍ ഇടിവെട്ടും പോലെ പൊട്ടിത്തെറിച്ചു!. മുന്നിലുള്ള ജീപ്പ് ഒരു അഗ്‌നിഗോളമായി വായുവിലേക്ക് ഉയര്‍ന്നു. പിറകിലുള്ള ട്രക്ക് ഇതിന്റെ ആഘാതമൊഴിവാക്കാനായി ഡ്രൈവര്‍ ചവുട്ടി നിറുത്തി. അപ്പോള്‍ രണ്ടാമത്തെ മൈനും പൊട്ടിത്തെറിച്ചു. പട്ടാള ട്രക്കിന് മുന്നില്‍ റോഡില്‍ വലിയൊരു ഗര്‍ത്തം രൂപംകൊണ്ടു. സ്‌ഫോടനത്തിന്റെ ഭയനാകമായ ഉച്ചത്തിലുള്ള ശബ്ദം ഗുരുനഗറിലുള്ള പട്ടാളക്യാമ്പിലും നാല് കിലോമീറ്റര്‍ ചുറ്റളവിലും മുഴങ്ങിക്കേട്ടു. ജീപ്പിലുണ്ടായിരുന്ന തലവന്‍ ഗുണവര്‍ദ്ധനെയടക്കം നാല് പട്ടാളക്കാരും ആ നിമിഷം ചിതറിത്തെറിച്ചു. പ്രഭാകരനും കൂട്ടാളികളും പട്ടാള ട്രക്കിന് നേരെ വെടിയുതിര്‍ത്തു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ശ്രീലങ്കന്‍ പട്ടാളക്കാര്‍ ഒന്നൊന്നായി വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു ഓഫീസറെയും 12 പട്ടാളക്കാരെയും പ്രഭാകരന്‍ ആസൂത്രിതമായ നീക്കത്തിലൂടെ പതിയിരുന്നാക്രമിച്ച് വകവരുത്തി സ്ഥലം വിട്ടു. തന്റെ സംഘത്തില്‍ പെട്ട, തിനവേളി ആക്രമണം ആസൂത്രണം ചെയ്ത വിമോചനപ്പോരാളി സെല്ലക്കിളി ട്രക്കിലുണ്ടായിരുന്ന പട്ടാളക്കാരുടെ തിരിച്ചുള്ള ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതൊഴിച്ചാല്‍ പ്രഭാകരന്റെ ഈ മിന്നലാക്രമണം വിജയകരമായിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ പട്ടാളത്തെ ഞെട്ടിച്ചു. തന്റെ വിശ്വസ്തനായ പോരാളി ചാള്‍സ് ആന്റണിയുടെ മരണത്തിന് പ്രഭാകരന്‍ ശ്രീലങ്കന്‍ പട്ടാളത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു. ശ്രീലങ്കന്‍ പട്ടാളത്തിനെതിരെയുള്ള എല്‍ ടി ടി ഇ യുടെ ആദ്യത്തെ സംഘടിത ആക്രമണമായിരുന്നു ഇത്.

തിരുനെല്‍വേലി ആക്രമണം ശ്രീലങ്കന്‍ ചരിത്രത്തിന്റെ ഗതി മാറ്റി. അത് തമിഴരുടെ ചരിത്രത്തിന്റെ ഗതിയും മാറ്റിമറിച്ചു. എല്ലാറ്റിനുമുപരിയായി അത് ശ്രീലങ്കന്‍ തമിഴരുടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ചു. ഇതിനിടയില്‍ ജാഫ്‌നയില്‍ നിയന്ത്രണം വിട്ട പട്ടാളക്കാര്‍ ട്രക്കുകളില്‍ ക്യാമ്പുകളില്‍ നിന്ന് പുറത്ത് വന്ന് തമിഴരെ ആക്രമിച്ചു. അവര്‍ ഒരു ബസ് തടഞ്ഞ് നിര്‍ത്തി അതിലുള്ള യൂണിഫോം ധരിച്ച തമിഴരായ 9 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറത്തിറക്കി വെടിവെച്ച് കൊന്നു. മൂന്നിടങ്ങളിലായ് 51 പേരെ പട്ടാളം വധിക്കുകയും നൂറോളം കടകളും തമിഴ് ഭവനങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ശ്രീലങ്കന്‍ പട്ടാളക്കാരുടെ തേര്‍വാഴ്ചയില്‍ സാധാരണ തമിഴരെ രക്ഷിക്കാന്‍ ഒരു പ്രസ്ഥാനവും എത്തിയില്ല.

കൊല്ലപ്പെട്ട ശ്രീലങ്കന്‍ പട്ടാളക്കാരെ കൊളംബോയിലെ കനാട്ടെ ശ്മശാനത്തില്‍ അടക്കിയ ശേഷം ജൂലൈ 23ന് കൊളംബോയില്‍ തമിഴര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴര്‍ തെരുവില്‍ കശാപ്പ് ചെയ്യപ്പെട്ടു. അവരുടെ കടകള്‍ കൊള്ള ചെയ്യപ്പെടുകയും വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. തമിഴരുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയെന്ന നിഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നതിനാല്‍ കര്‍ഫ്യൂവോ പട്ടാള നിയമമോ പ്രഖ്യാപിക്കാതെ ഭരണകൂടം നിഷ്‌ക്രിയത്വം പാലിച്ചു. ‘കറുത്ത ജൂലൈ’ എന്നറിയപ്പെട്ട ഈ വംശീയ കലാപത്തില്‍ 6,000 ത്തോളം തമിഴര്‍ കൊല്ലപ്പെട്ടു. 2,000 തമിഴര്‍ അംഗവിഹീനരായി. അറുന്നൂറോളം സ്ത്രീകള്‍ മാനഭംഗത്തിനിരയായി.

കൊളംബോയിലെ ഏറ്റവും വലിയ സെന്‍ട്രല്‍ ജയിലായ ‘വെല്ലിക്കട’ യിലാണ് ഭീകരമായ ക്രൂരത നടമാടിയത്. ജയില്‍ അധികാരികളുടെ ഒത്താശയോടെ സിംഹള തടവുകാര്‍ അവിടെയുണ്ടായിരുന്ന 56 തമിഴ് രാഷ്ട്രീയ തടവുകാരെ വെട്ടിയും കുത്തിയും കശാപ്പ് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ടെലോ നേതാവ് കുട്ടുമണിയും തങ്കദുരെയും ഉണ്ടായിരുന്നു. ആ കാലത്ത് കൊളംബോ കലാപം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം ഇന്ത്യന്‍ പത്ര പ്രതിനിധിയായിരുന്നു ‘ടെലിഗ്രാഫ്’ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ലേഖിക അനിതാ പ്രതാപ്. അവരുടെ റിപ്പോര്‍ട്ടുകള്‍ വഴിയാണ് ശ്രീലങ്കയിലെ തമിഴ് വിരുദ്ധ കലാപ വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം ഇന്ത്യയിലറിയുന്നതും ഇന്ത്യ ഉടനടി ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതും.

പക്ഷേ ആ ഇടപെടല്‍ രണ്ട് രാജ്യങ്ങള്‍ക്കും പിന്നീടുള്ള വര്‍ഷങ്ങള്‍ തീരാത്ത ദുരന്തം വരുത്തി വെച്ചു. ജൂലൈ കലാപത്തിന് ശേഷം തമിഴ് വിമോചന സംഘടനകള്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. പ്രഭാകരന്‍ ഒഴിച്ചുള്ള നേതാക്കളെല്ലാം മദ്രാസില്‍ ഓഫീസ് തുറന്ന് പരസ്യമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.

1983ലെ കലാപം പ്രഭാകരനെയും എല്‍.ടി.ടി.ഇ.യെയും വളര്‍ത്തി. തങ്ങളാണ് തമിഴരുടെ യഥാര്‍ത്ഥ പ്രതിനിധികള്‍ എന്ന് ലോകത്തിന് മുന്നില്‍ വരുത്തി തീര്‍ക്കലായിരുന്നു അയാള്‍ ആദ്യം ചെയ്തത്. ആദ്യം മറ്റൊരു വിമോചന സംഘടനയായ ടെലോവിന്റെ സീരി സഭാരത്‌നത്തെ ജാഫ്‌നയില്‍ വെച്ച് മൃഗീയമായി കൊലപ്പെടുത്തി. ‘റോ’യുമായി ടെലോ രഹസ്യ ധാരണയുണ്ടാക്കി. തമിഴ് ഈഴം എന്ന സങ്കല്‍പ്പം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ‘ടെലോ’ എന്ന സംഘടന നിരോധിച്ചതായി എല്‍ ടി ടി ഇ ജാഫ്‌നയില്‍ പ്രഖ്യാപിച്ചു. എല്‍ ടി ടി ഇ ജാഫ്‌ന കമാന്‍ഡര്‍ കിട്ടുവിന്റെ നേതൃത്വത്തില്‍ ടെലോ അംഗങ്ങളെ ഉന്‍മൂലനം ചെയ്തു.

‘ഇന്ത്യന്‍ ശിങ്കിടികള്‍’ എന്ന് ആരോപിച്ച് ചെന്നൈയില്‍ മിന്നലാക്രമണത്തിലൂടെ തമിഴ് വിമോചന സംഘടനയായ ഇ.ആര്‍.എല്‍.എഫ് നേതാവ് കെ പത്മനാഭയേയും അതിന്റെ മറ്റ് പ്രധാന നേതാക്കളേയും വധിച്ചു. പിന്നീട് രാജീവ് ഗാന്ധിയെ വധിച്ച പദ്ധതിയുടെ സൂത്രധാരന്‍ ശിവരശനായിരുന്നു ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ഇന്ത്യയിലെത്തി പത്മനാഭയെ വധിച്ചത്. ഇതോടെയാണ് ശിവരശന്‍ പ്രഭാകരന്റെ ‘ഹിറ്റ് മാനാകുന്നത്’. മറ്റൊരു പ്രധാനി ‘PLOT’ ന്റെ ഉമാമഹേശ്വരന്‍ നേരത്തെ തന്നെ കൊല്ലപ്പെട്ടതിനാല്‍ തടസ്സങ്ങളൊന്നും ഇല്ലാതെ പ്രഭാകരന്‍ ശ്രീലങ്കന്‍ തമിഴ് ഈഴത്തിന്റെ ഏക ഛത്രപതിയായി.

prabhakaran death news

2009 മെയ് 19, ശ്രീലങ്കൻ പത്രങ്ങളിൽ പ്രഭാകരൻ്റെ മരണവാർത്ത

ആദ്യകാലങ്ങളിലെ നിസ്വാര്‍ഥമായ നേതൃത്വ ഗുണവും അണികളില്‍ നിന്നുള്ള അചഞ്ചലമായ കൂറും സമ്മേളിച്ച പ്രഭാകരനേപ്പോലെ ഒരു സൈനിക നേതാവ് ആധുനിക ചരിത്രത്തിലില്ല. 1987ലെ ഇന്ത്യ – ശ്രീലങ്ക കരാര്‍ അട്ടിമറിച്ച പ്രഭാകരന്‍, ശ്രീലങ്കയില്‍ തമിഴരെ സഹായിക്കാനെത്തിയ ഇന്ത്യന്‍ സമാധാന സേന (ഐ.പി.കെ.എഫ്) ക്കെതിരെ പോരാടി. പ്രഭാകരന്‍ ഏറെ താമസിയാതെ ഇന്ത്യന്‍ സേനയെ മുട്ടുകുത്തിച്ചു. രണ്ടായിരത്തോളം ഇന്ത്യന്‍ പട്ടാളക്കാര്‍ ശ്രീലങ്കയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അറുന്നൂറോളം പേര്‍ അംഗവിഹീനരായി. കോടിക്കണക്കിന് രൂപ ചിലവായി. പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നു പോലും നേടാതെ ഇന്ത്യന്‍ സമാധാന സേനയ്ക്ക് മുറിവേറ്റ അഭിമാനവുമായി ശ്രീലങ്ക വിടേണ്ടി വന്നു.

മുപ്പത് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ശ്രീലങ്കയുടെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വികസനം തകര്‍ന്നടിഞ്ഞു. പുലികളാകട്ടെ രാജ്യത്തിനുള്ളിലെ രാജ്യമായി തമിഴ് സ്വാധീന പ്രദേശങ്ങള്‍ ഭരിച്ചു. സ്വന്തം പോലീസ്, സ്വന്തം നിയമസംഹിത, സ്വന്തം കോടതി എന്നിവയിലൂടെ കിള്ളിനോച്ചി ആസ്ഥാനമായി അടക്കി ഭരിച്ചു. ലോക തമിഴമാരുടെ ദളപതിയായി അവരോധിക്കപ്പെട്ട വേലുപ്പിള്ള പ്രഭാകരന്‍ ലോകത്തിലെ തന്നെ ഒന്നാംനിര ഗറില്ലാ പോരാളിയായി ഉയര്‍ന്നു. നൈഡ് പുലികള്‍ ഇന്ത്യന്‍ സൈന്യത്തെ വെള്ളം കുടിപ്പിച്ച് പരാജയപ്പെടുത്തി തിരിച്ചയച്ചതോടെ വേലുപ്പിള്ള പ്രഭാകരനെ ഉലകനായകനായി ലോക തമിഴര്‍ കാണാന്‍ തുടങ്ങി. താമസിയാതെ ഒരു വ്യോമസേനയും പ്രഭാകരന്‍ സൃഷ്ടിച്ചെടുത്തു. ഒരു ഭീകര സംഘടനക്കുള്ള അപൂര്‍വ്വ നേട്ടം.

നേരത്തെ തന്നെ എല്‍ ടി ടി ഇ ചാവേറുകളുടെ ‘കരിമ്പുലി’ എന്ന വരേണ്യവര്‍ഗത്തെ പ്രഭാകരന്‍ വളര്‍ത്തിയെടുത്തു. ഈഴത്തെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാനും ശ്രീലങ്കയിലെ സാമ്പത്തിക സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനും ഈ ചാവേറുകളെ അയച്ചു. ലക്ഷ്യത്തിന് സമീപത്ത് എത്തുമ്പോള്‍ മാത്രം പൊട്ടിച്ചിതറുന്ന മനുഷ്യ ബോംബുകള്‍. രാജീവ് ഗാന്ധി, പ്രേമദാസ, ഗാമിനി ദിസനായിക തുടങ്ങിയ നേതാക്കളെ എല്‍ ടി ടി ഇ മനുഷ്യ ബോംബുകളെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. എല്‍ ടി ടി ഇ ചാവേര്‍ ബോംബുകളുടെ ക്രൂരമായ വിജയ സ്തംഭങ്ങളാണ്. രാജീവ് ഗാന്ധിയെ വധിക്കുകയെന്ന ചരിത്രപരമായ ‘വിഡ്ഢിത്തം’ പ്രഭാകരനേയും പ്രസ്ഥാനത്തേയും നാശത്തിലേക്ക് നയിച്ചു.

Velupillai Prabhakaran

വേലുപ്പിള്ള പ്രഭാകരൻ 1989 ൽ

ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മെയ് ല്‍ ചാവേറാക്രമണത്തില്‍ വധിച്ചതോടെയാണ് പ്രഭാകരന്റെ പതനത്തിന്റെ ആരംഭം. ഇന്ത്യയുടെ പിന്‍തുണ നഷ്ടപ്പെട്ടത് പ്രസ്ഥാനത്തിനേറ്റ കനത്ത അടിയായിരുന്നു. ചരിത്രപരമായ വിഡ്ഢിത്തരം എന്ന് സംഘടനയുടെ സൈദ്ധാന്തികന്‍ ‘ആന്റണ്‍ ബാലശിങ്കം’ പിന്നീട് ലണ്ടനില്‍ വെച്ച് ഏറ്റുപറഞ്ഞു.

മുതിര്‍ന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ ജോസി ജോസഫ് വേലുപ്പിള്ള പ്രഭാകരനെ വിലയിരുത്തിയത് ഇങ്ങനെ: ‘ഏറ്റവും വിജയി. കൊടും ക്രൂരന്‍, കുശാഗ്ര ബുദ്ധിയുള്ളവന്‍, ദീര്‍ഘവീക്ഷണമുള്ളവന്‍. ഒപ്പം പമ്പര വിഡ്ഢി’. വെല്‍വെറ്റിത്തുറയില്‍ നിന്ന് ആരംഭിച്ച് നന്ദിക്കടല്‍ തടാകക്കരയില്‍ 2009 മെയ് 18ന് വേലുപ്പിള്ള പ്രഭാകരന്‍ അവസാനിച്ചപ്പോഴും, അര നൂറ്റാണ്ടുകാലമായി തുടരുന്ന ലക്ഷക്കണക്കിന് ജീവനും സ്വത്തും സമയവും പാഴായിട്ടും ശ്രീലങ്കന്‍ തമിഴരുടെ യഥാര്‍ത്ഥ പ്രശ്‌ന പരിഹാരം ഒരടി പോലും മുന്നോട്ട് പോയിരുന്നില്ല എന്നതാണ് ഇപ്പോഴും നിലനില്‍ക്കുന്ന സത്യം.

Content Summary: Velupillai Prabhakaran: 16 years since the Sri Lankan army wiped out the LTTE

Leave a Reply

Your email address will not be published. Required fields are marked *

×