January 19, 2025 |
Share on

തോറ്റ മഡുറോ ആണോ പ്രസിഡന്റായത്? വെനസ്വേലയില്‍ പ്രതിപക്ഷ വിജയം അംഗീകരിച്ച് അമേരിക്ക

തെരഞ്ഞെടുപ്പ് ഫലം പുറത്തു വിടണമെന്ന് ബ്രസീലും കൊളംബിയയും മെക്‌സിക്കോയും

വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന എഡ്മണ്ടോ ഗോണ്‍സാല്‍വസ് ഉറൂട്ടിയയുടെ വിജയം അംഗീകരിച്ച് അമേരിക്ക. നിക്കോളസ് മഡുറോയെ വിജയിയാക്കിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ പ്രഖ്യാപനം യു എസ് ഭരണകൂടം തള്ളി.

ജൂലൈ 28 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചത് ഗോണ്‍സാല്‍വസ് ഉറൂട്ടിയ ആയിരുന്നുവെന്ന് അമേരിക്കയ്ക്കും, വെനസ്വേലയില ജനങ്ങള്‍ക്കും പുറത്തു വന്ന തെളിവുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

ഞായറാഴ്ച്ച രാത്രി രാജ്യത്തെ ഇലക്ടറല്‍ കൗണ്‍സില്‍ മഡുറോയെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇത്തവണ മൂന്നാം ഊഴത്തില്‍ മഡുറോ വീഴുമെന്നായിരുന്നു പ്രവചനങ്ങളെല്ലാം തന്നെ. ഹ്യൂഗോ ഷാവേസിന്റെ കാലം മുതല്‍ നീളുന്ന സോഷ്യലിസ്റ്റ് ഭരണത്തിന് ഇത്തവണ അവസാനമുണ്ടാകുമെന്നായിരുന്നു ഏറെക്കുറെ എല്ലാവരും വിശ്വസിച്ചിരുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും അതിനൊപ്പം ജനത്തെ ബുദ്ധിമുട്ടിലാക്കിയ മനുഷ്യാവകാശ ധ്വംസനങ്ങളും മഡുറോയ്ക്ക് വിനയാകുമെന്ന ജനവികാരം ശക്തമായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. മറുഡോയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗോണ്‍സാല്‍വസ് ഉറൂട്ടിയയും പ്രതിപക്ഷ നേതാവ് മരിയ കൊറിന മക്കാഡോയും തെരഞ്ഞെടുപ്പ് ഫലത്തില്‍ നടന്ന അട്ടിമറി തുറന്നു കാട്ടി രംഗത്തു വന്നിരുന്നു. വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്നും മഡുറോ നേരിട്ടത് പരാജയമായിരുന്നുവെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. വോട്ടിംഗ് മെഷീനിലെ ടാലി ഷീറ്റുകള്‍ മുന്‍ നിര്‍ത്തിയായിരുന്നു മഡുറോയുടെ വിജയം ജനാധിപത്യത്തെ അട്ടിമറിച്ചുള്ളതാണെന്ന് പ്രതിപക്ഷം വാദിച്ചത്.

കാല്‍ നൂറ്റാണ്ടത്തെ സോഷ്യലിസം വെനസ്വേലയില്‍ അവസാനിക്കുന്നോ?

യഥാര്‍ത്ഥ വോട്ടിംഗ് കണക്കുകള്‍ പുറത്തു വിടാനും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സ്വതന്ത്രമായ അവലോകനം നടത്താനും മഡുറോ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുന്ന സമയത്ത് തന്നെയാണ്, അമേരിക്ക പ്രതിപക്ഷത്തിന്റെ വിജയം അംഗീകരിച്ച് രംഗത്തു വന്നിരിക്കുന്നത്.

തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ, മെക്‌സികോ എന്നിവിടങ്ങളില്‍ നിന്നും മഡുറോ ഭരണകൂടത്തിന് മേല്‍ നിരന്തരമായ സമ്മര്‍ദ്ദമുണ്ട്. യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വിടണമെന്നും, നിഷപ്ക്ഷമായ പരിശോധനയ്ക്ക് അനുവദിക്കണമെന്നുമാണ് അയല്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി തന്നെ വെനസ്വേലിയന്‍ സര്‍ക്കാരിനെ ബന്ധപ്പെടുന്നുണ്ടെന്നാണ് ഒരു ബ്രസീല്‍ ഉദ്യോഗസ്ഥന്‍ അസോഷ്യേറ്റ് പ്രസ്സിനോട് പ്രതികരിച്ചത്. യഥാര്‍ത്ഥ ഫലം പുറത്തു വന്നാല്‍ മാത്രമെ ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം ഉത്തരം കിട്ടൂ എന്നും ആ ഉദ്യോഗസ്ഥന്‍ പറയുന്നു.

ബ്രസീല്‍ ഉദ്യോഗസ്ഥനെ പോലെ, പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ അസോഷ്യേറ്റ് പ്രസ്സിനോട് സംസാരിച്ച ഒരു മെക്‌സിക്കോ ഉദ്യോഗസ്ഥന്‍ പറഞ്ഞത്, മൂന്നു രാജ്യങ്ങളും(ബ്രസീല്‍, കൊളംബിയ, മെക്‌സിക്കോ) വെനസ്വേല സര്‍ക്കാരിനോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടും അവര്‍ യഥാര്‍ത്ഥ ഫലങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായിട്ടില്ലെന്നാണ്. വോട്ടിംഗ് ഫലം പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡേഴ്‌സ് മാനുവല്‍ ലോപ്പസ് ഒബ്‌റഡോര്‍ പറയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡി സില്‍വ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും ഒബ്‌റഡോര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post Thumbnail
'മോദിയും താക്കൂറും സഭയെ തെറ്റിദ്ധരിപ്പിച്ചു'; സ്പീക്കര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ്വായിക്കുക

വ്യാഴാഴ്ച്ച ബ്രസീല്‍, മെക്‌സിക്കോ, കൊളംബിയ സര്‍ക്കാരുകള്‍ സംയുക്തമായി പുറത്തു വിട്ട പ്രസ്താവനയില്‍ വെനസ്വേലയിലെ തെരഞ്ഞെടുപ്പ് അധികാരികളോട് വോട്ടിംഗ് ഫലങ്ങള്‍ എത്രയും വേഗത്തില്‍ പരസ്യമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ നിഷ്പക്ഷതയിലൂടെ ജനകീയ പരമാധികാരത്തിന്റെ അടിസ്ഥാന തത്വം മാനിക്കപ്പെടണമെന്നാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിശദമായ വോട്ടിംഗ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മഡുറോ ഭരണകൂടത്തെ പ്രേരിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ നയതന്ത്രപരമായ മാര്‍ഗങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

തിങ്കളാഴ്ച്ച മഡുറോയുടെ വിജയപ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരേ ഉണ്ടായ പ്രതികാര നടപടിയില്‍ 11 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് രാജ്യത്തെ മനുഷ്യാവകാശ സംഘടനയായ ഫോറോ പീനല്‍ ആരോപിക്കുന്നത്. നൂറു കണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് മക്കാഡോയുടെയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഗോണ്‍സാല്‍വസ് ഉറൂട്ടിയയുടെയും നേതൃത്വത്തില്‍ തലസ്ഥാനമായ കാരക്കാസില്‍ വന്‍ ജനകീയ റാലി സംഘടിപ്പിച്ചിരുന്നു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷം ഇരുവരെയും ഇതുവരെ പൊതുജനമധ്യത്തില്‍ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മരിയ കൊറിന മക്കാഡോയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വന്നതോടെയാണ് ഉറൂട്ടിയ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായത്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ഗെ റോഡിഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. മക്കാഡോയും ഉറൂട്ടിയയും ക്രിമിനലുകളും ഫാസിസ്റ്റുകളുമാണെന്നാണ് മഡുറോയുടെ അടുത്ത അനുയായി കൂടിയായ റോഡിഗ്രസ് ആരോപിച്ചത്. venezuela president election us recognises opposition candidate as winner,protest against nicolas maduro government 

Content Summary; venezuela president election us recognises opposition candidate as winner,protest against nicolas maduro government

×