June 04, 2026 |
Share on

‘ഞങ്ങള്‍ തീരുമാനിക്കും, ഗ്രീന്‍ കാര്‍ഡുമായി ആജീവനാന്തം അമേരിക്കയില്‍ താമസിക്കാനാകില്ല’

ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ആശങ്കയിലാക്കി വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

കുടിയേറ്റ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിപ്പിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഗ്രീന്‍ കാര്‍ഡ് ഉടമകളോടുള്ള വാന്‍സിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സ്ഥിരമായി അമേരിക്കയില്‍ കഴിയാമെന്ന വിചാരം ഉപേക്ഷിച്ചേക്കണമെന്നാണ് ഗ്രീന്‍ കാര്‍ഡ് ഉടമകളോട് വൈസ് പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.

ചൊവ്വാഴ്ച്ച ഫോക്‌സ് ന്യൂസിന്റെ ദി ഇന്‍ഗ്രാം ആംഗിള്‍ എന്ന പരിപാടിയിലാണ് ജെ.ഡി വാന്‍സ് ട്രംപ് ഭരണകൂടത്തിന്റെ നയം വ്യക്തമാക്കിയത്. ഒരു ഗ്രീന്‍ കാര്‍ഡ് ഉടമയ്ക്ക് അമേരിക്കയില്‍ തുടരാന്‍ അനിശ്ചിതകാലത്തെ അവകാശമില്ല’ എന്നായിരുന്നു വൈസ് പ്രസിഡന്റ് പറഞ്ഞത്. മുന്നിലുള്ള പ്രശ്‌നം പ്രധാനമായും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചല്ല, മറിച്ച് ദേശീയ സുരക്ഷയെക്കുറിച്ചും, കൂടുതല്‍ നിര്‍ണായകമായി, അമേരിക്കന്‍ സമൂഹത്തിന്റെ അതിരുകള്‍ നിര്‍വചിക്കുന്നതിനെക്കുറിച്ചുമാണ് എന്നാണ് വാന്‍സ് പറയുന്നത്. ‘ഇത് അടിസ്ഥാനപരമായി അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല,’ വാന്‍സ് പറയുന്നു. ‘ഇത് ദേശീയ സുരക്ഷയെക്കുറിച്ചാണ്, എന്നാല്‍ അതിലും പ്രധാനമായി, നമ്മുടെ ദേശീയ സമൂഹത്തില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് നമ്മള്‍ തീരുമാനിക്കുന്നു എന്നതിനെക്കുറിച്ചാണ്’ താന്‍ പറയുന്ന കാര്യങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് പ്രതികരിക്കുന്നു.

ഗ്രീന്‍ കാര്‍ഡ് ഉടമകളായ വിദേശ പൗരന്മാര്‍ക്ക് യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ആജീവനാന്തം അമേരിക്കയില്‍ തുടരാന്‍ ഗ്രീന്‍ കാര്ഡ് ഗ്യാരണ്ടി നല്‍കുന്നില്ലെന്നാണ് വാന്‍സ് ഊന്നിപ്പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ഒരാളുടെ സാന്നിധ്യം ഇനി അഭികാമ്യമല്ലെന്ന് പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍, ആ വ്യക്തിക്ക് അമേരിക്കയില്‍ തുടരാന്‍ നിയമപരമായ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് വൈസ് പ്രസിഡന്റ് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍, രാജ്യത്ത് ആര്‍ക്കൊക്കെ തുടരാം, ആര്‍ക്കൊക്കെ കഴിയില്ല എന്ന് ഭരണകൂടം തീരുമാനിക്കും.

ട്രംപ് ഭരണകൂടം കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പലസ്തീന്‍ അനുകൂല പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായ കൊളംബിയ സര്‍വകലാശാല വിദ്യാര്‍ത്ഥി മഹ്‌മൂദ് ഖലീലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഖലീലിനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് ട്രംപ് സര്‍ക്കാര്‍. ആരാണ് ട്രംപ് നാടുകടത്താന്‍ ശ്രമിക്കുന്ന മഹ്‌മൂദ് ഖലീല്‍?    

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) നിയമം അനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താമസിക്കുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ചില അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്.

അവകാശങ്ങള്‍
നാടുകടത്താവുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യാത്തിടത്തോളം ഒരു ഗ്രീന്‍ കാര്‍ഡ് ഉടമയ്ക്ക് യുഎസില്‍ സ്ഥിരമായി താമസിക്കാം.

സുരക്ഷാ കാരണങ്ങളാല്‍ യുഎസ് പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ചില തസ്തികകള്‍ ഒഴികെ, മറ്റേത് നിയമപരമായ ജോലിയില്‍ പ്രവേശിക്കാനും ഗ്രീന്‍ഡ് കാര്‍ഡ് ഉടമയ്ക്ക് അവകാശമുണ്ട്.

നിയമപരമായ പരിരക്ഷകള്‍ ഉറപ്പാക്കുന്നു. ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ യുഎസ് നിയമങ്ങളാലും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ സംരക്ഷിക്കപ്പെടും.

ഉത്തരവാദിത്തങ്ങള്‍
എല്ലാ യുഎസ് നിയമങ്ങളും അനുസരിക്കുക; സംസ്ഥാന, പ്രാദേശിക നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ.

ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ അവരുടെ വരുമാനം ഐആര്‍എസ്-നും സംസ്ഥാന നികുതി അധികാരികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യണം.

ജനാധിപത്യ സര്‍ക്കാരിനെ പിന്തുണയ്ക്കുക. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ അവകാശം കിട്ടുന്നില്ലെങ്കിലും, അമേരിക്കയുടെ ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

സെലക്ടീവ് സര്‍വീസിനായി രജിസ്റ്റര്‍ ചെയ്യണം. അതായത് 18-25 വയസ്സ് പ്രായമുള്ള പുരുഷന്മാര്‍ യോഗ്യതയ്ക്കനുസരിച്ചുള്ള സൈനിക സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണം.

കുടിയേറ്റക്കാര്‍ക്കായി അടുത്തിടെ പ്രസിഡന്റ് ട്രംപ് പുതിയൊരു ഗോള്‍ഡ് കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിസമ്പന്നരായ വിദേശ പൗരന്മാര്‍ക്ക് അമേരിക്കന്‍ പൗരത്വം കിട്ടാന്‍ അഞ്ചു മില്യണ്‍ ഡോളര്‍ അഥവ 43 കോടി നല്‍കിയാല്‍ ലഭിക്കുന്നതാണ് ഗോള്‍ഡ് കാര്‍ഡ്. വളരെ അനായസമായി യു എസ് പൗരത്വം കിട്ടുന്നൊരു മാര്‍ഗം കൂടിയാണ് ട്രംപിന്റെ ഗോള്‍ഡ് കാര്‍ഡ്.  അതിസമ്പന്നര്‍ക്ക് ഗോള്‍ഡ് കാര്‍ഡ്; 43 കോടി നല്‍കിയാല്‍ യുഎസ് പൗരത്വം

അതിസമ്പന്നരായ വിദേശികള്‍ക്ക് വളരെ എളുപ്പം അമേരിക്കന്‍ പൗരത്വം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. നിലവിലുള്ള ഇബി-5 കുടിയേറ്റ നിക്ഷേപക വിസയ്ക്ക് പകരമായി ഗോള്‍ഡ് കാര്‍ഡ് നല്‍കുമെന്നാണ് പ്രഖ്യാപനം. ഇബി-5 വിസ പദ്ധതി അവസാനിപ്പിച്ച് ഗോള്‍ഡ് കാര്‍ഡ് കൊണ്ടുവരികയാണെന്ന് കൊമേഴ്സ് സെക്രട്ടറി ഹൗവാര്‍ഡ് ലുട്നിക് പറഞ്ഞു.

അതിസമ്പന്നരായ ആളുകളെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വന്‍ തുക നല്‍കി ഗോള്‍ഡ് കാര്‍ഡ് സ്വീകരിക്കുന്നതിലൂടെ രാജ്യത്ത് സ്ഥിരതാമസവും ജോലിയുമാണ് ലഭ്യമാക്കുക. ഗോള്‍ഡ് കാര്‍ഡ് എടുക്കുന്നതിലൂടെ പിന്നീട് ഗ്രീന്‍ കാര്‍ഡ് റെസിഡന്‍സി സ്റ്റാറ്റസും യുഎസ് പൗരത്വവുമാണ് നല്‍കുക. ഗ്രീന്‍ കാര്‍ഡിന്റെ പ്രീമിയം വേര്‍ഷനായാണ് ഗോള്‍ഡ് കാര്‍ഡിനെ വിലയിരുത്തുന്നത്.  US Vice President JD Vance says holding a green card doesn’t guarantee permanent residency in the US

Content Summary; US Vice President JD Vance says holding a green card doesn’t guarantee permanent residency in the US

Leave a Reply

Your email address will not be published. Required fields are marked *

×