June 26, 2026 |
Share on

തട്ടുപൊളിപ്പന്‍ ഡാൻസുമായി ദുൽഖുർ സൽമാൻ; ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ

ദുല്‍ഖറിന്റെ നാടന്‍ ലുക്കും തട്ടുപൊളിപ്പന്‍ ഡാന്‍സുമാണ് ആരാധർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്

ഒന്നര വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു മലയാള സിനിമയുമായി യുവ താരം ദുൽഖുർ സൽമാൻ എത്തുന്നത്. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്നൊരുക്കുന്ന തിരക്കഥയിൽ നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രണയ കഥ’യുമായിട്ടാണ് ദുൽഖുർ എത്തുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ദുല്‍ഖറിന്റെ നാടന്‍ ലുക്കും തട്ടുപൊളിപ്പന്‍ ഡാന്‍സുമാണ് ആരാധർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്.

ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ ഉള്‍ ഹഖ്, സുരാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ എനര്‍ജറ്റിക് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷയുടേതാണ് സംഗീതം. പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് എട്ടു ലക്ഷത്തിലധികം കാഴ്ച്ചക്കാരായിട്ടുണ്ട്. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.

സംയുക്ത മേനോൻ ആണ് ഒരു യമണ്ടൻ പ്രണയ കഥയിൽ നായികയായി എത്തുന്നത്. ആന്റോ ജോസഫും സി.ആർ. സലീമും ചേർ ന്നാണ് നിർമ്മാണം.സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ. ഏപ്രിൽ 25 ന് ആൻ മെഗാ മീഡിയ ചിത്രം തിയേറ്ററിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×