June 04, 2026 |
Share on

നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാന്‍ ഞങ്ങളുണ്ടാവും: സുഷമ സ്വരാജ്

സ്വര്‍ഗീയ നയതന്ത്രം എന്നാണ് സുഷമ സ്വരാജിന്‍റെ മറുപടിയെ ട്വിറ്ററാറ്റികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

നര്‍മ്മബോധമുള്ള രാഷ്ട്രീയനേതാക്കള്‍ എന്ന വര്‍ഗം ഇല്ലാതാവുകയാണോ എന്ന് തോന്നിപ്പോകുന്ന കാലത്ത് ആശ്വാസമാവുകയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അന്വേഷണങ്ങളായും അഭിപ്രായങ്ങളായും തനിക്ക് ലഭിക്കുന്ന ട്വീറ്റുകളോട് തികഞ്ഞ നര്‍മ്മബോധത്തോടെ രസികന്‍ പ്രതികരണങ്ങള്‍ മറുപടിയായി നല്‍കുന്ന വ്യക്തിയാണ് സുഷമ്. സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് മറുപടി ട്വീറ്റുകളിലൂടെ സഹായം ഉറപ്പ് നല്‍കാറുണ്ട് അവര്‍. സംഘര്‍ഷ മേഖലകളില്‍ കുടുങ്ങുന്നവരും വിസ, പാസ്‌പോര്‍ട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നവരും ഉള്‍പ്പടെ വിവിധ പരാതികളും അന്വേഷങ്ങളുമായി സമീപിക്കുന്നവരുണ്ട്. നേരമ്പോക്കുകളായ കുസൃതി ചോദ്യങ്ങളോട് അതിനുള്ള മറുപടികളും.

താന്‍ ചൊവ്വയില്‍ കുടുങ്ങിയിരിക്കുകയാണെന്നും മംഗള്‍യാനില്‍ അയച്ച ഭക്ഷണം തീരാറായെന്നും കരണ്‍ സൈനി എന്നയാള്‍ ഇന്ന് സുഷമയ്ക്ക് ട്വീറ്റ് ചെയ്തിരിക്കുന്നു. മംഗള്‍യാന്‍ രണ്ട് എപ്പോഴാണ് ഇവിടെയെത്തുക എന്നും അന്വേഷണമുണ്ട്. ഐഎസ്ആര്‍ഒയേയും കരണ്‍ ഇതില്‍ ടാഗ് ചെയ്തിരുന്നു. “ചൊവ്വയിലാണെങ്കിലും പ്രശ്‌നമില്ല, അവിടത്തെ ഇന്ത്യന്‍ എംബസി നിങ്ങളെ സഹായിക്കും” എന്നാണ് സുഷമയുടെ തമാശ. ഈ ട്വീറ്റിന് ഒരു മണിക്കൂറിനുള്ളില്‍ 2200ലേറെ റീ ട്വീറ്റുകളും 4500ലേറെ ലൈക്കുകളുമാണ് ലഭിച്ചത്. സ്വര്‍ഗീയ നയതന്ത്രം എന്നാണ് ഇതിനെ ട്വിറ്ററാറ്റികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

80 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള സുഷമ സ്വരാജ്, ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോ ചെയ്യപ്പെടുന്ന ലോകനേതാക്കളില്‍ ഒരാളാണ്. ആഗോള പബ്ലിക് റിലേഷന്‍സ് – കമ്മ്യൂണിക്കേഷന്‍സ് സ്ഥാപനമായ ബേഴ്‌സണ്‍ മാസ്റ്റെല്ലര്‍ പറയുന്നത് ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോ ചെയ്യപ്പെടുന്ന 10 ലോക നേതാക്കളില്‍ ഒരേയൊരു വനിത സുഷമ സ്വരാജാണെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

×