UPDATES

‘കണ്ണടച്ചാല്‍ ആ പെണ്‍കുഞ്ഞിന്റെ മുഖമാണ്’

ഉറക്കമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍, മൃതദേഹങ്ങളൊഴിയാതെ ചാലിയാര്‍

                       

കവളപ്പാറ ഉരുൾപൊട്ടലിൽ ചേതനയറ്റ ഒട്ടനവധി ശരീരങ്ങളാണ് ചാലിയാറിന്റെ മടി തട്ട് ഏറ്റുവാങ്ങിയത്. വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ച ദുരന്തത്തിന്റെ കണ്ണീരും ഏറ്റുവാങ്ങേണ്ടിയിരിക്കുകയാണ് ചാലിയാർ പുഴ. മനസ്സു മരവിക്കുന്ന കാഴ്ച്ചകളാണ് ഓരോ ദിവസവും രക്ഷാപ്രവർത്തകർ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്, തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നവരിൽ പലർക്കും അന്ന് രാത്രി ഉറക്കം പോലും ലഭിക്കുന്നില്ലെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന പോത്തുങ്കല്ല് സ്വദേശിയായ നിഷാന്ത് അഴിമുഖത്തോട് പറയുന്നു.Wayanad landslide Chaliyar River rescue worker experiences

”ഒരാളുടെയെങ്കിലും ശരീരം വീണ്ടു കിട്ടണമെന്നാണ് ഞങ്ങൾ ഓരോ ദിവസവും കരുതുന്നത്, ഡിഎൻഎ ടെസ്റ്റിലൂടെയെങ്കിലും ആളെ തിരിച്ചറിയാമല്ലോ” അദ്ദേഹം ചോദിക്കുന്നു.

ഓഗസ്റ്റ് 7 ന് ചാലിയാറിൽ നിന്ന് ജീർണ്ണിച്ച നിലയിലുള്ള ഒരു മൃതദേഹം തെരച്ചിൽ നടത്തുന്ന ഫയർ ഫോഴ്‌സിന്റെ സംഘം കണ്ടെടുത്തിരുന്നു. കൂടാതെ ഒരു കാലും ലഭിച്ചിരുന്നു. ചാലിയാറിൽ ദിവസവും കനത്ത മഴ പെയ്തിരുന്നു, മഴ പെയ്‌തതോടെ പുഴയിലടിഞ്ഞ മണ്ണ് ഒലിച്ചു പോകാൻ തുടങ്ങിയതോടെയാണ് മൃതദേഹങ്ങൾ പൊങ്ങിവരാൻ തുടങ്ങിയത്, കഴിഞ്ഞ ദിവസം ലഭിച്ച ജീർണ്ണാവസ്ഥയിലുള്ള മൃതദേഹവും, ഇങ്ങനെ പൊന്തി വന്നതാകാമെന്ന് നിഷാന്ത് പറയുന്നു. പോത്തുകല്ല് മുതൽ താഴേക്ക് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്, അതേ സമയം ചാലിയാറിന്റെ തീരത്തും രക്ഷാപ്രവർത്തകർ തങ്ങളുടെ സഹജീവികൾക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. തെരച്ചിൽ ആരംഭിച്ച് ഒൻപതാം ദിവസം പിന്നിടുകയാണ്.

എലിപ്പനിക്കുള്ള മരുന്നും, മാസ്കും ഗ്ലൗസും തുടങ്ങി വ്യക്തിഗത സുരക്ഷക്കുളള സർവ്വ സന്നാഹങ്ങളുമായാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്, എന്നാൽ മരണവേദനയോടെ മണ്ണിനടയിൽ കുടുങ്ങിയവരെ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന മനോവ്യഥയെ മറികടക്കാൻ ഏത് മരുന്നും മന്ത്രവുമാണ് പ്രയോഗിക്കേണ്ടതെന്ന ചോദ്യ ചിഹ്നമാണ് ഇവർക്ക് മുൻപിൽ. ആ മനോവ്യഥ പങ്കിടുന്നത് പോത്തുകല്ലിലെ പ്രദേശ വാസികൾ മാത്രമല്ല. ദിവസങ്ങളായി തുടരുന്ന തെരച്ചിലിൽ ഇവരെ സഹായിക്കാനായി മലപ്പുറം ജില്ലയിൽ നിന്നും, മറ്റു ദൂര ജില്ലകളിൽ നിന്നും ദിനംപ്രതി നിരവധി ആളുകൾ സന്നദ്ധരായി എത്തുന്നുണ്ടെന്ന് നിഷാന്ത് പറയുന്നു.

മൃതദേഹം അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളിലാണ് നിലവിൽ തെരച്ചിൽ നടത്തി കൊണ്ടരിക്കുന്നത്. ദുർഗന്ധം വമിക്കുന്ന ഇടങ്ങളിലും തെരച്ചിൽ നടത്തുന്നുണ്ട്. നടന്നു പോകുന്ന വഴികളിൽ പോലും പലവുരു മൃതദേഹങ്ങൾ കണ്ടിട്ടുണ്ടെന്ന് നിഷാന്ത് പറയുന്നു.

”അങ്ങനെയുള്ളപ്പോൾ ഉടനടി തെരച്ചിൽ നടത്തുന്ന ഫയർ ഫോഴ്‌സിനെയോ, പോലീസിനെയോ വിളിച്ച് മൃതദേഹം മാറ്റാനുള്ള നടപടിയാണ് സ്വീകരിച്ചു കൊണ്ടരിക്കുന്നത്.” നിഷാന്തിന്റെ ടീം ആദ്യ ദിവസം തന്നെ ചാലിയാറിൽ നിന്ന് നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റൊരു മൃതദേഹം കണ്ടെത്തിയത് വളരെ വൈകാരികമായാണെന്ന് നിഷാന്ത് ഓർത്തെടുക്കുന്നു.

” തെരച്ചിൽ പുരോഗമിക്കുന്ന ദിവസങ്ങളിൽ ഒരു നായ ഞങ്ങളുടെ കൂടെ കൂടിയിരുന്നു, അത് ഒഴുക്കുള്ള ചാലിയാർ പുഴ നീന്തി കടന്നാണ് ഞങ്ങൾക്ക് സമീപമെത്തിയത്, കയ്യിൽ കരുതിയ റൊട്ടിയുടെയും, ബിസ്‌ക്കറ്റിന്റെയും ഒരു പങ്ക് ഞങ്ങൾ നായയ്ക്കും നൽകും. പുഴയുടെ തീരത്ത് നായ നിർത്താതെ മാന്തുന്നത് കണ്ടാണ് ആദ്യം ഞങ്ങൾക്ക് സംശയം തോന്നുന്നത്, അത് മണം പിടിച്ചായിരുന്നു അവിടം മാന്തി കൊണ്ടിരുന്നത്. അവിടെ നിന്ന് തല മുതൽ അര ഭാഗം വരെ ഒരു പെൺകുട്ടിയുടെ മൃതദേഹം ആണ് കിട്ടിയത്. മുന്നോട്ട് പോകുന്തോറും ജീർണിച്ച അവസ്ഥയിലുള്ള മൃതദേഹങ്ങൾ കിട്ടുന്നുണ്ട്.

കവളപ്പാറ ദുരന്തത്തിലും ഞങ്ങൾ തെരച്ചിൽ നടത്തിയിരുന്നു. മനസ്സിനെ പാകപ്പെടുത്തിയെടുത്താണ് ഇതിനിറങ്ങുന്നത്. ചിലർക്ക് രാത്രി ഉറക്കമില്ല. കണ്ണടച്ചാൽ മുന്നിൽ ചെറിയ കുട്ടിയുടെ മുഖമാണ് മനസിൽ, ആദ്യ ദിവസങ്ങളിൽ വലിയ കേടുപാടികളില്ലാതെ തന്നെ കിട്ടിയത് കൊണ്ട് ആ കുട്ടികളുടെ മുഖം ഞങ്ങളുടെ മനസ്സിൽ പതിഞ്ഞു പോയി. ”നിഷാന്ത് പറയുന്നു.

ചാലിയാർപ്പുഴയുടെ വിവിധ കടവുകളിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 76 മൃതദേഹങ്ങളും 161 ശരീരഭാഗങ്ങളും കണ്ടെടുത്തിരുന്നു. നാട്ടുകാരും, പഞ്ചായത്ത് അധികൃതരും, ഫയർ ഫോഴ്സും, സിവിൽ ഡിഫെൻസ് വോളന്റിയർമാരും അടങ്ങുന്ന ഒരു സംഘമാണ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മുണ്ടേരി മുതൽ സൂചിപ്പാറ വരെയും, പോത്തുകല്ല് മുതൽ താഴേക്ക് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

Content summary; Wayanad landslide, Dead bodies found in Chaliyar River; rescue workers sharing experiencesWayanad landslide Chaliyar River rescue worker experiences

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍