UPDATES

‘ഇവിടെവച്ച് എന്തെങ്കിലും സംഭവിച്ചാല്‍, അതാണ് ഒരു ഫയര്‍ ഫോഴ്‌സുകാരന് കിട്ടാവുന്ന ഏറ്റവും നല്ല മരണം’

കേരള ഫയര്‍ ഫോഴ്സിനൊരു പ്രത്യേകതയുണ്ട്; ഒരു കാര്യത്തിനിറങ്ങി കഴിഞ്ഞാല്‍ ഞങ്ങളുടെ ജീവന്‍ കളയേണ്ടി വന്നാലും അത് പൂര്‍ത്തികരിക്കും

                       

‘ടെറസിന്റെ കുറച്ച് ഭാഗം മാത്രം കാണാം, അതൊരു വീടായിരുന്നു. ബാക്കിയെല്ലാം മണ്ണ് മൂടിക്കിടക്കുകയാണ്. അങ്ങോട്ട് തന്നെ കുറച്ച് നേരം നോക്കിയിരുന്നു. പുത്തുമല ഭാഗത്തു കൂടിയായിരുന്നു ഞങ്ങളുടെ വണ്ടി ഓടിക്കൊണ്ടിരുന്നത്’.

മേപ്പാടിയിലേക്കുള്ള യാത്രയിലായിരുന്നു കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് ടീം. പല ജില്ലകളില്‍ നിന്നുള്ള സേനാംഗങ്ങളുണ്ട്. പുത്തുമല കടന്നപ്പോള്‍ അവരുടെ മനസില്‍ നാല് വര്‍ഷം മുമ്പുള്ള ആ ദിവസങ്ങള്‍ കടന്നു വന്നു. 2019 ലെ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തിനെത്തിയ ഫയര്‍ ആന്‍ഡ് റസക്യു സംഘത്തിലും ഇവരില്‍ പലരുമുണ്ടായിരുന്നതാണ്. wayanad landslides kerala fire and rescue service team

‘മനസില്‍ നിന്നും ഇന്നും വിട്ടുപോകാത്ത നടുക്കമാണ് കവളപ്പാറയും പുത്തുമലയും. വീണ്ടുമൊരിക്കല്‍ കൂടി ഇങ്ങനെ വരേണ്ടി വരുമെന്ന് കരുതിയതല്ല. പക്ഷേ…’

മനസ് കല്ലാക്കി മാറ്റണമെന്നൊക്കെ പറയും, പക്ഷേ ഓരോന്നും ഓര്‍ക്കുമ്പോള്‍ പിടിവിട്ടു പോവുകയാണ്’. വയനാട്ടില്‍ നിന്ന് മടങ്ങിയെത്തിയശേഷം ഈ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ അഴിമുഖത്തോട് പറയുന്നതാണിത്.

‘ശരീരം മാത്രമാണിവിടെ, മനസിപ്പോഴും ആ മണ്ണില്‍ തന്നെയാണ്’.

wayanad landslide kerala fire and rescue service team

വയനാട്ടിലേക്ക് പുറപ്പെട്ട ആദ്യ ഫയര്‍ ആന്‍ഡ് റസക്യൂ സര്‍വീസ് ടീമില്‍ ഉണ്ടായിരുന്നവരില്‍ ചിലരാണ് അഴിമുഖവുമായി അവരുടെ അനുഭവം പങ്കുവച്ചത്. തങ്ങളുടെ ഒന്നോ രണ്ടോ പേരുടെ മാത്രമായി പേരുകള്‍ വരേണ്ടതില്ലെന്ന് പറഞ്ഞുകൊണ്ട് ഇവിടെ സംസാരിക്കുന്നവരുടെ പേരുകള്‍ ഒഴിവാക്കുകയാണ്. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിനെ മൊത്തം പ്രതിനിധീകരിച്ചാണവര്‍ സംസാരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ അന്ന് തന്നെ ഇവര്‍ വയനാട്ടില്‍ എത്തിയിരുന്നു. നേരം ഇരുട്ടിയിരുന്നതിനാല്‍ പിറ്റേ ദിവസം പുലര്‍ച്ചെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത കാഴ്ച്ചകളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലുമൊക്കെ കണ്ടതെന്നാണ് അവര്‍ പറയുന്നത്.

‘ഞങ്ങള്‍ രാവിലെ അഞ്ചു മണിക്ക് തന്നെ ഇറങ്ങി. എക്‌സ്റ്റെന്‍ഷന്‍ ലാഡര്‍ കൊണ്ട് താത്കാലിക പാലം ഉണ്ടാക്കിയാണ് ഓരോയിടത്തേക്കായി പോയത്. മുകളില്‍ നിന്ന് പൊട്ടിവന്നത് ചൂരല്‍മലയില്‍ വന്ന് ഇടിച്ചു നിന്നശേഷം വലത്തേക്ക് തിരിഞ്ഞ് കുറച്ചു ദൂരം മുന്നോട്ടു പോയി രണ്ടായി പിരിഞ്ഞാണ് പിന്നീട് താഴേക്ക് പതിച്ചത്. പിളര്‍ന്ന് മാറിയ പ്രദേശത്ത് കുറെ വീടുകളുണ്ടായിരുന്നു. അവരൊക്കെയും രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍…’; ഒരു സേനാംഗത്തിന്റെ വാക്കുകള്‍.

കവളപ്പാറയിലും പുത്തുമലയിലും ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതവരാണിവര്‍. അവിടെ കണ്ടതിനെക്കാള്‍ ഭീകരമായ കാഴ്ച്ചകളാണ് ഇവിടെ നേരിടേണ്ടി വന്നതെന്നാണ് അതിലൊരാള്‍ അനുഭവം പറയുന്നത്.

‘ഓരോ മനുഷ്യനെയും ജീവനോടെ കിട്ടണേയെന്നാഗ്രഹിച്ചാണ് ഞങ്ങള്‍ നീങ്ങുന്നത്. പക്ഷേ കാണേണ്ടി വരുന്നത്’… വാക്കുകള്‍ മുറിഞ്ഞു പോകുമ്പോഴുണ്ടാകുന്ന നിശബ്ദതയില്‍ നിന്നറിയാം, ഈ രക്ഷാപ്രവര്‍ത്തകരുടെ മനസിലെ ഉലച്ചില്‍.

wayanad landslide kerala fire and rescue service team 3

‘ഞങ്ങളിങ്ങനെ തിരയുമ്പോള്‍ ഒരിടത്തായി കുടലുപോലെ എന്തോ കണ്ടു. എന്താണെന്ന് മനസിലായില്ല. മനുഷ്യന്റെയാണോ അതോ പശുവിന്റെയോ മറ്റോ ആണോ എന്ന് മനസിലാകുന്നില്ല. എടുത്ത് മാറ്റിവച്ചശേഷം മെഡിക്കല്‍ സംഘത്തെ വിളിച്ചു. അവര്‍ അതുവന്നെടുത്ത് വെള്ളത്തില്‍ കഴുകി വൃത്തിയാക്കി…’

അദ്ദേഹം വീണ്ടും നിശബ്ദനായി. ദീര്‍ഘമായൊരു നിശ്വാസമെടുത്തശേഷം ബാക്കി പറഞ്ഞു; wayanad landslides kerala fire and rescue service team

‘മൂന്നുമാസം ഗര്‍ഭിണിയായൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു ചാടിയതായിരുന്നു. ഞെരിഞ്ഞപോയൊരു കുഞ്ഞ് ജീവന്റെ അവശേഷിപ്പുകളായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്…’

ദുരന്തഭൂമിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഇത്തരം മനസ് മരവിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു കാണേണ്ടി വന്നതെന്നാണ് ഒരു സേനാംഗം പറയുന്നത്. ഒരു ഫയര്‍ ഫോഴ്‌സുകാരനെന്ന നിലയില്‍ പലതും കണ്ട് ശീലമായിട്ടുണ്ടെങ്കിലും ഈ കാഴ്ച്ചകള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഓരോ ചുവട് വയ്ക്കുമ്പോഴും ഞങ്ങളാലോചിക്കും, താഴെ, ഞങ്ങളുടെ കാല്‍ ചോട്ടിലായി ഒരു മനുഷ്യശരീരം ഉണ്ടാകില്ലേയെന്ന്. വലിയ കല്ലുകളും പാറകളും വീട്ടവശിഷ്ടങ്ങളുമൊക്കെ ഹിറ്റാച്ചി കൊണ്ടാണ് മാറ്റുന്നതെങ്കിലും ശരീരമുണ്ടാകുമെന്ന് സൂചനയുള്ളിടങ്ങളിലെല്ലാം മണ്‍വെട്ടി കൊണ്ട് മണ്ണും മറ്റും മാറ്റിയശേഷം കൈകള്‍ കൊണ്ടാണ് മാന്തി നോക്കുന്നത്. അതൊരു ആദരവാണ്. ജീവനുണ്ടാകില്ലെങ്കിലും ഓരോ മനുഷ്യ ശരീരത്തോടും കാണിക്കേണ്ട ആദരവ്. നമ്മളായിട്ട് ഒരു മുറിവ് പോലും ഉണ്ടാക്കരുതേയെന്ന കരുതല്‍.

മരണം പൂണ്ടു കിടക്കുന്ന ആ ‘ ശവപ്പറമ്പിലേക്ക്’ ഇറങ്ങുമ്പോള്‍ ഓരോ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം അംഗവും പ്രാര്‍ത്ഥിച്ചിരുന്നൊരു കാര്യമുണ്ട്.

ഒരു കുഞ്ഞ് ശരീരം പോലും കാണേണ്ടി വരല്ലേയെന്ന്.

‘കുഞ്ഞുങ്ങളെ കാണേണ്ടി വരുന്നത് സഹിക്കാനാകില്ല. ഞങ്ങളെല്ലാവരും അത് തന്നെ പ്രാര്‍ത്ഥിക്കുകയായിരുന്നു. നമ്മളെങ്ങനെ സഹിക്കും. ഭാഗ്യം എന്ന് തന്നെ ഞാന്‍ പറയുകയാ, എനിക്കങ്ങനെയൊരു ദുര്‍വിധി ഉണ്ടായില്ല. വീട്ടില്‍ വന്നശേഷം എന്റെ കുഞ്ഞിനെ കാണുമ്പോഴെല്ലാം അവിടുത്തെ മക്കളെയാണ് ഓര്‍മ വരുന്നത്. എത്രയെത്രെ പേരാണ്…’

wayanad landslide kerala fire and rescue service team

ഓരോ മനുഷ്യരും തങ്ങളുടെ പ്രിയപ്പെട്ടവരെ തേടിയെത്തുന്നതും ഫയര്‍ ഫോഴ്‌സുകാരടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെയടുത്താണ്.

ഓരോരുത്തരും വന്നു പറയുന്ന കാര്യങ്ങള്‍ കേട്ട് നില്‍ക്കാനാകില്ല. എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ മുന്നില്‍ നില്‍ക്കാന്‍ നമ്മളെ കൊണ്ടാകില്ല.

ആദ്യത്തെ പൊട്ടിന് ശേഷം ആളുകള്‍ ഓടി രക്ഷപ്പെടാന്‍ തുടങ്ങിയല്ലോ. ഏതാണ്ട് 22 പേര് ഒരു വീട്ടില്‍ ഒന്നിച്ചെത്തിയിരുന്നു. അവിടുത്തെ ചേട്ടന്‍ ആളുകളെ രക്ഷപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു. ആ ചേട്ടന്റെ അമ്മ വീട്ടിലെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. അമ്മയെ കൊണ്ടുപോകാനായി ആ ചേട്ടന്‍ വരുമ്പോള്‍, കസേര മാത്രമേയുള്ളൂ. അകത്തെ മുറിയുടെ ഭാഗം ഞങ്ങള്‍ വെട്ടിപ്പൊളിച്ച് പരിശോധിച്ചിരുന്നു. പക്ഷേ ആ അമ്മയെ കിട്ടിയില്ല…’

ഓരോ ചുവടിലും അപകടം പതിയിരിക്കുന്ന സ്ഥലമാണിപ്പോള്‍ ചൂരല്‍ മലയും മുണ്ടക്കൈയും. രക്ഷാപ്രവര്‍ത്തകരെ സംബന്ധിച്ച് അതീവ ശ്രദ്ധവേണം. ‘ഒരുപാട് കിണറുകളൊക്കെ ഉണ്ടായിരുന്ന സ്ഥലമാണ്. അതൊക്കെ മണ്ണും ചെളിയുമൊക്കെ വന്ന് മൂടി കിടക്കുകയാണ്. നമുക്കറിയില്ല എവിടെയൊക്കെ കിണറുകളും കുഴികളുമുണ്ടെന്ന്. വടി കുത്തി നോക്കിയാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. കിണര്‍ ഉണ്ടായിരുന്ന ഭാഗത്തെല്ലാം വടി കുത്തി അടയാളം വച്ചിട്ടുണ്ട്’.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ സേവനം എന്താണെന്ന് മലയാളിക്ക് നന്നായി അറിയാം. മനുഷ്യര്‍ക്ക് വേണ്ടി മാത്രമല്ല, പക്ഷി മൃഗാദികളുടെ ജീവനുപോലും അവര്‍ അത്രയേറെ വില കല്‍പ്പിക്കുന്നുണ്ട്. ഓരോ ജീവനും; അത് മനുഷ്യന്റെതായാലും മൃഗങ്ങളുടെയായാലും വിലയുള്ളതാണെന്നാണ് അഴിമുഖത്തോട് സംസാരിച്ച ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും പറഞ്ഞത്. wayanad landslides kerala fire and rescue service team

wayanad landslide kerala fire and rescue service team

‘ഈ ദുരന്തഭൂമിയില്‍ മനുഷ്യര്‍ക്ക് വേണ്ടി മാത്രമല്ല, പശുവിനും പട്ടിക്കും പൂച്ചകള്‍ക്കുമെല്ലാം ഞങ്ങള്‍ രക്ഷാകരങ്ങള്‍ നീട്ടിയിട്ടുണ്ട്. അതുങ്ങളുടെ പ്രാണനും നമ്മുടെ ഉത്തരവാദിത്തമാണ്’.

ഇവിടെയൊരു വീട്ടീല്‍ ഒരമ്മ തനിച്ചായിരുന്നു. കൂട്ടിനുണ്ടായിരുന്നത് ഒരു പട്ടിയാണ്. ആ വീടും അമ്മയും പോയി. ഞങ്ങളാ വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ കിടന്നിരുന്ന മുറിയുടെ ഭാഗത്ത് ആ പട്ടി കിടപ്പുണ്ട്. അവനവിടെ നിന്നും മാറുന്നേയില്ല. അവന്റെ ഒരു കാല് ഒടിഞ്ഞിട്ടുണ്ട്. അവനെങ്ങനെ രക്ഷപ്പെട്ടുവെന്നൊന്നും അറിയില്ല. മൃഗങ്ങള്‍ക്കൊക്കെ ഉരുള്‍പൊട്ടല്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമെന്നല്ലേ പറയുന്നത്. അവനങ്ങനെ ഓടി രക്ഷപ്പെട്ടതായിരിക്കാം. എന്നിട്ടവന്‍ തിരിച്ചു വന്നതാകണം, അവന്റെ പ്രിയപ്പെട്ട അമ്മയെ തേടി… ഇവിടെ നോക്കിയാല്‍ ഒരു പാട് പട്ടികളെ കാണാം. അതുങ്ങളെല്ലാം ഇതുപോലെ ആദ്യം ഓടി രക്ഷപ്പെട്ടശേഷം അവരുടെ പ്രിയപ്പെട്ടവരെ തേടി തിരികെ വന്നതാണ്. ആ നാല്‍ക്കാലികള്‍ പോലും നമ്മളെ കരയിപ്പിക്കും’.

തിരിച്ചു ചെല്ലാന്‍ ആവശ്യപ്പെട്ടാല്‍ ഇനിയും പോകാന്‍ തയ്യാറാണ് തിരിച്ചു വന്ന ഓരോ സേനാംഗവും. ഓരോ ബാച്ചുകാര്‍ പോയി വരുമ്പേഴേക്കും അടുത്തവര്‍ പുറപ്പെട്ടു കഴിഞ്ഞിരിക്കും.

wayanad landslide kerala fire and rescue service team

‘നമ്മളെ നിര്‍ബന്ധിച്ച് പറഞ്ഞയക്കുന്നതല്ല. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ആരൊക്കെ പോകാന്‍ തയ്യാറാണെന്ന് ചോദിക്കും. അപ്പോള്‍ ഓരോരുത്താരായി മുന്നിട്ടിറങ്ങുകയാണ്. കേരള ഫയര്‍ ഫോഴ്‌സിനൊരു പ്രത്യേകതയുണ്ട്; ഒരു കാര്യത്തിനിറങ്ങി കഴിഞ്ഞാല്‍ ഞങ്ങളുടെ ജീവന്‍ കളയേണ്ടി വന്നാലും അത് പൂര്‍ത്തികരിക്കും.

ഒരു ഫയര്‍ ഫോഴസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ ഈ വാക്കുകള്‍ കേരളം അഭിമാനത്തോടെ കേള്‍ക്കേണ്ടതാണ്;

ചൂരല്‍ മലയില്‍ നില്‍ക്കുമ്പോള്‍ ഞാനെന്റെ സുഹൃത്തിനോട് ചോദിച്ചു, എടാ, ഇപ്പോഴൊരു പൊട്ടലുണ്ടായാല്‍ നമുക്കൊന്ന് തിരിഞ്ഞ് നില്‍ക്കാന്‍ പോലും സമയം കിട്ടണമെന്നില്ല. അപ്പോള്‍ അവന്‍ പറഞ്ഞതിങ്ങനെയായിരുന്നു;

ഒരു ഫയര്‍ ഫോഴ്‌സുകാരന് ഇതിനെക്കാള്‍ നല്ല മരണം വേറെ കിട്ടില്ല.

ഞങ്ങളോരോ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമംഗങ്ങളും ഒരുപോലെ പറയാന്‍ ആഗ്രഹിക്കുന്നതും അതേ കാര്യമാണ്; ഈ മണ്ണില്‍ വച്ച് എന്തു സംഭവിച്ചാലും ഞങ്ങള്‍ അഭിമാനത്തോടെയായിരിക്കും ജീവന്‍ വെടിയുന്നത്…’ wayanad landslides kerala fire and rescue service team share experience

Content Summary; wayanad landslides kerala fire and rescue service team share experience 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍