ബൈജൂസ് കമ്പനിയുടെ കഥ നിഗൂഢവും അജ്ഞാതവുമായ മേഖലകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രവാസി വ്യവസായിയായ ഒരു മലയാളിയുടെ പേരും അമേരിക്കയില്‍ തുടരുന്ന നിയമയുദ്ധത്തിന്റെ ഭാഗമായി ഉയര്‍ന്ന് കേള്‍ക്കുന്നു. രാഷ്ടീയത്തിലും മാധ്യമ ഉടമസ്ഥതയിലും തല്പരനായ, ദുബായിയില്‍ വ്യവസായിയായ കോഴിക്കോട് സ്വദേശി രാജേന്ദ്രന്‍ വെള്ളപ്പാലത്തും സങ്കീര്‍ണമായ ഈ കേസിലെ പ്രധാന കണ്ണികളിലൊരാളാണെന്ന് ‘അഴിമുഖം’ നടത്തുന്ന അന്വേഷണം വ്യക്തമാക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജനുവരി 13 ന് അമേരിക്കയിലെ ഒരു കോടതി രാജേന്ദ്രന് കനത്ത പിഴ ശിക്ഷയായി വിധിച്ചിരുന്നു.
ഈ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അഴിമുഖം രാജേന്ദ്രനെ വ്യാഴാഴ്ച്ച (ഫെബ്രുവരി 6) ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചോദ്യങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.10 ന് വിശദമായ ചോദ്യങ്ങള്‍ വാട്‌സ്ആപ്പ് മെസേജ് ആയി അയച്ചിരുന്നു. അതിനുള്ള മറുപടി, പ്രസ്തുത റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കവെ വെള്ളിയാഴ്ച്ച(ഫെബ്രുവരി 7) വൈകിട്ട് 5.55 നാണ് രാജേന്ദ്രന്‍ നല്‍കുന്നത്. ഇത് സംബന്ധിച്ചുള്ള എല്ലാ ഇടപാടുകളും പ്രവര്‍ത്തനങ്ങളും തികച്ചും സുതാര്യവും ശരിയായ നിയമചട്ടക്കൂടില്‍ ഉള്ളതുമാണെന്നുമാണ് രാജേന്ദ്രന്‍ വെള്ളപ്പാലത്ത് പറയുന്നത്. രാജേന്ദ്രന്റെ ദീര്‍ഘവും വിശദമായ മറുപടി ഇംഗ്ലീഷിലും മലയാളത്തിലും നാളെ( ശനിയാഴ്ച്ച ഫെബ്രുവരി 8) ന് അഴിമുഖം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുടെക് കമ്പനി എന്ന് പേരുണ്ടായിരുന്ന ബൈജൂസും അതിന്റെ ഉടമസ്ഥന്‍ ബൈജൂവും ഒട്ടേറെ കേസുകള്‍ നേരിടുന്ന സാഹചര്യത്തില്‍, അവരുടെ കോടാനുകോടി ഡോളറുകള്‍ കടത്താന്‍ സഹായിച്ച രുപിന്‍ ബാങ്കര്‍ എന്ന ഇന്ത്യാക്കാരന്റെ വ്യവസായ ബന്ധങ്ങനെ കുറിച്ചും ഈ കേസില്‍ അയാളുടെ ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിക്കുള്ള പങ്കിനെ കുറിച്ചും കഴിഞ്ഞ ബുധനാഴ്ച, ഫെബ്രുവരി അഞ്ചിന്, അഴിമുഖം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ (മംഗലാപുരം മുതല്‍ മയാമി വരെ; ബൈജൂസും ഒരു നിഗൂഢ ഇടനിലക്കാരനും കാണാതായ 4650 കോടിയുടെ കഥയും) വ്യക്തമാക്കിയിരുന്നു. ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളുടെ ദുരൂഹതകളെ കുറിച്ച് കൂടി വെളിച്ചത്ത് കൊണ്ടുവരുന്നതാണ് കോഴിക്കോട് മാവൂര്‍ സ്വദേശി രാജേന്ദ്രന്‍ വെള്ളപ്പാലത്തിന് ഈ കേസുമായുള്ള ബന്ധം. കോടതി രേഖകള്‍ അനുസരിച്ച് അടുത്തിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരള പ്രവാസി അസോസിയേഷന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണ് ഐ.ടി ബിസിനസ് രംഗത്തുള്ള രാജേന്ദ്രന്‍.
2022 മേയ് പകുതിയോടെ കേരള പ്രവാസി അസോസിയേഷന്‍ (കെ.പി.എ) എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. ‘സ്വയം പര്യാപ്തമായ’ കേരളം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആ പ്രവാസി മലയാളികളുടെ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചയാള്‍ എന്ന നിലയിലാണ് രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ആദ്യം മാധ്യമ ശ്രദ്ധയില്‍ വരുന്നത്. യു.ഡി.എഫിനോട് ചേര്‍ന്ന് പ്രതിപക്ഷത്തിരുന്ന് പ്രവര്‍ത്തിക്കാനാണ് കെ.പി.എ തീരുമാനിച്ചത്.
രാജേന്ദ്രന്‍ വെള്ളപ്പാലത്ത്
എയര്‍ലൈന്‍ ട്രാവല്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഐടി കമ്പിനികള്‍ അടക്കം നിരവധി കമ്പനികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട് . ഇവയില്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോയ്സിറ്റ് (Voizzit) ടെക്നോളജീസ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ദുബായിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോയ്സിറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന ലിമിറ്റഡ് ലയബലിറ്റി കമ്പനിയുമാണ് ഇപ്പോള്‍ ബൈജൂസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പ്രധാന്യം നേടുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി രാജേന്ദ്രന്‍ ശ്രമിച്ചിരുന്നതായി ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. പക്ഷേ പരാജയപ്പെട്ടു. അതിനിടെ ഇന്ത്യ ഫസ്റ്റ് എന്ന പേരില്‍ ഒരു ചാനല്‍ ആരംഭിക്കാന്‍ അദ്ദേഹമൊരുങ്ങി. മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ക്ക് പൊതുവേ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ അധികം നല്‍കി ചിലരെ റിക്രൂട്ട് ചെയ്തു. കേരള പ്രവാസി അസോസിയേഷന്റെ പേരില്‍ കേരള ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മറ്റും പൊതു താത്പര്യ ഹര്‍ജികള്‍ നല്‍കി, അത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു.
ബൈജൂസ് ആല്‍ഫ എന്ന കമ്പനി അമേരിക്കയില്‍ നിന്നെടുത്ത വായ്പയുടെ വ്യവസ്ഥകള്‍ ലംഘിച്ചതില്‍ നിന്നുത്ഭവിച്ചതാണ് രാജേന്ദ്രന്‍ വെള്ളപ്പാലത്തിനെതിരെയുള്ള കേസ്. കഴിഞ്ഞ ഡിസംബര്‍ നാലിന് അമേരിക്കയിലെ ഡെലവെയറിലുള്ള ബാങ്ക്റപറ്റ്സി കോടതി ജഡ്ജി ജോണ്‍.ടി.ഡോര്‍സി, രാജേന്ദ്രന്‍ വെള്ളപ്പാലത്തിനോട് ജനുവരി 13 പത്തുമണിക്ക് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെയായിരുന്നു അത്. എന്നാല്‍ കോടതിയുടെ പല ഉത്തരവുകളും ധിക്കരിച്ച് അദ്ദേഹം കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ജനുവരി 13 മുതല്‍ ഹാജാരാകാതിരുന്ന ഒരോ ദിവസത്തിനും 25,000 ഡോളര്‍ അഥവാ ഏകദേശം ഇരുപത് ലക്ഷം രൂപ വീതം പിഴയായി കെട്ടിവയ്ക്കണമെന്ന് ജഡ്ജി ഉത്തവിട്ടു. ഈ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് അമേരിക്കന്‍ കോടതി ജയില്‍ വാസം വിധിച്ചേക്കാം.
.
2021 നവംബറില്‍ 37 സാമ്പത്തിക സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മയില്‍ നിന്നാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 1.2 ബില്യണ്‍ ഡോളര്‍ (അക്കാലത്തെ ഇന്ത്യന്‍ രൂപ നിരക്കനുസരിച്ച് 9600 കോടി രൂപ) ബൈജൂസ് ആല്‍ഫ വായ്പ്പ് എടുക്കുന്നത്. വായ്പ വ്യവസ്ഥകള്‍ തെറ്റിച്ചതോടെ, വായ്പദാതാക്കളുടെ ഏജന്റായ ഗ്ലാസ് ട്രസ്റ്റ് ഡെലവെയറിലെ ബാങ്ക്‌റപ്റ്റ്സി കോടതിയെ സമീപിച്ചു. കോടതി ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായി വിധി നല്‍കുകയും ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ അമേരിക്കയിലെ സ്വത്ത് വകകള്‍ക്ക് ഒരു ട്രസ്റ്റിയെ നിയമിക്കുകയും ചെയ്തു. തിങ്ക് ആന്‍ഡ് ലേണും അതിന്റെ അമേരിക്കയിലെ അനുബന്ധ കമ്പനികളായ എപിക് ക്രിയേഷന്‍സ്, ന്യൂറോണ്‍ ഫ്യൂല്‍, ടാന്‍ജബ്ള്‍ പ്ലേ എന്നിവയുമാണ് വായ്പയ്ക്ക് ഈടാക്കി വച്ചത്. ഇതിലെ അമേരിക്കയിലെ മൂന്നു കമ്പനികളുടെ ട്രസ്റ്റിയായാണ് ക്ലൗഡിയ സ്പ്രിംഗറെ കോടതി നിയമിച്ചത്.
2024 നവംബര്‍ 18ന് ക്ലൗഡിയ സ്പ്രിംഗര്‍ ഡെലവെയര്‍ ബാങ്ക്റപ്റ്റ്സി കോടതിയെ സമീപിച്ച് കോടതിയുടെ അടിയന്തിര ശ്രദ്ധ ഒരു പ്രശ്നത്തിലേയ്ക്ക് ക്ഷണിച്ചു. സ്പ്രിംഗര്‍ ട്രസ്റ്റിയായി ചുമതലയേറ്റ് അധികം വൈകാതെ തന്നെ രാജന്ദ്രേന്‍ വെള്ളപ്പാലത്തും അദ്ദേഹത്തിന്റെ ‘വോയ്സിറ്റ്’ കമ്പനിയും നിലവില്‍ ക്ലൗഡിയയുടെ ചുമതലയിലുള്ള(റിസീവര്‍ഷിപ്പ്), ബൈജൂസ് കമ്പനികളായ എപിക്, ന്യൂറോണ്‍, ടാന്‍ജബ്ള്‍ എന്നിവയില്‍ നിന്ന് കോടതി വിധിക്കെതിരായി സ്വത്തുവകകള്‍ വോയ്‌സിറ്റിലേക്ക് മാറ്റുന്നു എന്നായിരുന്നു കോടതി രേഖകള്‍ അനുസരിച്ച് അവരുടെ പരാതി. കേസിലെ പ്രതികളിലൊരാളായ തിങ്ക് ആന്‍ഡ് ലേണ്‍ എന്ന ബൈജൂസിന്റെ മാതൃസ്ഥാപനത്തിന്റെ ചീഫ് കണ്ടന്റ് ഓഫീസറായ വിനയ് രവീന്ദ്രയാണ് ഇതില്‍ രാജേന്ദ്രനെ സഹായിക്കുന്നതെന്നും ക്ലൗഡിയ സ്പ്രിംഗര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നേരത്തേ എപിക്, ടാന്‍ജബ്ള്‍ പ്ലേ കമ്പനികളുടെ സി.ഇ.ഒ ആയിരുന്നു വിനയ് രവീന്ദ്ര.
എപിക്, ടാന്‍ജബ്ള്‍, ന്യൂറോണ്‍ എന്നിവ വളരെ ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എഡ്യുടെക് കമ്പനികളാണ്. 2012-ല്‍ സ്ഥാപിക്കപ്പെട്ട എപിക്കിന്റെ സബ്സ്‌ക്രൈബര്‍ പട്ടികയില്‍ അമേരിക്കയിലെ 80 ശതമാനം പൊതു പ്രാഥമിക വിദ്യാലയങ്ങളും ഉള്‍പ്പെടും. 500 ദശലക്ഷം ഡോളറിനാണ് (ഏകദേശം 3750 കോടി) 2021-ല്‍ ഈ കമ്പനിയെ ബൈജൂസ് വാങ്ങുന്നത്. 2019 ജനുവരിയില്‍ ഏകദേശം 120 ദശലക്ഷം ഡോളറിന്(ഏകദേശം 880 കോടി) ടാന്‍ജബ്ളും 2021 സെപ്തംബറില്‍ 200 ദശലക്ഷം ഡോളറിന്(1500 കോടി) ന്യൂറോണും അവര്‍ വാങ്ങി.
ക്ലൗഡിയ സ്പ്രിംഗറുടെ പരാതിയില്‍ ആരോപിക്കുന്ന ഒരു കാര്യം, 2024 സെപ്തംബര്‍ 26-നും ഒക്ടോബര്‍ ഒന്നിനുമിടയില്‍ വിനയ് രവീന്ദ്ര രണ്ട് ലക്ഷം ഡോളര്‍(ഏകദേശം 1.65 കോടി) ബൈജൂസിന്റെ സ്ട്രൈപ് അക്കൗണ്ട് വഴി ബൈജൂസിന്റെ തന്നെ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കമ്പനിയായ വൈറ്റ്ഹാറ്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയിലേയ്ക്ക് മാറ്റി. ഒക്ടോബര്‍ മൂന്നിന് എപിക് കമ്പനിയില്‍ നിന്ന് വിനയ് രവീന്ദ്ര ഏകദേശം ഒമ്പത് കോടിയോളം രൂപ രാജേന്ദ്രന്റെ ദുബായ് കമ്പനിയായ വോയ്സിറ്റിലേയ്ക്ക് മാറ്റി എന്നതാണ് അടുത്ത ആരോപണം. കൂടാതെ എപികിന്റെ ആപിള്‍ സ്റ്റോര്‍ അക്കൗണ്ടും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അക്കൗണ്ടും വോയ്സിറ്റിന് കൈമാറിയതായുള്ള രേഖകളും ക്ലൗഡിയ കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍ രാജേന്ദ്രന്‍ കോടതിയില്‍ പറഞ്ഞത് മറ്റൊന്നാണ്. അദ്ദേഹം പറഞ്ഞതനുസരിച്ച് തിങ്ക് ആന്‍ഡ് ലേണ്‍ 2023 സെപ്തംബറില്‍ ബൈജു രവീന്ദ്രന്റെ അനുജന്‍ റിജു രവീന്ദ്രനില്‍ നിന്ന് 10 കോടി ഡോളര്‍(ഏകദേശം 825 കോടി) വായ്പ വാങ്ങി. ഈ വായ്പ കരാര്‍ അനുസരിച്ച് എപിക്കിന്റെയും ടാന്‍ജബ്ളിന്റെയും ഉടമസ്ഥാവകാശവും ഈ കമ്പനികളുടെ എല്ലാ സ്വത്ത് വകകളുടേയും നിയന്ത്രണവും റിജു രവീന്ദ്രന് ഉള്ളതായിരുന്നു. എന്നാല്‍ അദ്ദേഹം 2023 ഡിസംബറില്‍ റിജു രവീന്ദ്രന്‍ തന്റെ നിയന്ത്രണത്തിലുള്ള ഈ കമ്പനിയുടെ സ്വത്തു വകകള്‍ 2.55 കോടി ഡോളറിന്(ഏകദേശം 210 കോടി) വോയ്സിറ്റിന് വിറ്റു.
അമേരിക്കന്‍ കോടതി നടപടികളുടെ കുരുക്കിലാണ് ഇപ്പോള്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത്. കേരളത്തിലെ രാഷ്ട്രീയ മേഖലയില്‍ ഭാവി പ്രതീക്ഷിക്കുന്ന രാജേന്ദ്രനെ പോലെയുള്ള ഒരാളെ ഈ കേസ് എങ്ങനെ ബാധിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അമേരിക്കന്‍ കോടതിയുടെ കുരുക്ക് മുറുകി കൊണ്ടിരിക്കുമ്പോള്‍, രാജേന്ദ്രന്‍ എറണാകുളത്തെ വാണിജ്യ കോടതിയില്‍ തിങ്ക് ആന്‍ഡ് ലേണിനെതിരെയും ആപ്പിള്‍, ഗൂഗിള്‍ കമ്പനികള്‍ക്കെതിരെയും താന്‍ ബൈജൂസില്‍ നിന്നും അമേരിക്കയില്‍ വാങ്ങിച്ചുവെന്ന് അവകാശപ്പെടുന്ന കമ്പനികളുടെ ഉടമസ്ഥവകാശം മരവിപ്പിച്ചതിനെതിരേയും, കമ്പനികളുടെ ഉടമസ്ഥാവകാശം തനിക്ക് തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ടും, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2024 നവംബര്‍ 20ന് റോസ് ലേക് എന്ന കമ്പനിയുടെ സ്ഥാപകന്‍ വില്യം ഹൈലര്‍, ഡെലവെയര്‍ കോടതിയില്‍ ക്ലൗഡിയ സ്പ്രിംഗര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാക്ഷിയായി വന്നപ്പോഴാണ് രാജേന്ദ്രന്‍ വെള്ളപാലത്തിന്റെ ബൈജൂസുമായുള്ള ബന്ധം പുറത്തു വന്നത്. ഹൈലര്‍ പറയുന്നത്, നേരത്തേ ഒപ്പം ജോലി ചെയ്തിരുന്ന ഒരാളാണ് തനിക്ക് ബൈജുവിനെ പരിചയപ്പെടുത്തിയത് എന്നാണ്. ബൈജൂസിന്റെ അമേരിക്കന്‍ കോടതികളില്‍ നടന്നു വരുന്ന കേസുകളില്‍നിന്ന് തലയൂരുന്നതിന് വായ്പ എടുത്ത 9,600 കോടിക്കു പകരം 1,250 കോടി ഒന്നിച്ചു ഗ്ലാസ് ട്രസ്റ്റിന് കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കാനാണ് ബൈജു രവീന്ദ്രന്റെ പദ്ധതിയെന്നും ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്താന്‍ ബൈജു രവീന്ദ്രന്‍ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും വില്യം ഹൈലര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ബൈജുവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഇത്രയും പണം പെട്ടെന്ന് ബൈജു എങ്ങനെ ഉണ്ടാക്കും എന്നതിനെ കുറിച്ചും തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ഹൈലര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഹൈലറുടെ റോസ് ലേക്ക് കമ്പനിയിലേയ്ക്ക് 2024 ജൂണിനും ജൂലൈക്കുമിടയില്‍ 1.125 കോടി ഡോളര്‍ (93.5 കോടി) ബൈജു കൈമാറി. ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ ‘വായ്പ തന്നവര്‍ക്ക് ഫണ്ടിന്റെ ലഭ്യത ബോധ്യപ്പെടുത്താനുള്ളതും ഈ പ്രശ്നത്തില്‍ ഇടപെടുന്ന സേവനത്തിന് റോസ്ലേക്കിനുള്ള വേതനവുമായിരുന്നു അത്’ എന്നും ഹൈലര്‍ കോടതിയെ അറിയിച്ചു. ഈ പണം വരുന്നത് കേയ്മാന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കമ്പനിയില്‍ നിന്നാണ് എന്നാണ് ബൈജു തന്നോട് പറഞ്ഞതെന്നും ഹൈലര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ താന്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ലണ്ടനിലെ ഒ.സി.ഐ എന്ന കമ്പിനിയില്‍ നിന്നാണ് ഈ പണം തന്റെ
കമ്പിനിയിലേയ്ക്ക് എത്തിയത് എന്ന് തെളിയുകയും ബൈജു രവീന്ദ്രന്‍ തന്നോട് നുണ പറയുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും ഹൈലര്‍ കോടതിയെ ബോധിപ്പിച്ചു.
2024 ഒക്ടോബറില്‍ ബൈജുവിന്റെ ദുബായിലുള്ള ആഢംബര വസതിയില്‍ അവരുടെ ക്ഷണമനുസരിച്ച് വില്യം ഹൈലര്‍ സന്ദര്‍ശനം നടത്തിയതായും മൊഴിലുണ്ട്. അവിടെ വച്ചാണ് ഹൈലര്‍ക്ക് കൈമാറിയ പണം വായ്പയായി നല്‍കിയ നിക്ഷേപകനെ ബൈജു പരിചയപ്പെടുത്തിയത്. അത് രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ആയിരുന്നു. ‘അടുത്ത സുഹൃത്തും’ ‘പങ്കാളിയും’ എന്നായിരുന്നു രാജേന്ദ്രനെ ബൈജു വിശേഷിപ്പിച്ചത്.
രാജേന്ദ്രന്‍ വെള്ളപ്പാലത്ത്
അന്ന് വൈകിട്ട് പിരിയുമ്പോള്‍ റോസ് ലേക്ക് അക്കൗണ്ടിലേയ്ക്ക് ഒ.സി.ഐയുടെ അക്കൗണ്ടില്‍ നിന്ന് വന്ന 93.5 കോടി രൂപ ഭാര്യ ദിവ്യ ഗോകുല്‍നാഥിന്റെ അക്കൗണ്ടിലേയ്ക്ക് തിരിച്ചയക്കാന്‍ ഹൈലറോട് ബൈജു ആവശ്യപ്പെട്ടു. ആ പണം രാജേന്ദ്രന്‍ നടത്തിയ നിക്ഷേപമാണെന്നാണ് നേരത്തേ ബൈജു പറഞ്ഞിരുന്നത്. അന്ന് ബൈജുവും ദിവ്യയും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ നിന്നു ഈ ഇടപാടുകളുടെ ഭാഗമായി റോസ് ലേക്കിലേക്ക് ഇട്ടിരുന്ന പണം തിരികെ ചോദിക്കുന്നത് വായ്പ നല്‍കി എന്ന് പറയുന്ന രാജേന്ദ്രന് കൊടുക്കാനല്ല എന്ന് ബോധ്യമായി എന്നും ഹൈലര്‍ കോടതിയെ അറിയിച്ചു. മറ്റാര്‍ക്കോ കൊടുക്കാനാണ് അത് ധൃതിപെട്ട് തിരിച്ച് ചോദിച്ചത്. ഇതോടെ ‘ഒ.സി.ഐ ലിമിറ്റഡും ബൈജുവും തമ്മിലുള്ള പണമിടപാടുകളില്‍ ഇടനിലക്കാരനായി എന്നെ ഉപയോഗിക്കുകയായിരുന്നു അവര്‍ എന്ന് എനിക്ക് പൂര്‍ണമായും ബോധ്യമായി’- ഹൈലര്‍ കോടതിയെ ബോധിപ്പിച്ചു.
കോഴിക്കോടുള്ള രാജേന്ദ്രന്റെ പരിചയക്കാരോട് നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത് ബൈജുവുമായുള്ള രാജേന്ദ്രന്റെ ബന്ധത്തിന് കാലങ്ങളോളം പഴക്കമുണ്ട് എന്നാണ്. ഒരാള്‍ അവകാശപ്പെടുന്നത് രാജേന്ദ്രന്റെ കമ്പനിയാണ് ബൈജൂസ് ആപ് വികസിപ്പിക്കാന്‍ സഹായിച്ചത് എന്നാണ്. രാജേന്ദ്രന് അയച്ച ചോദ്യങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചിരുന്നുവെങ്കിലും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. What is the connection between Rajendran Vellapalath and Byju’s fraud case?
Content Summary; What is the connection between Rajendran Vellapalath and Byju’s fraud case?