ഇസ്രയേലിനെതിരെ ഇറാന്‍ അടുത്തിടെ നടത്തിയ മിസൈല്‍ ആക്രമണം, ഇസ്രയേലിന്റെ പ്രതിരോധത്തിനും സൈനിക തന്ത്രത്തിനും ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ആഴമുള്ളതാണ്. ഇറാന്‍ വിക്ഷേപിച്ച 180-ലധികം മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നാണ് ഇസ്രയേല്‍ അധികൃതര്‍ അവകാശപ്പെട്ടത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇറാന്‍ ആക്രമണത്തെ ‘പരാജയപ്പെട്ടതും ഫലപ്രദമല്ലാത്തതും’ എന്നായിരുന്നു അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും, പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം ഈ ഏറ്റുമുട്ടലിന്റെ അനന്തരഫലങ്ങള്‍ നിലവില്‍ വിലയിരുത്തപ്പെട്ടതുപോലെയല്ല.
സാറ്റലൈറ്റ് ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഫൂട്ടേജുകളും നിരവധി മിസൈലുകള്‍ നെഗേവ് മരുഭൂമിയിലെ നെവാറ്റിം വ്യോമതാവളത്തില്‍ പതിക്കുന്നതായി വെളിപ്പെടുത്തുന്നുണ്ട്, അതിന്റെ ഫലമായുണ്ടായ സ്‌ഫോടനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ അയണ്‍ ഡോം, ആരോ എയര്‍ ഡിഫന്‍സ് എന്നിവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ നിലനില്‍ക്കെ തന്നെയാണ്, ഇറാന്റെ ആക്രമണങ്ങള്‍ ആദ്യം പുറത്തു വന്ന വിവരങ്ങളെക്കാള്‍ കൂടുതല്‍ ആഘാതങ്ങള്‍ ഇസ്രയേലിന് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഈ ചിത്രങ്ങള്‍ വഴി വ്യക്തമാകുന്നത്. ഇസ്രയേല്‍ വ്യോമതാവളത്തിന് സമീപത്തായി നേരിട്ടുള്ള 32 മിസൈലുകളെങ്കിലും പതിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങളായ എഫ്-35 ജെറ്റ് വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാംഗറുകള്‍ക്ക് സമീപത്തു വരെ ശത്രുവിന്റെ ചില മിസൈലുകള്‍ ഭയാനകമാം വിധം പതിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
ഇറാന്റെ മിസൈലുകള്‍ ഇസ്രയേല്‍ വിമാനങ്ങളെ തകര്‍ത്തതായി വിവരമൊന്നുമില്ലെങ്കിലും, ഇസ്രയേലിന്റെ സുപ്രധാനമായ പ്രതിരോധ സംവിധാനങ്ങളെ തങ്ങള്‍ക്ക് ലക്ഷ്യം വയ്ക്കാനാകുമെന്ന് തെളിയിക്കാന്‍ ഇറാന് കഴിഞ്ഞുവെന്നത് അവരുടെ ശക്തിപ്രകടനമായി കാണാനാകും.
ഇത് എന്തുതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് വളരെ പ്രധാനമാണ്. ടെല്‍ അവീവ് പോലുള്ള നഗരപ്രദേശങ്ങളിലേക്കോ ഹൈഫയ്ക്ക് സമീപമുള്ള ബസാന്‍ ഗ്രൂപ്പിന്റെ എണ്ണ ശുദ്ധീകരണശാലകള്‍ പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്കോ ഇറാന്‍ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കും. ഇവിടങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നു മാത്രമല്ല, വലിയൊരു ജനസംഖ്യയ്ക്ക് ഭീഷണിയാകുന്ന പാരിസ്ഥിതിക ദുരന്തത്തിനും കാരണമാകും.
ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഇറാന്‍ കഴിവ് തെളിയിച്ചിരിക്കുന്നു, അത് തന്നെയാണ് യഥാര്‍ത്ഥ ഭീഷണി എന്നാണ് ഗവേഷണ ഗ്രൂപ്പായ സിഎന്‍എയിലെ അനലിസ്റ്റായ ഡെക്കര്‍ എവെലെത്ത് എടുത്തുകാണിക്കുന്നത്. ഡെക്കര്‍ എടുത്തു പറയുന്നൊരു കാര്യമുണ്ട്, ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങളാണെങ്കിലും എയര്‍ബേസുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഉയര്‍ന്ന അപകട നിരക്ക് ഉണ്ടാകില്ല, അതേസമയം ജനസാന്ദ്രതയുള്ള പ്രതിരോധ സൈനിക ആസ്ഥാനങ്ങള്‍ അല്ലെങ്കില്‍ സിവിലിയന്‍ പ്രദേശം പോലെയുള്ള കൂടുതല്‍ ദുര്‍ബലമായ ലക്ഷ്യത്തിലേക്കുള്ള ആക്രമണങ്ങള്‍ മനുഷ്യ ജീവന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യമായ നഷ്ടത്തിന് കാരണമായേക്കാം.
ഇസ്രയേലിനെ ബാധിക്കുന്ന മറ്റൊരു പ്രതിസന്ധി, ഈ വ്യോമാക്രമണങ്ങള്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക ഭാരമാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരിപാലിക്കുന്നതിനും അവ കരുതി വയ്ക്കുന്നതിനുമുള്ള ചെലവ് ഗണ്യമായതാണ്. ഇസ്രയേലിന്റെ ശേഖരമാകട്ടെ പരിമിതവുമാണ്. ഈ പരിമിതിയാകട്ടെ, ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ ചെറുക്കാനുള്ള ഇസ്രയേലിന്റെ ദീര്‍ഘകാല ശേഷിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. പ്രതികാര ആക്രമണങ്ങളുടെ ഒരു പരമ്പരയായി സംഘര്‍ഷം വഷളായാല്‍, ഇസ്രയേല്‍ സ്വയം കൂടുതല്‍ ദുര്‍ബലരായേക്കാമെന്നാണ് ഡെക്കര്‍ എവലെത്ത് നല്‍കുന്ന മുന്നറിയിപ്പ്.
ഭാവിയിലെ ഭീഷണികള്‍ ലഘൂകരിക്കുന്നതിന് ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നതിനായിരിക്കും ഇസ്രയേല്‍ മുന്‍ഗണന നല്‍കുകയെന്നാണ് ഇനി പ്രതീക്ഷിക്കാവുന്ന കാര്യം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അവരുടെ ആണവ മോഹങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഭീഷണിയാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു പറയുന്നത്. ഇതിനെതിരായ പ്രതിരോധ നടപടികള്‍ ഇസ്രയേലിന്റെ സൈനിക തന്ത്രത്തിന്റെ മൂലക്കല്ലായി മാറിയേക്കാം.
ഇപ്പോള്‍ ഉയരുന്ന പിരിമുറുക്കം, ഇസ്രയേല്‍ പ്രത്യാക്രമണം ആസന്നമായിരിക്കുന്നു എന്ന തോന്നലാണ് ഉണ്ടാക്കുന്നത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ജനറല്‍ മൈക്കല്‍ കുറില്ല കൂടിയാലോചനകള്‍ക്കായി ഇസ്രയേലില്‍ എത്തുമെന്നാണ് വിവരം. അതേസമയം പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവും ഇസ്രയേലിന്റെ സൈനിക പ്രതികരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ തിരിച്ചടി തന്ത്രപരമായി സമയമെടുത്ത് ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഉണ്ടാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്.
ഇറാനിയന്‍ സൈനിക സൗകര്യങ്ങള്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധപ്പെട്ട കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, എണ്ണ ശുദ്ധീകരണശാലകള്‍ പോലുള്ള എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവ ആക്രമണത്തിനുള്ള ഇസ്രയേലിന്റെ സാധ്യത ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ലക്ഷ്യങ്ങള്‍ ഓരോന്നും തന്നെ ഇറാനില്‍ നിന്നുള്ള പ്രതികാരത്തെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്നുള്ള അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇത് നിലവിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ നേരിട്ടുള്ള ആക്രമണം, ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഒരു പ്രലോഭനമായ തെരഞ്ഞെടുപ്പാണെങ്കിലും, അത്തരം നീക്കം ഇറാനെ സംബന്ധിച്ച് ചുവപ്പ് വര കടന്ന് കാര്യങ്ങള്‍ ചെയ്യാനും സംഘര്‍ഷത്തിന്റെ തീവ്രത കൂടുതല്‍ അപകടകരമാക്കാനും കാരണമാകും.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ഇറാന്റെ മിസൈല്‍ ആക്രമണത്തിന്റെ ആഘാതം പരിമിതമായി തോന്നാമെങ്കിലും, ഇസ്രയേലിന്റെ സൈനിക തന്ത്രത്തിനും ദേശീയ സുരക്ഷയ്ക്കും അതുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ആഴമുള്ളതാണ്. ഇറാന്റെ വര്‍ദ്ധിച്ചുവരുന്ന ആക്രമണശേഷിയും വിനാശകരമായ പ്രതികാരത്തിനുള്ള സാധ്യതകളും ഇസ്രയേലിന്റെ പ്രതിരോധ നിലയെ സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം വലുതാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖല കൂടുതല്‍ അനിശ്ചിതത്വവും അപകടവും നിറഞ്ഞതാകും. What Ways Iran Military Strike Could Damage Israel?
Content Summary; What Ways Iran Military Strike Could Damage Israel?