‘ഒരു പുതിയ ലോകം സാധ്യമാണ് എന്ന് മാത്രമല്ല, ആ ലോകം എത്തിച്ചേരുകയാണ്. ശാന്തമായ ഒരു ദിവസം ശ്രദ്ധിച്ച് കാതോര്‍ത്താല്‍ അവളുടെ ശ്വാസം നിങ്ങള്‍ക്ക് കേള്‍ക്കാം’ -ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പല വേദികളിലും മുഴങ്ങി കേട്ടിരുന്ന ഈ ഉദ്ധരണി നമ്മുടെ പ്രിയ എഴുത്തുകാരി അരുന്ധതി റോയിയുടേതാണ്. തന്റെ പ്രിയ എഴുത്തുകാരിയുടെ ഉദ്ധരണി പ്രചരണത്തിലുനീളം പുതിയ ലോകത്തിന്റേയും കാലത്തിന്റേയും വരവ് പ്രഖ്യാപിച്ച് ആവര്‍ത്തിച്ചിരുന്നതാകട്ടെ ഡോ.ഹരിണി അമരസൂര്യയും- ശ്രീലങ്കയുടെ നിയുക്ത പ്രധാനമന്ത്രി.
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രഖ്യാപിച്ച ഡോ. ഹരിണി അമരസൂര്യയെ ചൊവ്വാഴ്ച വൈകീട്ട് ചുമതലയേറ്റു. 1994-2000 കാലയളവിൽ പ്രധാമന്ത്രിയായിരുന്ന സിരിമാവോ ഭണ്ഡാര നായകെയ്ക്ക് ശേഷം ശ്രീലങ്കയിൽ ആ പദവിയിൽ എത്തുന്ന ആദ്യ സ്ത്രീയാണ് ഡോ.ഹരിണി. പുതുതായി രാജ്യത്ത് ഭരണം നേടിയ സഖ്യകക്ഷിയായ നാഷണൽ പീപിൾസ് പവറിന്റെ പ്രതിനിധിയാണ് പഴയ കോളേജ് അധ്യാപികയായ ഹരിണി. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം രാജി വച്ച ദിനേശ് ഗുണവർദ്ധനയുടെ പിൻഗാമിയായ ശ്രീലങ്കയുടെ 16-മത് പ്രധാനമന്ത്രിയായാണ് ഹരിണി സത്യപ്രതിജ്ഞ ചെയ്തത്. നിയമം, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ശാസ്ത്ര സാങ്കേതിവിദ്യ, ആരോഗ്യം, നിക്ഷേപം എന്നീ പ്രധാന വകുപ്പുകളും ഡോ.ഹരിണി നേരിട്ട് കൈകാര്യം ചെയ്യും. പ്രസിഡന്റ് അനുര കുമാരയ്ക്കും പ്രധാനമന്ത്രി ഡോ.ഹരിണിക്കും പുറമേ മന്ത്രിമാരായി എൻ.പി.പി പ്രതിനിധികളായ വിജിത ഹേറത്തുമ ലക്ഷ്മൺ നിപുരച്ചിയും സത്യപ്രതിജ്ഞ ചെയ്തു.
ശ്രീലങ്കയുടെ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റ്; മുന്നോട്ടുള്ള വഴികള്‍ എത്ര എളുപ്പം
തേയിലത്തോട്ടമുടമകളാണ് ഹരിണിയുടെ മാതാപിതാക്കള്‍. ഡല്‍ഹി ഹിന്ദു കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഹരിണി സ്‌കോട്ട്ലാന്‍ഡിലെ എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് സാമൂഹിക ശാസ്ത്ര-നരവംശശാസ്ത്ര അധ്യാപിക എന്ന നിലയില ഡോ.ഹരിണി ശ്രദ്ധേയയായി. അധ്യാപക സംഘടന നേതാവ് കൂടിയായിരുന്ന അവര്‍ എഴുത്തുകാരി, സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആള്‍ എന്ന നിലയിലും ശ്രീലങ്കയില്‍ അറിയപ്പെട്ടു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ എന്‍.പി.പിയുടെ താരപ്രചാരകയായി ഡോ.ഹരിണി മാറി. മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീകളുടെ സാമൂഹിക പദവിക്കും അംഗീകാരത്തിനും അവകാശങ്ങള്‍ക്കും വേണ്ടി അവര്‍ നിലയുറപ്പിച്ചു.
ശ്രീലങ്കന്‍ ദേശീയ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി 1700 കിലോമീറ്ററുകളോളം അനുദിനം സഞ്ചരിച്ച ഡോ.ഹരിണി ആറു പൊതുപരിപാടികളിലെങ്കിലും എല്ലാദിവസവും സംസാരിച്ചു. രാജ്പക്സേ, വിക്രമസിംഹ, ഭണ്ഡാരനായകെ തുടങ്ങി ശ്രീലങ്കയില്‍ പതിറ്റാണ്ടുകളോളം ഭരണത്തിലുണ്ടായിരുന്ന രാഷ്ട്രീയ കുടുംബങ്ങളെ എല്ലാം തള്ളിമാറ്റിയാണ് ജെ.വി.പി നേതാവായ അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എന്‍.പി.പി ഭരണത്തിലേയ്ക്കും ദിസനായകെ പ്രസിഡന്റ് പദവിയിലേക്കും എത്തിയത്. who is dr harini amarasuriya sri lanka new prime minister
Content Summary; who is Dr. Harini Amarasuriya sri lanka new prime minister