ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസ് ആയി സുപ്രിം കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു. നവംബര്‍ 11, തിങ്കളാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത ആറു മാസമാണ് ചീഫ് ജസ്റ്റീസ് ചുമതലയില്‍ ജസ്റ്റിസ് ഖന്നയുടെ കാലാവധി.
2022 നവംബര്‍ 9 മുതല്‍ ചീഫ് ജസ്റ്റിസ് കസേരയില്‍ ഇരുന്ന് നവംബര്‍ 10 ന് വിരമിച്ച, ഡി വൈ ചന്ദ്രചൂഡാണ് സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസായി നിര്‍ദ്ദേശിച്ചത്.
1960 മേയ് 14 ന് ജനിച്ച ജസ്റ്റിസ് ഖന്ന 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. ഭരണഘടന, നികുതി, ആര്‍ബിട്രേഷന്‍, വാണിജ്യ നിയമം, പരിസ്ഥിതി നിയമം എന്നിവയില്‍ വിപുലമായ പരിജ്ഞാനം ജസ്റ്റിസ് ഖന്ന സ്വായത്തമാക്കിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഖന്ന, 2004ല്‍ ഡല്‍ഹി എന്‍സിടി(നാഷണല്‍ കാപിറ്റല്‍ ടെറിറ്ററി)യുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി (സിവില്‍) നിയമിതനായി. ജസ്റ്റീസ് ഖന്നയുടെ ന്യായാധിപ ജീവിതം ആരംഭിക്കുന്നത്, 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനാകുന്നതോടെയാണ്. 2006-ല്‍ അദ്ദേഹം സ്ഥിരം ജഡ്ജിയായി. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ഖന്ന ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമി, ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍, ഡിസ്ട്രിക്ട് കോര്‍ട്ട് മീഡിയേഷന്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസംനീയമായ സംഭാവനകള്‍ നല്‍കിയിരുന്നു. ഒരു ജുഡീഷ്യല്‍ ലാന്‍ഡ്‌സ്‌കേപ്പ് രൂപപ്പെടുത്തുന്നതിലും ഖന്ന പ്രധാന പങ്ക് വഹിച്ചിരുന്നു.
2019 ജനുവരി 18 ന് ജസ്റ്റീസ് ഖന്ന സുപ്രിം കോടതി ജഡ്ജിയായി നിയമിതനായി. മുമ്പ് ഒരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിക്കാതെയാണ് ജസ്റ്റിസ് ഖന്ന സുപ്രിം കോടതിയില്‍ എത്തുന്നത്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് ഉള്‍പ്പെടെ ഒട്ടേറേ നിര്‍ണായക വിധികള്‍ ജസ്റ്റിസ് ഖന്ന പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിന് പ്രചാരണത്തിനിറങ്ങാന്‍ സാഹായകമായത് ജസ്റ്റിസ് ഖന്നയുടെ ഉത്തരവായിരുന്നു. മറ്റൊരു സുപ്രധാന വിധിയില്‍, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള(പിഎംഎല്‍എ) കേസുകളില്‍ ഉണ്ടാകുന്ന കാലതാസമം, കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനുള്ള കാരണമായിരിക്കുമെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട കേസിലായിരുന്നു ജസ്റ്റിസ് ഖന്നയുടെ ഈ സുപ്രധാന നിര്‍ദേശം. Who is Justice Sanjiv Khanna, the new Chief Justice of India?
Content Summary; Who is Justice Sanjiv Khanna, the new Chief Justice of India?