എന്നും വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നടുവില്‍ ജീവിച്ച, അതില്‍ നിന്നു കിട്ടുന്ന വാര്‍ത്താ പ്രാധാന്യത്തില്‍ മാത്രം കേരള രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്ന രാഷ്ട്രീയക്കാരനാണ് പി സി ജോര്‍ജ്. വായില്‍ വരുന്നതെന്തും വിളിച്ചു പറഞ്ഞു നടന്നിരുന്ന ജോര്‍ജ് ഇതാദ്യമായിട്ടാകാം നിയമവ്യവസ്ഥിതിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്നത്.
മുസ്ലീം ന്യൂനപക്ഷത്തിനെതിരെ മതസ്പര്‍ദ്ധയ്ക്ക് വഴി വയ്ക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചയില്‍സംസാരിച്ചതിന്റെ പേരിലുള്ള കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ചീഫ് വിപ്പും ഇപ്പോള്‍ ബി.ജെ.പി നേതാവുമായ പി.സി.ജോര്‍ജ് റിമാന്‍ഡിലായിരിക്കുകയാണ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ജോര്‍ജ് ഗത്യന്തരമില്ലാതെ തിങ്കളാഴ്ച്ച ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാവുകയായിരുന്നു. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി മാര്‍ച്ച് 10 വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പി സി ജോര്‍ജ് വീണ്ടും വാര്‍ത്തയാകുന്ന സാഹചര്യത്തില്‍, ജോര്‍ജിന്റെ രാഷ്ട്രീയവും ജീവിതവും ദീര്‍ഘമായി വിശകലനം ചെയ്ത് അഭിലാഷ് രാമചന്ദ്രന്‍ എഴുതി, 2013 സെപ്തംബര്‍ 2, 3 തീയതികളിലായി രണ്ട് ഭാഗങ്ങളിലായി അഴിമുഖം പ്രസിദ്ധീകരിച്ച ‘ ആരാണ് പി സി ജോര്‍ജ്’ പുനഃപ്രസിദ്ധീകരിക്കുകയാണ്.
പൂഞ്ഞാറില്‍നിന്നു പുറപ്പുഴയിലൂടെയുള്ള രാഷ്ട്രീയ വഴികള്‍
കേരള രാഷ്ട്രീയത്തില്‍ എറെ വഴിത്തിരിവുകള്‍ സൃഷ്ടിച്ച എണ്‍പതുകളിലാണ് പി.സി. ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ തുടക്കം. ആ തഴക്കവും വഴക്കവും തന്റെ രാഷ്ട്രീയ ഗോദയില്‍ ജോര്‍ജ് അന്നുമിന്നും മെയ്വഴക്കത്തോടെ പ്രകടപ്പിക്കുന്നുമുണ്ട്. 1980 ജനുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണു പ്‌ളാത്തോട്ടത്തില്‍ ചാക്കോച്ചന്‍ ജോര്‍ജ് എന്ന പി.സി. ജോര്‍ജ് ആന ചിഹ്നത്തില്‍ കേരള നിയമസഭയിലേക്കു കന്നിയങ്കം കുറിക്കുന്നത്. അന്ന് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ഥിയായി ജോര്‍ജ് കന്നിയങ്കത്തില്‍ ജയിച്ചു. പൂഞ്ഞാറില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വെറും 1148 വോട്ടായിരുന്നു ഭൂരിപക്ഷം. കെ.എം. മാണിയുടെ സ്ഥാനാര്‍ഥിയായി ഇടതുപക്ഷത്തുനിന്നു മല്‍സരിച്ച വി.ജെ. ജോസഫ് എന്ന മികച്ച എതിരാളിയെ മലര്‍ത്തിയടിച്ചായിരുന്നു ആ വിജയം. തുടര്‍ന്നുണ്ടായ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.എം. മാണിക്ക് എതിരേ നിയമസഭയില്‍ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ജോര്‍ജ് ആഞ്ഞടിച്ചു. 79-ല്‍ തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ മാണിക്കെതിരേ അന്നുമുതല്‍ കൊണ്ടുനടന്ന രോഷം 2009-ല്‍ മാണിയുമായി കൂട്ടുചേരുന്നതുവരെ ജോര്‍ജ് തുടരുകയും ചെയ്തു.
1951 ആഗസ്റ്റ് 28ന് കോട്ടയത്തെ അരുവിത്തുറയില്‍ പ്‌ളാത്തോട്ടത്തില്‍ ചാക്കോച്ചന്റെയും മറിയാമ്മയുടേയും മകനായി ജനനം. അരുവിത്തുറയിലെ പുരാതന കത്തോലിക്ക കുടുംബത്തിലെ പ്രമാണിയായിരുന്ന അബ്കാരി കോണ്‍ട്രാക്ടറായിരുന്നു പിതാവ്. ആദര്‍ശ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലല്ല മറിച്ച് മലയോരത്തിന്റെ കൈക്കരുത്തിന്റെയും ആരെയും കൂസാത്ത നെഞ്ചൂക്കിന്റെയും ബലത്തിലാണ് ജോര്‍ജ് പിടിച്ചുനില്‍ക്കുന്നതെന്നു പറയാതെ വയ്ക. പി.ടി. ചാക്കോയ്ക്കുള്ള ബലിച്ചോറായി കേരളകോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനം രൂപംകൊണ്ടപ്പോള്‍ അപ്പനും പാരമ്പര്യം പിന്‍തുടര്‍ന്നു ജോര്‍ജും അണികളായി. കെ.എം. ജോര്‍ജിന്റെയും ആര്‍. ബാലകൃഷ്ണപിള്ളയുടേയും ആരാധകനുമായി. പിതാവിന്റെ സുഹൃത്തായിരുന്ന പിള്ളയുമായുള്ള ചെറുപ്പത്തിലേയുള്ള ആ പരിചയമാണ് ജോര്‍ജിനെ പിള്ളയുമായി അടുപ്പിച്ചു നിര്‍ത്തിയിരുന്ന ഘടകങ്ങളിലൊന്ന്.
അരുവിത്തറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍നിന്നു പത്താംതരം കടന്ന് സെന്റ് ജോര്‍ജ് കോളജിലെ പ്രീഡിഗ്രി പഠനകാലത്തും ജോര്‍ജ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചിരുന്നില്ല. ബിരുദപഠനത്തിനായി മലയോരം വിട്ടിറങ്ങി 68-ല്‍ തേവര സേക്രട്ട് ഹാര്‍ട് കോളജില്‍ എത്തിച്ചേര്‍ന്നപ്പോഴായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പിച്ചവയ്ക്കല്‍. ഭൗതിക ശാസ്ത്രം പഠിക്കാന്‍ ചേര്‍ന്ന ജോര്‍ജ് പക്ഷേ കലാലയ കാലളയവില്‍ പഠിച്ചതു പ്രായോഗിക രാഷ്ട്രീയ ചുവടുകളായിരുന്നെന്നു മാത്രം. ഒന്നാംതരം ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ജോര്‍ജ് അന്നു കെ.എസ്.യുവിനെ വെല്ലുവിളിച്ച് തേവര കോളജില്‍ കെ.എസ്.സിയുടെ യൂണിറ്റ് ഉണ്ടാക്കി. കെ.എസ്.എഫുമായി ചേര്‍ന്നു മല്‍സരിക്കുകയും ചെയ്തു.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജോര്‍ജ് ഇക്കാലത്ത് വളര്‍ന്നുകൊണ്ടേയിരുന്നു. കെ.എസ്.സി. ജില്ലാപ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. ഇക്കാലയളവില്‍ പാര്‍ട്ടി പിളര്‍ന്നു. സ്ഥാപക നേതാക്കളായ കെ.എം. ജോര്‍ജും പിള്ളയും ഒരു വശത്തും കെ.എം. മാണിയും മറ്റുള്ളവരും മറുഭാഗത്തും. ചെറുപ്പത്തിന്റെ ആവേശത്തില്‍ മാണിക്കൊപ്പമായിരുന്നു ജോര്‍ജ് ഉറച്ചത്. 77-ലെ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന വി.ജെ. ജോസഫിനെതിരേ പ്രവര്‍ത്തിച്ചുവെന്ന പരാതിയുടെ പേരില്‍ മാണി പാര്‍ട്ടിയില്‍നിന്നു 26-ആം വയസില്‍ പുറത്താക്കുന്നതോടെ പി.സി. ജോര്‍ജിന്റെ രാഷ്ട്രീയത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നു.
പിന്നീടുള്ള തന്റെ രാഷ്ട്രീയം കെ.എം മാണിക്ക് എതിരേ പോരാടാനുള്ളതായി ജോര്‍ജ് മാറ്റിവച്ചു. അതിനൊപ്പം മാണിയോടു പകരം ചോദിക്കുമെന്നും ഇനി എംഎല്‍.എ. ആകാതെ തിരുവനന്തപുരത്തേക്കില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. മാണിയുമായുള്ള ബാന്ധവം പിന്നീട് 2009-ല്‍ പുനഃരാരംഭിക്കുന്നതുവരെ ജോര്‍ജ് ഈ കഥ ഓര്‍മിക്കുമായിരുന്നു. രണ്ടു ദശകത്തെ കാലപ്പഴക്കത്തില്‍ മലയാളിക്ക് മുന്നില്‍ കെ.എം. മാണി, ‘മാണി സാര്‍’ ആയി വളര്‍ന്നുവെങ്കിലും ജോര്‍ജിന്റെ വാക്കുകളില്‍ മാണി ഒരിക്കലും മാണി സാറായില്ല. പിന്നീട് പുനരൈക്യവേളയിലാണ് ജോര്‍ജിനു മാണി ‘മാണിസാറാ’യത്. അതിനു സാക്ഷി ലയനം നടന്ന തിരുനക്കര മൈതാനവും.
ജോര്‍ജിന്റെ രാശി കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന്റെ രൂപത്തിലാണ് ആദ്യമായി തെളിഞ്ഞുവന്നത്. 79-ലെ പിളര്‍പ്പില്‍ മാണിയും ജോസഫും പിള്ളയും പലതായി പിളര്‍ന്നു മാറിയപ്പോള്‍ ജോര്‍ജ് കളത്തില്‍ തെളിഞ്ഞുവന്നു, പുറപ്പുഴ ജോസഫിനൊപ്പം കാവലാളായി നിലകൊള്ളാന്‍. തുടര്‍ന്ന് 1980-ല്‍ നടന്ന തെരഞ്ഞെടുപ്പിലാണു ജോര്‍ജിന്റെ കന്നിയങ്കം. മാണിയുടേയും സഭയുടേയും സ്വന്തക്കാരനായിരുന്ന വി.ജെ. ജോസഫിനെ തോല്‍പ്പിച്ച് മധുരപ്രതികാരം. തുടര്‍ന്നിങ്ങോട്ട് നേരത്തേപ്പറഞ്ഞ മാണിവധം ജോര്‍ജ് ആടിത്തിമിര്‍ത്തു. അതിനൊപ്പം കര്‍ഷകപക്ഷത്തുനിന്നുള്ള ആദ്യപോരാട്ടം എന്നനിലയില്‍ കൊക്കോ വിലവര്‍ധനവിനായി കോട്ടയം കലക്ട്രേറ്റിനു മുന്നില്‍ ആറുദിവസം നീണ്ട നിരാഹാരം. അവിടെ ജോര്‍ജ് മാണിക്കെതിരേ ആദ്യമായി വിജയിച്ചു. കൊക്കോ തറവില വര്‍ധിപ്പിച്ച് മാണിക്ക് തിരിച്ചടിയും നല്‍കി. മാണിയും കൂട്ടരും വെറുതേയിരുന്നില്ല, ജോര്‍ജിനെതിരേ ജാരസന്തതി ആരോപണവുമായി രംഗത്തെത്തി. വിഷയം നിയമസഭയിലുമെത്തി. കുഞ്ഞിന്റെ പിതൃത്വം മാണിക്കും ഒ. ലൂക്കോസിനും മേല്‍ ആരോപിച്ച് ജോര്‍ജും തിരിച്ചടിച്ചു. കോടതിയില്‍നിന്നുള്ള വിധി ജോര്‍ജിന് അനുകൂലമായിരുന്നു. ഒപ്പം കള്ളപ്പരാതി നല്‍കിയതിനു വാദിക്കെതിരേ കേസുമെടുത്തു. ഈ പരാതിയെപ്പറ്റിയുള്ള പരാമര്‍ശത്തിനാണ് പി.സി. 2013-ലെ മാറിയകാലത്ത് ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് ഗൗരിയമ്മയ്ക്കെതിരേ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയതെന്നുകൂടി കൂട്ടിവായ്ക്കണം.
1981-ല്‍ ആന്റണിയുടേയും മാണിയുടേയും കാലുമാറ്റത്തില്‍ ഇടതു മന്ത്രിസഭ തകര്‍ന്നുവീണതിനു ശേഷം 82-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസുകള്‍ മാണിയുടേയും ജോസഫിന്റെ ബാനറില്‍ ഐക്യജനാധിപത്യമുന്നണിയില്‍ മല്‍സരിച്ചു. പൂഞ്ഞാറില്‍ ജോര്‍ജ് വീണ്ടും രംഗത്തിറങ്ങി. മാണി ആഞ്ഞ് പരിശ്രമിച്ചെങ്കിലും ജോര്‍ജ് വെന്നിക്കൊടി പാറിച്ചു. 7000 വോട്ടിന്റെ ഭൂരിപക്ഷവും പെട്ടിയിലാക്കി. കേരള കോണ്‍ഗ്രസ് ഐക്യം തുടര്‍ന്ന് യാഥാര്‍ഥ്യമായെങ്കിലും ജോസഫിന്റെ പാളയത്തില്‍ത്തന്നെയായിരുന്നു ജോര്‍ജ്. 87-ല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നു. ജോസഫിനൊപ്പം ജോര്‍ജ് ഉറച്ചു. പക്ഷേ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെ എം.എന്‍. ജോസഫിനോടു തോറ്റു, അതും 1076 വോട്ടിന്. തുടര്‍ന്ന് ഐക്യമുന്നണിയില്‍ നിശബ്ദനായി തുടര്‍ന്നു. പക്ഷേ 89-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോസഫും മാണിയും സീറ്റിനെച്ചൊല്ലി ഐക്യമുന്നണിയില്‍നിന്നു കലഹിച്ചു. ഒടുക്കം ജോസഫ് മുന്നണിവിട്ട് മൂവാറ്റുപുഴയില്‍ രംഗത്തിറങ്ങി, തോറ്റമ്പി. മാണി കോണ്‍ഗ്രസിന്റെ പി.സി. തോമസ് പാര്‍ലമെന്റിലെത്തി. തുടര്‍ന്ന് ഇടതുബാന്ധവത്തിനായി 91 വരെ പള്ളിയുമായുള്ള ബന്ധം വിടുവിച്ച് കാത്തുനില്‍ക്കേണ്ടി വന്നു ജോസഫിന്. ഒടുവില്‍ അകത്തുകയറി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അതാ രാജീവ് വധവും യു.ഡി.എഫ്. തരംഗവും. ജോസഫടക്കം എല്ലാവരും തോറ്റു. ഡോ. കെ.സി. ജോസഫ് മാത്രം വിജയിച്ചു. പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍നിന്നു ജോര്‍ജിനു മല്‍സരിക്കാനായില്ല. ഇടതുപക്ഷം സിറ്റിംഗ് എം.എല്‍.എയായ എം.എന്‍. ജോസഫിനു സീറ്റ് നല്‍കി. പക്ഷേ ജോര്‍ജിന്റെ തിരിച്ചടിയില്‍ ജോസഫിനെ മാണിഗ്രൂപ്പിലെ ജോയ് ഏബ്രഹാം തോല്‍പ്പിച്ചു. തുടര്‍ച്ചയായി രണ്ടു നിയമസഭകളില്‍നിന്നു പുറത്തായെങ്കിലും ജോര്‍ജ് ഇക്കാലയളവില്‍ തന്റെ രാഷ്ട്രീയതട്ടകത്തില്‍ ഉറച്ചുനിന്നു. 96-ല്‍ വീണ്ടും തെരഞ്ഞെടുപ്പ്., ജോര്‍ജ് പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയായി. ജോയ് ഏബ്രഹാമിനെ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു മലര്‍ത്തിയടിച്ചു.
പി.സി. ജോര്‍ജിന്റെ രാഷ്ട്രീയം അതിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിവിടം മുതലാണ്. അവിടെനിന്നാണു ജോര്‍ജ് കേരളരാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ കരുത്തനായി മാറിത്തുടങ്ങുന്നതും. ഇക്കാലയളവില്‍ ജോസഫ് ഗ്രൂപ്പിലെ അധികാരദല്ലാളായി ജോര്‍ജ് വളര്‍ന്നു. അധികാരത്തിലേറിയ ഇടതു മന്ത്രിസഭയില്‍ വിദ്യാഭ്യാസം കൈാര്യം ചെയ്ത ജോസഫ് പ്രീഡിഗ്രി വേര്‍പെടുത്തി പകരം പ്‌ളസ് ടു നാടാകെ അനുവദിച്ചതു പാര്‍ട്ടിക്കും ആശ്രിതര്‍ക്കും ആവോളം ചീത്തപ്പേരും അതിലേറെ പണവും നല്‍കിയെന്നതു ചരിത്രം. ജോര്‍ജും ഈ കച്ചവടങ്ങളില്ലൊം പങ്കാളിയാണെന്ന അന്ന് ആരോപണങ്ങളുമുയര്‍ന്നിരുന്നു. ശിവദാസമേനോന്റെ പാളിപ്പോയ ധനകാര്യ മാനേജ്മെന്റും പ്‌ളസ് ടു അഴിമതിയും 2001-ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തകര്‍ത്തുകളഞ്ഞു. പക്ഷേ പൂഞ്ഞാറില്‍ ജോര്‍ജ് കനത്തമല്‍സരത്തിനൊടുവില്‍ ടി.വി. ഏബ്രഹാമിനോടു ഇഞ്ചോടിഞ്ചു വിജയിച്ചു. വെറും 1894 വോട്ടായിരുന്നു ഭൂരിപക്ഷം. അന്നത്തെ നൂറുമേനിയായിരുന്ന ആന്റണി വിജയത്തില്‍ പ്രതിപക്ഷം ഒതുങ്ങിയത് 40 സീറ്റുകളില്‍. ജോസഫ് തൊടുപുഴയില്‍ തോറ്റു. ആകെ വിജയച്ചതു ഡോക്ടര്‍ ജോസഫും പി.സിയും. ഇവിടെനിന്നു ജോര്‍ജിന്റെ രാഷ്ട്രീയജീവിതത്തിന്റെ മൂന്നാം ഘട്ടം തുടങ്ങുന്നു.
അച്യുതാനന്ദ ഭക്തിയും മതികെട്ടാനും പിന്നെ സെക്കുലര്‍ കേരള കോണ്‍ഗ്രസും
കരുണാകരന്റെ ഒളിയുദ്ധത്തിലും ഗ്രൂപ്പുപോരിലും കോണ്‍ഗ്രസ് ഭരണത്തിലേറിയ നാള്‍ മുതല്‍ ആടിയുലഞ്ഞപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷനേതാവ് ജനകീയനേതാവായി ഉയരുന്ന അസാധാരണ കാഴ്ചയ്ക്കു കേരളം സാക്ഷ്യം വഹിച്ചു. പാര്‍ട്ടി കൈവിട്ടപ്പോള്‍ അച്യുതാനന്ദന്റെ ഒപ്പം എന്തിനും കാവലായി നില്‍ക്കുന്ന പി.സി. ജോര്‍ജിനെ കേരളം കാണാന്‍ തുടങ്ങി. പുന്നപ്ര വയലാറിനുശേഷം വി.എസ്. പൂഞ്ഞാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്തെ പഴയ കഥകള്‍ ഓര്‍ത്തെടുത്ത ജോര്‍ജ് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിച്ചു. ഇടതുപക്ഷത്തും പാര്‍ട്ടിയിലും ജോര്‍ജ് മേല്‍ക്കോയ്മ നേടുന്നു എന്ന ജോസഫിന്റെ തിരിച്ചറിവ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. ഈ സമയത്താണ് മതികെട്ടാനിലെ വനംകൈയേറ്റ വാര്‍ത്തകള്‍ പുറത്തുവരുന്നത്. മതികെട്ടാന്‍ ചോലയില്‍ മാണിയുടെ ബന്ധുക്കള്‍ നടത്തിയ കൈയേറ്റം പുറത്തുകൊണ്ടുവന്നതില്‍ ജോര്‍ജ് നിര്‍ണായക പങ്ക് വഹിച്ചു. കൈയേറ്റക്കാരുടെ പട്ടികയും തെളിവുകളും അടക്കം. അച്യുതാനന്ദനെ രംഗത്തിറക്കി, കാടും മലയും ഒപ്പം കയറിയിറങ്ങി. അങ്ങനെ വി.എസിന്റെ ബദല്‍ രാഷ്ട്രീയത്തിനൊപ്പം പി.സിയും മൈലേജ് നേടി. പൂഞ്ഞാര്‍ മുതല്‍ കോട്ടയംവരെ സ്വന്തം വികടസരസ്വതിയുടെ പേരില്‍ മാത്രം ആളുകള്‍ക്ക് അറിയാമായിരുന്ന ജോര്‍ജിനു ചെറുതല്ലാത്ത പ്രശസ്തിയും മതികെട്ടാന്‍ സമ്മാനിച്ചു. മാധ്യമങ്ങള്‍ അന്നുതൊട്ടിങ്ങോട്ട് അച്യുതാനന്ദനു നല്‍കിപ്പോരുന്ന അഭൂതപൂര്‍വമായ പിന്തുണയുടെ ഒരു ചെറിയപങ്ക് ജോര്‍ജിനും കിട്ടിത്തുടങ്ങിയെന്നതും സത്യം.
വി.എസിന്റെ പോരാട്ടം മതികെട്ടാനെ ദേശീയ ഉദ്യാനമാക്കി പ്രഖ്യാപിക്കുന്നതിലേക്കു വരെ എത്തിച്ചതു ജോര്‍ജിന്റെകൂടി വിജയമായി. പക്ഷേ പാര്‍ട്ടിയില്‍ ജോര്‍ജിന്റെ കാലം ഇതോടെ തീരുകയായിരുന്നു. ജോസഫിന്റെ അപ്രീതി ഒടുവില്‍ പുറത്തേക്കുള്ള വഴിതെളിച്ചു. പക്ഷേ ടി.എസ്. ജോണിനെയും ഈപ്പന്‍വര്‍ഗീസിനെയും കൂട്ടിയിണക്കി സെക്കുലര്‍ കോണ്‍ഗ്രസുണ്ടാക്കാന്‍ ജോര്‍ജിനു അന്നു ഇടതുപക്ഷം നല്‍കിയ പിന്തുണ ശക്തിയേകി. പിളര്‍ന്നുമാറി പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ 14 ജില്ലാ പ്രസിഡന്റുമാരില്‍ ഒരാളെ മാത്രമാണു കൂട്ടുകിട്ടിയത്. പക്ഷേ ജോര്‍ജ് ഇടതുപക്ഷത്തു തുടര്‍ന്നു. പൊതുശത്രുക്കള്‍ അപ്പോഴേക്കും രണ്ടായി, മാണിയും ജോസഫും. നാവിനു മൂര്‍ച്ചകൂട്ടി രണ്ടുപേരെയും ഒരുപോലെ കടന്നാക്രമിക്കാന്‍ ജോര്‍ജ് മറന്നുമില്ല.
2006-ലെ തെരഞ്ഞടുപ്പില്‍ സെക്കുലറിനു എല്‍.ഡി.എഫ്. ഒരു സീറ്റ് നല്‍കി, പൂഞ്ഞാര്‍. മാണി ഗ്രൂപ്പിലെ അഡ്വ. എബ്രഹാം കൈപ്പന്‍പ്ലാക്കല്‍ എതിരാളിയായെങ്കിലും ജോര്‍ജ് വിജയിച്ചു. ഭൂരിപക്ഷം 7637. ഇടതുമുന്നണി ഒടുവില്‍ വി.എസിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ജോര്‍ജിനെ തഴഞ്ഞു. സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തിനും പിണറായിക്കും ജോര്‍ജിന്റെ വളര്‍ച്ച അത്രകണ്ടു ഇഷ്ടമായില്ല എന്നതും സത്യം. പക്ഷേ തോറ്റുപിന്‍മാറാതെ അച്യുതാനന്ദന്റെ കാവലളായി തുടര്‍ന്നും ജോര്‍ജ് കളി തുടര്‍ന്നു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിനു പിന്നില്‍ അച്യുതാനന്ദനു ഒപ്പം നിന്നു തകര്‍ത്തുവാരി. ഇടുക്കിയിലെയും കോട്ടയത്തെയും കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റത്തിന്റെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രിയായ വി.എസിനു കൈമാറിയതു ജോര്‍ജായിരുന്നുവെന്നതു പരസ്യമായ രഹസ്യവുമായി. ജോസഫിന്റെ വിമാനയാത്രാ വിവാദം ജോര്‍ജിനു മുന്നണിക്കകത്തു പുതിയ പേരാട്ടങ്ങള്‍ക്കായുള്ള വാതിലുകള്‍ തുറന്നുനല്‍കി. മുന്നണിയില്‍നിന്നുതന്നെ നടത്തിയ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ ജോസഫിനെ രാജിവയ്പ്പിച്ചു. അതിനായി പ്രതിപക്ഷത്തേക്കാളേറെ പരിശ്രമിക്കുകയും ചെയ്തു. പരാതി പുറത്തുവന്നതിലും പരാതിക്കാരിയെ രംഗത്തിറക്കിയതിനു പിന്നിലും ജോര്‍ജായിരുന്നുവെന്നു നാടറിയുകയും ചെയ്തു. പിന്നെ കുരുവിളയുടെ ഊഴം. ഷെവലിയാര്‍ കുരുവിള അധികാരത്തില്‍ കയറിയ നാള്‍ മുതല്‍ ജോര്‍ജ് അദ്ദേഹത്തിനെതിരേ രംഗത്തെത്തി. കുരുവിളാന്‍ എന്ന് ആക്രോശിച്ച് ചാനലുകളില്‍ ആരോപണശരങ്ങള്‍ ഉയര്‍ത്തി. കൈയേറ്റഭൂമി വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസ് തെളിവ് സഹിതം ഉയര്‍ത്തി രാജിവയ്പ്പിച്ചു. ആരോപണം ഉന്നയിച്ച വിദേശമലയാളിക്കു പിന്നില്‍ ജോര്‍ജിന്റെ കരങ്ങളായിരുന്നുവെന്ന ആക്ഷേപം അന്നേയുണ്ടായിരുന്നു. ഈ നീക്കങ്ങളിലൂടയെല്ലാം ലക്ഷ്യം അച്യുതാന്ദന്‍ മന്ത്രിസഭയില്‍ ഒരിടമായിരുന്നു. പക്ഷേ സി.പി.എം. വഴങ്ങിയില്ല. പകരം ജോസഫ് ഗ്രൂപ്പിലെതന്നെ മോന്‍സ് ജോസഫ് മന്ത്രിയായി. ഒടുവില്‍ ജോസഫ് അഗ്‌നിശുദ്ധി തെളിയിച്ച് മടങ്ങിയെത്തി. തൊട്ടുപിന്നാലെ പരസ്യമായ വിമര്‍ശനത്തെത്തുടര്‍ന്ന് ഇടതുമുന്നണിയില്‍നിന്നു പി.സി. ജോര്‍ജിനെയും കേരള കോണ്‍ഗ്രസ് സെക്കുലറിനെയും പുറത്താക്കിയതോടെ ജോര്‍ജ് കേരളരാഷ്ട്രീയത്തില്‍ അനാഥനായി മാറി.
പക്ഷേ 2009-ല്‍, ആജന്മശത്രുവായി പ്രഖ്യാപിച്ച കെ.എം.മാണിയുമായി ഐക്യം പ്രഖ്യാപിച്ച് ജോര്‍ജ് ഏവരെയും അമ്പരിപ്പിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ കൈവിട്ടുപോകാന്‍ ഇടയുള്ള സ്വന്തം തട്ടകമായ പാലാ സുരക്ഷിതമാക്കാനുള്ള മാണി സാറിന്റെ മോഹവും നില്‍ക്കാന്‍ ഒരിടം എന്ന ജോര്‍ജിന്റെ ആഗ്രഹവും കൂടിച്ചേര്‍ന്നപ്പോള്‍ ലയനം യാഥാര്‍ഥ്യമായി. അതോടൊപ്പം കോട്ടയത്ത് മകന്‍ ജോസ് കെ. മാണിയുടെ വിജയം ഉറപ്പാക്കുക എന്ന ഒളി അജന്‍ഡയും മാണിസാറിനുണ്ടായിരുന്നു. എന്തായാലും ജോസ്മോന്‍ ജയിച്ചു, ജോര്‍ജ് പാര്‍ട്ടിയുടെ എക വൈസ് ചെയര്‍മാനായി. മാണിസാറിനെ രണ്ടുദശകം നാറ്റിച്ച നാക്കുകൊണ്ട് ജോര്‍ജ് സുഗന്ധലേപനം ചെയ്യാനും ആരംഭിച്ചു. പക്ഷേ 2010-ല്‍ ജോസഫ് മാണിയോടു ലയിച്ചതു പി.സിക്ക് കനത്ത തിരിച്ചടിയായി. പാര്‍ട്ടിയിലെ സ്ഥാനത്തിലും ഇടിവു സംഭവിച്ചു. എന്തായാലും പി.സി. മാണി കോണ്‍ഗ്രസില്‍ തുടര്‍ന്നു.
2011ല്‍ നിയസമഭയിലേക്കു തെരഞ്ഞെടുപ്പ് നടന്നു. ഇടതുപക്ഷത്തിനു പൂഞ്ഞാറില്‍ സ്ഥാനാര്‍ഥി പോലുമുണ്ടായില്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്നു അല്‍ഫോണ്‍സ് കണ്ണന്താനം എത്തുമെന്ന് പറഞ്ഞങ്കിലും നടന്നില്ല. ഒടുവില്‍ എത്തിയ മോഹന്‍ തോമസ് 15.704 വോട്ടിന്റെ ഭൂരിപക്ഷം പി.സിക്കു സമ്മാനിച്ചു. പി.സി. അജയ്യനായി. പക്ഷേ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ഇടം നേടാനാകാതെ ചീഫ് വിപ്പായി ഒതുങ്ങി. ഇവിടെനിന്നാണ് പി.സി. ജോര്‍ജിന്റെ രാഷ്ട്രീയജീവിതത്തിന്റെ പുതിയ ഒരുഘട്ടം ആരംഭിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള രംഗപ്രവേശം.
കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള ജോര്‍ജിന്റെ കടന്നു വരവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വലിയ പങ്കുണ്ട്. അക്കഥകള്‍:
ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജും പിന്നെ ശെല്‍വരാജും
രണ്ട് എം.എല്‍.എമാരുടെ മാത്രം ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറിയപ്പോള്‍ മുതല്‍ പി.സി. ജോര്‍ജിന്റെ സ്ഥാനമെന്തെന്ന ചോദ്യം ഉയര്‍ന്നു. ഒന്‍പത് എം.എല്‍.എമാരെ വച്ച് മൂന്നു മന്ത്രി സ്ഥാനങ്ങള്‍ക്കായി ആവതു മാണിസാര്‍ പരിശ്രമിച്ചെങ്കിലും വിലപ്പോയില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദം ഏറ്റെടുക്കാന്‍ ജോര്‍ജും തയാറായില്ല. ഒടുവില്‍ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പായി. ചീഫ് വിപ്പ് പദത്തിനൊപ്പം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വയംപ്രഖ്യാപിത സംരക്ഷക പദവി ഏറ്റെടുത്ത ജോര്‍ജ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി കുറഞ്ഞകാലംകൊണ്ടു മാറുകയും ചെയ്തു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളുമായി ആദ്യം രംഗത്തെത്തിയതു ജോര്‍ജായിരുന്നു. രാഷ്ട്രപതിക്കു ജഡ്ജിക്കെതിരേ കത്തയയ്ക്കാനും ജോര്‍ജ് തയാറായപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും ഞെട്ടിപ്പോയി. അവിടെനിന്നു ചാണ്ടിയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് സി.പി.എമ്മില്‍നിന്നു ശെല്‍വരാജിനെ അടര്‍ത്തിയെടുത്തതു ജോര്‍ജിന്റെ കുശാഗ്രബുദ്ധിയായിരുന്നു. ഈ കച്ചവടത്തിലെ ഇടനിലക്കാരന്‍ ജോര്‍ജ് മാത്രമായിരുന്നു. അന്നുമുതല്‍ യു.ഡി.എഫില്‍ മറ്റാരേക്കാളും വലുതായി ജോര്‍ജ് മാറി.
ഉമ്മന്‍ചാണ്ടി ജോര്‍ജിന്റെ നീക്കങ്ങള്‍ക്കും നാവിനും ചൂട്ടുപിടിച്ചു കൊടുക്കുകയും ചെയ്തു എന്നുള്ളതു മറ്റൊരു സത്യം. ഒരു വാ പോയ കോടാലിയായി ജോര്‍ജിന്റെ പ്രസ്താവനകളെ കണ്ടാല്‍മതിയെന്ന ഉമ്മന്‍ചാണ്ടിയുടെയും മാണിയും സന്ധിവാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ ആളുണ്ടായില്ല എന്നു മാത്രമല്ല ശക്തമായി ഇടപെടലുകള്‍ ഉണ്ടാകണമെന്നു യു.ഡി.എഫില്‍നിന്നുതന്നെ മുറവിളികള്‍ ഉയരാനും തുടങ്ങി. പക്ഷേ ജോര്‍ജ് കുലുങ്ങിയില്ല. നെല്ലിയാമ്പതിയിലെ പാട്ടക്കാലവധി തീര്‍ന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെച്ചൊല്ലി വനംവകുപ്പ് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറുമായി കൊമ്പുകോര്‍ത്ത് ജോര്‍ജ് അടുത്ത യുദ്ധത്തിനൊരുങ്ങി. ഭൂരിഭാഗവും പൂഞ്ഞാര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ആളുകള്‍ കൈവശം വച്ചിരുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കം ജോര്‍ജിനെ ഗണേഷിന്റെ രക്തദാഹിയാക്കി മാറ്റി. പ്രശ്നത്തില്‍ യു.ഡി.എഫ്. നിയോഗിച്ച ആദ്യസമിതിയെ അട്ടിമറിക്കുന്നതില്‍ വിജയിച്ചെങ്കിലും അഡ്വ. രാജന്‍ ബാബു അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് പ്രതികൂലമായതു ജോര്‍ജിനു തിരിച്ചടിയായി. വിഷയം കൈവിട്ടുപോയി. സംഭവത്തില്‍ അഭിപ്രായം പറഞ്ഞ കോണ്‍ഗ്രസ് എംഎല്‍.എമാരപ്പോലും ആക്ഷേപിക്കുന്നതിനു ജോര്‍ജ് മടിച്ചില്ല. ധീവര സമുദായാംഗമായ ടി.എന്‍. പ്രതാപന്‍ മല്‍സ്യത്തൊഴിലാളികളുടെ കാര്യം നോക്കിയാല്‍ മതിയെന്നും കര്‍ഷകരുടെ കാര്യം നോക്കാന്‍ തങ്ങളുണ്ടെന്നും വരെ ജോര്‍ജ് പറഞ്ഞുവച്ചു. പ്രസ്താവന വിവാദമായെങ്കിലും ഉമ്മന്‍ചാണ്ടി അനങ്ങിയില്ല. നെല്ലിയാമ്പതി പൊതുസമൂഹത്തിലും യു.ഡി.എഫിലും കോണ്‍ഗ്രസിലും മൊത്തത്തില്‍ ജോര്‍ജിന്റെ പേര് നഷ്ടമാക്കി. ഹരിതരാഷ്ട്രീയ ബാനറിനു കീഴില്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍.എമാര്‍ ജോര്‍ജിനെതിരേ അണിനിരന്നു. പക്ഷേ ചാണ്ടിയുടെ തണലില്‍ ജോര്‍ജ് കുലുങ്ങിയില്ല. ഗണേഷിനെതിരേ പിള്ളയ്ക്കൊപ്പം നിന്നു പടനയിച്ചു. സ്വഭാവദൂഷ്യം മുതല്‍ ഇങ്ങോട്ട് പിള്ളയെ തല്ലാനൊരുങ്ങിയെന്നുവരെ ആക്ഷേപം ചൊരിഞ്ഞ് ആഞ്ഞടിച്ചു.
മന്ത്രിമന്ദിരത്തിലെ തല്ലും ഗണേഷിന്റെ രാജിയും
സംസ്ഥാനത്തെ ഒരു മന്ത്രിയെ അവിഹിത ബന്ധത്തിന്റെ പേരില്‍ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗികവസതിയില്‍ കയറി തല്ലിയെന്ന വാര്‍ത്ത മംഗളം പത്രമാണ് ആദ്യം പുറത്തുവിട്ടത്. ഏതു മന്ത്രിയാണെന്നതിന്റെ യാതൊരു സൂചനകളും വാര്‍ത്തയില്‍ നല്‍കിയിരുന്നില്ല. പക്ഷേ ജോര്‍ജ് പത്രസമ്മേളനം വിളിച്ച് ആ മന്ത്രി ഗണേഷ്‌കുമാറാണെന്നു പ്രഖ്യാപിച്ചു രാജി ആവശ്യവുമുന്നയിച്ചു. നെല്ലിയാമ്പതി പ്രശ്നത്തില്‍ ഗണേഷുമായി ഇടഞ്ഞുനിന്നിരുന്ന ജോര്‍ജ്, ഗണേഷിനെതിരേ താന്‍ ചിലതൊക്കെ വെളിപ്പെടുത്തുമെന്നു പറഞ്ഞിരുന്നത് ഓര്‍മിപ്പിച്ച് കച്ചമുറുക്കിയിറങ്ങി, കുളംകലക്കി കളംപിടിച്ചു. ചാനലുകള്‍ കൂട്ടായി. എന്തായാലും യാമിനി തങ്കച്ചിയും ഉമ്മന്‍ചാണ്ടിയും കൂടിയുണ്ടാക്കിയ ഒത്തുതീര്‍പ്പ് ഗണേഷിന്റെ അതിബുദ്ധിയില്‍ തകര്‍ന്നടിഞ്ഞു. ഒടുവില്‍ രാജി അനിവാര്യമായി. ജോര്‍ജ് ആര്‍ത്തുചിരിച്ചു. പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞ ഗൗരിയമ്മയ്ക്കെതിരേ ജോര്‍ജ് ഉപയോഗിച്ച വാക്കുകള്‍ മലയാളി ഞെട്ടലോടെയാണു കേട്ടത്.
2013 മാര്‍ച്ച് 14ന് ഈരാറ്റുപേട്ടയിലെ വസതിയില്‍ ഗണേഷ് കുമാര്‍ വിഷയത്തില്‍ ഗൗരിയമ്മ തനിക്കെതിരേ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുന്ന പി.സി. ജോര്‍ജ്. സാധാരണ മുഖത്ത് കാണുന്ന അക്ഷോഭ്യതയല്ല ഇന്നത്തെ ശരീരഭാഷ. ആകെ അസ്വസ്ഥനാണെന്ന് രൂപവും ഭാവവും വിളിച്ചുപറയുന്നുണ്ട്. മുസ്ലിം വിഭാഗത്തില്‍ പെടുന്നവര്‍ നിസ്‌കാരസമയത്ത് ധരിക്കുന്ന രീതിയിലുള്ള ഒരു തൊപ്പി ധരിച്ചിട്ടുണ്ട്. തുടക്കം തന്നെ തീര്‍ത്തും ചട്ടമ്പിഭാഷയില്‍, ‘തൊണ്ണൂറ് വയസ് കഴിഞ്ഞിട്ടുള്ള കിഴവിയാണ് തനിക്കെതിരേ പറയുന്നത്. തന്തയില്ലാത്ത ഏര്‍പ്പാടാണ് ആ …………….. എനിക്കെതിരേ ചെയ്തത്. ഗൗരിയമ്മ ഇടതുപക്ഷ മന്ത്രിയാ അന്ന്. രണ്ടായിരം രൂപ എന്നൊക്കൊണ്ടു കൊടുപ്പിച്ചു. തീര്‍ത്തെന്ന്… അവടമ്മേ കെട്ടിക്കാന്‍. ടി.വി. തോമസ് വഴിനീളെ ……………. നടന്നതുപോലെ പി.സി. ജോര്‍ജ് നടക്കുമോ ടി.വി. തോമസിനു വഴിനീളെ മക്കളുണ്ട് എനിക്കറിയാം. ഞാന്‍ ആകെ ചെയ്ത തെറ്റെന്നാ. രാജ്യം മുഴുവന്‍ നടന്ന് പെണ്ണുപിടിച്ച് നടക്കുന്ന ……………….. മോന്‍ ഇവനാണെന്നു പറഞ്ഞുപോയതാണോ’. ഗണേശ് കുമാറും പിള്ളയും ഒന്നായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ‘അതേ, അപ്പനും മോനും കാശിനുവേണ്ടി എന്തും ചെയ്യുന്ന തെണ്ടികളാണെ’ന്ന് ആരോപണവും.
‘ഗണേശ് കാരണം വിവാഹബന്ധം വേര്‍പ്പെടുത്തിയ ഇരുപത്തിരണ്ടു കുടുംബങ്ങളുടെ ലിസ്റ്റ് എന്റെ പോക്കറ്റിലുണ്ട്. ഇതെല്ലാം നിങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്നു തനിക്കറിയാമെന്നും അതെനിക്കു പ്രശ്നമല്ലെന്നും’ മാധ്യമപ്രവര്‍ത്തകരോടുള്ള ജോര്‍ജിന്റെ വെല്ലുവിളി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഈ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയും ജോര്‍ജിന്റെ യഥാര്‍ഥ മുഖം പുറത്താക്കുകയും ചെയ്തു. ജോര്‍ജിന് ഇതുണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നുമായിരുന്നില്ല. ജോര്‍ജിന്റെ ശരിയായമുഖം വെളിവാക്കുന്നതില്‍ ഈ സംഭവം സുപ്രധാനമാണ്. (രേഖപ്പെടുത്താത്ത വാക്കുകള്‍ മുട്ടന്‍ തെറിയാണ് എന്നു കൂട്ടിവായ്ക്കുക)
കേരളസമൂഹത്തിന്റെ തലവര മാറ്റിയെഴുതിയ ത്യാഗോജ്വലമായ തന്റെ ജീവിതത്തിലൂടെ ഏവരും ആദരിക്കുന്ന വയോധികയായ ഒരു നേതാവിനെപ്പറ്റിയായിരുന്നു ഈ പരാമര്‍ശം എന്നതു മലയാളിയെ ഒന്നാകെ വേദനിച്ചു. കേരളത്തിലെ ഒരു വനിതാനേതാവിന്റെ ഈ വിഷയത്തിലുള്ള പ്രസ്താവന മലയാളിയുടെ മനസായിരുന്നു.
‘കെ. ആര്‍. ഗൗരിയമ്മയെപ്പോലൊരു നേതാവിനെ അധിക്ഷേപിച്ച ജോര്‍ജിനോട് ഒരു വിട്ടുവീഴ്ചയും അരുത്. ജോര്‍ജ് അധിക്ഷേപിച്ചതില്‍ ഗൗരിയമ്മയുടെ പ്രയാസം പുറത്തറിയിക്കാന്‍ സാധിക്കാത്തതാണ്. ആ വിതുമ്പല്‍ നമ്മുടെയൊക്കെ നൊമ്പരമാണ്’ – ലതികാ സുഭാഷ് (മുന്‍ കോണ്‍ഗ്രസ് നേതാവ്). പക്ഷേ ഈ വാക്കുകള്‍ കേള്‍ക്കാന്‍ ആരും ഉണ്ടായില്ല. പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയടക്കം ജോര്‍ജിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഗൗരിയമ്മ വരെ ആരോപിച്ചിട്ടുപോലും. തുടര്‍ന്നും കൂസലില്ലാതെ ജോര്‍ജ് മറ്റുള്ളവരെ നാണംകെടുത്തുന്ന പ്രവൃത്തി തുടര്‍ന്നു. ഗണേഷ് വിഷയത്തില്‍ മധ്യസ്ഥനായ മന്ത്രി ഷിബുബേബി ജോണിനെയും ജോര്‍ജ് വെറുതേവിട്ടില്ല. കേരള കിസിഞ്ചറായിരുന്ന ബേബി ജോണിനെതിരേ ആക്ഷേപം ഉയര്‍ത്തിയാണ് അദ്ദേഹം ഷിബുവിനെ നേരിട്ടത്. പക്ഷേ ജോര്‍ജിന്റെ മോഹങ്ങള്‍ അവിടെയും പൂവണിഞ്ഞില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന്റെ ഒഴിവില്‍ പിള്ളയുടെ പിന്തുണയോടെ മന്ത്രിപദമേറാമെന്ന ജോര്‍ജിന്റെ ആഗ്രഹം പിന്തുണക്കാനാരുമില്ലാതെ വാടിക്കൊഴിഞ്ഞു. ഗണേഷിനെ ആദ്യന്തം പിന്തുണച്ച ചാണ്ടിയോടും വിവാദത്തോടുകൂടി ഇടയേണ്ടിവന്നു. ജോര്‍ജ് വീണ്ടും നിശബ്ദനായി. അല്ലെങ്കില്‍ കാത്തിരുന്നു – അടുത്ത യുദ്ധത്തിനായി.
സൂര്യതാപവും ജോര്‍ജും പിന്നെ യു.ഡി.എഫും
”ചീഫ് വിപ്പ് സ്ഥാനത്തിരുന്നുകൊണ്ട് പി സി ജോര്‍ജ് നെറികേട് കാട്ടുന്നു. മുഖ്യമന്ത്രിക്കും മുന്നണിക്കും ജോര്‍ജ് അവമതിപ്പുണ്ടാക്കി. ജോര്‍ജിന്റെ പൂച്ച് ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഉമ്മാക്കി കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം. സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ചീഫ് വിപ്പ് പ്രതിപക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്. ജോര്‍ജ് രാജിവയ്ക്കില്ലെന്ന് വ്യക്തമാണ്’ – പി ടി തോമസ് (ഇടുക്കി എം.പി)
സോളാര്‍ തട്ടിപ്പ് വിവാദം പുറത്തുവന്നതിനു പിന്നാലെ ജോര്‍ജ് രംഗത്തിറങ്ങിയത് ഏറെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയായിരുന്നു. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി. ഉദ്ദേശിച്ചയിടത്ത് കാര്യങ്ങള്‍ എത്തിക്കാനാവാതെ ജോര്‍ജ് കളത്തിനു പുറത്താകുകയും ചെയ്തു. പക്ഷേ കരുക്കള്‍ ഇനിയും പി.സിയുടെ കൈയില്‍ ബാക്കിയാണെന്നു അടുപ്പമുള്ളവര്‍ പറയുന്നു. സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട സോളാര്‍തട്ടിപ്പ് വിവാദത്തില്‍ ആദ്യഘട്ടത്തില്‍ത്തന്നെ ജോര്‍ജ് ഇടപെട്ടിരുന്നു. ഗണേഷിനെ സരിതയുമായി കൂട്ടിച്ചേര്‍ക്കാനായിരുന്നു ആദ്യശ്രമം. പക്ഷേ കാലം മാറിയപ്പോള്‍ മന്ത്രിസ്ഥാനത്തിനായി ഒരുമിച്ച പിള്ളയും മകനും ഒരുമിച്ച് പ്രതിരോധിച്ചു. വിവാദ ഫോണ്‍ വിളികള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പേഴ്സണല്‍ സ്റ്റാഫിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്തെത്തി. ജോപ്പനെ സൂക്ഷിക്കണമെന്നു താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പങ്ക് സംശയാസ്പദമാണെന്നും പറഞ്ഞുവച്ചു. സരിതയുമായുള്ള മന്ത്രിമാരടക്കമുള്ളവരുടെ രാവിളികളുടെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ജോര്‍ജ് അഭിപ്രായങ്ങളുമായി നിത്യവും നിറഞ്ഞു. പതിനായിരം കോടിയുടെ തട്ടിപ്പിനുള്ള അണിയറ നീക്കങ്ങളാണു നടന്നതെന്നു പലയിടത്തും ഉറപ്പിച്ചു പറഞ്ഞു. ശാലുവിനെ ഒഴിവാക്കാനുള്ള നീക്കത്തെ തുറന്നെതിര്‍ത്ത് തിരുവഞ്ചൂരിനും അന്വേഷണ സംഘത്തിനും എതിരേ രംഗത്തിറങ്ങി. ഇതോടൊപ്പം ആന്റോ ആന്റണി എം.പിയെയും പ്രഖ്യാപിത ശത്രുപട്ടികയില്‍പ്പെടുത്തി. ഒടുവില്‍ ശാലുവും ജോപ്പനും അറസ്റ്റിലായി. ഷാഫി മേത്തര്‍ രാജിവച്ചൊഴിഞ്ഞു. പക്ഷേ ഉമ്മന്‍ചാണ്ടി കുലുങ്ങിയില്ല. സര്‍ക്കാര്‍ ആടിയുലഞ്ഞെങ്കിലും വീണില്ല.
ജോര്‍ജിനും ആ മോഹമില്ലായിരുന്നു. നിലയില്ലാക്കയത്തില്‍ യു.ഡി.എഫിനെ ആഴ്ത്താനായെങ്കിലും ജോര്‍ജിന്റെ നീക്കങ്ങള്‍ക്കു ലക്ഷ്യമില്ലാതെ പോയി. കാടടച്ചുള്ള വെടിവെയ്പ് എന്നപോലെ തീപ്പൊരി ചിതറിച്ച് നിലകൊണ്ടെങ്കിലും ചാണ്ടി പിടിച്ചുനിന്നു. മാണിസാറും അനിഷ്ടം കാട്ടി. യു.ഡി.എഫില്‍ മൊത്തം എതിര്‍പ്പായി. നേട്ടം മുഴുവന്‍ കൈരളിയെ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് കൊണ്ടുപോയി. ജോര്‍ജ് ഇളിഭ്യനായി. ചാനലുകള്‍ നേട്ടമുണ്ടാക്കി. കെ. സുരേന്ദ്രനടക്കമുള്ള ഡമ്മികളെ ഇറക്കി കളിച്ചുനോക്കിയെങ്കിലും ഏറ്റില്ല. രണ്ടുമാസം നീണ്ടുനിന്ന ആരോപണ ആക്ഷേപങ്ങള്‍ക്കിടയില്‍ ചാണ്ടി ഒടുവില്‍ ജോര്‍ജിനെ തള്ളിപ്പറഞ്ഞു. ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും നന്ദിയില്ലാത്തവരാണെന്ന് ആത്മഗം മാത്രം ഒടുവില്‍ ബാക്കി. പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ വക ചീമുട്ടയേറും കരിങ്കൊടിയും. ചട്ടമ്പി രാഷ്ട്രീയത്തിനും ജോര്‍ജിന്റെ നാവിനും പുല്ലുവില നല്‍കി യൂത്തന്‍മാര്‍ വഴിതടഞ്ഞു.
മാണിസാറിന്റെ വിലക്കില്‍ നാവടക്കി ജോര്‍ജ് ഇപ്പോള്‍ നല്ലനടപ്പിലാണ്. ഒരുപക്ഷേ അടുത്ത യുദ്ധത്തിനുള്ള കോപ്പുകൂട്ടുകയുമാകാം. സോളാര്‍ യുദ്ധത്തില്‍ ഭരണപക്ഷത്തുനിന്നു സത്യം പറയുന്ന വിസില്‍ ബ്‌ളോവറുടെ വേഷമാണ് ജോര്‍ജിന്റേതെന്നൊക്കെ ചിലരെങ്കിലും വിലയിരുത്തിയെങ്കിലും ഈ യുദ്ധത്തില്‍ ജോര്‍ജിന്റെ നീക്കങ്ങള്‍ പിഴച്ചു.
സോളാര്‍ വിവാദത്തില്‍ ആദ്യഘട്ടത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസിലും മാണിഗ്രൂപ്പിലും യു.ഡി.എഫിലും ജോര്‍ജിന്റെ നില ഇന്ന് പരുങ്ങലിലാണ്. പക്ഷേ ഉമ്മന്‍ചാണ്ടിക്കെന്നല്ല യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും ചിലര്‍ക്കെങ്കിലും ജോര്‍ജിനെ പേടിച്ചേ മതിയാകൂ. കാരണം ജോര്‍ജിനു മാത്രമറിയാവുന്ന രഹസ്യങ്ങള്‍ ഇനിയും ബാക്കിയാണ്. ശെല്‍വരാജിന്റെ രാജി മുതല്‍ ചാണ്ടിയുടെ എല്ലാ നീക്കങ്ങളിലും ജോര്‍ജ് ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ഓരോ നയതീരുമാനങ്ങളിലും ഒളിച്ചിരിക്കുന്ന കോഴക്കണക്കുകള്‍ ജോര്‍ജ് മണത്തറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ജോര്‍ജിനെ പേടിക്കണമെന്നു മറ്റാരെക്കാളും നന്നായറിയാവുന്നതു ചാണ്ടിക്കുതന്നെയാണ്.
പക്ഷേ ചില സംശയങ്ങള്‍ ബാക്കിയാണ്. സോളാറില്‍ ജോര്‍ജിന്റെ ലക്ഷ്യം എന്തായിരുന്നു എന്നതുതന്നെയാണ് അതില്‍ പ്രധാനം. മാണിസാറിന്റെ മുഖ്യമന്ത്രിപപദമാണോ അതോ കേരളരാഷ്ട്രീയത്തിലെ തന്റെ പ്രതിച്ഛായയുടെ പുനര്‍നിര്‍വചനമായിരുന്നുവോ അദ്ദേഹം ലക്ഷ്യമിട്ടതെന്ന് ജോര്‍ജിനു മാത്രമറിയാവുന്ന രഹസ്യമായി ഇന്നും തുടരുന്നു.
‘പിസി ജോര്‍ജിന്റെ ശൈലി വിശദീകരിക്കാന്‍ മലയാളത്തില്‍ വാക്കുകളില്ല. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. ജോര്‍ജിന് തന്റേതായ സംസാര ശൈലിയുണ്ട്’ – കെ.എം. മാണി (ധനകാര്യമന്ത്രി).ജോര്‍ജിന്റെ ഇന്നത്തെ നേതാവായ കെ.എം. മാണിയുടെ ഈ വാക്കുകള്‍ ജോര്‍ജിന്റെ തെറ്റായ ശൈലികളെ തിരുത്താനാകാത്ത ഒരു നേതാവിന്റെ രക്ഷപെടല്‍ തന്ത്രം മാത്രമായി അവശേഷിക്കുന്നു. മാണിസാറിനും ജോര്‍ജിന്റെ വളര്‍ച്ചയില്‍ ഇന്ന് ആശങ്കയുണ്ട്. കാലം കഴിയാറായ തന്റെ രാഷ്ട്രീയത്തിനും ജീവിതത്തിനും പിന്‍ഗാമിയായി വളര്‍ത്തുന്ന ജോസ് കെ. മാണിക്കു പിന്നില്‍ ജോര്‍ജ് നില്‍ക്കുമോ എന്നതാണ് അദ്ദേഹത്തെ അലട്ടുന്നത്. ജോസ്മോനെ ജോര്‍ജ് ഇല്ലാതാക്കുമോ എന്നും അദ്ദേഹം ഭയക്കുന്നു. പക്ഷേ അവിടെയും ജോര്‍ജിനു വളരാനുള്ള മണ്ണ് വളരെക്കുറവാണ്. കാരണം മറ്റു കേരളകോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും അദ്ദേഹത്തിനെ പഥ്യമല്ല. കൈയിലിരിപ്പിന്റെ ഗുണം തന്നെകാരണം. അതുകൊണ്ടുതന്നെ ജോര്‍ജ് ലക്ഷ്യമിടുന്നതു മുന്നണിയില്‍നിന്നുള്ള അധികാര രാഷ്ട്രീയം തന്നെയാണ്. അതിനു അദ്ദേഹത്തിനു ഒരു പുതുപ്രതിച്ഛായ അനിവാര്യമാണ്. അതാണു സോളാര്‍ വിവാദത്തിലെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളെന്നു നീരീക്ഷണങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നത്.
പൂഞ്ഞാറിന്റെ രാഷ്ട്രീയം ജോര്‍ജിന്റെയും
കേരളത്തില്‍ പൂഞ്ഞാറിന്റെ പ്രാധാന്യം കണ്ണന്‍ദേവര്‍ മലനിരകളുമായി ബന്ധപ്പെട്ടതാണ്. ഇന്നു ടാറ്റായുടെ കൈയിലുള്ള അളവില്ലാത്ത റവന്യൂ ഭൂമിയുടേയും തേയിലത്തോട്ടങ്ങളായി മാറിയ മലനിരകളും ബ്രിട്ടീഷുകാര്‍ക്ക് പാട്ടത്തിനു നല്‍കിയ രാജവംശത്തിന്റെ ആസ്ഥാനം എന്നതും പൂഞ്ഞാറിനെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിര്‍ത്തിയിരുന്നു. പാണ്ഡ്യരാജാക്കന്‍മാരുടെ ഒരുവിഭാഗത്തിന്റെ കേരളത്തിലെ ആസ്ഥാനമെന്നതിനൊപ്പം കേരളത്തിലെ കായികഭൂപടത്തിന്റെ തലക്കുറി മാറ്റിയെഴുതിയ കേണല്‍ ഗോദവര്‍മ്മ രാജയുടെ പൂഞ്ഞാര്‍. പക്ഷേ പി.സിയുടെ പൂഞ്ഞാര്‍ ഇതൊന്നുമല്ല. കത്തോലിക്കരും നായരും ഈഴവരും മുസ്ലിംകളും മലയരയ വിഭാഗവും ഒരുമിച്ചു വാഴുന്ന ഇടം. ഇവരുടെ എല്ലാം ഇടയില്‍ ഒരുപോലെ സ്വാധീനം നേടാനായി എന്നതാണ് ജോര്‍ജിന്റെ നേട്ടം. സാധാരണക്കാരുടെ നേതാവ്. അവര്‍ ചെയ്യാനാഗ്രഹിക്കുന്നതുപോലെ അധികാര വര്‍ഗത്തെ തെറിപറയുന്ന നേതാവ്. വൈദ്യുതിമുടക്കം പരിഹരിക്കാന്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ കയറി തെറി പറയുന്ന അവരുടെ നേതാവ്. രാജ്യം മുഴുവന്‍ ശ്രദ്ധനേടിയ വാഗമണ്‍ ക്യാമ്പിന്റെ താവളമായിരുന്ന ഈരാറ്റുപേട്ടയില്‍ അന്ന് മുസ്ലിം വിഭാഗത്തിനിടയില്‍ പോലീസ് അന്വേഷണത്തിനിറങ്ങിയപ്പോള്‍ ജോര്‍ജിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനെ കോട്ടയത്തെ പത്രക്കാര്‍ കണ്ടതാണ്. അന്വേഷണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക ഒഴിവാക്കണമെന്ന ജോര്‍ജിന്റെ പ്രസ്താവന മുസ്ലിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടും. അങ്ങനെ എല്ലായിടത്തും ജോര്‍ജ് വിളങ്ങിനില്‍ക്കും.
അബ്കാരിയായിരുന്ന പിതാവിന്റെ സ്വാധീനത്തില്‍ ഈഴവര്‍ക്കിടയില്‍ ജോര്‍ജിനു നല്ല സ്വാധീനമുണ്ടായിരുന്നു. അതോടൊപ്പം നല്ല ഒരു കത്തോലിക്കനായുള്ള തുടര്‍ച്ചയും. മകന്റെ വിവാഹം ഇതിനുള്ള ഉത്തമ തെളിവാണ്. ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ മാമോദീസാ മുക്കി പള്ളിയില്‍വച്ചാണ് ജോര്‍ജ് മകനു കെട്ടിച്ചുകൊടുത്തത്. അതിലറിയാമല്ലോ ജോര്‍ജിന്റെ പള്ളിയോടുള്ള കൂറ്. മതനേതാക്കളെ ആരെയും അദ്ദേഹം തന്റെ നാവ് ഉപയോഗിച്ച് തല്ലാറുമില്ല. അവിടെയെല്ലാം ജോര്‍ജ് പ്രിയ കുഞ്ഞാടാണ്. ഒരിക്കല്‍മാത്രം കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരേ ആഞ്ഞടിച്ചു. ‘വെറുക്കപ്പെട്ട വ്യവസായി’ ഫാരിസ് ബാന്ധവത്തെച്ചൊല്ലിയായിരുന്നു അത്. നസ്രാണിദീപികയെന്ന കത്തോലിക്ക വികാരം അതില്‍ അടങ്ങിയിരുന്നതിനാല്‍ സഭയില്‍നിന്നടക്കം അദ്ദേഹത്തിനു പിന്തുണയും ലഭിച്ചു.
പെരുന്നയുമായും കണിച്ചുകുളങ്ങരയുമായും അദ്ദേഹം ഒരിക്കലും അലോഹ്യം കൂടിയിട്ടുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണക്കാരുടെ നേതാവ് എന്ന ലേബല്‍ പൂഞ്ഞാറിലുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്നും അധികാരദല്ലാളിന്റേതു തന്നെയാണ്. അച്യുതാനന്ദന്റെ ഒപ്പമുള്ള രാഷ്ട്രീയനീക്കങ്ങളാണു പി.സിയെ ഒരു രാഷ്ട്രീയനേതാവായി മാധ്യമങ്ങളുടെ ശ്രദ്ധയില്‍കൊണ്ടുവന്നതുതന്നെ. തന്റെ ഗുരുനാഥനായ പി.ജെ. ജോസഫിനെതിരായ കേസുകളില്‍ ജോര്‍ജിന്റെ നീക്കങ്ങള്‍ നെറികെട്ടതു തന്നെയായിരുന്നു. അതിനായി അദ്ദേഹം ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിനെ ഉപയോഗിച്ചുവെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു താനും. ടി.യു. കുരുവിളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായ കേസില്‍ ആരോപണം ഉന്നയിച്ച വിദേശമലയാളിക്കു വേണ്ട എല്ലാ സഹായങ്ങളും നല്‍കിയതും ജോര്‍ജായിരുന്നു. പിണറായി വിജയനും കണ്ണൂര്‍ ലോബിക്കെതിരായും ലാവ്ലിനില്‍ തൂങ്ങി ജോര്‍ജ് പലനീക്കങ്ങള്‍ നടത്തിയെങ്കിലും അതതത്ര എശിയില്ല. രാഷ്ട്രീയം സ്വന്തം അധികാരം ഉറപ്പിക്കുന്നതിനും താല്‍പര്യ സംരക്ഷണങ്ങള്‍ക്കും ഉള്ളതായിരുന്നു ജോര്‍ജിന് എന്നുമെന്നുള്ളതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ആ ജോര്‍ജിനു ജനപക്ഷ രാഷ്ട്രീയത്തിന്റെയോ ആദര്‍ശത്തിന്റെയോ പരിവേഷം ഒരിക്കലും അവകാശപ്പെടാന്‍ അര്‍ഹതയില്ല. ഇതു ചാര്‍ത്തിക്കൊടുക്കാന്‍ ഇന്നു ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ വെറും പാഴ്ശ്രമങ്ങളായി അവസാനിക്കുകയേ ഉള്ളുതാനും.
പ്രതിഛായ നിര്‍മാണത്തിനുള്ള വഴികളിലൂടെ
”സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടി അടിമത്വത്തിന്റെ ലംഘനമുണ്ട്. വിടുവായന്‍മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്വമല്ലാത്തതൊന്നും ഈ രണ്ടു പ്രഭുക്കന്‍മാര്‍ക്കും ഇപ്പോള്‍ പഥ്യമല്ല, അതുകൊണ്ട് പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ്. നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചുപൊരുതുന്ന വിചിത്രാവസ്ഥയ്ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്’ – ഉമേഷ് ബാബു കെ.സി (ഇടതുചിന്തകന്‍)
കഴിഞ്ഞ ഒരു ദശകത്തിനിടെ കേരള രാഷ്ട്രീയത്തില്‍ പ്രതിഛായയെ അപനിര്‍മിച്ച് സവിശേഷ ശ്രദ്ധ നേടിയ രാഷ്ട്രീയ നേതാവ് വി.എസ്. അച്യുതാന്ദനാണ്. ഏഴു പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതത്തിനെ മൊത്തത്തില്‍ത്തന്നെ അദ്ദേഹം അപനിര്‍മിച്ചു. ഒരു മൂരാച്ചി മാര്‍ക്സിസ്റ്റ് നേതാവ് എന്ന നിലയില്‍നിന്നു ജനപക്ഷത്തു നില്‍ക്കുന്ന ജനങ്ങളുടെ നേതാവായി വി.എസ്. മാറി. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരുതന്നെയായാലും കേരള രാഷ്ട്രീയത്തില്‍ അതുണ്ടായ പ്രത്യാഘാതങ്ങള്‍ ഏറെ വലുതായിരുന്നു. അദ്ദേഹം അതിനായി സ്വീകരിച്ച വിഷയങ്ങള്‍ മണ്ണ്, പെണ്ണ്, വെള്ളം തുടങ്ങി സമൂഹവുമായി ഇഴചേര്‍ന്ന വിഷയങ്ങളായിരുന്നു താനും. അതിന്റെ തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു ജോര്‍ജ്.
പക്ഷേ അച്യുതാനന്ദന്റെ പോരാട്ടങ്ങള്‍ക്കെല്ലാം ഒരു ആശയത്തിന്റെ അടിത്തറ ഉണ്ടായിരുന്നു. കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഉയര്‍ന്നുവന്ന പുതിയൊരു മാധ്യമ സംസ്‌കാരം അതിനു താങ്ങായി നിന്നു. ജോര്‍ജ് പയറ്റിയതും ഇതേ തന്ത്രമാണ്. ചാനലുകള്‍ ജോര്‍ജിന്റെ വാക്കുകള്‍ക്കു നന്നായി ഇടം കൊടുക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ നാവ് പലപ്പോഴും മലയാളി സമൂഹത്തെ ലജ്ജിപ്പിച്ചു. വന്ദ്യവയോധികയായ ഗൗരിയമ്മയ്ക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ മലയാളിയെ ഒന്നടക്കം ആക്ഷേപിക്കുന്നതിനു തുല്യമായി. നാട്ടിന്‍പുറത്തുകാരന്റെ വാക്കുകളും പ്രയോഗങ്ങളുമായി ജോര്‍ജിന്റെ ഭാഷണങ്ങളെ ലഘൂകരിക്കുന്നതു തികച്ചും തെറ്റാണ്. ഒരാളുടെ സ്വകാര്യജീവിതം തെറ്റോ ശരിയോ അത് എന്തുതന്നെയായാലും അതയാളുടെ മാത്രമാണ്. അതില്‍ ഇടപെടാനും സംസ്ഥാനത്തെ ഒരു മന്ത്രിയെ അല്ല ഒരു സാദാ പൗരനെപ്പോലും പെണ്ണുപിടിയന്‍ എന്നാക്ഷേപിക്കാന്‍ ജോര്‍ജിനെന്നല്ല ആര്‍ക്കും അവകാശമില്ല. സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റവും അതുപയോഗിച്ച് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ഗുരുതരമായ കുറ്റവുമാണ്. ഉയര്‍ന്ന സാംസ്‌കാരിക, സാമൂഹ്യ നിലവാരം പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ പ്രത്യേകിച്ചും.
ഉമേഷ് ബാബുവിനെപ്പോലുള്ളവര്‍ ജോര്‍ജിനു ആദര്‍ശപരിവേഷം ചാര്‍ത്തിക്കൊടുക്കുന്നത് സി.പി.എമ്മിലെ ഒരു വിഭാഗത്തിനെ അടിക്കാനുള്ള വടിയെന്ന നിലയില്‍ മാത്രമായിരുന്നു. അതില്‍ ആത്മാര്‍ഥത ലവലേശമില്ല. ഗണേഷ് കുമാര്‍ വിഷയത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ജോര്‍ജ് ഊറിച്ചിരിച്ചെങ്കിലും ജനപ്രതിനിധി പുലര്‍ത്തേണ്ട മാന്യത ഈ കാലയളവില്‍ വാക്കിലും പ്രവൃത്തിയിലും ജോര്‍ജ് പലപ്പോഴും ലംഘിച്ചു എന്നു പറയാതെ വയ്യ. തന്റെ രാഷ്ട്രീയജീവിതം നാലു പതിറ്റാണ്ടുപിന്നിടുന്ന വേളയില്‍ 75 വയസില്‍ മാത്രമേ താന്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയുള്ളുവെന്ന ജോര്‍ജിന്റെ പ്രസ്താവന നമ്മെ നോക്കി പല്ലിളിക്കുന്നുണ്ട്. ഇതുപ്രകാരം13 വര്‍ഷം കൂടി ജോര്‍ജിനെ മലയാളി സഹിക്കേണ്ടിവരും. കൂടാതെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പിന്‍ഗാമിയായി മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കിയിട്ടുമുണ്ട്. കേരള സ്റ്റേറ്റ് യുവജനക്ഷേമകാര്യ ബോര്‍ഡില്‍ അംഗമായ ഷോണിനെപ്പറ്റി പൂഞ്ഞാറില്‍നിന്നുള്ള വാര്‍ത്തകള്‍ കോട്ടയം പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
പഴയ ജന്മിത്വവാഴ്ചയുടെ കാലത്ത് തനിക്കുവേണ്ടി തെറിപറയാനും തല്ലുനടത്താനും മാടമ്പിമാര്‍ വളര്‍ത്തിയിരുന്ന കവലച്ചട്ടമ്പിയുടെ രൂപമാണ് ജോര്‍ജ് പ്രവൃത്തികളിലൂടെ നമ്മുടെ മുന്നിലേക്കുവയ്ക്കുന്നത്. മലയാളിയുടെ കപട സദാചാരവാദത്തിന്റെ മറ്റൊരു മുഖവും കൂടിയാണത്. ശരാശരി മലയാളിക്ക് തനിക്കുചെയ്യാന്‍ കഴിയാത്തതെല്ലാം ചെയ്യാന്‍ കഴിയുന്ന താരങ്ങളോടുള്ള ആരാധനയാണു ജോര്‍ജിനോടുള്ളത്. ടെലിവിഷന്‍ ചാനലുകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ട് പി.സി. ഒരു സംഭവമാണെന്നു പറയുന്ന മലയാളികളുടെ എണ്ണത്തെ അദ്ദേഹത്തിനുള്ള ജനപിന്തുണയുടെ എകകമായി കാണുന്നവര്‍ മൂഢസ്വര്‍ഗത്തില്‍ വസിക്കുന്നവരാണെന്നു പറയേണ്ടിവരും. ഈ കൈയടികള്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടമാകുമെന്ന് അദ്ദേഹം ഓര്‍ക്കുന്നതു വലിയ വീഴ്ചകള്‍ ഒഴിവാക്കാനെങ്കിലും സഹായകമാകും.
ജോര്‍ജിന്റെ പക്കല്‍ പൊതുസമൂഹത്തിനു നല്‍കാനുള്ളത് അവിഹിതങ്ങളുടേയും അഴിമതിയുടേയും നാറുന്ന കഥകളാണ്. ജോര്‍ജിന്റെ രാഷ്ട്രീയവും ആ നാറുന്ന വഴികളിലൂടെ പോകുന്നതിനാലാണ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ പക്കലെത്തുന്നതും. ജോര്‍ജ് ഇത്തരം വിഴുപ്പുകള്‍ ചുമക്കുന്ന ഒരു ഭാണ്ഡം മാത്രമാണ്. അതിന്റെ ദുര്‍ഗന്ധം മലയാളി സമൂഹത്തെ വല്ലാതെ ഇന്നും ബുദ്ധിമുട്ടിക്കുന്നു. പി.സി. ജോര്‍ജ് എന്ന കേരളരാഷ്ട്രീയത്തിലെ വിവാദനായകന്‍ കുറച്ചൊക്കെ മാറും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ജോര്‍ജിനെ അടുത്തറിയാവുന്നവര്‍ ഒരിക്കലും അദ്ദേഹം ഒരു മാറ്റത്തിനു തയാറാകുമെന്ന പ്രതീക്ഷ വിദൂരമായിപ്പോലും വച്ചുപുലര്‍ത്തുന്നില്ല. അവരാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. Who Is P C George?
Content Summary; Who Is P C George?