December 09, 2024 |

അധമരായ ജനവിഭാഗമെന്ന് കുറ്റപ്പെടുത്താനാണ് ഇന്ന് കോളനി എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്‌

മാറേണ്ടത് സമൂഹമാണ്, തിരിച്ചോടുന്ന കേരള സമൂഹം

വാക്കുകള്‍ക്ക് അന്തര്‍ലീനമായ അര്‍ത്ഥ മൂല്യമില്ല. പലപ്പോഴും അവ ഏകപക്ഷീയമായ ശബ്ദങ്ങള്‍ മാത്രമാണ്. സമൂഹത്തിന്റെ മുന്‍വിധികളാല്‍ നിറയ്ക്കപ്പെടുന്ന വാക്വം സ്‌പെയ്‌സുകളായി വാക്കുകളെ കാണുന്നതായി ഒരു പഠനമുണ്ട്. ഇംഗ്ലീഷില്‍ ‘ഹെര്‍മാഫ്രോഡൈറ്റ്’ എന്ന വാക്ക് ഒരു സൂചകമായി എടുത്തു കൊണ്ടുള്ള ഒരു വിശദീകരണമുണ്ട്. ബൈനറി ജനനേന്ദ്രിയങ്ങളുള്ളവരെ വിളിക്കുന്ന ഒരു ക്ലിനിക്കല്‍ പദമായിരുന്നു ഇത്. ജീവശാസ്ത്രത്തില്‍ ഇപ്പോഴും അത് അങ്ങനെതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു സൊസൈറ്റിയില്‍ ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് പറയുമ്പോള്‍, ഈ പദത്തിന് ഇംഗ്ലീഷില്‍ ഒരു നെഗറ്റീവ് അര്‍ത്ഥം ലഭിക്കുന്നതായും അതാകട്ടെ, അപകീര്‍ത്തികരമായ തരത്തിലുള്ളതായും മാറിയിരിക്കുന്നു. ഈ നെഗറ്റീവ് അര്‍ത്ഥം വന്നത് സമൂഹത്തില്‍ നിന്നു തന്നെ. ഒരു വാക്ക് ദീര്‍ഘകാലത്തേക്ക് കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവഹേളനത്തോടെ പറഞ്ഞാല്‍, ആത്യന്തികമായി, ആ പദം നിഷ്പക്ഷമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍പ്പോലും, അതില്‍ വന്നുചേര്‍ന്ന നിന്ദ ആ വാക്കില്‍ നിന്ന് വേര്‍പെടുത്താനാവില്ല, ഇന്ന്, ശരിയായ അര്‍ത്ഥത്തില്‍ ഹെര്‍മാഫ്രോഡൈറ്റ് നു പകരം ‘ഇന്റര്‍സെക്‌സ്’ എന്ന വാക്ക് ഉപയോഗിച്ചുവരുന്നതായും ഈ പഠനത്തില്‍ വായിക്കാം. മലയാളത്തില്‍ ഒരു കാലത്ത് ‘മന്ദബുദ്ധി’ ‘വികാലാംഗന്‍’എന്നീ പദങ്ങള്‍ വളരെ സാധാരണമായി ഉപയോഗിച്ചിരുന്നതാണ്. പക്ഷേ ഇപ്പോഴത് അപകീര്‍ത്തിപരമായി മാറിയതായും തിരിച്ചറിയപ്പെട്ടു. സമൂഹത്തിന്റെ പൊതു തലച്ചോറിന്റെ വളര്‍ച്ചയും ചിന്തയും കാഴ്ചപ്പാടുമാണ് പുതിയ പദങ്ങളിലേക്ക് പലപ്പോഴും എത്തിക്കുന്നത്.

ഒരു കാലത്ത് ആഫ്രിക്കന്‍ അടിമയായിരുന്ന ഫ്രഡറിക് ഡഗ്ലസ് അദ്ദേഹമുള്‍പ്പെടുന്ന കമ്മ്യൂണിറ്റിയെ സ്വയം വിളിച്ചത് വെള്ളക്കാരായവര്‍ ഉപയോഗിച്ച ടെര്‍മിനോളജിയായ നിഗ്രോ എന്ന വാക്കുകൊണ്ടായിരുന്നു. പിന്നീട് മാര്‍ട്ടിന്‍ ലൂഥര്‍ കിങും ഈ വാക്കുതന്നെയാണ് ഉപയോഗിച്ചത്. എന്നാല്‍ സ്വയം അവഹേളനത്തിന്റെ ആഴം വരുത്തിവയ്ക്കുന്ന ഒരു പദമായി ഇത് തിരിച്ചറിയപ്പെട്ട കാലം മുതല്‍ ബ്ലാക് അമേരിക്കന്‍ എന്ന പദമാണ് ഈ ജനത ഉപയോഗിച്ചു വരുന്നത്. പിജോറിഫിക്കേഷന്‍ നേരിടുന്ന പദങ്ങള്‍ മിക്ക ഭാഷകളിലും നിലവിലുണ്ട്. അതിനെ നവീകരിക്കുന്നതാണ് ഭാഷയിലെ നവോത്ഥാനചിന്ത. ഇത്തരം വാക്കുകള്‍ പലപ്പോഴും ഒരു പ്രിവിലേജും ലഭിക്കാതെ ജീവിക്കുന്ന ചില സമൂഹങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ഗാന്ധിജി അഗതികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരെ വിളിക്കാന്‍ ഹരിജനങ്ങള്‍ എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, ബാബാസാഹേബ് അംബേദ്കര്‍ അതിനെതിരെ ശക്തമായി പ്രതിഷേധിച്ചത് ശ്രദ്ധേയമാണ്, അപകീര്‍ത്തികരവും അന്തരാര്‍ത്ഥങ്ങള്‍ ഉള്ളതുമായ ഈ വാക്ക് , ജാതി-വിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും യഥാര്‍ത്ഥ പ്രശ്‌നത്തെ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള ശ്രമമായാണ് അംബേദ്കര്‍ കണ്ടത്. ഇത് ശരിക്കും ഉപയോഗത്തിലൂടെയുണ്ടായ പിജോറിഫിക്കേഷനല്ല മറിച്ച് അവഹേളനത്തിനായി രൂപപ്പെടുത്തിയതായാണ് അബേദ്ക്കര്‍ വ്യാഖ്യാനിച്ചത്.

എന്നാല്‍ 1933 ഫെബ്രുവരി 11 ന് ആരംഭിച്ച പത്രത്തിന് ഗാന്ധിജി നല്‍കിയ പേര് ഹരിജന്‍ എന്നായിരുന്നു, ഹരിജന്‍ എന്ന പദം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗാന്ധി പ്രചരിപ്പിച്ചെങ്കിലും അപ്പോഴെല്ലാം അംബേദ്ക്കറില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടുമിരുന്നു.കാലങ്ങള്‍ക്ക് ശേഷം 1982 ല്‍ കേന്ദ്രസര്‍ക്കാര്‍ ദളിത് വിഭാഗത്തെ സൂചിപ്പിക്കാന്‍ ഹരിജന്‍ എന്ന പദം ഉപയോഗിക്കുന്നത് പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ തടയുകയും ചെയ്തു. കേവലം ഒരു വിളിപ്പേരിനപ്പുറത്തേക്കുള്ള ചര്‍ച്ചയാണ് ഹരിജന്‍ എന്ന വാക്കിനെ വ്യത്യസ്തമാക്കുന്നത്. ദേവദാസിസ്ത്രികള്‍ക്ക് പിതൃത്വം വെളിപ്പെടുത്താന്‍ കഴിയാത്തവിധം പിറക്കുന്ന കുട്ടികളെ ഹരിജനങ്ങള്‍ എന്നു വിളിച്ചിരുന്നതില്‍ തുടങ്ങി ഹിന്ദുത്വത്തിന്റെ ആശയഗതിയിലേക്ക് ഒരു വിഭാഗത്തെ വളരെ ശക്തമായി ബന്ധിപ്പിക്കാന്‍ ഈ വിളിപ്പേര് മാത്രം മതിയാകുമെന്നും വാദങ്ങളും ഉണ്ടായി. 2010ല്‍ സുപ്രീം കോടതിയുടെ ഒരു നിര്‍ദ്ദേശം കൂടി ഇത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ‘ദയ കൊണ്ട് അസ്പൃശ്യരെ കൊല്ലാനുള്ള പദ്ധതികള്‍’ എന്ന് അംബേദ്ക്കര്‍ സൂചിപ്പിച്ച ഇത്തരം ഗിമ്മിക്കുകള്‍ ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിത്തുടങ്ങിയെങ്കിലും മറ്റ് ചില പദങ്ങള്‍ വീണ്ടും രംഗത്ത് വന്നു. ഇതിലൊന്നാണ് ‘ദളിത്” ഉത്തരേന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ദളിത് എന്ന പദം ഇന്ന് രാജ്യവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭരണഘടനാപരമായി രൂപപ്പെട്ട ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് ഈ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന അംബേദ്ക്കറിസ്റ്റ് വാദങ്ങളാണ് ഇതിലൂടെ മാറ്റി നിര്‍ത്തപ്പെടുന്നത്.

‘ഭൂമിക’യായി മാറിയ കോളനി; കോളിയാടിയില്‍ തുടങ്ങിയ മാറ്റം

1880-കളുടെ അവസാനത്തില്‍ ജ്യോതിറാവു ഫൂലെയാണ് ‘ദലിത്’ എന്ന മറാത്തി പദം ഹിന്ദു സമൂഹത്തിലെ അയിത്തജാതിക്കാരെയും അസ്പൃശ്യരേയും സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചത്. ‘വിഭജിക്കപ്പെട്ടത്, പിളര്‍ന്നത്, തകര്‍ന്നത്, ചിതറിക്കിടക്കുന്നത്’ എന്നൊക്കെ അര്‍ത്ഥം വരുന്ന സംസ്‌കൃത നിഷ്പത്തി ദളിത് എന്ന വാക്കിനുണ്ട്. കാലങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ രൂപപ്പെട്ട ദളിത് പാന്തേഴ്‌സ് സംഘമാണ് ദളിത് എന്ന പദത്തെ നാഷണലൈസ് ചെയ്യുന്നത്. എന്തായാലും ഇന്ന് വളരെ സാര്‍വത്രികമായി ഇത് ഒരു വിഭാഗത്തെ സൂചിപ്പിക്കുന്ന വാക്കായി മാറിയിട്ടുണ്ട്. എന്നാല്‍ ഭരണഘടനയിലോ സര്‍ക്കാര്‍ രേഖകളിലോ ഈ പദമില്ലാത്തതിനാല്‍ ദളിത് എന്ന വാക്ക് ഷെഡ്യൂള്‍ഡ് കമ്മ്യൂണിറ്റിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താവിനിമയവകുപ്പ് നിര്‍ദ്ദേശം നല്‍കിയതും ഇതിനോട് ചേര്‍ത്ത് വായിക്കാം.

1972 ലാണ് കേരളത്തിലെ ലക്ഷം വീട് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. കേരള ചരിത്രത്തില്‍ തന്നെ നിര്‍മ്മാണത്തിലും നിര്‍വഹണത്തിലും ഇത്രയേറെ സുതാര്യവും ജനപിന്തുണയാര്‍ജിച്ചതുമായ ഒരു സര്‍ക്കാര്‍ പരിപാടി ഉണ്ടായിട്ടില്ല. അഗതികളും പാര്‍ശ്വവത്കൃതരുമായ ജനവിഭാഗത്തിനായി മഴയും വെയിലുമേല്‍ക്കാതെ പാര്‍ക്കാനൊരിടം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും അപ്രാപ്യമായ സ്വപ്ന ദര്‍ശനം മാത്രമായ പൊതു പരിപാടി ക്രിയാത്മകമായി നടപ്പിലാക്കുകയായിരുന്നു. എം എന്‍ ഗോവിന്ദന്‍ നായരുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം. ആദ്യമായി കോളനി എന്ന പദം ഇതിലൂടെ എത്തിച്ചേരുകയുമുണ്ടായി. ഗവണ്‍മെന്റിന്റെ പ്രിവിലേജുകളില്‍ ജീവിക്കുന്ന ഒരു വിഭാഗം മനുഷ്യരെന്ന ബോധം പൊതുമണ്ഡലത്തില്‍ ഇവരെപ്പറ്റിയുണ്ടാകുന്നു.

തൊട്ടുപിന്നാലെ തന്നെ ഹരിജന്‍ കോളനികളും അംബേദ്ക്കര്‍ കോളനികളും ഉണ്ടാകുന്നു. ഗവണ്‍മെന്റ് ഭരണ സംവിധാനത്തിന്റെ സുതാര്യതയ്‌ക്കോ പരിഗണനയ്‌ക്കോ വേണ്ടിയുണ്ടാക്കിയ സംവിധാനങ്ങളും പേരുകളുമാണെങ്കിലും കോളനി എന്ന നോമന്‍ക്ലേച്ചര്‍ മുമ്പ് സൂചിപ്പിച്ചതുപോലെ മൂല്യ നഷ്ടം വന്ന വാക്കായി മാറി. ‘കോളനിപ്പിള്ളേര്‍’, ‘കോളനി വാണം’ തുടങ്ങിയ വാക്കുകള്‍ നവമാധ്യമങ്ങളിലുമൊക്കെ നിറയുന്ന കാലം. എത്ര മാത്രം അധമരായ ഒരു ജനവിഭാഗമാണ് കോളനി എന്ന ഒറ്റവാക്കിലൂടെ പ്രതിനിധികരിക്കപ്പെടുന്നത് എന്നൊക്കെ മനസിലാക്കേണ്ടതാണ്. ഈ മനസിലാക്കലില്‍ നിന്നാകണം കെ. രാധാകൃഷ്ണന്‍ എന്ന മനുഷ്യന്‍ തന്റെ മന്ത്രി പര്‍വത്തിലെ അവസാന തീരുമാനമായി ഇനിമേല്‍ കോളനി എന്ന പദം സര്‍ക്കാര്‍ രേഖകളില്‍ ഉണ്ടാവാന്‍ പാടില്ല എന്ന തീരുമാനമെടുത്തത്.

ഒരു പക്ഷേ തിരിച്ചൊരു വാദമുണ്ടാകാം ഒരു വാക്ക് മാറ്റിയത് കൊണ്ട് എന്ത് പ്രയോജനമെന്ന്! അതേ ഒരു പ്രയോജനവുമില്ല. മാറേണ്ടത് സമൂഹമാണ്. ലോകമൊന്നായി മുന്നോട്ടു നീങ്ങുമ്പോള്‍ പിന്നോട്ട് അതിവേഗത്തില്‍ തിരിച്ചോടുന്ന കേരള സമൂഹം.

 

English summary: Who’s a ‘Colonizer’? How an Old Word ‘Colony’ Became a New Weapon

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Tags:

×