വിനേഷ് ഫോഗട്ടിന് എന്താണ് സംഭവിച്ചത്?
ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടപ്പോൾ അസ്തമിച്ചത് ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകൾ കൂടിയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫൈനലിൽ സ്വർണ്ണ മെഡലിനായി മത്സരിക്കാനിരുന്ന വിനേഷ് ഭാരക്കൂടുതൽ മൂലമാണ് അയോഗ്യയാക്കപ്പെട്ടത്. vinesh phogat paris olympics
ഹൃദയം തകര്‍ന്ന് ഇന്ത്യ; വിനേഷ് ഫോഗട്ടിന് അയോഗ്യത
എന്താണ് ഭാരം കുറയ്ക്കൽ?
ഒരു കായികതാരം മത്സരത്തിന് മുമ്പ്, നിശ്ചിത കാലയളവിൽ, ഭാരം കുറയ്ക്കുന്ന പ്രക്രിയയാണിത്. സാധാരണയായി രണ്ടാഴ്ച മുമ്പ് ശരീരഭാരം കുറയ്ക്കാൻ തുടങ്ങുകയും ക്രമേണ അവരുടെ ശരീരഭാരത്തിൻ്റെ 10% കുറയുകയും ചെയ്യുന്നു. ഉദാഹരണത്തിന്, 60 കിലോഗ്രാം ഭാരമുള്ള അത്‌ലറ്റ് 57 കിലോഗ്രാമിൽ മത്സരിക്കുകയാണെങ്കിൽ, രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ക്രമേണ മൂന്ന് കിലോ കുറയ്‌ക്കുന്ന രീതിയിൽ അവരുടെ ഭാരം കുറയ്ക്കാൻ പദ്ധതിയിടും.
മണിക്കൂറുകളോളമുള്ള കാർഡിയോ, സ്റ്റീം, തുടങ്ങിയ വ്യായാമങ്ങളിലൂടെയാണ് താരങ്ങൾ ഭാരം കുറയ്ക്കാൻ ശ്രമിക്കുക. ശരീരത്തിൽ നിന്ന് കഴിയുന്നത്ര ദ്രാവകം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ ശരീരഭാരം കുറയും. ചില സന്ദർഭങ്ങളിൽ ഭാരം കുറയ്ക്കുന്നതിനുവേണ്ടി കായികതാരങ്ങൾ മുടി പോലും വെട്ടിക്കളയാറുണ്ട്. ഒളിമ്പിക്‌സ് നിയമങ്ങള്‍ അനുസരിച്ച്, ഒരു ഗുസ്തി താരം രണ്ടു തവണ ഭാരപരിശോധനയ്ക്ക് വിധേയരാകണം. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ഇറങ്ങുന്നതിന് മുന്നേയുള്ള പ്രഭാത പരിശോധനയ്ക്കും അതുപോലെ ഫൈനല്‍ ദിവസം രാവിലെയുള്ള പരിശോധനയ്ക്കും.
പരിശോധനയ്ക്ക് ശേഷം അത്‌ലറ്റുകൾക്ക് മത്സരത്തിനുവേണ്ട ആരോഗ്യം വീണ്ടെടുക്കാൻ ഇലക്‌ട്രോലൈറ്റുകൾ, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ എന്നിവ നൽകും. അമിതമായി ഭക്ഷണം കഴിക്കാതെ ഭാരം സന്തുലിതാവസ്ഥയിൽ നിലനിർത്തുക എന്നത് ഗുസ്തി താരങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. റസ്ലിങ് റൂൾ ബുക്കിലെ 8-ാം അനുഛേദ പ്രകാരം, വൈദ്യപരിശോധന ഉൾപ്പെടെ മത്സര ദിവസം രാവിലെ 30 മിനിറ്റ് നീളുന്നതാണ് ഭാര പരിശോധന. ലോകകപ്പിനും അന്താരാഷ്ട്ര ടൂർണമെൻ്റുകൾക്കും (UWW റാങ്കിംഗ് ഇവൻ്റുകൾ ഒഴികെ) 2 കിലോഗ്രാം വരെ അധിക ഭാരം അനുവദനീയമാണ്. ഭാരപരിശോധനയിൽ പങ്കെടുക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ മത്സരത്തിൽനിന്ന് പുറത്താവുകയും റാങ്ക് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്യും.
നിയമങ്ങൾ അനുസരിച്ച്, ഒരു ഗുസ്തി താരം രണ്ടു തവണ ഭാരപരിശോധനയ്ക്ക് വിധേയരാകണം എന്നാണ്, ഇരു പരിശോധനകളിലും ഒരേ ഭാര പരിധി പാലിക്കുകയും വേണം. എന്നാൽ ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയിൽ, അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതായി ഇന്ത്യൻ പരിശീലകൻ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ വിനേഷ് ഫോഗട്ടിൻ്റെ ഭാരം 1 കിലോ വർദ്ധിച്ചതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. ചൊവാഴ്ച രാത്രി മുതൽ ഭാരം കുറയ്ക്കുന്നതിനായി ഉറങ്ങുകപോലും ചെയ്യാതെ വിനേഷ് കഠിന വ്യായാമത്തിലായിരുന്നു.
ബുധനാഴ്ച രാവിലെയോടെ 900 ഗ്രാം കുറഞ്ഞെങ്കിലും അവസാനത്തെ 100 ഗ്രാം ഭാരം കുറയ്ക്കാനായില്ല. വിധിക്കെതിരെ അപ്പീൽ നൽകാൻ വിനേഷിനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) കഴിയില്ല.
ഒളിമ്പിക്‌സിൽ ഗുസ്തി ഇനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടത്തിന്റെ സന്തോഷത്തിനിടയിലാണ് വിനേഷിനെ നിർഭാഗ്യം തേടിയെത്തിയത്. ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരത്തിലും തോൽക്കാത്ത, നാല് തവണ ലോക ചാമ്പ്യനായ നിലവിലെ ചാമ്പ്യൻ യുയി സുസാക്കിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ഒളിമ്പിക്സ് പോരാട്ടത്തിന് തുടക്കം കുറിച്ചത്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ യുക്രെയ്നിൽ നിന്നുള്ള ഒക്സാന ലിവാച്ചിനെ തോൽപ്പിച്ചാണ് സെമിയിൽ പ്രവേശിച്ചത്.
സ്റ്റീവൻ മിക്കിച്ച് (സെർബിയ) – പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കി ഗ്രാം. ബാറ്റിർബെക് സകുലോവ് (സ്ലൊവാക്യ) – പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 65 കി, ഡാനില സെമെനോവ് (റഷ്യ) – പുരുഷന്മാരുടെ ലൈറ്റ് ഹെവിവെയ്റ്റ് (80-92 കി.ഗ്രാം) തുടങ്ങിയവരാണ് പാരീസ് ഒളിമ്പിക്സിൽ സമാനമായി അയോഗ്യരാക്കപ്പെട്ട താരങ്ങൾ.
content summary; Why Has Vinesh Phogat Been Disqualified From Paris Olympics