ചരിത്രം മറന്ന സ്ത്രീത്വങ്ങൾ: എഴുതപ്പെടാതെ പോയ സംഭാവനകൾ

ആരുടെ സംഭാവനകളാണ് രേഖപ്പെടുത്തുന്നത് ആരുടെ സംഭാവനകളാണ് അവഗണിക്കപ്പെടുന്നത് എന്ന ചോദ്യം ചരിത്രം തന്നെയാണ് നമ്മളോട് ഉയർത്തുന്നത്

ചരിത്രം പലപ്പോഴും കഴിഞ്ഞകാലത്തിൻ്റെ രേഖയായാണ് നമ്മൾ കാണുന്നത്.
എന്നാൽ ചരിത്രം എപ്പോഴും എഴുതപ്പെട്ടവരുടെ കഥ മാത്രമാണ്, എഴുതപ്പെടാത്ത ജീവിതങ്ങൾ അതിൻ്റെ പുറത്ത് തന്നെ നിൽക്കും. ആരുടെ സംഭാവനകളാണ് രേഖപ്പെടുത്തുന്നത് ആരുടെ സംഭാവനകളാണ് അവഗണിക്കപ്പെടുന്നത് എന്ന ചോദ്യം ചരിത്രം തന്നെയാണ് നമ്മളോട് ഉയർത്തുന്നത്.

നൂറ്റാണ്ടുകളായി ചരിത്രരേഖകളിൽ നിറഞ്ഞുനിൽക്കുന്ന പേരുകൾ അധികവും പുരുഷന്മാരുടേതാണ്. അതിനർത്ഥം സ്ത്രീകൾക്ക് സംഭാവനകളില്ലായിരുന്നുവെന്നല്ല;
അവരുടെ പ്രവർത്തനങ്ങൾ അർഹിച്ച രീതിയിൽ രേഖപ്പെടുത്തപ്പെട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ചരിത്രം എഴുതപ്പെട്ടത് ആരുടെ കണ്ണിലൂടെയാണ്

ചരിത്രം എഴുതപ്പെട്ടത് അധികാരം കൈവശം വെച്ചവരിലൂടെ ആയിരുന്നു.
വിദ്യാഭ്യാസം, രേഖകൾ, ഭാഷ, സ്ഥാപനങ്ങൾ എല്ലാം പുരുഷകേന്ദ്രിതമായ ഒരു ലോകത്ത്, സ്ത്രീകളുടെ സംഭാവനകൾ പലപ്പോഴും അർഹിക്കുന്ന അംഗീകാരമില്ലാതെ അവഗണിക്കപ്പെട്ടു.

ചരിത്രരചന ദീർഘകാലം പുരുഷാധിപത്യമായ സാമൂഹിക ഘടനകളിലൂടെയാണ് നടന്നത്. രാഷ്ട്രീയ അധികാരവും വിദ്യാഭ്യാസാവകാശവും രേഖകൾ തയ്യാറാക്കാനുള്ള അധികാരവും പ്രധാനമായും പുരുഷന്മാർക്കായിരുന്നു.

ചരിത്രകാരന്മാരായ ജോൺ സ്കോട്ട്, ജർഡാ ലെർണർ തുടങ്ങിയവർ ചൂണ്ടിക്കാട്ടുന്നത്, “public sphere” എന്ന പേരിൽ രാഷ്ട്രീയവും യുദ്ധവും സ്ഥാപനങ്ങളും ചരിത്രത്തിൻ്റെ കേന്ദ്രമായി മാറിയപ്പോൾ, സ്ത്രീകളുടെ കൂടുതൽ പ്രവർത്തനങ്ങൾ ചരിത്രത്തിൽ അപ്രസക്തമാക്കപ്പെട്ടു എന്നതാണ്. വീടിനകത്തെയും സമൂഹത്തിൻ്റെ അടിത്തട്ടിലെയും സ്ത്രീപ്രവർത്തനങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടു എന്നതാണ് ഇവിടെ സംഭവിച്ചത്.

ചരിത്രം മറന്ന സ്ത്രീത്വങ്ങൾ

ശാസ്ത്രചരിത്രത്തിൽ സ്ത്രീകൾ നൽകിയ സംഭാവനകൾ, പിന്നീട് പുരുഷന്മാരുടെ പേരിൽ അറിയപ്പെട്ടതായി ധാരാളം സംഭവങ്ങളുണ്ട്. ഇത്തരത്തിൽ സ്ത്രീകളുടെ സംഭാവനകൾ പുരുഷന്മാരുടെ പേരിൽ അറിയപ്പെടുന്ന പ്രവണതയെ കുറിച്ച് മാർഗ്ഗരെറ്റ് റോസ്സിറ്റർ “മാറ്റിൽഡ എഫക്ട് ” എന്ന് വിശേഷിപ്പിച്ചു.

റോസലിൻഡ് ഫ്രാങ്ക്‌ലിൻ

ഡിഎൻഎയുടെ ഘടന കണ്ടെത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച റോസലിൻഡ് ഫ്രാങ്ക്‌ളിൻ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൻ്റെ അടിത്തറ ഒരുക്കിയ ആഡ ലോവേലസ്, നാസയുടെ സ്പെയിസ് മിഷൻസ് സാധ്യമാക്കിയ കാതറിൻ ജോൺസൻ പോലുള്ള സ്ത്രീകൾ, അവർ ജീവിച്ചിരുന്ന കാലത്ത് അംഗീകാരം ലഭിക്കാതിരുന്നതിന് ഉദാഹരണങ്ങളാണ്. ചരിത്രകാരന്മാർ പറയുന്നത്, സ്ത്രീകളുടെ സംഭാവനകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നല്ല മറിച്ച് അവയ്ക്ക് അർഹിച്ച അംഗീകാരം ലഭിച്ചില്ല എന്നതാണ്.

ഇന്ത്യൻ സാഹചര്യവും വിശകലനവും

ഇന്ത്യൻ ചരിത്രത്തിലും ഇതേ പ്രവണത കാണാം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് സ്ത്രീകളിൽ വളരെ കുറച്ചുപേരുടെ പേരുകൾ മാത്രമാണ് പൊതുജനസ്മരണയിൽ നിലനിൽക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക പരിഷ്കാരം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ ചെയ്ത പ്രവർത്തനങ്ങൾ പലപ്പോഴും അർഹിക്കുന്ന അംഗീകരം ലഭിച്ചവയായിരുന്നില്ല.

ആഡ ലോവേലസ്

ചരിത്രകാരി ഉമ ചക്രവർത്തി ചൂണ്ടിക്കാണിക്കുന്നത്, ദേശീയചരിത്രം എഴുതപ്പെട്ടപ്പോൾ സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ
ഉദ്ദേശപൂർവ്വം പിന്നിലേക്ക് മാറ്റപ്പെട്ടുവെന്നതാണ്. യഥാർത്ഥത്തിൽ സ്ത്രീകൾ ചരിത്രത്തിൽ ഇല്ലാതായത് കഴിവില്ലാത്തതുകൊണ്ടല്ല,അധികാരമില്ലാത്തതുകൊണ്ടാണ് കാരണം ചരിത്രം എഴുതപ്പെടുന്നത് അധികാരബന്ധങ്ങളിലൂടെയാണ്.

കേരള പകശ്ചാത്തലവും, വിശകലനവും,

കേരളം വിദ്യാഭ്യാസത്തിലും ശാസ്ത്രചിന്തയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി വിലയിരുത്തപ്പെടുമ്പോഴും, ശാസ്ത്ര–സാങ്കേതിക മേഖലകളിൽ സ്ത്രീകൾ നൽകിയ സംഭാവനകൾ പലപ്പോഴും പൊതുസ്മരണയിൽ ഇടം പിടിച്ചിട്ടില്ല. ഇന്ത്യയിലെ ആദ്യ വനിതാ സിവിൽ എഞ്ചിനീയർമാരിൽ ഒരാളായ അന്നാ മണി, കാലാവസ്ഥാ ശാസ്ത്ര രംഗത്ത് നടത്തിയ ഗവേഷണങ്ങൾ, രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾക്ക് അടിത്തറയിട്ടവയായിരുന്നു. എന്നാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ ചരിത്രത്തിൽ പോലും, അവരുടെ സംഭാവനകൾ പലപ്പോഴും സഹായി എന്ന നിലയിൽ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉമ ചക്രവർത്തി

ഐ എസ് ആർ ഓയിലെ പ്രധാന ശാസ്ത്രജ്ഞരിൽ ഒരാളായ അനുരാധയാണ് സാറ്റ്ലൈറ്റ് രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചതെന്ന് പലർക്കും അറിയില്ല, ടെലിവിഷൻ്റെയും ടെലികമ്മ്യൂണിക്കേഷന്റെയും നട്ടെല്ലായ ഇൻസാറ്റ്, ജിസാറ്റ് ഇവരുടെ സംഭാവനകളാണ്. അഗ്നി മിസൈൽ പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത് ഡോക്ടർ ടെസ്സി തോമസ് ആണെന്ന് ഇന്നും പലർക്കും അറിയില്ല.

ചരിത്രഗവേഷകർ ചൂണ്ടിക്കാട്ടുന്നത്, സ്ത്രീകളുടെ പ്രവർത്തനങ്ങളെ “സംഘടിത രാഷ്ട്രീയ പ്രവർത്തനം” എന്ന തലത്തിലേക്ക് ഉയർത്തിക്കാണിക്കാൻ തയ്യാറാകാത്ത ചരിത്രരചനയാണ് ലോകത്തൊട്ടാകെ നിലനിന്നത് എന്നതാണ്.

ചരിത്രശാസ്ത്രത്തിൽ “gender bias” എന്ന ആശയം കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഗൗരവമായി പഠിക്കപ്പെടുന്നു. യുനെസ്കോ, ഓക്സ്ഫോഡ് ഹാൻഡ്‌ബുക് ഓഫ് വുമൺ ആൻഡ് ജൻഡർ ഇൻ ഹിസ്റ്ററി, ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്ററിക്കൽ റിസർച്ച് എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളും ചൂണ്ടി കാട്ടുന്നത് ഒരേ കാര്യമാണ്. ചരിത്രത്തിൽ സ്ത്രീകൾ അപ്രസക്തമാക്കപ്പെട്ടത് അവരുടെ അഭാവം കൊണ്ടല്ല,
അവരെ രേഖപ്പെടുത്താൻ ചരിത്രരചന തയ്യാറാകാതിരുന്നതിനാലാണ്. ഇത് “സ്ത്രീകൾ പുരുഷന്മാരേക്കാൾ വലുതാണ് എന്ന വാദമല്ല, “ചരിത്രം പൂർണ്ണമല്ല ” എന്ന വിലയിരുത്തലാണ്.

കാതറിൻ ജോൺസൺ

ഇത് ഇന്നും പ്രസക്തമാകുന്നത് എന്തുകൊണ്ട്?

ചരിത്രം വെറും ഭൂതകാലം മാത്രമല്ല ഇന്ന് നമ്മൾ എന്തിന് മൂല്യം നൽകുന്നു, ആരെ മാതൃകയാക്കുന്നു, ആരുടെ സംഭാവന ഉൾകൊള്ളുന്നു എന്നതെല്ലാം ചരിത്രസ്മരണകളിലൂടെ രൂപപ്പെട്ടതാണ്.

സ്ത്രീകളുടെ സംഭാവനകൾ തുടർച്ചയായി അവഗണിക്കപ്പെടുമ്പോൾ, സമൂഹം തന്നെ സ്ത്രീകളുടെ കടമ വീടുകളിൽ ഒതുക്കി തീർക്കുന്നു, പാഠപുസ്തകങ്ങളിലും പൊതു സ്മരണകളിലും സ്ത്രീകളുടെ സംഭാവനകൾ പലപ്പോഴും അവസാനത്തിൽ മാത്രം ചേർക്കുന്ന കുറിപ്പുകളായി മാത്രമാണ് തുടരുന്നത്.

അന്ന മണി

അതിനാലാണ് ഈ ചർച്ച ഇന്നും പ്രസക്തമാകുന്നത്. പുനർവായന, പുനരാഖ്യാനമല്ല. ചരിത്രം തിരുത്തിയെഴുതണം എന്ന ആവശ്യമല്ല ഉന്നയിക്കുന്നത് മറിച്ച് ഇവിടെ.
ചരിത്രത്തെ കൂടുതൽ സമ്പൂർണ്ണമായി വായിക്കണം എന്നതാണ് ആവശ്യം.

സ്ത്രീകളുടെ സംഭാവനകൾ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നത്
ഒരു രാഷ്ട്രീയ പ്രഖ്യാപനമല്ല, അത് ഒരു ബൗദ്ധിക ഉത്തരവാദിത്വമാണ്. ചരിത്രം മറന്ന സ്ത്രീത്വങ്ങളെ ഓർക്കുന്നത്തിലൂടെ ആരും ചെറുതാകുന്നില്ല ആരുടെയും സ്ഥാനം ഇല്ലാതാവുകയും മറിച്ച്, ഇതുവരെ ശ്രദ്ധിക്കാതെ പോയ ജീവിതങ്ങൾക്ക് വ്യക്തത നൽകുകയാണ് ഉണ്ടാവുക.

Content Summary: Women Forgotten by History: Unwritten Contributions of women

സോന സുഭാഷ്‌

അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയ്‌നിയാണ് സോന സുഭാഷ്‌

More Posts

This post was last modified on January 1, 2026 11:09 am

സോന സുഭാഷ്‌: അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയ്‌നിയാണ് സോന സുഭാഷ്‌
Related Post
Leave a Comment