വാഷിങ്ടൺ പോസ്റ്റിൻ്റെ ഉടമയും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസുമായി കൂടിക്കാഴ്ചക്ക് അഭ്യർത്ഥിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റിലെ 400 ലധികം ജീവനക്കാർ. പത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. വാഷിങ്ടൺ പോസ്റ്റിലെ മുതിർന്ന മാധ്യമപ്രവർത്തകരും ലേഖകരും ഒപ്പുവെച്ച കത്ത് ചൊവ്വാഴ്ചയാണ് ജെഫ് ബെസോസിന് അയച്ചത്. Jeff Bezos
സ്ഥാപനത്തിന്റെ ധാർമികതയെക്കുറിച്ചും സുതാര്യതയിലുണ്ടായ തകർച്ചയെക്കുറിച്ചും സഹപ്രവർത്തകരെ പിരിച്ചുവിട്ട സ്ഥാപന നേതൃത്വത്തിന്റെ തീരുമാനത്തെക്കുറിച്ചുമുള്ള ആശങ്കയാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. സ്ഥാപനത്തിന് മേൽ തങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം പുനസ്ഥാപിക്കുന്നതിനും നേതൃത്വവുമായുള്ള ബന്ധം നല്ല രീതിയിലുള്ള ആശയവിനിമയത്തിലൂടെ ദൃഢമാക്കുന്നതിന് ജെഫ് ബെസോസുമായുള്ള കൂടിക്കാഴ്ച് വളരെയധികം സഹായകമാകുമെന്നും കത്തിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്ന ജെഫ് ബെസോസിൻ്റെ പരാമർശവുമായി ഈ കൂടിക്കാഴ്ചക്ക് യാതൊരു ബന്ധവുമില്ലെന്നും കത്തിൽ പറയുന്നുണ്ട്. യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്ന തീരുമാനത്തെ തുടർന്ന് വാഷിങ്ടൺ പോസ്റ്റിന് 250,000 സബ്സ്ക്രൈബേഴ്സിനെ നഷ്ടപ്പെട്ടിരുന്നു. വാൾ സ്ട്രീറ്റ് ജേണൽ പറയുന്നതനുസരിച്ച്, 2024 ൽ മാധ്യമത്തിന് 100 മില്യൺ ഡോളർ നഷ്ടമാകുന്നതിലേക്കും സംഭവം നയിച്ചു.
വാഷിങ്ടൺ പോസ്റ്റിലെ ഡിജിറ്റൽ വെബ്സൈറ്റിന്റെ സന്ദർശകരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. 2020 നവംബറിൽ 114 മില്ല്യൺ സബ്സ്ക്രൈബേഴ്സ് ആയിരുന്നത് 2024 നവംബർ ആയപ്പോഴേക്കും 54 മില്ല്യൺ ആയി കുറഞ്ഞു. വാഷിങ്ടൺ പോസ്റ്റ് സ്ഥാപനത്തിലെ കുറച്ച് ജീവനക്കാരെ പിരിച്ചുവിട്ട് ഒരാഴ്ചക്ക് ശേഷമാണ് മാധ്യമത്തിന്റെ വരിക്കാരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെന്ന പ്രശ്നങ്ങൾ ഉയരാൻ തുടങ്ങിയത്.
കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായി വിൽ ലൂയിസ് 2023 നവംബറിൽ സ്ഥാനം ഏറ്റെടുത്തതു മുതലാണ് സ്റ്റാഫുകൾക്കിടയിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ തുടങ്ങിയത്. ന്യൂസ് റൂം പുനസംഘടിപ്പിക്കാൻ ലൂയിസ് തീരുമാനിച്ചതിനെ തുടർന്ന് ന്യൂസ് റൂമിൻ്റെ ടോപ്പ് എഡിറ്റർ സാലി ബുസ്‌ബി ജൂണിൽ സ്ഥാനമൊഴിഞ്ഞിരുന്നു. അവർക്ക് പകരമായി ലൂയിസ് തിരഞ്ഞെടുത്ത എഡിറ്റർ റോബർട്ട് വിന്നറ്റ്, ജീവനക്കാരിൽ നിന്നുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിന്മാറുകയായിരുന്നു.
പ്രസിഡൻ്റ് സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനത്തിന് ശേഷം നിരവധി ഒപീനിയൻ കോളം എഴുത്തുകാർ സ്ഥാപനത്തിൽ നിന്നും രാജിവെച്ചിരുന്നു. പുലിറ്റ്‌സർ ജേതാവായ ആൻ ടെൽനേസ് എന്ന കാർട്ടൂണിസ്റ്റ്, ജെഫ് ബെസോസിനെക്കുറിച്ചുള്ള കാർട്ടൂൺ നിരസിച്ചതിനെ തുടർന്ന് രാജി വെച്ചിരുന്നു. ജെഫ് ബെസോസും മറ്റ് വ്യവസായികളും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിമക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന കാർട്ടൂൺ ആണ് ആൻ ടെൽനേസ് വരച്ചത്. Jeff Bezos
Content Summary: worry about the future; Washington Post employees request meeting with Jeff Bezos
Jeff Bezos the washington post Will Lewis