UPDATES

വിദേശം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്‌ഹസീന രാജിവച്ചു,  സൈന്യം അധികാരം ഏറ്റെടുത്തു

ഹസീന രക്ഷതേടി ഇന്ത്യയിലേക്ക് പോന്നതായും റിപ്പോര്‍ട്ട്

                       

രാജ്യം കലാപഭൂമിയായി മാറിയിരിക്കെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന രാജി പ്രഖ്യാപിച്ചു. സൈന്യം അധികാരം ഏറ്റെടുത്തതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം വന്‍നാശമാണ് രാജ്യത്തുണ്ടാക്കി കൊണ്ടിരിക്കുന്നത്. ജൂലൈ മാസം മുതല്‍ സര്‍ക്കാരിനെതിരേ തുടങ്ങിയിരിക്കുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 300 ന് മുകളില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബംഗ്ലാദേശ് ആര്‍മി ചീഫ് ജനറല്‍ വകേര്‍-ഉസ്-സമന്‍ അറിയിച്ചത്. പ്രതിഷേധക്കാര്‍ തെരുവുകളില്‍ നിന്ന് പിരിഞ്ഞു പോകണമെന്നും പട്ടാള മേധാവി അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് വീണ്ടും കത്തുന്നു, 100 ന് അടുത്ത് മരണം

കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഷെയ്ഖ് ഹസീന തലസ്ഥാനമായ ധാക്കയില്‍ നിന്നും സൈനിക ഹെലികോപ്റ്ററില്‍ സുരക്ഷിതസ്ഥാനം തേടി ഇന്ത്യയിലേക്ക് പോന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹസീനയ്‌ക്കൊപ്പം അവരുടെ സഹോദരി ഷെയ്ഖ് രഹാനയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗോനോ ബബനു മുന്നില്‍ എത്തി രാജിയാവശ്യം മുഴക്കിയിരുന്നു. സാഹചര്യങ്ങള്‍ നിയന്ത്രാണധീതമായി മാറിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഏറ്റെടുത്ത സൈന്യം പ്രധാനമന്ത്രിക്ക് 45 മിനിട്ട് സമയം നല്‍കികൊണ്ട് സ്ഥാന ത്യാഗം ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

വലിയ തോതിലുള്ള പ്രതിഷേധമാണ് ഹസീനയ്ക്കും അവരുടെ പാര്‍ട്ടിയായ അവാമി ലീഗിനുമെതിരേ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹസീനയുടെ പിതാവും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ പ്രതിമ വരെ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു.

ബംഗ്ലാദേശ് കലാപം, മരണം 105; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോരുന്നു

ഞായറാഴ്ച്ച പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 95 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ 14 പേരോളം പൊലീസുകാരാണ്. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസിനൊപ്പം ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടിയും അനുബന്ധ സംഘടനകളും തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധക്കാര്‍ക്കൊപ്പം മുഖ്യ പ്കതിപക്ഷമായ ബംഗ്ലാദേഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയും ഉണ്ടെന്നായിരുന്നു ഭരണകക്ഷിയുടെ ആരോപണം. തെരുവിലെ കലാപം എന്തു വിലകൊടുത്തും അടിച്ചമര്‍ത്തുമെന്നായിരുന്നു ഞായറാഴ്ച്ച ഷെയ്ഖ് ഹസീന പറഞ്ഞത്.

എന്തിനാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്?

പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ പോരാട്ടം നടത്തിയവരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന നിയമം പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവ് വന്നതോടെയാണ് ബംഗ്ലാദേശ് പ്രതിഷേധ ഭൂമിയായത്. സര്‍വകലാശാള വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങി. പൊലീസും ഭരണകക്ഷിക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ നേരിടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളായി. 200 പേരോളം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതുപോലൊരു പ്രക്ഷോഭത്തിലൂടെയായിരുന്നു 2018 ല്‍ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിന് നിശ്ചയിച്ചിരുന്ന 30 ശതമാനം സംവരണം എടുത്തു മാറ്റിയത്. അത് വീണ്ടും പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് രാജ്യത്തെ പ്രക്ഷുബ്ധമാക്കിയത്. അവലസാനിക്കാതെ തുടര്‍ന്ന പ്രതിഷേധമാണ് ഞായറാഴ്ച്ചയോടെ കൂടുതല്‍ രക്തരൂക്ഷിതമായത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് 76 കാരിയായ പ്രധാനമന്ത്രി നോക്കിയത്. അതൊടുവിലവരുടെ വീഴ്ച്ചയ്ക്കും കാരണമായി. 2009 മുതല്‍ അധികാരത്തിലിരിക്കുന്ന ഹസീന, ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ച് അഞ്ചാം മൂഴത്തിലായിരുന്നു.Bangladesh prime minister sheikh hasina quits amid riots army will form interim government

Content Summary; bangladesh prime minister sheikh hasina quits amid riots army will form interim government

Share on

മറ്റുവാര്‍ത്തകള്‍