April 20, 2025 |

പ്രതിരോധ ലാബ് നിര്‍മിച്ച ക്ഷേത്ര രഥം; കുഴിച്ചു മൂടപ്പെട്ടൊരു അഴിമതി

ഒരു മതവിഭാഗത്തിന്റെ പദ്ധതി ഏറ്റെടുക്കാനുള്ള രാജ്യത്തെ സൈനിക ഗവേഷണ കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചതെങ്ങനെ?

ഒരു ക്ഷേത്രത്തിന് വേണ്ടി കാര്‍ബണ്‍ ഫൈബര്‍ രഥം നിര്‍മ്മിച്ചതിലൂടെ രാജ്യത്തെ പരമോന്നത സൈനിക സാങ്കേതിക വിദ്യാ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ) 2014 ല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

2012 മുതലുള്ള ഒരു വര്‍ഷവും നികുതിദായകരുടെ പണവും ചെലവഴിച്ചാണ് പൂനെ ഡി.ആര്‍.ഡി.ഒ ലാബിലെ ഗവേഷകര്‍ ഹൈ-ടെക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രഥം നിര്‍മിച്ചത്.

ഡി.ആര്‍.ഡി.ഒ ഒരു രഥം നിര്‍മിച്ചുവോയെന്നും അത് ക്ഷേത്രത്തിന് കൈമാറിയോയെന്നും ഒരു രഥയാത്രയിലൂടെ രാഷ്ട്രീയ പ്രാധാന്യം നേടുകയും പിന്നീട് അധികാരത്തിലത്തുകയും ചെയ്ത ബിജെപിയുടെ പുതിയ സര്‍ക്കാരിനോട് 2015 മേയില്‍ ടിഡിപിയുടെ പാര്‍ലമെന്റംഗം ചമകുര മല്ല റെഡ്ഡി ലോക്സഭയില്‍ ചോദിച്ചിരുന്നു.

പദ്ധതിയുടെ ചെലവ്, എവിടെ നിന്നാണ് അതിനുള്ള ഫണ്ട് വന്നത്, സര്‍ക്കാര്‍ രഥത്തിന് അനുമതി നല്‍കിയോ, അനുമതി നല്‍കിയിട്ടില്ലെങ്കില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് എംപി അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനോട് ചോദിച്ചത്.

ഈ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് പരീക്കര്‍ ചോദ്യത്തെ പ്രതിരോധിച്ചത്. രഥം നിര്‍മിച്ച വിവരമോ അത് ക്ഷേത്രത്തിന് സര്‍ക്കാരിന്റെ സംഭാവനയായി നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചതാണെന്നോ അദ്ദേഹം ഔദ്യോഗികമായി നിഷേധിച്ചില്ല.

drdo lb lab temple chariot parliament document

അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി പാര്‍ലമെന്റിന് നല്‍കിയ ഉറപ്പിന്റെ രേഖ

മൂന്ന് മാസത്തിനകം അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം സര്‍ക്കാരിന്റെ ഉറപ്പിനെക്കുറിച്ച് ദ കളക്ടീവ് നടത്തിയ അന്വേഷണ പരമ്പരയുടെ ആറാം ഭാഗത്ത് പരീക്കര്‍ ഇതിലെ അഴിമതി മറച്ചുവച്ചതായും ഇപ്പോള്‍ നീതി ആയോഗ് അംഗമായ ഒരാള്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങളുണ്ടായിരുന്നതായും തെളിഞ്ഞു.

പൊതുഖജനാവ് ധൂര്‍ത്തടിച്ച് നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്നീട് കുഴിച്ചുമൂടുകയാണ് ചെയ്തത്.

‘ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ സ്ഥിരമായി പാലിക്കപ്പെടാത്ത വലിയ വാഗ്ദാനങ്ങളാണ് നല്‍കാറുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയും ഉത്തരവാദിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ പവിത്രതയുള്ളവയാണ് പാര്‍ലമെന്റില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍. ‘Parliament defied’ എന്ന അന്വേഷണ പരമ്പരയിലൂടെ ഈ പാര്‍ലമെന്ററി വാഗ്ദാനങ്ങള്‍ പരിശോധിച്ച് അവയുടെ ഫലങ്ങള്‍ പരിശോധിക്കുകയാണ്.

ആയിരക്കണക്കിന് പേജുകളുള്ള നൂറിലധികം പാര്‍ലമെന്ററി റിപ്പോര്‍ട്ടുകള്‍ സമഗ്രമായി പരിശോധിച്ച് അഞ്ച് വര്‍ഷത്തിനിടെ 55 മന്ത്രാലയങ്ങള്‍ നടത്തിയ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.’

ഭീമന്മാര്‍
രഥം നിര്‍മിച്ച പൂനെയിലെ ദ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(എന്‍ജിനിയേഴ്സ്) രാജ്യത്തെ 60 ഡി.ആര്‍.ഡി.ഒ ലാബുകളില്‍ ഒന്നാണ്. സൈന്യത്തിന്റെ എന്‍ജിനിയറിംഗ് വിഭാഗത്തിനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവരുടെ ചുമതല. കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനും രാസായുധങ്ങള്‍ പ്രയോഗിക്കപ്പെട്ട പ്രദേശം അണുവിമുക്തമാക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ തയ്യാറാക്കുന്നതും അവരാണ്.

എന്നാല്‍ സൈന്യത്തെ സഹായിക്കാത്തതിന്റെ പേരില്‍ ലാബ് വിമര്‍ശിക്കപ്പെട്ടിരുന്നു. 2012ല്‍ സര്‍ക്കാര്‍ ഓഡിറ്ററായ സി.എ.ജി ലാബിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. 15 വര്‍ഷമായി ലാബ് ഏറ്റെടുത്ത 85 കോടിയോളം രൂപ വരുന്ന 80 ശതമാനം പദ്ധതികളും പരാജയമാണെന്നായിരുന്നു സി.എ.ജി കണ്ടെത്തല്‍.

സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്ന അതേവര്‍ഷം തന്നെ ലാബ് അവരുടെ പുതിയ ഡയറക്ടറായ എസ്. ഗുരുപ്രസാദിന്റെ നേതൃത്വത്തില്‍ പൂനെയിലെ ശാന്ത് ധ്യാനേശ്വര്‍ ക്ഷേത്രത്തിന് രഥം നിര്‍മ്മിക്കാനുള്ള പ്രൊജക്ട് ഏറ്റെടുത്തു. അധികം വൈകാതെ അവിടുത്തെ മറ്റൊരു ഗവേഷകനായ ഡി. മുത്തുരാജ് ഡി.ആര്‍.ഡി.ഒ ഫണ്ട് രഥം നിര്‍മിക്കാനായി ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി നല്‍കി.

ക്ഷേത്രരഥം നിര്‍മ്മിക്കാനുള്ള ഡി.ആര്‍.ഡി.ഒ തീരുമാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഒരു വസ്തുതാന്വേഷണ സമിതിയെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഡി.ആര്‍.ഡി.ഒ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു 2014 സെപ്തംബര്‍ അഞ്ചിന് മന്ത്രാലയത്തിനു ലഭിച്ച റിപ്പോര്‍ട്ട്.

പ്രതിരോധ ലാബിന്റെ രഥ പദ്ധതിയെ ന്യായീകരിക്കുന്നതായിരുന്നു വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ലാബിന്റെ ഭാവിപദ്ധതികള്‍ക്ക് ഇത് ഉപയോഗപ്രദമാണെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു.

പരസ്യമാക്കപ്പെടാത്ത ആ റിപ്പോര്‍ട്ടിലെ ഏതാനും വിവരങ്ങള്‍ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് കണ്ടെത്തി.

ഡി.ആര്‍.ഡി.ഒയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ(സിഎസ്ആര്‍) ഭാഗമായി ആധുനിക സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിനായാണ് രഥം നിര്‍മ്മിക്കുന്നതെന്ന് സമിതി അവകാശപ്പെട്ടു.

ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറലും പ്രതിരോധമന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവുമായ വി.കെ സരസ്വതിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പദ്ധതി ആരംഭിച്ചതെന്നാണ് സമിതി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

drdo temple chariot documents

പൂനെ ലാബിനോട് അന്നത്തെ പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് രഥം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത് എങ്ങനെയെന്ന് കാണിക്കുന്ന, സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ നിന്നുള്ള ഭാഗം.

വൈദ്യുതിയില്‍ ഓടിക്കാനാകുന്ന ഒരു രഥം നിര്‍മിക്കാന്‍ ക്ഷേത്രം സരസ്വതിനോട് അഭ്യര്‍ത്ഥിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചെലവ് കുറഞ്ഞ, എന്നാല്‍ സൈന്യത്തിന് ഭാവിയില്‍ പ്രയോജനപ്രദമായ പദ്ധതിയെന്നാണ് ഇതിനെ ന്യായീകരിക്കുന്നത്. ഒരു വര്‍ഷക്കാലം സര്‍ക്കാര്‍ ഗവേഷകരെ ഇതിനായി പ്രയോജനപ്പെടുത്തിയതിന് 17.60 ലക്ഷം രൂപയും നികുതിയുമാണ് സമിതി ചെലവ് കണക്കാക്കിയിരിക്കുന്നത്.

2014 സെപ്തംബര്‍ ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പിറ്റേദിവസം മുത്തുരാജ് ഈ വെള്ളപൂശലിനെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വസ്തുതാന്വേഷണ സമിതിയുടെ രഹസ്യ റിപ്പോര്‍ട്ട് ഉപയോഗിച്ച് തെറ്റായ യാതൊന്നും നടന്നിട്ടില്ലെന്നാണ് മന്ത്രാലയം വാദിച്ചത്. ഒരു വര്‍ഷത്തിന് ശേഷം 2015ല്‍ ഡി.ആര്‍.ഡി.എയുടെ രഥ പദ്ധതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ന്നപ്പോഴും ഈ കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും അന്നത്തെ പ്രതിരോധമന്ത്രി പരിക്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് മന്ത്രാലയം ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ്.

അദ്ദേഹത്തിന്റെ മന്ത്രാലയത്തിന് ആഭ്യന്തര വസ്തുതാന്വേഷണ സമിതിയെക്കുറിച്ചും അവരുടെ കണ്ടെത്തലുകളെക്കുറിച്ചും അതിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും ബോംബെ ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിനെക്കുറിച്ചും അറിയാമായിരുന്നെങ്കിലും പാര്‍ലമെന്റിന് മുമ്പാകെ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ് മന്ത്രി ചെയ്തത്.

പാര്‍ലമെന്റിലെ ഈ ചോദ്യം മൂലമാണോ അല്ലയോ എന്ന് നമുക്ക് പറയാനാകില്ലെങ്കിലും 2016 സെപ്തംബറില്‍ പ്രതിരോധമന്ത്രാലയം ഈ വിഷയത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. എന്നാല്‍ അത് ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറലും മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവുമായ സരസ്വതിനെതിരെയായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായ എസ്. ഗുരുപ്രസാദിനെതിരെയായിരുന്നു.

എന്നാല്‍ കണക്കുകളില്‍ തിരിമറി നടത്തിയെന്നല്ലാതെ അനാവശ്യമായി രഥം നിര്‍മ്മിച്ചുവെന്നായിരുന്നില്ല അദ്ദേഹത്തിനെതിരായ കേസ്. ഡി.ആര്‍.ഡി.ഒയുടെ സി.എസ്.ആര്‍ അക്കൗണ്ടിന് കീഴിലാണ് അദ്ദേഹം ഈ പദ്ധതിയുടെ ചെലവുകള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചുരുക്കത്തില്‍ ഈ പദ്ധതിയും അതിന് സരസ്വത് നല്‍കിയ അനുമതിയും ന്യായീകരിക്കപ്പെട്ടു.

അസ്ഥികൂടങ്ങള്‍ തകരുന്നു
സര്‍ക്കാര്‍ ആരോപണത്തിനെതിരെയും അതുമൂലം ജോലിക്കയറ്റം തടഞ്ഞതിനെതിരെയും 2017ല്‍ ഗുരുപ്രസാദ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ നിയമനവും സേവന നിബന്ധനകളും സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന നീതിന്യായ സംവിധാനമാണ് ഈ ട്രിബ്യൂണല്‍.

2012 ജൂലൈയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്നത്തെ ശാസ്ത്ര ഉപദേഷ്ടാവും ഡി.ആര്‍.ഡി.ഒയുടെ ഡയറക്ടര്‍ ജനറലുമായ വി.കെ സരസ്വത് ആണ് രഥം നിര്‍മ്മിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം ട്രിബ്യൂണലിന് നല്‍കിയ തന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ട്രിബ്യൂണലിന്റെ വാദത്തിന്റെ രേഖകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഫയലുകളിലുണ്ട്. ബോംബെ ഹൈക്കോടതിയില്‍ പൂനെ ലാബ് ഡയറക്ടര്‍ക്കെതിരെ വാദിച്ച പ്രതിരോധ മന്ത്രാലയം അനാവശ്യമായി രഥം നിര്‍മ്മിച്ചതിനല്ല, പകരം പദ്ധതി വിഹിതത്തില്‍ അഴിമതി നടത്തിയതിനാണ് ഗവേഷകനെ ശിക്ഷിച്ചതെന്ന് അതില്‍ പറയുന്നു.

വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തലിന് വിരുദ്ധമായി ഡി.ആര്‍.ഡി.ഒയില്‍ സി.എസ്.ആര്‍ ഫണ്ട് വകയിരുത്താന്‍ വ്യവസ്ഥയില്ലെന്ന് മന്ത്രാലയം ട്രിബ്യൂണലില്‍ മൊഴി നല്‍കി. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച ഗുരുപ്രസാദ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതി വാങ്ങിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഗുരുപ്രസാദിന് അനുകൂലമായിരുന്നു ട്രിബ്യൂണലിന്റെ വിധി. ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറലാണ് രഥ നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കിയതെന്ന് വിധിയില്‍ പ്രസ്താവിക്കുന്നു. ഗുരുപ്രസാദ് ഈ നിര്‍ദ്ദേശം പാലിച്ചിരുന്നില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമായിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തെ ശിക്ഷിക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കി.

സ്ഥാപനത്തിലെ അജ്ഞാതരും അദൃശ്യരുമായ ചില വ്യക്തികളുടെ വൈരാഗ്യം മൂലമാണ് ഗുരുപ്രസാദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ട്രിബ്യൂണല്‍ പറഞ്ഞു. കണക്കുകളില്‍ കൃത്രിമത്വം നടത്തിയെന്ന കുറ്റത്തില്‍ നിന്നും ഗുരുപ്രസാദിനെ മുക്തനാക്കുകയും ചെയ്തു.

കേസിലെ ഈ വഴിത്തിരിവുകളും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറച്ചുവച്ചു. അഴിമതിയില്‍ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കി അഞ്ച് വര്‍ഷത്തിന് ശേഷം 2020 നവംബറില്‍ ആരെയും കുറ്റക്കാരെന്ന് കണ്ടെത്തിയില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ കേസ് അവസാനിപ്പിക്കുകയും ചെയ്തു.

drdo temple chariot, parliament document

എല്ലാ നടപടികളും ഉപേക്ഷിച്ചതിനാല്‍ പാര്‍ലമെന്റിന്ന നല്‍കിയ ഉറപ്പ് ഉപേക്ഷിക്കാന്‍ പ്രതിരോധ മന്ത്രാലയം അഷ്വറന്‍സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടതിന്റെ രേഖ.

എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ ഡി.ആര്‍.ഡി.എ എന്തിനാണ് മതപരമായ ഒരു പ്രൊജക്ടിനായി നികുതിപ്പണം ഉപയോഗിച്ചതെന്ന വസ്തുതയും പാര്‍ലമെന്റിനും ജനങ്ങള്‍ക്കും മുന്നില്‍ മൂടിവയ്ക്കപ്പെട്ടു.

parliament assurance

പാര്‍ലമെന്റിന് നല്‍കിയ ഉറപ്പുകളുടെ സ്ഥിതി വിവരങ്ങള്‍

 

ലംഘിക്കപ്പെട്ട മറ്റ് വാഗ്ദാനങ്ങള്‍

ദേശീയ പ്രതിരോധ സര്‍വ്വകലാശാല: നടപ്പാക്കപ്പെടാത്ത പദ്ധതി

ദേശീയ പ്രതിരോധ സര്‍വ്വകലാശാലയ്ക്കായി 1967 മുതല്‍ നിരന്തരം ആവശ്യം ഉയരുന്നുണ്ട്. വിവിധ സൈനിക പരിശീലന കേന്ദ്രങ്ങളെ ഈ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ സംയോജിപ്പിക്കണമെന്ന് 1999ലെ കാര്‍ഗില്‍ യുദ്ധ അവലോകന സമിതിയും ആവശ്യപ്പെട്ടിരുന്നു. കാര്‍ഗില്‍ നുഴഞ്ഞുകയറ്റം പോലുള്ള ദേശീയ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശ ചെയ്യാനാണ് ഈ സമിതി നിയമിക്കപ്പെട്ടത്.

2012 ഡിസംബര്‍ പത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ ഇന്ത്യന്‍ ദേശീയ പ്രതിരോധ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായും ഹരിയാനയിലെ ബിനോലയില്‍ അതിന് ഭൂമി ഏറ്റെടുത്തതായും പാര്‍ലമെന്റില്‍ അറിയിച്ചു.

indian national defence university

ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റിന് നല്‍കിയ ഉറപ്പ്‌.

എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം ബിജെപി നേത്വത്തിലുള്ള സര്‍ക്കാരിന് കീഴിലെ പ്രതിരോധ മന്ത്രാലയം സര്‍ക്കാര്‍ വാഗ്ദാന സമിതിയെ അറിയിച്ചത് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണമെന്നും പ്രസ്തുത സര്‍വ്വകലാശാലയെ പ്രത്യേക നിയമത്തിന് കീഴില്‍ കൊണ്ടുവരാനുള്ള നയരൂപീകരണം പോലും നടന്നിട്ടില്ലെന്നുമാണ്. കൂടുതല്‍ സമയം വേണമെന്നത് ഫലപ്രദമല്ലാത്തതിനാല്‍ ഈ വാഗ്ദാനം ഉപേക്ഷിക്കാനും സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടു.

indian national defence university

സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ‘നിരവധി വര്‍ഷങ്ങള്‍’ വേണ്ടിവരുമെന്നതിനാല്‍ ഉറപ്പ് ഉപേക്ഷിക്കാന്‍ പ്രതിരോധ മന്ത്രാലയം അഷ്വറന്‍സ് കമ്മിറ്റിയോട് ആവശ്യപ്പെടുന്നതിന്റെ രേഖ

വാഗ്ദാനം നല്‍കി 99 മാസങ്ങള്‍ക്ക് ശേഷം അത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഹെലികോപ്റ്റര്‍ അഴിമതിയും വന്യതയും
3600 കോടി രൂപ മുടക്കി സായുധസേനയ്ക്കായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം 2013ലാണ് ഉയര്‍ന്നത്. 12 വി.വി.ഐ.പി വിമാനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിമാന അഴിമതി എന്നറിയപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി 2013 ഓഗസ്റ്റ് 26ന് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി.

VVIP chopper case

ഹെലികോപ്റ്റര്‍ അഴിമതി അന്വേഷിക്കുമെന്ന് പാര്‍ലമെന്റിന് നല്‍കിയ ഉറപ്പ്‌

2015 ഡിസംബറില്‍ പുതിയ ബി.ജെ.പി സര്‍ക്കാര്‍ ഈ വാഗ്ദാനം ഉപേക്ഷിക്കാന്‍ സമിതിയോട് അഭ്യര്‍ത്ഥിച്ചു.

എന്തിന്? ‘സി.ബി.ഐ അന്വേഷണത്തിന്റെ സമയ പരിമിതി അറിയാന്‍ സാധിക്കില്ലെന്നും സംഭവം പുറത്തുവന്നിരിക്കുന്നു’ എന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ അന്വേഷണം നടക്കുന്നു എന്നതിനാല്‍ മാത്രം ഇത് ഉപേക്ഷിക്കാനാകില്ലെന്ന് സമിതി മറുപടി നല്‍കി. അന്വേഷണം വേഗത്തിലാക്കാന്‍ സി.ബി.ഐയെ ഏകോപിപ്പിക്കാനും മന്ത്രാലയത്തോട് അവര്‍ ആവശ്യപ്പെട്ടു.

അഴിമതി അന്വേഷണത്തെക്കുറിച്ച് നല്‍കിയ ഉറപ്പ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിലും ആവശ്യപ്പെട്ടെങ്കിലും അന്വേഷണത്തിലൂടെ യുക്തിസഹമായ നിഗമനത്തിലെത്തുമെന്നാണ് പരസ്യമായി പ്രഖ്യാപിച്ചത്.

2016ല്‍ സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുണ്ടായ മറ്റൊരു രാഷ്ട്രീയ യുദ്ധത്തില്‍ നിലവിലെ സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും അഴിമതിക്കാരെയും കുറ്റക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മുന്‍ സര്‍ക്കാര്‍ ഇറ്റാലിയന്‍ സര്‍ക്കാരുമായുള്ള കരാര്‍ റദ്ദാക്കിയെന്നാണ് മുമ്പ് അദ്ദേഹം ആരോപിച്ചത്.

‘ഈ അഴിമതിയിലെ ചില പ്രധാന കുറ്റവാളികള്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവരായതിനാല്‍ അന്വേഷണത്തിന് സമയമെടുക്കും’ എന്ന് 2016 ഏപ്രിലില്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Augustan Westland case

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസ് അന്വേഷിക്കുന്നതിനുള്ള ഉറപ്പ് പിന്‍വലിക്കണമെന്ന മോദി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അഷ്വറന്‍സ് കമ്മിറ്റി തള്ളിയതിന്റെ രേഖ

വീണ്ടും നാല് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 2020 ജൂലൈയില്‍ അന്വേഷണത്തിന് കുറച്ചുകൂടി സമയമെടുക്കുമെന്നും അതിനാല്‍ വാഗ്ദാനം ഉപേക്ഷിക്കുന്നുവെന്നും കേന്ദ്രപ്രതിരോധ മന്ത്രാലയം വീണ്ടും അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സമിതിയെ അറിയിച്ചു.

അന്വേഷണത്തിന് സമയമെടുക്കുമെന്ന കാരണത്താല്‍ വാഗ്ദാനം ഉപേക്ഷിക്കരുതെന്ന് രാജ്യസഭ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പകരം അന്വേഷണ പുരോഗതി സമിതിക്ക് മുമ്പാകെ നിരന്തരം ബോധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ നിശ്ചിത നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത പാര്‍ലമെന്റിന്റെ വാഗ്ദാന സമിതി വളരെ നിഗൂഢമായി വാഗ്ദാനം നല്‍കി 91 മാസങ്ങള്‍ക്ക് ശേഷം ഈ വാഗ്ദാനവും ഉപേക്ഷിച്ചു. ഇത്തരം അഴിമതി ആരോപണങ്ങള്‍ ഇരുസഭകള്‍ക്കും പുറത്ത് മാത്രം ആരോപിച്ച് രാഷ്ട്രീയ ലാഭം നേടുകയാണ് പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍.  defence lab builds temple chariot modi govt buries scandal parliament defied reporters collective investigation

അധികാരത്തിലിരിക്കുന്നവര്‍ പാര്‍ലമെന്റില്‍ പരസ്യമായി നല്‍കുന്ന ഉറപ്പുകളുണ്ട്. ആ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നാണ് ദ കളക്ടീവ് അന്വേഷിക്കുന്നത്. വാഗ്ദാന ലംഘനത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്നാണ് ഞങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്ന വാഗ്ദാനം. ഈ അന്വേഷണ പരമ്പരയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം. അനുമതിയോടെയാണ് അഴിമുഖം ഈ റിപ്പോര്‍ട്ടുകളുടെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്.

Content Summary; defence lab builds temple chariot modi govt buries scandal parliament defied reporters collective investigation

Leave a Reply

Your email address will not be published. Required fields are marked *

×