June 03, 2026 |
Share on

എപ്‌സ്റ്റെയ്‌ന്റെ ‘അതിഥി’കളെ അറിയില്ലെന്ന്‌ സര്‍ക്കാര്‍; ട്രംപിനെതിരേ തിരിഞ്ഞ് തീവ്രവലതുപക്ഷം

ജെഫ്രി എപ്‌സ്റ്റെയ്‌ന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും സര്‍ക്കാര്‍ തള്ളിക്കളയുകയാണ്‌

ട്രംപ് ഭരണകൂടം അസാധാരണമാം വിധം ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ട്രംപിനെ പിന്തുണച്ചു കൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷക്കാരെയും രാഷ്ട്രീയ വിമര്‍ശകരെയും, അസ്വസ്ഥരും പ്രകോപിതരുമാക്കിയൊരു സംഭവം നടന്നിരിക്കുകയാണ്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റെയ്‌ന്റെ അതിഥികളായവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും, എപ്‌സ്റ്റെയ്‌ന്റെത് കൊലപാതകമല്ലായിരുന്നുവെന്നുമുള്ള പ്രഖ്യാപനമാണ് സാധാരണയായി അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളെയും പിന്തുണയ്ക്കുന്ന-എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള- ആളുകളെ നിരാശരാക്കിയിരിക്കുന്നത്.

ജെഫ്രി എപ്‌സ്റ്റെയ്ന്‍ രാഷ്ട്രീയ നേതൃത്വത്തില്‍ ഉള്ള ഉന്നതന്മാരെ ഉള്‍പ്പെടെ ബ്ലാക്ക് മെയില്‍ ചെയ്തതിനോ ‘ക്ലയന്റ് ലിസ്റ്റ്’ കൈവശം വച്ചതിനോ തെളിവുകളില്ലെന്നാണ് നീതിന്യായ വകുപ്പും (ഡിഒജി) എഫ്ബിഐയും സംയുക്തമായി പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകമല്ലെന്ന് പറഞ്ഞുകൊണ്ട് എപ്‌സ്റ്റെയ്‌ന്റെ മരണത്തെയും, അയാളുടെ കൈവശമുണ്ടെന്ന് പറയുന്ന ക്ലയന്റ് ലിസ്റ്റിനെയും പ്രതിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് സര്‍ക്കാര്‍ വക നീക്കമെന്നാണ് വിമര്‍ശനം.

2019 ഓഗസ്റ്റില്‍ ഫെഡറല്‍ കസ്റ്റഡിയിലായിരിക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു എപ്‌സ്റ്റെയ്ന്‍. എന്നാല്‍ വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തക്കാര്‍ ആരോപിക്കുന്നത്, പ്രമുഖരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭയന്ന് എപ്‌സ്റ്റെയ്‌നെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്.

ജെഫ്രി എപ്‌സ്റ്റെയ്‌നുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഇവിടെ വായിക്കാം

ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങിയവരുടെ സെക്‌സ് ടേപ്പുകള്‍ ജെഫ്രി എപ്‌സ്റ്റെയ്ന്‍ സൂക്ഷിച്ചിരുന്നു;  പുറത്തു വന്ന കോടതി രേഖകളിലെ സാക്ഷി മൊഴി 

ജെഫ്രി എപ്‌സ്റ്റെയ്ന്‍ എന്ന കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ലോകപ്രശസ്തരായ സുഹൃത്തുക്കളും

കുപ്രസിദ്ധമായൊരു ലൈംഗിക കുറ്റകൃത്യത്തിലെ അതിജീവിത; വെര്‍ജീനിയ ജ്യുഫ്രെ ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു 

ആന്‍ഡ്രൂ രാജകുമാരന്‍ എന്ന തലവേദന

വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്നു എന്നായിരുന്നു എപ്‌സ്റ്റെയ്ന്‍ ഫയലില്‍ ഫെഡറല്‍ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചുകൊണ്ട് ഫോക്‌സ് ന്യൂസിന്റെ പ്രൈം ടൈം അവതാരകന്‍ ജെസ്സി വാട്ടേഴ്‌സ് പറഞ്ഞത്. ഫോക്‌സ് ന്യൂസ് ട്രംപിന്റെ ഏറ്റവും ശക്തരായ വക്താക്കളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ട്രംപ് ഭരണകൂടത്തെ നേരിട്ട് വിമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധ കാണിച്ച വാട്ടേഴ്‌സ്, ഫെഡറല്‍ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യം വച്ചത്. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെയും ‘ മഹാനായ അമേരിക്കക്കാര്‍’ എന്ന് വിശേഷിപ്പിക്കാന്‍ മറക്കാതിരുന്ന വാട്ടേഴ്‌സ് പക്ഷേ, ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ പൊട്ടിത്തെറിച്ചു.

പതിറ്റാണ്ടുകളായി ഈ വിഷയത്തില് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്. അവര്‍ക്ക് എന്തായാലും എപസ്റ്റെയ്ന്‍ കേസിലെ പൂര്‍ണമായ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുന്നില്ല. ഇതേ സാഹചര്യമാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തലമുറകളായി ഭരണകൂടം ഞങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്; വാട്ടേഴ്‌സിന്റെ രോഷമിങ്ങനെയാണ്.

പുറത്തു മാത്രമല്ല പ്രശ്‌നങ്ങള്‍. ട്രംപ് ഭരണകൂടത്തിന് അകത്തും എംപ്‌സ്റ്റെയ്ന്‍ ഫയലുകളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ പുകയുന്നുണ്ട്. ഒരു വലതുപക്ഷ പോഡ്കാസ്റ്റിന്റെ മുന്‍ അവതാരകന്‍ കൂടിയായ, എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബൊഞ്ചിനോ ജെഫ്രി എപ്‌സ്റ്റെയ്ന്‍ ഫയലുകള്‍ കൈകാര്യം ചെയ്ത രീതിയില്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുമായി കൊമ്പു കോര്‍ത്തുവെന്നാണ് വിവരം. എപ്‌സ്റ്റെയ്ന്‍ കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം ധാരാളം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നൊരാളാണ് ബൊഞ്ചിനോ.

എപ്‌സ്റ്റെയ്ന്‍ ഫയലുകളെച്ചൊല്ലി വൈറ്റ് ഹൗസില്‍ ബോണ്ടിയുമായി ബൊഞ്ചിനോ ചൂടേറിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഫയലുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അസ്വസ്ഥനായ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ അവധിയെടുത്തതായും ബുധനാഴ്ച മുതല്‍ അദ്ദേഹത്തെ ഓഫീസില്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടെന്ന് ദി ഗാര്‍ഡിയന്‍ പറയുന്നു.

ഡാന്‍ ബൊഞ്ചിനോ കടുത്ത ദേഷ്യത്തിലാണ് ഉള്ളതെന്നാണ്, അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞത്. അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. അറ്റോര്‍ണി ജനറലായ പാമിനെ പുറത്താക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് ബൊഞ്ചിനോയുടെ ഭീഷണി. ബൊഞ്ചിനോ വെള്ളിയാഴ്ച ജോലിക്ക് വന്നിരുന്നില്ലെന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്. തര്‍ക്കം രൂക്ഷമായതോടെ പ്രസിഡന്റ് ട്രംപ് തന്നെ വിഷയത്തില്‍ ഇടപെട്ടു. ഞായറാഴ്ച്ച മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ്, വളരെ നല്ല രീതിയിലാണ് ബൊഞ്ചിനോയെക്കുറിച്ച് സംസാരിച്ചത്. ദീര്‍ഘനാളായുള്ള തന്റെ അടുത്ത സൃഹൃത്തെന്നാണ് അദ്ദേഹത്തെ ട്രംപ് വിശേഷിപ്പിച്ചതും.

ഡാന്‍ ബൊഞ്ചിനോയെ ശാന്തനാക്കാന്‍ ഒരുപക്ഷേ ട്രംപിന് കഴിഞ്ഞാലും, അദ്ദേഹത്തെയും ഭരണകൂടത്തെയും പിന്തുണയ്ക്കുന്ന വലതുപക്ഷ രാഷ്ട്രീയ മണ്ഡലത്തിലുള്ള ഒരു വിഭാഗം ജെഫ്രി എപ്‌സ്റ്റെയ്ന്‍ കേസില്‍ ഇപ്പോഴും ജിജ്ഞാസയുള്ളവരാണ്. അവര്‍ അസ്വസ്ഥരാണ്.

ഫ്‌ളോറിഡയിലെ അറ്റോര്‍ണി ജനറലായിരുന്നപ്പോള്‍ തന്റെ നിരീക്ഷണത്തില്‍ നടന്ന ബാലലൈംഗിക കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പാം ബ്ലോണ്ടി മറച്ചുവെക്കുകയാണ്, എന്നാണ് ട്രംപിന്റെ മേല്‍ സ്വാധീനവും തീവ്രവലത് ആശയങ്ങളുടെ പ്രചാരകയുമായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ലോറ ലൂമര്‍ ആരോപിക്കുന്നത്. ഫ്‌ളോറിഡയില്‍ എപ്‌സ്റ്റെയ്‌നെതിരേ കേസുകള്‍ ഫയല്‍ ചെയ്തിട്ടുപോലും അയാള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബ്ലോണ്ടി പരാജയപ്പെട്ടുവെന്നാണ് ലൂമര്‍ കുറ്റപ്പെടുത്തുന്നത്.  Donald Trump administration Faces Backlash from Conservative Allies over Epstein Files

Content Summary; Donald Trump administration Faces Backlash from Conservative Allies over Epstein Files

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×