പഠനം കഴിഞ്ഞിറങ്ങുന്ന ഏതൊരു വിദ്യാര്‍ഥിയെയും പോലെ *രാഹുലിന്റെ സ്വപ്നവും ഒരു നല്ല ജോലി എന്നതായിരുന്നു. പഠനത്തിന് ശേഷം ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന രാഹുലിന് ബൈജൂസ് ആപ്പിലേയ്ക്കുള്ള വാതില്‍ തുറന്ന് കൊടുത്തത് അദ്ദേഹത്തിന്റെ സുഹൃത്തും ബൈജൂസിന്റെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരിയുമായ സാന്ദ്ര ആയിരുന്നു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്‍കുന്നതിനുള്ള സാധ്യതകള്‍ കോവിഡിന് ശേഷമാണ് കേരളത്തില്‍ പരിചിതമായത്. ‘എഡ്‌ടെക്’ എന്ന ഈ മേഖലയില്‍ വളര്‍ന്നു വന്ന വലിയൊരു സംരംഭമായിരുന്നു ബൈജൂസ് ലേണിങ് ആപ്പ്. 2011-ല്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപം കൊള്ളുന്നത്. നാലു വര്‍ഷം കൊണ്ട് സ്‌കൂള്‍ കുട്ടികള്‍ക്കായി കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കണ്ടന്റുകള്‍ തയ്യാറാക്കി മൊബൈല്‍ ആപ്പില്‍ ലഭ്യമാക്കിക്കൊണ്ട് 2015ല്‍ ബൈജൂസ് ലേണിങ് ആപ്പ് തുടക്കം കുറിച്ചു.
മംഗലാപുരം മുതല്‍ മയാമി വരെ; ബൈജൂസും ഒരു നിഗൂഢ ഇടനിലക്കാരനും കാണാതായ 4650 കോടിയുടെ കഥയും
വളര്‍ച്ച അതിവേഗത്തിലായിരുന്നു. ലയണല്‍ മെസിയും ഷാരുഖ് ഖാനും മോഹന്‍ലാലും ബ്രാന്‍ഡ് അംബാസഡര്‍മാരായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുതല്‍ ഫിഫ വേള്‍ഡ് കപ്പ് വരെ സ്‌പോണ്‍സര്‍ ചെയ്‌തൊരു മലയാളി, ഹാര്‍ഡ്‌വാര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസ് എഡ്യുക്കേഷന്‍ പഠന വിഷയമാക്കിയ ബിസിനസ് ഐഡിയ, ഇതൊക്കെയായിരുന്നു ലോകം ഉറ്റുനോക്കിയ ബൈജൂസ് ലേണിങ് ആപ്പ്. ആര്‍ക്കും ആവേശം തോന്നുന്ന ജോലി സ്ഥലം.
മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് തസ്തികയിലേക്കുള്ള അഭിമുഖത്തിനെത്തുമ്പോള്‍ രാഹുല്‍ പരിഭ്രമിച്ചിരുന്നു, എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി വളരെ എളുപ്പത്തിലുള്ള അഭിമുഖമായിരുന്നു നടന്നത്. 2019ല്‍ ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍, തന്നെ ഏറ്റവും അധികം ഞെട്ടിച്ചത് അവരുടെ സാലറി പാക്കേജ് ആണെന്ന് രാഹുല്‍ പറയുന്നു. ഏറ്റവും തുടക്കക്കാരനായ ജോലിക്കാരന് പോലും ബൈജൂസ് നല്‍കുന്ന ശമ്പളം ഒരു മാസം 55,000 മുതല്‍ 60,000 രൂപ വരെയായിരുന്നു. ഇത് കൂടാതെ ഇന്‍സെന്റീവ് വേറെയും. അന്ന് പങ്കെടുത്ത അഭിമുഖം രാഹുല്‍ വിജയിക്കുകയും അദ്ദേഹം ബൈജൂസില്‍ സെയില്‍സ് എക്‌സിക്യൂട്ടിവ് ആയി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
എന്നാല്‍ ശമ്പളത്തിന് പുറമെ മറ്റ് ചില കാര്യങ്ങളും രാഹുലിനെ അമ്പരപ്പിക്കാന്‍ അവിടെ ഉണ്ടായിരുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അഞ്ച് ദിവസത്തെ പരിശീലനം ബെംഗളൂരില്‍ വച്ച് നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള ബൈജൂസിന്റെ ജീവനക്കാര്‍ അവിടെ ഒത്തുകൂടി. എല്ലാവര്‍ക്കും ബെംഗളൂരിലെത്താനുള്ള ഫ്‌ളൈറ്റ് ടിക്കറ്റും താമസ സൗകര്യവും ഒരുക്കിയിരുന്നത് കമ്പനി ആയിരുന്നു. രാഹുലിന് തെല്ല് അത്ഭുതം തോന്നാതിരുന്നില്ല. ഇന്ത്യയിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ബൈജൂസിന്റെ കമ്പനിയില്‍ നിന്നുള്ള ജോലിക്കാരെ വിമാനത്തില്‍ കൊണ്ടുവന്ന് ബെംഗളൂരു പോലൊരു നഗരത്തില്‍ അഞ്ച് ദിവസം താമസിപ്പിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ.
അഴീക്കോട് നിന്ന് തുടങ്ങി അമേരിക്കന്‍ കോടതിയില്‍ അവസാനിക്കുമോ?
എന്നാല്‍ പഠനത്തെക്കുറിച്ചോ, വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ചോ അല്ലായിരുന്നു, അവിടത്തെ മുഖ്യ ചര്‍ച്ച. എല്ലാവരും സംസാരിച്ചത് പണത്തെക്കുറിച്ചായിരുന്നു. ‘നിങ്ങള്‍ക്ക് എങ്ങനെ പണം നേടാം’ എന്നതായിരുന്നു ജീവനക്കാരോട് അവര്‍ പറഞ്ഞത്. പരിശീലനം കഴിഞ്ഞ് രാഹുല്‍ ആദ്യം എത്തിയത് ബൈജൂസിന്റെ കൊച്ചിയിലെ ഓഫീസില്‍ ആയിരുന്നു.
ജോലിയില്‍ പ്രവേശിച്ച നാള്‍ മുതല്‍ നിരന്തരം കേട്ടുകൊണ്ടിരുന്നത് സ്ഥാപനത്തിന്റെ ഉടമസ്ഥനായ ബൈജു എന്ന വ്യക്തിയെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളായിരുന്നു. സ്വാഭാവികമായും ബൈജു എന്ന സംരംഭകന്‍ കൊണ്ട് വന്ന ആശയങ്ങളും വിദ്യാഭ്യാസ മേഖലയിലെ വിപ്ലവവും രാഹുലിനെയും ആകര്‍ഷിച്ചു. സാധാരണ ഗതിയിലുള്ള ആയാസകരമായ പഠനത്തില്‍ നിന്ന് വേറിട്ട ഒരു ചിന്ത. എന്നാല്‍ ഇതിന് നിശ്ചയിച്ച വില വളരെ വലുതായിരുന്നു. ഓരോ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും വ്യത്യസ്ത ഫീസുകളായിരുന്നു. ഒരു വര്‍ഷത്തെ ഫീസ് 35,000 രൂപയോ അതിലധികമോ ആയിരുന്നു.
കൊച്ചിയിലെ ഓഫീസില്‍ രാഹുലിന്റെ മാനേജര്‍ അലന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. അന്ന് 23-24 വയസ് മാത്രമുള്ള അലന്‍ രാഹുലിന്റെ സമപ്രായക്കാരനായിരുന്നെങ്കിലും അപമര്യാദയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു. മറ്റൊരിടത്ത് ജോലി ചെയ്തിരുന്നത് കൊണ്ട് തന്നെ രാഹുലിന് ഈ പെരുമാറ്റം തികച്ചും അസ്വഭാവികമായി തോന്നി. അലന്റെ സംസാരത്തിലും ഒരിക്കലും കുട്ടികളെ പറ്റിയോ അവരുടെ ഭാവിയെ പറ്റിയോ പരാമര്‍ശിച്ചിരുന്നില്ല, എല്ലാ തവണയും അയാള്‍ ഊന്നി പറഞ്ഞിരുന്നത് പണത്തെ പറ്റി മാത്രമായിരുന്നു.
ആരാണ് മംഗലാപുരത്തുകാരന്‍ രൂപിന്‍ ബാങ്കര്‍?
രാവിലെ ഒന്‍പത് മണി മുതല്‍ കസ്റ്റമേഴ്‌സിനെ വിളിക്കുക, അവരെ കണ്‍വിന്‍സ് ചെയ്യിക്കുക, ബൈജൂസിന്റെ ഭാഗമാക്കുക എന്നതായിരുന്നു ജോലി. വിളിക്കുന്ന എല്ലാ കസ്റ്റമേഴ്‌സിനോടും പറയാന്‍ നേരത്തെ തയ്യാറാക്കി നല്‍കിയ രണ്ടോ, മൂന്നോ കഥകളും ഉണ്ടായിരുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍ നടത്തിയും പല വിധത്തിലും കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും നമ്പറുകള്‍ കളക്ട് ചെയ്തിട്ടുണ്ടാകും. ഇത്തരത്തില്‍ ലഭിക്കുന്ന നമ്പറുകളാണ് സെയില്‍സ് എക്‌സിക്യൂട്ടിവുമാരുടെ കയ്യില്‍ എത്തുക.
ഓരോ രക്ഷിതാക്കളെയും വിളിച്ച് സംസാരിക്കുന്ന സെയില്‍സ് എക്‌സിക്യൂട്ടിവ് അവരുടെ മകനോ മകളോ ബൈജൂസ് നടത്തിയ പരീക്ഷയില്‍ ഉന്നത വിജയം നേടി എന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിന് ബൈജൂസ് ഒരു സ്റ്റുഡന്റ്‌സ് കൗണ്‍സിലറെ വീട്ടിലേക്ക് അയക്കാമെന്ന് പറയുന്നു. നിങ്ങളുടെ കുട്ടിയെ പഠിക്കാന്‍ ഞങ്ങള്‍ സഹായിക്കും എന്ന വാഗ്ദാനത്തോടെയാണ് രക്ഷിതാക്കളുമായി സംസാരിക്കുക, ചിലപ്പോള്‍ പല കുട്ടികളും ബൈജൂസിന്റെ പരീക്ഷയെക്കുറിച്ച് കേള്‍ക്കുക പോലും ചെയ്തിട്ടുണ്ടാവില്ല. സ്റ്റുഡന്റ് കൗണ്‍സിലര്‍ എന്ന് പേരില്‍ കുട്ടിയുടെ വീട്ടിലെത്തുക സെയില്‍സ് എക്‌സിക്യൂട്ടിവ് തന്നെയാണ് എന്നത് മറ്റൊരു കാര്യം.
വീട്ടിലെത്തുന്ന സെയില്‍സ് എക്‌സിക്യൂട്ടിവുകള്‍ കുട്ടികളുമായുള്ള സെഷനില്‍ രക്ഷിതാക്കളും ഉള്‍പ്പെടുന്നുവെന്ന് ഉറപ്പു വരുത്തും, അതിന് ശേഷം കുട്ടിക്ക് ഒരിക്കലും ഉത്തരം പറയാന്‍ കഴിയാത്ത ഒരു ചോദ്യവും രക്ഷിതാക്കളുടെ മുന്നില്‍ വച്ച് ചോദിക്കും. ഈ ഉത്തരം പറയാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്ന കുട്ടിയെ കാണിച്ചുകൊണ്ട് അവര്‍ രക്ഷിതാക്കളുടെ മനസ് മാറ്റും. കുട്ടി ഇനിയും പഠിക്കാനുണ്ടെന്നും അതിന് തങ്ങള്‍ സഹായിക്കുമെന്നും അവരെ പറഞ്ഞ് മനസിലാക്കും.
രാഹുലിന് ആദ്യ ദിവസങ്ങളില്‍ തന്നെ ജോലിയില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങി. അടിസ്ഥാന ധാര്‍മികതയ്ക്ക് ചേരുന്ന കാര്യങ്ങളാണോ ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു സംശയം. മാനേജര്‍മാര്‍ നല്‍കുന്ന നമ്പറുകളിലെ വേര്‍തിരിവ് രാഹുല്‍ മനസിലാക്കി തുടങ്ങി. കമ്പനിക്കും, മാനേജര്‍മാര്‍ക്കും അനുകൂലമായി നിന്നുകൊണ്ട് അവരെ പിന്തുണക്കുന്നവര്‍ക്ക് ഏറ്റവും നല്ല ക്ലൈന്റുകളെ നല്‍കുന്നത് രാഹുല്‍ ശ്രദ്ധിച്ചു. നേരത്തെ ഇങ്ങോട്ട് അന്വേഷിച്ച് എത്തിയവരുടെയും, സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെയും, ചേരുമെന്ന് ഉറപ്പുള്ളവരുടെയുമെല്ലാം നമ്പര്‍ അത്തരത്തില്‍ പങ്കിട്ട് പോവുകയും, ചേരാന്‍ സാധ്യതയില്ലാത്ത ആളുകളുടെ നമ്പര്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്തു. ഈ സഹായം കൊണ്ട് കമ്പനിയിലെ ചില സ്റ്റാഫുകള്‍ വലിയ നേട്ടമുണ്ടാക്കി, ശമ്പളത്തെക്കാള്‍ അഞ്ചിരട്ടി ഇന്‍സന്റീവും, പുറം രാജ്യങ്ങളിലേക്ക് യാത്രകളുമൊക്കെ അവരെ തേടിയെത്തി.
രാജേന്ദ്രന്‍ വെള്ളപ്പാലത്തും ബൈജൂസ് തട്ടിപ്പ് കേസും തമ്മിലുള്ള ബന്ധമെന്ത്?
ബൈജൂസ് എപ്പോഴും തിരഞ്ഞടുക്കുന്ന ജീവനക്കാര്‍ ഫ്രഷേഴ്‌സ് ആയിരിക്കുമെന്നത് രാഹുല്‍ ശ്രദ്ധിച്ചിരുന്നു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന യാതൊരു പ്രവര്‍ത്തി പരിചയവും ഇല്ലാത്തവര്‍ക്ക് പോലും കമ്പനി വ്യക്തമായ ട്രെയിനിങ് നല്‍കിയിരുന്നില്ല. അവര്‍ നല്‍കുന്ന ഒരേ ഒരു മോട്ടിവേഷന്‍ പണം എന്നത് മാത്രമായിരുന്നു. പ്രൊബേഷന്‍ സമയത്ത് മിനിമം ടാര്‍ഗെറ്റ് എങ്കിലും തികയ്ക്കാത്തവരെ കമ്പനി പുറത്താക്കുകയും ചെയ്യുമായിരുന്നു.
പറഞ്ഞ് വിടല്‍ ഒഴിവാക്കുന്നതിന് പല ജീവനക്കാരും വലിയ കുറ്റങ്ങള്‍ വരെ ചെയ്യാന്‍ ആരംഭിച്ചു. ഏറ്റവും സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളെ പോലും വെറുതെ വിടാതെ തങ്ങളുടെ കസ്റ്റമര്‍ ആക്കുക എന്നതായിരുന്നു സെയില്‍സ് എക്‌സിക്യൂട്ടീവ്‌സിന്റെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ എന്ന രീതിയില്‍ ട്യൂഷന്‍ ഫീസ് തവണകളായി അടച്ചാല്‍ മതിയെന്ന വ്യവസ്ഥ കമ്പനിക്കുണ്ടായിരുന്നു. എന്നാല്‍ അതിന് പിന്നിലെ ചതി ഉപഭോക്താക്കള്‍ക്ക് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. ബൈജൂസില്‍ അഡ്മിഷന്‍ നല്‍കുന്നതിന് മുന്‍പ് ധാരാളം പേപ്പറുകള്‍ ഇതിന്റെ പേരില്‍ രക്ഷിതാക്കളില്‍ നിന്ന് വാങ്ങും. ഇതില്‍ തവണകളായി പണം അടയ്ക്കുന്നവര്‍ക്ക് കമ്പനി അവര്‍ അറിയാതെ ഒരു ലോണ്‍ പാസാക്കി നല്‍കുകയാണ് ചെയ്യുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ രക്ഷിതാവിന്റെ പാന്‍ കാര്‍ഡും, അക്കൗണ്ട് സ്റ്റേറ്റമെന്റും നല്‍കിയ ശേഷം ലോണ്‍ പാസാക്കുന്നു, ഈ പണം അവര്‍ ബൈജൂസിന് കൈമാറും പിന്നീട് ഉപഭോക്താക്കള്‍ അടയ്ക്കുന്നത് ലോണ്‍ തുകയാണ്, എന്നാല്‍ ഈ സത്യം അവര്‍ മനസിലാക്കുകയുമില്ല.
ഒരാഴ്ച്ച 5 കസ്റ്റമേഴ്‌സ് എന്നതായിരുന്നു ഓരോരുത്തരുടെയും ടാര്‍ജെറ്റ്. ഈ എണ്ണം തികയ്ക്കുന്നതിന് ഒരു ജീവനക്കാരന് ഒന്‍പത് മണി മുതല്‍ എത്ര സമയം വേണമെങ്കിലും ഓഫീസില്‍ ഇരിക്കാം. 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വന്ന ചില ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. കള്ളങ്ങള്‍ പറഞ്ഞ് പോലും കസ്റ്റമേഴ്‌സിനെ സ്വാധീനിക്കേണ്ട അവസ്ഥയിലേക്ക് ജീവനക്കാരെത്തി. വളരെ വലിയ വര്‍ക്ക്‌ലോഡായിരുന്നു കമ്പനി ഓരോ ജീവനക്കാരന്റെയും തലയില്‍ വച്ചുകൊടുക്കുന്നത്, അതോടൊപ്പം മാനേജര്‍മാരുടെ ഭാഗത്തുനിന്നുള്ള വര്‍ക്ക് പ്രഷറും. കമ്പനിയില്‍ നിന്ന് നല്‍കിയ നമ്പറുകളില്‍ ഏതെങ്കിലും ഒരു നമ്പര്‍ പോലും സെഷന്‍ ബുക്ക് ചെയ്യാതെ നഷ്ടപ്പെട്ടാല്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. ഇതിനിടയില്‍ രാഹുലിന്റെ പുതിയ മാനേജറായ മനു കാക്കനാട് ഒന്നരക്കോടി രൂപ വിലയുള്ള ഒരു ഫ്‌ളാറ്റ് സ്വന്തമാക്കി, അത് ബൈജൂസിന്റെ പണം കൊണ്ട് തന്നെയായിരുന്നു. തന്നെക്കാള്‍ ഒന്നോ രണ്ടോ വയസിന് മാത്രം മുതിര്‍ന്ന ഒരാള്‍ ബൈജൂസ് പോലൊരു സ്ഥാപനത്തില്‍ നിന്നുകൊണ്ട് അത്രയും തുക ഉണ്ടാക്കിയത് രാഹുലിനെ അമ്പരപ്പിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് രാഹുലിന് തന്റെ ആദ്യത്തെ സെഷന്‍ ശരിയായത്. അത് പെരുമ്പാവൂര്‍ ആയിരുന്നു. അന്ന് ഓഫീസിലെ മറ്റൊരാളും കൂടെ ഉണ്ടായിരുന്നു. അവര്‍ സംസാരിക്കുന്നതും ആളുകളെ കണ്‍വിന്‍സ് ചെയ്യുന്നതും നോക്കിയിരുന്നു. അയാള്‍ ആ രക്ഷിതാക്കളെ പറഞ്ഞ് മനസിലാക്കുന്നതും, ആപ്പിന്റെ ഉപഭോക്താവാക്കുന്നതുമെല്ലാം.
രണ്ടാമത്തെ സെഷന്‍ രാഹുല്‍ ഒറ്റയ്ക്കായിരുന്നു. താന്‍ സംസാരിച്ച്, കണ്‍വിന്‍സ് ചെയ്ത് സ്റ്റുഡന്റ് കൗണ്‍സിലര്‍ എന്ന നിലയില്‍ എത്തിയ വീടിന്റെ അവസ്ഥ കണ്ട് അയാള്‍ക്ക് സങ്കടം തോന്നി. വളരെ ദരിദ്രരായ ആളുകളായിരുന്നു അവര്‍. തകര കൊണ്ട് നിര്‍മിച്ച വീടും പരിസരവുമൊക്കെയായി അന്നത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍. അവരുടെ അവസാന പ്രതീക്ഷയാണ് മകന്‍. അവന്‍ പഠിച്ച് വലുതായിട്ട് വേണം ആ കുടുംബത്തിന് രക്ഷപ്പെടാന്‍. ആ കുടുംബത്തില്‍ അവനെ കൂടാതെ അച്ഛനും അമ്മയും മുത്തശ്ശിയും ഒരു പെങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ ഇടയിലേക്ക് കയറി ചെന്ന രാഹുല്‍ കമ്പനിയുടെ സ്ട്രാറ്റജി അനുസരിച്ച് ഓരോ ചോദ്യങ്ങള്‍ ചോദിച്ചു, കുട്ടിയെ ഉത്തരംമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ. മകന്റെ പതര്‍ച്ച കണ്ട ആ അച്ഛനും വേദനിച്ചു. ആ നിമിഷം രാഹുല്‍ പറഞ്ഞു ‘നിങ്ങളുടെ മകന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ക്ലാസുകള്‍ ഞങ്ങള്‍ നല്‍കും’. അതുകേട്ട് നിന്ന അച്ഛന്‍ നാളത്തെ അരി വാങ്ങാന്‍ വച്ചതോ എന്തോ, അമ്മ തടഞ്ഞിട്ടും 2,500 രൂപ അഡ്വാന്‍സ് ആയി നല്‍കി. അതുവാങ്ങി അവരുടെ കയ്യില്‍ നിന്ന് പേപ്പറുകളും എഗ്രിമെന്റും ഒപ്പിട്ട് വാങ്ങി. രാഹുല്‍ പുറത്തിറങ്ങി, സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് രേഖകള്‍ അയച്ചു. അത് പ്രൊസസ് ചെയ്ത് വന്നപ്പോള്‍ ആ കുടുംബം ലോണിന് അര്‍ഹരല്ല എന്ന് മനസിലായി. രാഹുല്‍ ആ പണം തിരികെ നല്‍കുന്നതിനായി ആ വീട്ടിലേക്ക് കയറി ചെന്നു, പണവും, രേഖകളും തിരികെ നല്‍കി. അയാള്‍ ആ അച്ഛനോട് പറഞ്ഞു. ‘ഇതില്ലെങ്കിലും നിങ്ങളുടെ മകന്‍ നന്നായി പഠിച്ച് വളരും, തീര്‍ച്ച’.
ആ സംഭവത്തിന് ശേഷം രാഹുല്‍ സെഷന്‍സിന് പോകാതെയായി. സെഷന്‍ എടുക്കാന്‍ എന്ന വ്യാജേന ആ സ്ഥലത്ത് പോകുമെങ്കിലും ആരെയും കാണാതെ മടങ്ങി വരുമായിരുന്നു. അന്ന് അവനെ അലട്ടിയ മറ്റൊരു സംഭവം പാന്‍ കാര്‍ഡില്ലാത്ത, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തൃപ്തികരമല്ലാത്ത ആളുകള്‍ക്ക് ലോണ്‍ പാസാക്കി ടാര്‍ജെറ്റ് തികക്കാന്‍ എന്തും ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ആയിരുന്നു. പാവപ്പെട്ടവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് വാങ്ങി, അത് ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് തൃപ്തികരമായ സ്റ്റേറ്റ്‌മെന്റാക്കി ധനകാര്യസ്ഥാപനങ്ങള്‍ക്ക് അയക്കും, അവര്‍ ലോണ്‍ പാസാക്കും. ഇക്കാര്യം കമ്പനി അറിഞ്ഞാലുള്ള ആകെ നടപടി ആ വ്യക്തിയെ പിരിച്ചു വിടല്‍ മാത്രമായിരുന്നു.
ആപ്പിന്റെ ഉപഭോക്താവാകാന്‍ വിസമ്മതിക്കുന്നവരെ കുടുക്കുന്നതിനുള്ള മറ്റ് തന്ത്രങ്ങളായിരുന്നു 15 ദിവസത്തേക്ക് ടാബ്ലെറ്റ് നല്‍കുന്നതും, ഒരു കുട്ടിക്ക് ഒരു സ്റ്റുഡന്റ് കൗണ്‍സിലര്‍ എന്ന വാഗ്ദാനവും. 15 ദിവസം ഉപയോഗിച്ചിട്ട് ഇഷ്ടമായാല്‍ മാത്രം ഗുണഭോക്താവായാല്‍ മതി എന്ന് പറഞ്ഞ് സെയില്‍സ് എക്‌സിക്യൂട്ടിവ് ടാബ്ലെറ്റ് നല്‍കി അഡ്വാന്‍സും ഡോക്യുമെന്റുകളും ഒപ്പിട്ട് വാങ്ങി പോകും. 15 ദിവസത്തിന് ശേഷം ഗുണഭോക്താവ് ക്യാന്‍സല്‍ ചെയ്യാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയോ റിപ്ലെ ചെയ്യാതിരിക്കുകയോ ചെയ്ത്, അവരെ നിര്‍ബന്ധിത ഗുണഭോക്താക്കളാക്കി മാറ്റും. പിന്നീട് അവരെ ഭീഷണി സ്വരത്തില്‍ വിളിക്കുന്നത് ധനകാര്യ സ്ഥാപനങ്ങളായിരിക്കും. ആദ്യത്തെ 15 ദിവസം മാത്രമാണ് ഒരു കുട്ടിക്ക് ഒരു സ്റ്റുഡന്റ് കൗണ്‍സിലര്‍ എന്ന രീതി ഉണ്ടാവുക. 15 ദിവസത്തിന് ശേഷം ഈ സേവനം ഇല്ലാതെയാകുന്നു.
ഇത്തരം മാര്‍ക്കെറ്റിങ് തന്ത്രങ്ങളോ, പറ്റിക്കലുകളോ ഒരു പേപ്പറിലൂടെയും തെളിയിക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ളതല്ലെന്ന് രാഹുലിന് മനസിലായി. മെയിലുകളും മറ്റ് ഒഫീഷ്യല്‍ പേപ്പറുകളുമെല്ലാം പേരിന് മാത്രമുള്ളതായിരുന്നു, ബാക്കി കാര്യങ്ങളെല്ലാം മാനേജര്‍മാര്‍ വഴി ജീവനക്കാരിലെത്തിക്കുകയായിരുന്നു. ഇതിന് തെളിവുകളില്ല, പേടിച്ചിട്ടോ മറ്റെന്തോ കാരണം കൊണ്ടോ ജീവനക്കാര്‍ എതിരെ പറയാന്‍ തയ്യാറാകുന്നുമില്ല. ബൈജൂസിന്റെ ലക്ഷ്യം ഒരിക്കലും എജ്യൂക്കേഷന്‍ എംപവര്‍മെന്റ് അല്ല എന്ന് മനസിലാക്കിയ രാഹുല്‍ 6 മാസത്തിനുള്ളില്‍ തന്നെ ബൈജൂസിലെ ജോലി ഉപേക്ഷിച്ചു.
* സോഴസിന്റേയും മുന്‍ സഹപ്രവര്‍ത്തകരുടേയും സ്വകാര്യതയെ മാനിച്ച് യഥാര്‍ത്ഥ പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അവരുടെ അനുഭവങ്ങള്‍ പൂര്‍ണമായും യഥാര്‍ത്ഥമാണ്.
content summary; former employee talking about the worst work culture in Byju’s