മാനദണ്ഡങ്ങള്‍ മറി കടക്കാന്‍ വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചുവെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രൊബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരേ എഫ് ഐ ആര്‍ ചുമത്തി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ്‌സി) ആണ് 23 കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരേ കര്‍ശന നടപടികളുമായി നീങ്ങുന്നത്. ഐഎഎസ് റദ്ദാക്കാതിരിക്കാനും, ഭാവിയില്‍ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കാതിരിക്കാനും കാരണം ബോധിപ്പിക്കാന്‍ പൂജയ്ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
പൂജയ്‌ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് യുപിഎസ് സിയുടെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
2022 ബാച്ചായ പൂജ മനോരമ ദിലീപ് ഖേദ്കറെ കുറിച്ചുള്ള പരാതിയില്‍ വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ നിന്ന് സ്വന്തം പേര്, അച്ഛന്റെയും അമ്മയുടെയും പേര്, സ്വന്തം ഫോട്ടോ,ഒപ്പ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും വ്യാജ ഐഡന്റിറ്റിയില്‍ പരീക്ഷാ ചട്ടങ്ങള്‍ പ്രകാരം അനുവദനീയമായ പരിധി മറികടക്കാന്‍ വേണ്ടി വഞ്ചനാപരമായ ശ്രമങ്ങള്‍ നടത്തിയതായി വെളിപ്പെട്ടുവെന്നുമാണ് യുപിഎസ്സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പൊലീസിന് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് പൂജയെ ക്രിമിനല്‍ പ്രോസിക്യൂഷനു വിധേയയാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയില്‍ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാതിരിക്കാനും കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാനും ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. കമ്മീഷന്‍ അതിന്റെ ഭരണഘടനപരമായ ഉത്തരവാദിത്തം യാതൊരു കുറവും കൂടാതെ നടത്തുമെന്നും സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വീഴ്ച്ചകള്‍ ഉണ്ടാകാതെ തടയുമെന്നും യുപിഎസ്‌സി പറയുന്നുണ്ട്.
ഐഎഎസ് നേടിയതെങ്ങനെ? പൂജയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചു
ഒബിസി, പേഴ്‌സണ്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിളിറ്റീസ്(പിഡബ്ല്യുബിഡി) സംവരണങ്ങളുടെ ആനുകൂല്യം മുതലാക്കിയാണ് 821 ആം റാങ്ക് മാത്രമുണ്ടായിരുന്ന പൂജ ഐഎഎസ് നേടിയെടുത്തത്. കാഴ്ച്ച പരിമിതിയുണ്ടെന്നും മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും കാണിച്ച് പൂജ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ മാതാപിതാക്കളുടെ പേര് മാറ്റിയതായും പറയുന്നു. നടപടികളാരംഭിച്ച് യുപിഎസ്‌സി
പൂനെയില്‍ നിന്നും വാശിമിലേക്ക് സ്ഥലം മാറ്റിയിരുന്ന പൂജയെ കഴിഞ്ഞാഴ്ച്ച മസൂറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയിലേക്ക് തിരിച്ചു വിളിച്ചിരുന്നു. ജില്ല പരിശീലനം നിര്‍ത്തിവയ്പ്പിച്ചിട്ടായിരുന്നു അക്കാദമിയിലേക്ക് തിരികെ വിളിപ്പിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രമാണ് എല്‍ബിഎസ്എന്‍എഎ.
സംവരണത്തിന് വേണ്ടത് 40% ഭിന്നശേഷി, പൂജയ്ക്കുള്ളത് 7%
പൂനെ കളക്ടര്‍ സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ നിന്നാണ് പൂജയെ കുറിച്ചുള്ള വിവാദങ്ങള്‍ ആരംഭിക്കുന്നത്. അനര്‍ഹമായ സൗകര്യങ്ങള്‍ ചോദിച്ചു വാങ്ങിക്കാന്‍ ശ്രമിച്ചതും, ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക മുറി കൈയേറിയതും സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡും ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ചതുമൊക്കെയായിരുന്നു പൂജയ്‌ക്കെതിരേ ഉയര്‍ന്ന ആദ്യ ആരോപണങ്ങള്‍.
പിന്നാലെയാണ് സംവരണാനുകൂല്യങ്ങള്‍ നേടാന്‍ പൂജ വ്യാജ രേഖകള്‍ ഹാജരാക്കിയെന്ന ആരോപണം ഉയര്‍ന്നത്. ശാരീര-മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നായിരുന്നു പൂജ അവകാശപ്പെട്ടത്. എന്നാല്‍ ഇതിനാവശ്യമായ വൈദ്യ പരിശോധനകള്‍ക്ക് വിധേയയാകാന്‍ അവര്‍ തുടര്‍ച്ചയായി വിസമ്മതിച്ചു.
ഏകദേശം 22 കോടിയുടെ സ്വത്ത് പൂജയുടെ പേരിലുണ്ടെന്ന വിവരം പുറത്തു വന്നിരുന്നു. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലായി ഭൂമിയും ഫ്‌ളാറ്റുകളുമുണ്ട്. മാതാപിതാക്കളുടെ പേരിലും വലിയ സ്വത്തുണ്ട്. അതേസമയം, പൂജയുടെ മാതാപിതാക്കളായ മനോരമ ഖേദ്കര്‍, ദിലീപ് ഖേദ്കര്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസുണ്ട്. ഭൂമി കയ്യേറുകയും, അത് ചോദ്യം ചെയ്ത കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. മനോരമ ഖേദ്കറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അച്ഛന്‍ ദിലീപ് ഇപ്പോഴും ഒളിവിലാണ്. fir against puja khedkar ias fake identity upsc initiated series of actions against her
Content Summary; Fir against puja khedkar ias fake identity upsc initiated series of actions against her